ഗോവ ചലച്ചിത്ര മേള മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ വെട്ടിനിരത്തലിന് ഇരയായ ചിത്രങ്ങളാണ് സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ’യും രവി ജാദവ് സംവിധാനം ചെയ്ത ‘ന്യൂഡും.’ നിരവധി പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്പ്പുകള്ക്കുമൊടുവില് എസ്.ദുര്‍ഗ രണ്ടു മേളകളില്‍ നിന്നും പുറന്തള്ളപ്പെട്ടു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേക്ക് ‘ന്യൂഡ്’ തെരെഞ്ഞെടുക്കപ്പെട്ടിടുന്നു. ചിത്രം നാളെ വൈകിട്ട് 6 മണിക്ക് പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു തീരുമാനം. പക്ഷെ, ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ നാളെ ആറുമണിയുടെ ഷോ റദ്ദാക്കിയതായി ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
ഇന്ത്യന്‍ സിനിമാ വിഭാഗത്തിലുള്ള മറാത്തി ചിത്രമാണ് ‘ന്യൂഡ്’. സഭ്യമല്ലാത്ത ശരീര പ്രദര്‍ശനം ഉണ്ട് എന്ന് കാരണം കാണിച്ചു ഗോവ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കപ്പെട്ടതാണ് ഈ ചിത്രം. ഐഎഫ്എഫ്കെയുടെ ‘ഇന്ത്യന്‍ സിനിമ’ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
ഐ എഫ് എഫ് കെയിലെ ‘മലയാള സിനിമാ ഇന്ന്’ വിഭാഗത്തില്‍ പെടുത്തിയിരുന്ന ‘എസ് ദുര്‍ഗ്ഗ’ സംവിധായകന് സനല്‍കുമാര്‍ ശശിധരന് തന്നെ പിന്‍വലിച്ചെങ്കിലും ഗോവയില്‍ അദ്ദേഹം നേരിട്ട നീതി നിഷേധത്തിന് കേരളത്തിനുള്ള മറുപടിയായി ചിത്രം ഐ എഫ് എഫ് കെ യില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു അക്കാദമിയുടെ നേരത്തേ ഉള്ള തീരുമാനം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.