‘കാന്‍ഡലേറിയ’ എന്ന സിനിമ അവസാനിക്കുന്നത് കാണിയെ വിഷമിപ്പിച്ചു കൊണ്ടാണ്. കാന്‍ഡലേറിയ ഇല്ലാത്ത വീട്ടില്‍ അവര്‍ വളര്‍ത്തിയ കോഴികുഞ്ഞുങ്ങള്‍ വലുതായി ചിക്കി ചികയുമ്പോള്‍ സിനിമയില്‍ ലയിച്ചിരുന്നവന് കണ്ണ് നനയ്ക്കാതിരിക്കാന്‍ ആവില്ല. തീയേറ്ററിലെ തണുത്ത ഇരുട്ടില്‍ നിന്നും ഞാന്‍ നടന്നിറങ്ങിയത് ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്കാണ്. സേഫ്ടി പിൻ കൊണ്ട് പൊക്കിളിനു കീഴെ വയര്‍ ഉള്ളിലേക്ക് ഒട്ടിച്ചു കുത്തി നിര്‍ത്തിയ നിക്കറും ഇട്ടു ഞാന്‍ പൂഴി റോഡിലൂടെ പടിഞ്ഞാറേയ്ക്ക് നടന്നു. എന്റെ ലക്ഷ്യം കുറച്ചു മാന്ത്രിക ഇലകള്‍ കൈവശപ്പെടുത്തുക ആയിരുന്നു. ആ ഇലയുള്ള മരം അവിടെ മാത്രമേയുള്ളൂ, തങ്കമ്മയുടെ വീട്ടില്‍. ചോദിച്ചാല്‍ അവര്‍ പറിച്ചോ…, എന്ന് പറയുമായിരിക്കും. എങ്കിലും ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് വേലിക്കരികില്‍ പതുങ്ങി നിന്ന് ആരും കാണാതെ ഇല പറിക്കല്‍ ആയിരുന്നു എന്റെ രീതി. ഇലയുടെ പ്രത്യേകത അതിന്റെ പിന്‍വശത്ത് മുറ്റമടിക്കുന്ന ചൂലില്‍ നിന്ന് ഒരു ഈര്‍ക്കിലി എടുത്തു അതിന്റെ കീഴ് ഭാഗത്തെ നേര്‍ത്ത അറ്റം ഒടിച്ചു ഒരു പെന്‍സില്‍ ആക്കി എഴുതിയാല്‍ ഇല ഉണങ്ങും തോറും ആ എഴുത്തുകള്‍ വെളുത്ത് വെളുത്ത് തെളിഞ്ഞു വരും. ഒടുവില്‍ ഇലയ്ക്ക് ബ്രൗണ്‍ കളറും അക്ഷരങ്ങള്‍ക്ക് വെളുപ്പും ആവും. പച്ച ഇലകള്‍ മഞ്ഞപ്പിച്ചു ഉണക്കി പൊഴിച്ച് നില്ക്കാന് മാത്രം കഴിവുള്ള മരങ്ങള്‍ക്കിടയില്‍ മാന്ത്രിക ഇല മരം ഞങ്ങളെ അതിശയിപ്പിച്ച്, കൊതിപ്പിച്ചു നിന്നു. പത്ത് ഇല പറിച്ചു ക്രമത്തില്‍ അടുക്കി അതിന്റെ തണ്ടുകള്‍ നീണ്ടു നില്ക്കുന്ന അറ്റത്ത് ഒരു ഈര്‍ക്കില്‍ കഷ്ണം സൂചി ഉപയോഗിച്ച് തുണി തുന്നും പോലെ കുത്തിയിറക്കി ബന്ധിപ്പിച്ചു ഒരു ബുക്ക് ഉണ്ടാക്കാം.
ഇല കട്ടു പറിക്കാന്‍ വേലിയിലെ ദ്വാരങ്ങളിലൂടെ വീട്ടുകാരെ വീക്ഷിക്കുന്നതിനിടയിലാണ് മറ്റൊരു അതിശയം ഞാന്‍ കണ്ടത് . ഈ വീടിനെ ‘അതിശയങ്ങളുടെ വീട്’ എന്ന് വിളിച്ചാലും തെറ്റില്ല. തങ്കമ്മ ഒരു ചട്ടിയുമായി അടുക്കളപ്പുറത്തേക്ക് ഇറങ്ങി വരുന്നു. ചുറ്റും നോക്കി തെക്കേ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് അവര്‍ ഉറക്കെ വിളിച്ചു .
“നകുലാ…”, “നകുലന്” വന്നു. അവര്‍ ചട്ടിയില്‍ നിന്നും കുറെ ഗോതമ്പ് മണ്ണിലേക്ക് വിതറി.
“നകുലന്” അതിലേക്ക് ചുണ്ട് കുനിച്ചു, കുറച്ചു സമയം കഴിഞ്ഞു തങ്കമ്മ അടുത്തയാളെ വിളിച്ചു .
“സഹദേവാ …” “സഹദേവന്” വന്നു. ഗോതമ്പ് മണികള്‍ മണ്ണില്‍ ചിതറി. സഹദേവന് കുനിഞ്ഞു. ഒരാളെ കൂടി തങ്കമ്മ വിളിച്ചു .
“ഭൈമീ …”
അവള്‍ക്ക് കുറച്ചധികം ഗോതമ്പ് കിട്ടി. മുട്ട ഇടുന്നത് കൊണ്ടാവും. പേരുള്ള കോഴികളെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു .
അതിലും വലിയ കാര്യം സാധാരണ വീടുകളില്‍ കോഴികള്‍ക്ക് അരിയോ ഗോതമ്പോ വിതറി കൊടുത്താല്‍ എല്ലാവരും കൂടി കൊക്കരക്കോ പാടി ഓടി വന്നു കൊത്തി പെറുക്കുന്നതാണ് അതുവരെ കണ്ടിട്ടുള്ളത്. ഇത് പേര് വിളിച്ചയാള്‍ മാത്രം വരുന്നതും മറ്റുള്ളവര്‍ ഈ ലോകത്തിലല്ല എന്ന മട്ടില്‍ നില്ക്കുന്നതും. ഹോ… എന്റെ കണ്ണ് തള്ളി. എനിക്ക് ഈ കാര്യം പെട്ടെന്ന് ആരോടെങ്കിലും പറയണമായിരുന്നു. ഞാന്‍ ഇല പറിക്കാന്‍ നില്‍ക്കാതെ വീട്ടിലേയ്ക്ക് ഓടി.
ചേച്ചിമാരെ പുതിയ അത്ഭുതം പറഞ്ഞു കേള്‍പ്പിച്ചു. അവരും മുഖത്ത് അതിശയ ഭാവങ്ങള്‍ വിരിയിച്ചു. പിന്നെ ഞങ്ങള്‍ മൂന്നു പേരും കൂടി ശ്വാസം മുട്ടും വേഗത്തില്‍ കോഴികളുടെ അടുത്തേയ്ക്ക് പാഞ്ഞു. അമേരിക്ക കണ്ടു പിടിച്ചവനെക്കാള് അഭിമാനം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഒരു ചുവട് മുന്നില്‍ ഓടാന്‍ ശ്രദ്ധിച്ചു. അവളുമാരുടെ പാവാടകള്‍ കാറ്റില്‍ ‘ഫറഫറാ ‘ന്നു ജെയ് വിളിച്ചു ഞങ്ങളുടെ ഓട്ട മത്സരം കൊഴുപ്പിച്ചു.
മൂത്തവള്‍ വേലിക്കല് പതുങ്ങാന്‍ ഒന്നും കൂട്ടാക്കാതെ നേരെ തങ്കമ്മയുടെ മുന്നിലേക്ക് ചെന്നു.
“തങ്കമ്മാമ്മേ ഇവിടത്തെ കോഴികള്‍ക്ക് പേരുണ്ടോ … ?”
“ങ്ങാ… ഒണ്ട് .. ആര് പറഞ്ഞ്?”
“വിച്ചു”
ഞാനും നടുവിലത്തെ അവളും രംഗത്തേക്ക് ചെന്നു.
തങ്കമ്മ ചിരിച്ചു. എന്നിട്ട് ‘നകുല’നെയും ‘സഹദേവ’നെയും ‘ഭൈമി’യെയും വിളിച്ചു വരുത്തി. കറുപ്പില്‍ നീല തിളക്കമുള്ള അങ്കവാലന്മാര്ക്കൊപ്പം ‘ഭൈമി’ കനമുള്ള പള്ളകള്‍ ഇളക്കി നടന്നടുത്തു. ഞങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു .
തങ്കമ്മ പുരാണകഥ പ്രിയയാണ്. തടിച്ച പുറം ചട്ടകള് ഉള്ള കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്. പിന്നെ മുരുകന്റെയും ഗണപതിയുടെയും ഒക്കെ മുഴുവന്‍ കഥ പറയുന്ന അമർ ചിത്രകഥകള്‍, ഒക്കെ വായിക്കുന്നത് അവിടെ നിന്നാണ്. കോഴികള്‍ക്ക് ആ പേര് വന്ന വഴി ഒക്കെ ഞങ്ങള്‍ക്ക് ഊഹിക്കാനായി.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ വീട്ടിലും രണ്ടു കോഴികള്‍ വളര്‍ന്നു. തങ്കമ്മ അപ്പോഴേയ്ക്കും മരിച്ചിരുന്നു. അവരുടെ വീട് ഇപ്പോള്‍ പൂട്ടി കിടക്കുകയാണ്. തങ്കമ്മയെ അനുകരിക്കാന്‍ ശ്രമിച്ചതാണോ എന്നറിയില്ല. അമ്മ കോഴികള്‍ക്ക് ‘കറുമ്പി’ എന്നും ‘ചെമ്പി’ എന്നും പേരിട്ടു. പുരാണ കഥ അറിയാത്ത അമ്മയുടെ പേരുകളുടെ പൊരുളും പെട്ടെന്ന് മനസിലാക്കാമായിരുന്നു. കറുമ്പി കറുത്ത നിറക്കാരിയാണ്. ചെമ്പിക്ക് മഞ്ഞച്ച ചെമ്പന്‍ നിറവും. അച്ഛന്, അവളുമാര്ക്കായി പത്തൽ വെട്ടി തെക്കേ പറമ്പില്‍ ഒരു കൂട് പണിതു. കൂടിനടുത്തെ വഴുതിന ഇല മുഴുവന്‍ കൊത്തി തിന്നുന്ന ഇല പ്രിയകള്ക്ക് ഇല നുറുക്കി വൈകുന്നേരങ്ങളില്‍ അമ്മ അടുക്കള പടിയില്‍ ഊട്ടാന്‍ ഇരുന്നു. കറുമ്പിയോടും ചെമ്പിയോടും ഓരോ കിന്നാരങ്ങള്‍ പറഞ്ഞു. കോഴി പിടചികള് മൂളും പോലെ കുറുകി അമ്മയോട് മറുപടി പറയുന്നത് കേട്ട് പണ്ട് ചേച്ചിമാരെ നോക്കി ചിരിച്ച അതേ സന്തോഷത്തില്‍ ഞാന്‍ തന്നത്താന്‍ നിന്ന് ചിരിച്ചു. അമ്മ ഇല്ലാത്ത നേരത്ത് ഇല നുറുക്കി ഞാന്‍ പലതും പറഞ്ഞിട്ടും അവളുമാര് തിരിച്ചു ഒന്നും പറഞ്ഞില്ല.ഇല തിന്നു തീർത്തതല്ലാതെ. അന്ന് എനിക്ക് മനസ്സിലായി അവരുമായി ബന്ധം ഇല്ലാത്തവരെ അവര്‍ മൈന്‍ഡ് ചെയ്യില്ല എന്ന്.
കോഴിയെ കോഴിയായും പട്ടിയെ പട്ടിയായും കാണുന്നവര്‍ക്ക് അവര്‍ എന്നും ഒരു ജീവി ആയിരിക്കും. അല്ലാത്തവര്‍ക്ക് ഒരു സുഹൃത്തോ ഒരു ബന്ധുവോ ആകാന്‍ ഒക്കെ ഏതു ജീവിക്കും പറ്റും. അങ്ങനെ പോകെ ഞങ്ങളുടെ പറമ്പ് ഭാഗം വെയ്ക്കേണ്ടി വന്നു. കോഴിക്കൂടിനു നടുവിലൂടെയാണ് അളവ് ചങ്ങല നീണ്ടത്. ഈ ഇട്ടാവട്ടത്തില്‍ കോഴിയൊന്നും ഇനി വേണ്ട എന്ന അഭിപ്രായം വന്നു. വിഷമം ഉണ്ടെങ്കിലും അമ്മ എതിര് പറഞ്ഞില്ല. അടുത്തുള്ള ഒരു വീട്ടില്‍ കോഴിയെ വില്ക്കാന് തീരുമാനിച്ചു.
കോഴിയെ കൈമാറി ഒരു താക്കീത് പോലെ അമ്മ അവരോടു പറഞ്ഞത് ഞാന്‍ അകത്തിരുന്നു കേട്ടു.
”കൊല്ലാനാണേ ഞാന്‍ തരിയേല … കേട്ടല്ലോ … ”
“അയ്യോ ..കൊല്ലാനല്ല അവിടെ വേറേം മൂന്നു പേരുണ്ട്…” വാങ്ങിയ ആള് ചിരിച്ചു. അമ്മ ചിരിച്ചു കാണില്ലായിരിക്കും.
‘കാന്‍ഡലേറിയ’ പേരിട്ടു ഓമനിച്ചു വളര്‍ത്തുന്ന കോഴികുഞ്ഞുങ്ങളില്‍ ഒന്നിനെ അവരുടെ ഭര്‍ത്താവ് അബദ്ധത്തില്‍ ചവിട്ടി കൊല്ലുന്നുണ്ട്. അന്ന് ജോലി കഴിഞ്ഞു വന്നു അതിനെ കാണാതെ കരയുന്ന അവരോടു അയാള്‍ ചോദിക്കുന്നു. “അതൊരു കോഴിയല്ലേ ..കുട്ടി ഒന്നുമല്ലല്ലോ… കോഴികള്‍ വേറെയും ഉണ്ടല്ലോ” എന്ന്.
കാന്‍ഡലേറിയ അയാളെകുറിച്ച് കോഴികുഞ്ഞുങ്ങളോട് പറയുന്നത് അവരുടെ അച്ഛന് ആണെന്നാണ്. എന്റെ അനുഭവത്തിലെ പോലെ എല്ലാവര്ക്കും മറ്റൊരു ജീവിയുടെ ബന്ധു ആകാന്‍ കഴിയില്ല എന്നും സിനിമ വീണ്ടും ഓര്‍മ്മിപ്പിച്ചു. അവസാന രംഗത്ത് അവര്‍ കാന്‍സര്‍ ബാധിതയാകുന്നു. സിനിമ തീരുന്നത് കാന്‍ഡലേറിയയുടെ ഭര്‍ത്താവ് വളര്‍ന്നു വലുതായ കോഴികളെ നോക്കി ദുഃഖിതനായി ഇരിക്കുന്നതാണ്. അമ്മ മരിച്ചു പോയ വീട്ടില്‍ അച്ഛന് മക്കളെ നോക്കി ഇരിക്കും പോലെ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook