സിനിമയുടെ ഉത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കാത്തിരിപ്പാണ്, എല്ലാവരുടേയും ആകാംക്ഷ ഇനി അവാര്‍ഡുകളെക്കുറിച്ചാണ്. മത്സര വിഭാഗ ചിത്രങ്ങള്‍ക്കുള്ള സുവര്‍ണ്ണ രജത ചകോരങ്ങളുള്‍പ്പെടെ എട്ട് അവാര്‍ഡുകളാണ് രാജ്യാന്തര ചലച്ചിത്ര മേള നല്‍കുന്നത്.

ഏറ്റവം നല്ല ഫീച്ചര്‍ സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരമാണ് ഇതില്‍ പ്രധാനം. 15 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമാണ് അവാര്‍ഡ്. അടുത്തതായി മൂന്ന് രജത ചകോരങ്ങളാണ്. ഏറ്റവും നല്ല സംവിധായകന് നാല് ലക്ഷം രൂപ, ഏറ്റവും നല്ല പുതുമുഖ സംവിധായകന് മൂന്ന് ലക്ഷം രൂപ, ഡെലിഗേറ്റുകള്‍ വോട്ടിംഗ് വഴി തിരഞ്ഞെടുത്ത സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് അവാര്‍ഡുകള്‍. മലയാളത്തില്‍ നിന്നും സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’, പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടു പേര്‍’ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍.

ജര്‍മ്മനി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്ക്സ് (ഫിപ്റസ്കി) എന്ന നിരൂപക സംഘടന നല്‍കുന്ന പുരസ്കാരങ്ങളാണ് ഈ ജൂറി വിലയിരുത്തുക. രാജ്യാന്തര തലത്തിലെ മികച്ച സിനിമ, മികച്ച മലയാള സിനിമ എന്നിങ്ങനെ രണ്ടു അവാര്‍ഡുകളാണ് ഫിപ്റസ്കി നല്‍കുന്നത്. നെറ്റ്‌വര്‍ക്ക് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ എന്ന ഏഷ്യന്‍ സാംസ്‌കാരിക സംഘടന മേളയിലെ മികച്ച ഏഷ്യന്‍ സിനിമയ്ക്കും, മികച്ച മലയാള സിനിമയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മലയാളം സിനിമ ഇന്ന് വിഭാഗത്തിലെ ഏഴു ചിത്രങ്ങളും, മത്സര വിഭാഗത്തിലെ രണ്ടു മലയാള ചിത്രങ്ങളും മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക്, ഫിപ്റസ്കി അവാര്‍ഡുകള്‍ക്കായി പരിഗണിക്കും.

മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം, ടേക്ക് ഓഫ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, കറുത്ത ജൂതന്‍ എന്നിവയാണ് മലയാള സിനിമാ വിഭാഗത്തിലുള്ള ചിത്രങ്ങള്‍.

ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിക്കും.

മേയര്‍ വി.കെ. പ്രശാന്ത്, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ