മന്ദച്ചം വയലിലെ തെയ്യത്തിന് വഴിയിലേക്ക് നെറ്റി നീട്ടിയ കളിപ്പാട്ടചന്തയിൽ നിന്നും റോസ് നിറത്തിലൊരു ക്യാമറ വാങ്ങി വെളിച്ചത്തിലേക്ക് പിടിച്ച്‌ സ്വിച്ച് ഞെക്കി ഫിലിം കറക്കി കണ്ടതിൽ തുടങ്ങുന്നു ഓർമകളിലെ ബിഗ് സ്ക്രീൻ. ഞാൻ ജനിക്കുന്നതിനും മുമ്പ് സ്കൂളിനെ കേന്ദ്രീകരിച്ച് സിനിമാ പ്രദർശനം നടന്നതും തിരശ്ശീലയിൽ കൂറകളും സകലമാന പ്രാണികളും നിഴൽരൂപങ്ങൾ നിർമിക്കുന്നതും അതും സഹിച്ച് ഉറക്കിനെ പായിച്ച് സിനിമകൾ അടക്കിപ്പിടിച്ചു കണ്ടതും മറ്റും പലരും വാക്കുകളായി അയവിറക്കുമ്പോൾ ഞാൻ അതൊക്കെയൊന്ന് സങ്കൽപ്പിച്ചു നോക്കും.

ആദ്യമായ് തീയറ്ററിൽ വെച്ച് സിനിമ കണ്ടത് ചീമേനിയിലെ ശ്രീലക്ഷ്മി ടാക്കീസിലായിരുന്നു.പിന്നെ ‘മാജിക് മാജിക് ‘- സ്കൂളിൽ നിന്ന് 3D പടം കാണിക്കാമെന്നും പറഞ്ഞുകൊണ്ടുപോയത്. അതുകഴിഞ്ഞ് ‘നന്ദനം’ കുട്ടിക്കാലത്തിന്‍റെ പൊട്ടിത്തെറിയിൽ ആകാംഷ നിറച്ച് മേൽപ്പറഞ്ഞ മൂന്നു പടങ്ങളുടെയും പ്രൊജക്റ്റർ വെളിച്ചത്തിൽ ഞാൻ തലചെരിച്ചിരിക്കുകയായിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ടാക്കീസ് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ചേർച്ചയില്ലാത്ത കുപ്പായമണിഞ്ഞു.

arjun

ശ്രീലക്ഷ്മിക്ക് ബദലായി കാണാവുന്ന മഴയും വെയിലും കൊള്ളുന്ന ചെറുവത്തൂർ പാക്കനാർ ടാക്കീസിലേക്കുള്ള ദൂരം ഇത്തിരി കൂടുതലാണ്.ആ സമയങ്ങളിൽ നാട്ടിൽ നിന്നൊക്കെ ജീപ്പിലും മറ്റും സിനിമ കാണാനുള്ള പോക്ക് ഒരു രസമായിരുന്നു. വ്യാപകമായി സിനിമ കണ്ടത് കോളേജിൽ വെച്ചാണ്. പ്രിയപ്പെട്ടവരോടൊത്ത് കണ്ട പ്രിയപ്പെട്ട സിനിമകൾ. ചിലപ്പോഴൊക്കെ ക്ലാസ്സുകളെ റദ്ദ് ചെയ്യാനായി സമീപങ്ങളിലെ ഫിലിം ഫെസ്റ്റുകൾക്കും പോയിരുന്നു. അതൊക്കെയും കനപ്പെട്ട് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേയിലേക്കൊരു യാത്ര മുമ്പേ കൊതിച്ചിട്ടും നടന്നതിപ്രാവിശ്യമായിരുന്നു.

ഗ്രാമങ്ങളിൽ നിന്ന് കെട്ടും കെട്ടി പോന്നവന്‍റെ പകപ്പും വെപ്രാളവും ഒരു വിധം ഒതുക്കി തിയേറ്ററുകളിലേക്ക് പ്രവേശിക്കുമ്പോൾ ഹൃദയം പഴയ കളിപ്പാട്ടക്യാമറയുടെ സ്വിച്ച് പോലെ ടക ടകയെന്ന് മിടിച്ചു. കണ്ടവയോരോന്നും പലതരത്തിലും സ്പർശിച്ചു പോകുന്നതിനിടെ റിമ ദാസിന്‍റെ ‘വില്ലേജ് റോക്ക് സ്റ്റാർസ്’ എന്ന സിനിമയെന്‍റെ കയ്യും പിടിച്ച് നാട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി.

എപ്പോഴും സമപ്രായരായ ആൺകുട്ടികൾക്കൊപ്പമാണ് ധുനു. അവർക്കൊപ്പം മരത്തിൽ കയറിയും മഴ നനഞ്ഞും കളിച്ചും തല്ലു കൂടിയും ധുനു തുല്യത പ്രാവർത്തികമാക്കുന്നു. അവർക്കൊരു റോക്ക് ബാൻഡ്‌ തുടങ്ങണമെന്ന് മോഹം. കൂട്ടത്തിൽ ധുനുവിന് ഗിറ്റാറു വേണമെന്നാണ്. ദാരിദ്രം വിലങ്ങു തടിയായപ്പോൾ ആൺകുട്ടികളൊക്കെ റോക്ക് ബാൻഡ് മോഹം കാറ്റിൽ പറത്തുന്നു. ധുനു മാത്രം തീരുമാനം കരിങ്കല്ലുപോലെ മനസ്സിലുറപ്പിക്കുന്നു.

അച്ഛന്‍റെ മരണശേഷം പ്രാരബ്ധങ്ങളിൽ ഉഴറിയ ധുനുവിന്‍റെ അമ്മ എത്ര മനോഹരമായാണ് അവളുടെ മോഹങ്ങൾക്കൂർജ്ജം കൊടുക്കുന്നത്! നാട്ടുകാരൊക്കെ ധുനുവിന് പരിധി കല്പിച്ചു ശാസനകൾ നിർദ്ദേശിക്കുമ്പോൾ അമ്മ അതൊക്കെ തള്ളിക്കളയുന്നു.

കിട്ടിയ തുട്ടുകളും നോട്ടുകളും സ്വരൂപിച്ചു അവൾ അമ്മയെ ഏൽപ്പിക്കുന്നു. സിനിമാന്ത്യം അവളുടെ മോഹഗിറ്റാർ കയ്യിലെത്തുന്നു. പരന്നു കിടന്ന പച്ചപ്പുല്ലുകൾക്കിടയിൽ ധുനു തന്‍റെ നീണ്ട മുടി കാറ്റിൽ അല പോലെ ഒഴുക്കുന്നു. നീളൻ വിരലുകൾ ഗിറ്റാറ് കമ്പികളിൽ തൊടുമ്പോൾ ധുനുവിന്‍റെ സംഗീതം ഇളം കാറ്റുപോലെ ഹൃദ്യമാകുന്നു.

 

ചിത്രം കണ്ടപ്പോൾ അസമും കാസർഗോഡും തമ്മിലുള്ള ബന്ധം ‘സ’ യിൽ മാത്രമല്ലെന്നും ഓരോ ഫ്രെയിമുകളും കാസർഗോഡിന്റേതും കൂടിയതാണെന്നു തോന്നിയ നിമിഷം തന്നെ മനസ്സ് ടാക്കീസും വിട്ട് റെയിൽവേ സ്റ്റേഷനെയും തീവണ്ടിയെയും കാക്കാതെ നാട്ടിലേക്കും ബാല്യത്തിലേക്കും ഓടിപ്പോയി.

സ്‌ക്രീനിൽ കണ്ട ഫ്രെമുകളെ ഓർമകളുടെ തലക്കെട്ടായ് മനസ്സിലടക്കിവെക്കുമ്പോൾ അനുഭവിക്കുന്നത് മറവിയുടെ മാറാല നീക്കിയുള്ള ചിലകാര്യങ്ങളാണ്.

മഴപെയ്ത്ത്

ചിത്രത്തിൽ കനത്തമഴ ചെരിഞ്ഞു കുത്തിയിട്ടും ധുനുവിന് വിറക്കുന്നില്ല. അപ്പോൾ ‘പഥേർ പാഞ്ചാലി’ യിലെ ദുർഗയെ ഓർമ്മ വരും. ധുനു ദുർഗയെപ്പോലെ മഴയിൽ കുതിർന്നുപോകുന്നില്ല. ഉള്ളിൽ കനലടക്കിപിടിച്ച അഗ്നിപർവ്വതം പോലെ അവൾ കനത്തു നിൽക്കുന്നു.

സിനിമയിലെ മഴ ഒഴിഞ്ഞ വൈകുന്നേരങ്ങളിൽ കേട്ടത് ചെങ്കൽപ്പാറകൾ നിറഞ്ഞ എന്‍റെ ഗ്രാമത്തിലെ ഇറ്റിറ്റിപ്പൂളിന്‍റെ കരച്ചിലാണ്. സന്ധ്യയ്ക്ക് മുളിപ്പുല്ലുകൾ വകഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ ഇറ്റിറ്റിപ്പൂളുകൾ കരഞ്ഞു കൊണ്ട് എനിക്ക് ചുറ്റും പാറും. പടിഞ്ഞാറ്റകത്തിലിടം പിടിച്ച ‘മണവാട്ടി’ കൾ മഴവരുന്നെന്ന് വേവലാതി പാടുന്നതും തലേന്ന് തകർത്തു വന്ന കനത്തകാറ്റിൽ കണ്ണി പിരിഞ്ഞു മണ്ണിൽ വീണ പുളിയൻ മാങ്ങകളെയും ചിത്രത്തിൽ ഞാൻ സങ്കൽപ്പിച്ചു കൂട്ടിച്ചേർത്ത് ഞാനത് ‘കാസ്രോടൻ’ സിനിമയാക്കി.

മരം കയറ്റം

വീട്ടിലൊരു പേരമരമുണ്ടായിരുന്നു. കിണറ്റിലിട്ടു പഴകിയ ചകിരി കയറുകൊണ്ട് ഞങ്ങളതിൽ ഊഞ്ഞാലു കെട്ടും. പഴുത്ത പേരക്ക ചുവന്നു ചിരിക്കുമ്പോൾ ചേച്ചിമാർ കയറി പറിച്ചു തിന്നും. പറങ്കിമാവുകളുടെ കൊമ്പുകളിൽ കാലു ചുറ്റി കടവാതിൽ പോലെ കീഴ്‌പ്പോട്ട് തൂങ്ങി നിൽക്കും. കൊമ്പുകളിൽ ശ്രമപ്പെട്ട് കിടന്ന് ഞങ്ങൾ ലോകകാര്യങ്ങളെ ആകാശത്തുനോക്കി വായിച്ചെടുക്കും. സിനിമയിൽ ധുനുവും കൂട്ടരും മരം കേറി കളിക്കുമ്പോൾ മിനുസമുള്ള കൊമ്പിൽ ചവിട്ടിയപോലെ എന്‍റെയുള്ളം കാലൊന്നു തരിച്ചു.

ധുനുവിന്‍റെ മുനു

ധുനുവിനൊരു ആടുണ്ട് മുനു. പാത്തുമ്മയെ പോലെ അവൾ മുനുവിനെ സ്നേഹിക്കുന്നുണ്ട്. ധുനു സമ്പാദിച്ച തുക ഗിറ്റാറു വാങ്ങാൻ തികയാത്തത് കൊണ്ട് അമ്മ രഹസ്യമായി മുനുവിനെ വിൽക്കുന്നു. മുനുവിനെ കുറുക്കൻ പിടിച്ചതാകാമെന്ന് കരുതി ധുനു മുനുവിനെ തേടി അലയുന്നതും, പ്രതീക്ഷകൾ ശോഷിച്ച സന്ധ്യയിൽ പന്തം കെട്ടി പരതി ധുനു കരഞ്ഞു വിളിക്കുമ്പോൾ ഞാൻ അമ്മിണിയേയും കല്യാണിയേയും ഓർത്തു. അമ്മിണി പൂച്ചയാണ്. കല്യാണി പശുവും. അമ്മിണി ഒരു ദിവസം വീടിറങ്ങി ഏകദേശം അരക്കിലോമീറ്ററോളം കാടും കടന്ന് എങ്ങോട്ടോ പോയപ്പോൾ വീടിന്‍റെ ഇരുത്തിയിലിരുന്ന് ഞാനും ധുനുവിനെ പോലെ കരഞ്ഞിട്ടുണ്ട്. നാളുകളൊരുപാട് കഴിഞ്ഞ് അമ്മിണി യാദൃച്ഛികമായി തിരിച്ചു വന്നു. ആ രാത്രി ജനാല വഴി എന്‍റെ മുറിയിലേക്ക് കടന്ന് ഒരുപാട് കരഞ്ഞ് കരഞ്ഞ് എന്നെ മുട്ടി കൂടെയുറങ്ങിയതൊരിക്കലും മറക്കില്ല.

അമ്മയുടെ നടുവേദന അസഹ്യമായപ്പോഴും വളർത്താൻ കഴിയാതെ വന്നപ്പോഴുമാണ് കല്യാണിയെ കൊടുക്കാൻ തീരുമാനിച്ചത്. സ്കൂളിൽ നിന്ന് തിരിച്ചു വന്ന വൈകുന്നേരം കല്യാണി പോയന്നറിഞ്ഞപ്പോൾ എന്‍റെ ചങ്കിലെന്തോ അമർത്തിപ്പിടിച്ച പോലെ. അന്ന് രാത്രി ഞങ്ങളാരും ഒന്നും കഴിച്ചിരുന്നില്ല. മുനുവിനെ കാണാതായപ്പോഴുള്ള വേദന ഞാൻ സത്യത്തിൽ ഹൃദയം തൊട്ടറിഞ്ഞു.

സിനിമയിൽ വയലിൽ ഞാറു നടുന്നതും വരമ്പിലൂടെ ഭക്ഷണം കൊണ്ടുവരുന്നവരോടൊക്കെ അത്രയും പരിചയമുള്ള പോലെ ധുനുവിനെ പോലെ ആരൊക്കെയാണ് നിശ്ചയദാർഢ്യത്തെ ഊട്ടി ഉറപ്പിച്ച്‌ എനിക്ക് സമാന്തരമായി കടന്നുപോയിട്ടുണ്ടെന്നൊന്നും അറിയില്ല. പക്ഷെ ഏതൊക്കെ പ്രതിസന്ധികളിൽ ഏതൊക്കെ ആഗ്രഹങ്ങളാണ് വഴിതെറ്റിപോയതെന്ന് കൃത്യമായി ഓർക്കുന്നു. മുളിപ്പുല്ലുകളിൽ അലഞ്ഞ് ഗിറ്റാർ കമ്പികളിൽ ആദ്യമെന്ന പോലെ വിരൽ ചലിപ്പിക്കുമ്പോൾ കേൾക്കുന്ന നനുത്ത ശബ്ദങ്ങൾ എന്‍റെ ചെവികളിൽ ചാറ്റലായ് പെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ