സിനിമാ പ്രേമിയാണെങ്കിലും, ചലച്ചിത്രോത്സവത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഈ എഴുത്തിയൊന്നാം വയസിലാണ് തലശ്ശേരിക്കാരിയായ രാജലക്ഷ്മിയമ്മ ആദ്യമായി മേളയില്‍ പങ്കെടുക്കുന്നത്. ഫെയ്‌സ്ബുക്കിലെ ‘സോളോ’ എന്ന ഗ്രൂപ്പ് വഴി പരിചയപ്പെട്ട തന്‍റെ യൂത്തന്മാരായ കൂട്ടുകാര്‍ക്കൊപ്പം മേള മേളമാക്കുകയാണ് രാജലക്ഷ്മിയമ്മ.

‘ഇന്നലെയാണ് എത്തിയത്. മൂന്നുസിനിമകള്‍ കണ്ടു. കറുത്ത ജൂതനും, ലവ്‌ലെസ്സും, ഏദനും. കറുത്ത ജൂതന്‍ ഇഷ്ടമായി. ലവ്‌ലെസ്സും ഏദനും അത്ര പോര. ഇനിയിപ്പോ ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ കാണാനുള്ള നില്‍പ്പാണ്. പൊതുവെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വലിയ മതിപ്പൊന്നും തോന്നിയില്ല. ആദ്യമായാണ് ഞാന്‍ മേളയ്ക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷമൊക്കെ എങ്ങനെയായിരുന്നു എന്നറിയില്ല കെട്ടോ.

Rajalakshmi amma

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബെംഗാളി, അസ്സാമീസ് ഭാഷകളിലെയൊക്കെ സിനിമകള്‍ കാണുന്ന ആളാണ് രാജലക്ഷ്മിയമ്മ.

എനക്ക് എല്ലാ ഭാഷേലും എല്ലാ തരം സിനിമകളും ഇഷ്ടാണ്. സ്റ്റണ്ടും വാറുമൊക്കെ നല്ല ഇഷ്ടാണ്. പഴയ ക്ലാസിക് സിനിമകള്‍, റൊമാന്റിക് സിനിമകള്‍ ഒക്കെ ഭയങ്കര ഇഷ്ടാണ്. എല്ലാം കാണും. പക്ഷെ അതിലൊരു പുതുമ വേണം, കലാമൂല്യം വേണം. കേക്‌മേക്കര്‍, മാര്‍ക്‌സ്, ന്യൂട്ടണ്‍, ജാം, മദര്‍ ആന്‍ഡ് സണ്‍, ഒക്കെയാണ് എന്തായാലും കാണണം എന്നു തീരുമാനിച്ചിരിക്കുന്ന സിനിമകള്‍.

മേള പ്രായമായവരെ പരിഗണിക്കുന്നുണ്ടെങ്കിലും വളണ്ടിയര്‍മാര്‍ അത്ര പോരെന്നാണ് രാജലക്ഷ്മിയമ്മ പറയുന്നത്.

‘പ്രായമായവര്‍ക്ക് ഇവിടെ ഒരു ഇടം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാന്‍ പറ്റില്ല. ഇന്നലെയൊക്കെ ഞാന്‍ വരിനിന്നാണ് സിനിമയ്ക്ക് കയറിയത്. പക്ഷെ, 70 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വരി നില്‍ക്കേണ്ട ആവശ്യം ഇല്ല. ഇഷ്ടം പോലെ വളണ്ടിയര്‍മാര്‍ ആ പരിസരത്തുണ്ടായിരുന്നു. പക്ഷെ ആരും ഒന്നും പറഞ്ഞില്ല. പിന്നെ എന്‍റെ ഒരു സുഹൃത്ത് പറഞ്ഞാണ് ഞാനിക്കാര്യം അറിയുന്നത്.’

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയായിരുന്നു രാജലക്ഷ്മി ജോലിയില്‍ നിന്നും വിരമിച്ച ശേഷം ജീവിതം കുറച്ചു കൂടി ഒന്ന് ആസ്വദിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.

ഫെയ്‌സ്ബുക്കില്‍ വന്നതിന് ശേഷം കുറേ യുവ സുഹൃത്തുക്കളെ കിട്ടി. സോളോ എന്നൊരു ഗ്രൂപ്പുണ്ട്. അവരൊക്കെ സിനിമ പ്രേമികളും യാത്രാപ്രേമികളുമൊക്കെയാണ്. അവര് വിളിച്ചപ്പോളാ ഇങ്ങോട്ട് വന്നത്. കേട്ടിട്ടേ ഉള്ളുവെങ്കിലും എന്താണ് ഈ മേള എന്നറിയാന്‍ ആഗ്രഹം തോന്നി. ഇപ്പോള്‍ ജീവിച്ചില്ലെങ്കില്‍ പിന്നെ എപ്പോളാ…’, പൊട്ടിച്ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെ  രാജലക്ഷ്മിയമ്മ പറയുന്നു.ആരോഗ്യം അനുവദിച്ചാല്‍ ഇനിയുള്ള വര്‍ഷങ്ങളിലും താനിവിടെ എത്തുമെന്നാണ് ഇവര്‍ പറയുന്നത്.’സിനിമ ആസ്വദിക്കുന്നതിനപ്പുറം കുറേ സുഹൃത്തുക്കളെ നേരില്‍ കാണാം. പിന്നെ ഈ ഒരു അന്തരീക്ഷം തരുന്നത് വല്ലാത്തൊരു ഊര്‍ജമാണ്. വി ആര്‍ എക്‌സിസ്റ്റിങ് ഇന്‍ ദിസ് വേള്‍ഡ്, നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന തോന്നലാണ് എനിക്ക് മേള തന്നത്.

“മകനാണ് തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതെന്ന് അമ്മ പറയുന്നു, ‘അവനാണ് സോളോയില്‍ ആദ്യം അംഗമായത്. പിന്നെ എന്നെയും ചേര്‍ത്തു. മേളയ്ക്ക് പോകണമെന്നു പറഞ്ഞപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാം ശരിയാക്കി തന്നത് അവനാണ്. ഇവര് നല്ല അടിപൊളി ഗ്രൂപ്പാണ്. അപ്പോ ഞാനും ഇവര്‍ക്കൊപ്പം അങ്ങ് ചേര്‍ന്നു.

ചെറുപ്പം മുതലേ ഒരു സിനിമാപ്രാന്തിയായിരുന്നു താനെന്ന് അതേ ഭ്രാന്തോടെയാണ് ഈ സ്ത്രീ പറയുന്നത്. ‘ചെറുപ്പം മുതലേ സിനിമ വല്യ ഇഷ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ലേഖനങ്ങളും നിരൂപണങ്ങളും ഒക്കെ വായിക്കുമായിരുന്നു. പക്ഷെ കാണാനുള്ള അവസരം കുറവായിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും ഒരു വല്യ സിനിമാ ഭ്രാന്തന്‍. എനിക്ക് കാണാനുള്ള സിനിമകളുടെ ലിസ്റ്റ് കൊടുത്തപ്പോള്‍ മൂപ്പര് പോയി എല്ലാത്തിന്റേം കാസറ്റ് വാങ്ങിക്കൊണ്ടു വന്നു. പിന്നെ തിയേറ്ററില്‍ പോയി ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. പാശ്ചാത്യ സിനിമകള്‍ കണ്ടു തുടങ്ങിയത് നിരൂപണങ്ങള്‍ വായിച്ചതിനു ശേഷമാണ്.വരി നീങ്ങിത്തുടങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പം 70ന്‍റെ ചുറുചുറുക്കോടെ രാജലക്ഷ്മിയമ്മ തിയേറ്ററിലേക്ക് പാഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ