കേരള രാജ്യാന്തര ചലച്ചിത്ര മേള ഇരുപത്തിരണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുമ്പോഴും മികവിന്‍റെ പര്യായമായി തിളങ്ങിയ മേളയുടെ കരുത്താണ് ബീനാ പോള്‍ വേണുഗോപാല്‍.  ഐഎഫ്എഫ്കെയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്സണുമാണു ഫിലിം എഡിറ്ററും കൂടിയായ ബീന.  ഇത്തവണത്തെ മേളയെക്കുറിച്ച്, സിനിമാ തിരഞ്ഞെടുപ്പില്‍ കോടതി ഇടപേടേണ്ടി വരുന്നതിനെക്കുറിച്ച്, മാറി വരുന്ന മേളയുടെ ആസ്വാദക സ്വഭാവത്തെക്കുറിച്ച്, ബീനാ പോള്‍ സംസാരിക്കുന്നു.  വിഡിയോ കാണാം.

അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:

> ചെറുത്തുനില്‍പ്പിന്‍റെ ഇടം തന്നെയാണ് മേള. എല്ലാകാലത്തും അത് ചെയ്യാന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ പറയേണ്ട കാര്യം ഈ മേള നടത്തുന്നത് സര്‍ക്കാരാണ്. അത് കൊണ്ട് തന്നെ മേളയ്ക്ക് അതിന്‍റെതായ പരിമിതികളും അതിര്‍വരമ്പുകളുമുണ്ട്. അതിനുള്ളില്‍ നിന്ന് കൊണ്ട് സിനിമയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത നില നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

> മേളയില്‍ കാണിക്കേണ്ട സിനിമകളുടെ കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടേണ്ടി വരുന്നു എന്നത് ആശാസ്യമായ ഒന്നായി കരുതുന്നില്ല. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ അത് വേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ഡോകുമെന്ററി മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന്‍റെ ഭാഗമായി ചലച്ചിത്ര അക്കാദമി കോടതില്‍ പോയിട്ടുണ്ട്. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു.

> മേളയില്‍ രണ്ടു തരത്തിലുള്ള സിനിമകളാണ് എടുക്കാന്‍ ശ്രമിക്കുന്നത്, ഒന്ന് ലോകോത്തര ചലച്ചിത്ര മേളകളില്‍ അവാര്‍ഡ്‌ നേടിയിട്ടുള്ള, അക്കൊല്ലത്തെ ചലച്ചിത്ര മേളകളില്‍ പോപ്പുലര്‍ ആയ വലിയ ചിത്രങ്ങള്‍. രണ്ട്, ആ വര്‍ഷത്തെ നമുക്ക് കിട്ടുന്ന സിനിമകളില്‍ നിന്നും നമ്മള്‍ കണ്ടെടുക്കുന്ന, അധികം കണ്ടിട്ടില്ലാത്ത മനോഹരമായ ചിത്രങ്ങള്‍. ആ ഒരു കണ്ടെടുക്കലാണ് എനിക്ക് ഏറ്റവും സന്തോഷം തരുന്നത്. എന്നെപ്പോലെ തന്നെ മേളയില്‍ എത്തുന്ന ഓരോ സിനിമാ പ്രേമിയും ആ വര്‍ഷത്തെ മേളയില്‍ നിന്നും ഒരു കണ്ടെടുക്കല്‍ നടത്തണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.

> മേളയ്ക്ക് ഒരു നിശ്ചിതമായ സമയമുണ്ട്, സ്ഥലമുണ്ട്. ഒരു തിയേറ്ററില്‍ എത്ര പേര്‍ക്ക് ഇരിക്കാം എന്നുള്ളതിന് ഒരു നിശ്ചിതമായ കണക്കുണ്ട്. ഒരു സിനിമ എത്ര തവണ കാണിക്കാം എന്നതിന് കരാറുണ്ട്. എല്ലാവരും മേളയില്‍ പങ്കെടുക്കണം, എല്ലാ സിനിമകളും കാണണം എന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു നിശ്ചിതാവസ്ഥയുള്ള സ്ഥിതിയ്ക്ക് ചില നിബന്ധനകള്‍ മുന്നോട്ടു വയ്ക്കേണ്ടതായി വരുന്നു. അത് കൊണ്ടാണ് പാസിന്‍റെ കാര്യത്തിലും മറ്റുമൊക്കെ നിയന്ത്രണങ്ങള്‍ വന്നത്. തിയേറ്ററില്‍ നിന്നും തറയില്‍ ഇരുന്നും സിനിമ കാണരുത് എന്നുള്ളത് തിയേറ്റര്‍ ഉടമകളുടെ നിലപാടാണ്. അതും അനുസരിക്കാതെ മാര്‍ഗമില്ല. ഇക്കാര്യത്തില്‍ അക്കാദമിയ്ക്ക് ചെയ്യാന്‍ പറ്റുന്നത്, മേളയെ പലയിടങ്ങളിലേക്ക്‌ കൊണ്ട് പോവുക, അങ്ങനെ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ ശ്രമിക്കുക എന്നതാണ്. കേരളത്തില്‍ മറ്റിടങ്ങളിലും അത്തരത്തില്‍ റീജനല്‍ മേളകള്‍ നടത്താന്‍ തീരുമാനം ആയിട്ടുണ്ട്‌.

> ഒരു ടിക്കറ്റ്‌ എടുത്തു സിനിമ കാണാന്‍ പോകുന്നത് പോലെയല്ല മേള. ആശയവിനിമയം, അഭിപ്രായ പ്രകടനം, വാദ-പ്രതിവാദം എന്നിവയോക്കെയുള്ള അക്കാദമികമായ ഒരിടമാണ് മേള.

മേളയൊരുങ്ങുന്നു : ചിത്രങ്ങള്‍ കാണാം

ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേള.  15 തിയേറ്ററുകളിലായി ഇരുന്നോറോളം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.  ലോകത്തിന്‍റെ നാനാ ഭാഗത്ത്‌ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ