തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം – ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്‌ –  റഷ്യൻ ചലച്ചിത്രകാരന്‍ അലക്സാണ്ടര്‍ സകുറോവിന്.   ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച വിഖ്യാതമായ ‘റഷ്യൻ ആർക്’, ‘മദർ ആൻഡ് സൺ’, ‘ഫൗസ്റ്റ് ‘ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ.

ഡിസംബര്‍ 15 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം  സമ്മാനിക്കും.   അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്‌.  സകുറോവിന്‍റെ അഞ്ച്  സിനിമകളും – മദര്‍ ആന്‍ഡ്‌ സണ്‍, ഫൗസ്റ്റ്, ഫ്രാങ്കോഫോനിയ, റഷ്യന്‍ ആര്‍ക്ക്, ഫാദര്‍ ആന്‍ഡ്‌ സണ്‍ – അദ്ദേഹത്തിന്‍റെ സിനിമാ ദർശനം അവതരിപ്പിക്കുന്ന,  ‘ദ് വോയിസ് ഓഫ് സൊകുറോവ്’ (സംവിധാനം: ലീന കിൽപലൈനെൻ) എന്ന ഡോക്യുമെന്ററിയും മേളയിൽ പ്രദർശിപ്പിക്കും.

റഷ്യൻ സമകാലിക ചലച്ചിത്രകാരന്മാരിൽ സമുന്നതനായ സകുറോവിന്‍റെ ആദ്യകാല ചിത്രങ്ങൾക്കെല്ലാം സോവിയറ്റ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു.  സ്വന്തം രാജ്യത്തു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന്‍റെ സിനിമകൾ പിന്നീട്  രാജ്യാന്തര പ്രശസ്തി നേടി.   1997ൽ പുറത്തിറങ്ങിയ ‘മദർ ആൻഡ് സൺ’ ആണ്‌ അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തിയും പുരസ്കാരങ്ങളും നേടിക്കൊടുത്ത ആദ്യ സിനിമ.  എന്നാൽ വാണിജ്യപരമായും നിരൂപണപരമായും ഏറെ അംഗീകരിക്കപ്പെട്ട ചിത്രം ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ‘റഷ്യൻ ആർക്’ ആണ്.  ഒടുവിലത്തെ ചിത്രമായ ‘ഫൗസ്റ്റ്’ വെനീസ് ചലച്ചിത്ര മേളയുടെ ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയിട്ടുണ്ട്.

സോവിയറ്റ്‌ ഭരണകൂടവുമായി കൊമ്പ് കോര്‍ത്ത സകുറോവിന്‍റെ സിനിമകള്‍ക്ക്‌ പിന്തുണയും പ്രോത്സാഹനവുമായി നല്‍കിയത് സംവിധായകന്‍ ആന്ദ്രെ തര്‍ക്കോവ്സ്ക്കിയായിരുന്നു.  ഫീച്ചര്‍ സിനിമകള്‍ എടുക്കുന്നതിനൊപ്പം തന്നെ സകുറോവ് ഡോകുമെന്ററികളിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.  ഇരുപതോളം ഡോക്യുമെന്ററികള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.  2006 റില്‍ മാന്‍ഹേം – ഹിഡല്‍ബെര്‍ഗ് ചലച്ചിത്രമേള ‘മാസ്റ്റര്‍ ഓഫ് സിനിമ’ പുരസ്കാരം നല്‍കി സകുറോവിനെ ആദരിച്ചു.  ബെര്‍ലിന്‍, കാന്‍, മോസ്കോ, ടോറെന്റോ, ലൊക്കാര്‍ണോ മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

സമഗ്ര സംഭാവനയ്ക്കുളള ഐഎഫ്എഫ്കെയുടെ പുരസ്കാരം ആദ്യമായി നല്‍കിയത് ബംഗാളി ചലച്ചിത്രകാരന്‍ മൃണാൾ സെന്നിനായിരുന്നു.   തുടര്‍ന്ന് വെർണർ ഹെർസോഗ്, കാർലോസ് സൗറ, മാർകോ ബെല്ലോക്കിയോ, ദാരിയൂഷ്‌ മെഹർജൂയി, യിറി മെൻസൽ എന്നീ പ്രശസ്ത ചലച്ചിത്രകാരും ഈ പുരസ്ക്കാരത്തിന് അര്‍ഹരായി.

സമഗ്ര സംഭാവനയ്കുള്ള ആദ്യ പുരസ്കാരം മൃണാള്‍ സെന്നിന് സമ്മാനിക്കുന്ന എം എ ബേബി. ഒപ്പം ബിനോയ്‌ വിശ്വം, ഷര്‍മിള ടാഗോര്‍, നവ്യാ നായര്‍ എന്നിവര്‍

സമഗ്രസംഭാവനയ്ക്ക് പുരസ്കാരം നല്‍കാന്‍ ആരംഭിച്ചത് 2009 ലാണ്.  ഇടയ്ക്കു രണ്ടു വര്‍ഷങ്ങളില്‍ മുടങ്ങി.  2011ൽ തവിയാനി സഹോദരങ്ങൾക്കും 2012ൽ റിച്ചാർഡ് ആറ്റൻബറോയ്ക്കും പുരസ്‌കാരം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഇവർക്ക് മേളയിൽ എത്തിച്ചേരാനുള്ള അസൗകര്യം മൂലം ആ വർഷങ്ങളിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചില്ല. ആറ്റൻബറോ ദേഹാസ്വാസ്ഥ്യം മൂലം ഒഴിഞ്ഞപ്പോൾ മാജിദ് മജീദിയെ സമീപിച്ചെങ്കിലും അദ്ദേഹവും ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു.  മേളയുടെ നിയമപ്രകാരം പുരസ്‌കാര ജേതാവ് നേരിട്ട് വന്നു വാങ്ങാമെന്ന് സമ്മതിച്ചാൽ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്താനാവുകയുള്ളു.  അതിനാലാണ് ആ വർഷങ്ങളിൽ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം മുടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ