ഒരു തരത്തില്‍ പറഞ്ഞാല്‍, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകളും തെരഞ്ഞെടുത്തയാളാണ് മേളയുടെ ആര്‍ട്ടിസ്ട്ടിക് ഡയറക്ടര്‍ ബീനാ പോള്‍ വേണുഗോപാല്‍. ഒരു പതിറ്റാണ്ടിലേറെയായി മേളയുടെ സാരഥ്യം വഹിക്കുന്ന ഇവര്‍ ഇത്തവണത്തെ 190 റോളം വരുന്ന ചിത്രങ്ങളില്‍ നിന്നും തന്‍റെ പ്രിയപ്പെട്ടവയായി തെരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങള്‍ ‘കളര്‍ ഓഫ് പോമോഗ്രാനെറ്റ്സ്’, ‘ഏപ്രില്‍സ് ടോട്ടെര്‍സ്’, ‘വില്ല ഡവെല്ലേര്‍സ്’, ‘ബ്ലെസ്ഡ്’, ‘ഒബ്ലിവിയന്‍ വേര്‍സസ്’ എന്നിവയാണ്.

 

സര്‍ഗെ പാരാന്‍ജനോവിന്‍റെ ‘കളര്‍ ഓഫ് പോമോഗ്രാനെറ്റ്സ്’ ലോക സിനിമാ ക്ലാസ്സിക്കുകളില്‍ മുന്‍പന്തിയില്‍ പെടുത്താവുന്ന ഒരു റഷ്യന്‍ ചിത്രമാണ്. ആര്‍മേനിയന്‍ കവി സയാത് നോവയുടെ ജീവിതകഥയാണ് കാവ്യാത്മകമായ ഈ ചിത്രത്തിന് ആധാരം. ചിത്രത്തിന്‍റെ പുതിയ പതിപ്പാണ് (Restored Version) ഇവിടെ റെസ്റോര്‍ഡ് ക്ലാസ്സിക്‌സ് വിഭാഗത്തില്‍ കാണിക്കുന്നത്. കാന്‍, ടോറോന്റോ തുടങ്ങിയ മേളകളിലും ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

മൈക്കേല്‍ ഫ്രാങ്കോ സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രമാണ് ‘ഏപ്രില്‍സ് ടോട്ടെര്‍സ്. ഏപ്രില്‍ എന്ന് പേരുള്ള സ്ത്രീയുടെ പതിനേഴു വയസ്സുള്ള മകള്‍ വലെരിയ തന്‍റെ കാമുകനാല്‍ ഗര്‍ഭിണിയാകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പ്രതിപാദിക്കുന്നത്. കാനില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയ ചിത്രം ഇവിടെ ‘കണ്‍ടെംപററി മാസ്റ്റര്‍സ് ഇന്‍ ഫോക്കസ് – മൈക്കേല്‍ ഫ്രാങ്കോ’ എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

 

മോനിര്‍ ഘെയ്ടി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് ‘വില്ല ഡവെല്ലേര്‍സ്’. ഇറാന്‍ ഇറാക്ക് യുദ്ധ സമയത്ത് പ്രിയപ്പെട്ടവരെ കാണാനായി ഇറാനിയന്‍ സേന വന്നു തങ്ങുന്ന ഒരു വില്ലയെ ചുറ്റിപ്പറ്റിയാണ് സിനിമ. ലോക സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം.

 

സോഫിയ ജാമ സംവിധാനം ചെയ്ത ഫ്രാന്‍സ്, ബെല്‍ജിയം, ഖത്തര്‍ ചിത്രമാണ് ‘ബ്ലെസ്ഡ്’. സിവില്‍ വാര്‍ കഴിഞ്ഞുള്ള അല്‍ജിയെര്‍സില്‍ അമല്‍ സമീര്‍ എന്നിവരുടെ ഇരുപതാം വിവാഹ വാര്‍ഷികം ഒരു ഹോട്ടലില്‍ വച്ച് നടക്കുകയാണ്. പോകുന്ന വഴിക്ക് അവര്‍ രണ്ടു പേരും രാജ്യത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു. വെനീസ്, വാര്‍സോ എനീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഇവിടെ ലോക സിനിമാ വിഭാഗത്തിലാണ് കാണിക്കുന്നത്.

 

അലിരേസ ഖതാമി സംവിധാനം ചെയ്ത ഫ്രാന്‍സ്, ജര്‍മ്മനി, നെതെര്‍ലാന്‍ഡ്‌സ്, ചിലി ചിത്രമാണ് ‘ഒബ്ലിവിയന്‍ വേര്‍സസ്’. ഒരു മോര്‍ചറി കാവല്‍ക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു പാട് ജഡങ്ങള്‍ക്കിടയില്‍ കാണുന്ന ഒരു ചെറുപ്പക്കാരിയുടെ മൃതദേഹം അയാളെ തന്‍റെ പൂര്‍വ്വകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്‌ നേടിയ ഈ ചിത്രം ഇവിടെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ