ജീവിതം പോരാട്ടമാക്കിയ പെണ്‍കരുത്തിന്റെ കഥയാണ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘അവള്‍ക്കൊപ്പം’ എന്ന പ്രത്യേക വിഭാഗം പറയുന്നത്. അഭ്രപാളിയിലെ കരുത്തുറ്റ പെണ്‍ജീവിതങ്ങളെ വീണ്ടും കാഴ്ചക്കാരുടെ മുന്നിലേക്കെത്തിക്കുയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഒരു കാലഘട്ടത്തില്‍ മലയാള സിനിമ പരിഗണിക്കാന്‍ മടിച്ച വിഷയങ്ങളെ തന്റേടത്തോടെ കൈകാര്യം ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ ‘അവള്‍ക്കൊപ്പ’ ത്തില്‍. കള്ളിച്ചെല്ലമ്മ (പി. ഭാസ്ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), ദേശാടനക്കിളി കരയാറില്ല (പത്മരാജന്, 1986), ആലീസിന്റെ അന്വേഷണം (ടി.വി. ചന്ദ്രന്, 1989), പരിണയം (ഹരിഹരന്, 1994) എന്നീ സിനിമകളാണ് ‘അവള്‍ക്കൊപ്പം’ വിഭാഗത്തിലുള്ളത്. ഹരിഹരന് സംവിധാനം ചെയ്ത ‘പരിണയം’, പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ എന്നീ ചിത്രങ്ങളിലെ നായികമാര്‍ക്ക് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മി, ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ ഐ ഇ മലയാളത്തോട് പങ്കു വച്ചു.
പരിണയത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി മദ്രാസില്‍ നിന്നും മടങ്ങിയെത്തിപ്പോള്‍ അതാ വീണ്ടും വരുന്നു വിളി, തിരക്കഥാകൃത്തായ എം.ടി വാസുദേവന്‍ നായരാണ് വിളിക്കുന്നത്.
‘സിനിമയുടെ ക്ലൈമാക്സില്‍ മോഹിനിയുടെ കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ ഒന്നു കൂടി ഡബ്ബ് ചെയ്യണമെന്നു പറഞ്ഞുകൊണ്ടാണ് എം.ടി സാര്‍ വിളിച്ചത്. ആ സിനിമയിലെ തന്നെ ഏറെ പ്രധാനപ്പെട്ട സംഭാഷണങ്ങളാണത്. തന്റെ ഗര്‍ഭത്തിനുത്തരവാദി ആരുമല്ല എന്ന് നായിക പറയുന്ന ഭാഗം.
തന്റെ മുന്നില്‍ നില്ക്കുന്ന ഭീരുവായ മനുഷ്യനെയല്ല, അയാള്‍ അവതരിപ്പിച്ച ധീരരായ കഥാപാത്രങ്ങളെയാണ് താന്‍ പ്രണയിച്ചത് എന്നവള്‍ തിരിച്ചറിഞ്ഞ ഭാഗം. പതിഞ്ഞ ശബ്ദത്തിലായിരുന്നു ആദ്യം ഞാന്‍ ഡബ്ബ് ചെയ്തത്.
എന്നാല്‍ ഏറ്റവും ഉറച്ച ശബ്ദത്തോടെ പറയേണ്ട ഭാഗങ്ങളാണ് അതെന്ന് എം.ടി സാര്‍ എന്നോട് പറഞ്ഞു.’ തിരിച്ചു ചെന്ന് നായികയ്ക്ക് ഭാഗ്യലക്ഷ്മി ഒരിക്കല്‍ കൂടി ശബ്ദം നല്കി. അതാണ് ഇപ്പോള്‍ പരിണയത്തിന്റെ ക്ലൈമാക്സില്‍ പ്രേക്ഷകര്‍ മോഹിനിയിലൂടെ കേള്‍ക്കുന്ന ‘ആചാര വാക്കോ, എന്നോടോ എന്ന് തുടങ്ങുന്ന തീപ്പൊരി വാക്കുകള്‍.
ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രത്തിനു വേണ്ടി ശബ്ദം കൊടുക്കുന്ന സമയത്താണ് ഭാഗ്യലക്ഷ്മി സംവിധായകന് പത്മരാജനുമായി പിണങ്ങിപ്പിരിയുന്നത്.
‘ആ ചിത്രം ഡബ്ബ് ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. സമയം രണ്ടുമണി കഴിഞ്ഞു. നന്നായി വിശക്കുന്നുണ്ടായിരുന്നു എനിക്ക്. എന്നിട്ടും ഭക്ഷണം കഴിക്കാന്‍ ഇടവേള തന്നില്ല. എനിക്ക് നന്നായി ദേഷ്യം വന്നു. എന്നാല്‍ ഈ രംഗം കഴിയാതെ നിര്‍ത്താന്‍ പറ്റില്ലെന്നായി പപ്പേട്ടന്. സഹികെട്ട് ഞാന്‍ ഇറങ്ങിപ്പോയി. ഭക്ഷണം കഴിച്ച് തിരിച്ചു വന്ന എന്നോട് അദ്ദേഹം ഒന്നും സസാരിച്ചില്ല.
ഡബ്ബ് ചെയ്തു തീര്‍ന്ന എന്നോട് അദ്ദേഹം പറഞ്ഞു ‘നിങ്ങളെപ്പോലെ ഒരു അഹങ്കാരിയെ ഞാന്‍ കണ്ടിട്ടില്ല. ഇനിയൊരിക്കലും നമ്മള് തമ്മില്‍ കാണില്ല. എന്റെ സിനിമയില്‍ നിങ്ങളെ ഞാനിനി വിളിക്കില്ല.’ പക്ഷെ എനിക്കന്ന് സിനിമ ഒരു ജോലി മാത്രമായിരുന്നു. അതില്‍ കവിഞ്ഞ് ഒരു വൈകാരിക അടുപ്പവും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പത്മരാജന് എന്നു പറയുന്ന സംവിധാകന്റെ മൂല്യമെന്താണ് എന്നും എനിക്കറിയില്ലായിരുന്നു.
പപ്പേട്ടന് എന്നല്ല, ഒരു സിനിമാക്കാരുടെയും വില എന്തെന്ന് അറിയില്ലായിരുന്നു. ജോണ്‍ എബ്രഹാമൊക്കെ സിനിമയില്‍ വിളിക്കുമ്പോള്‍ ഞാന്‍ പറയുമായിരുന്നു ‘പോ ജോണേട്ടാ, ഞാനെങ്ങും വരില്ല, നിങ്ങള്‍ പൈസ തരില്ലല്ലോ’ എന്ന്. അദ്ദേഹം തിരിച്ചും പറയും ‘എടീ, ഞാന്‍ നിനക്ക് പത്തു പൈസ തരില്ല’ എന്ന്. അതുപോലെ പവിത്രേട്ടന്. അവരെയൊക്കെ നഷ്ടപ്പെട്ടപ്പോഴാണ് എന്തായിരുന്നു ആരായിരുന്നു അവരൊക്കെ എന്ന് തിരിച്ചറിയുന്നത്. ഓര്‍ത്തുവയ്ക്കാന്‍ ഒരുമിച്ചൊരു ചിത്രം പോലും കൈയ്യിലില്ല. അതുപോലെ തന്നെയായിരുന്നു എനിക്കന്ന് പപ്പേട്ടനും. പത്മരാജന് എന്ന സംവിധായകന്റെ വലിപ്പം അറിയില്ലായിരുന്നു. പക്ഷെ ഇന്നായിരുന്നുവെങ്കില്‍ ഞാനങ്ങനെ ഇറങ്ങിപ്പോകില്ലായിരുന്നു. അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമായിരുന്നു. അന്ന് സങ്കടം തോന്നിയിട്ടില്ലെങ്കിലും അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്ന് സങ്കടം തോന്നുന്നുണ്ട്.’ ഭാഗ്യലക്ഷ്മിയുടെ ഓര്‍മ്മകള്‍ പെയ്തിറങ്ങി.
എന്നാല്‍ പിന്നീട് ഇതൊന്നും മനസ്സില്‍ വയ്ക്കാതെ അടുത്ത ചിത്രത്തിനായി പത്മരാജന് തന്നെ വിളിച്ചതും അത്ഭുതത്തോടെ ഭാഗ്യലക്ഷ്മി ഓര്‍ക്കുന്നുണ്ട്.
‘അദ്ദേത്തിന്റെ അടുത്ത ചിത്രം ‘കരിയക്കാറ്റു പോലെ’ യായിരുന്നു. ഡബ്ബ് ചെയ്യാനായി വീണ്ടും പപ്പേട്ടന് വിളിച്ചു. അന്നു ഞാനദ്ദേഹത്തോടു ചോദിച്ചു ‘ങേ, നിങ്ങളല്ലെ എന്നോട് പറഞ്ഞത് എന്നെയിനി വിളിക്കില്ല, കാണില്ല, ലോകത്തെ ഏറ്റവും വലിയ അഹങ്കാരിയാണ് ഞാന്‍ എന്നൊക്കെ.’ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു,
നമ്മള് സിനിമാക്കാരല്ലേടോ, ഇതൊക്കെ അത്ര വലിയ കാര്യമാക്കണോ’ എന്ന്. അപ്പോഴാണ് എന്റെ ഒരു പക്വതയില്ലായ്മയെക്കുറിച്ച് ഞാന്‍ തന്നെ ഓര്‍ത്തത്. പപ്പേട്ടന് അങ്ങനെ ഒരാളോടും വൈരാഗ്യമൊന്നും ഇല്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സിനിമ വേണ്ട എന്ന് ഞാനും അന്ന് ചിന്തിച്ചിരുന്നു. എന്റെ അറിവില്ലായ്മ. അതോര്‍ത്ത് ശരിക്കും കുറ്റബോധം തോന്നിയിട്ടുണ്ട്.
പത്മരാജനെക്കുറിച്ചോര്ക്കുമ്പോള് വലിയൊരു സങ്കടമുണ്ട് ഭാഗ്യലക്ഷ്മിയുടെ ഉള്ളില്‍.
‘അദ്ദേഹത്തിന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വ്വനില്‍ ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം എനിക്ക് പോകാന്‍ സാധിച്ചില്ല. ഇന്നും വലിയൊരു സങ്കടമായി തോന്നാറുണ്ടത്. അതിനു മുമ്പ് ‘അപരന്’, ‘ഇന്നലെ’, ‘ഈ തണുത്ത വെളുപ്പാങ്കാലത്ത്’ എന്നീ ചിത്രങ്ങള്‍ക്കൊക്കെ ഞാന്‍ തന്നെയാണ് ശബ്ദം കൊടുത്തത്. എങ്കിലും…’
ശക്തരായ ഒരുപാട് സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും അതിനായി പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും നടത്താറില്ലെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘പരിണയം ചെയ്യുമ്പോള്‍ താത്രിക്കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ച് വായിച്ചും കേട്ടുമുള്ള അറിവുണ്ടായിരുന്നു. അതല്ലാതെ പ്രത്യേകിച്ച് മുന്നൊരുക്കമൊന്നുമില്ല. പിന്നെ വളരെ വിരളമായല്ലേ അന്നത്തെ കാലത്ത് അത്തരം സ്ത്രീ കഥാപാത്രങ്ങളൊക്കെ ഉണ്ടാകാറുള്ളൂ. ഇന്നാണെങ്കില്‍ എനിക്കറിയാം എത്തരത്തിലാണ് വേണ്ടതെന്ന്. നമ്മുടെ ഉള്ളില്‍ തന്നെ ആ കരുത്തുണ്ട്. നമ്മള് ജീവിച്ച ജീവിതം തന്നെയാണ് പലതും. അതിന്റെ അനുഭവം ഉണ്ട്. അന്നതില്ല. കൃത്രിമമായി വരുത്തണം. എം.ടി സാറിന്റെ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ മാധവി അവതരിപ്പിച്ച ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തിനും എനിക്ക് രണ്ടാം വട്ടം ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യം ചെയ്യുമ്പോള്‍ സാറില്ലായിരുന്നു. പിന്നീട് സാറിന്റെ കൂടി സാന്നിദ്ധ്യത്തില്‍ ചെയ്തു. ഇന്നാണെങ്കില്‍ സംവിധായകര്‍ പറയും ഭാഗ്യലക്ഷ്മിക്കറിയാം എങ്ങനെ ചെയ്യണമെന്നെന്ന്.’
തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതെന്നു ചോദിച്ചാല്‍ ഒന്നാം സ്ഥാനം കൊടുക്കുന്നത് പരിണയത്തിനായിരിക്കുമെന്നും ഭാഗ്യലക്ഷ്മി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook