22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണത്തിന് വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപര്‍ണാ സെന്‍ എത്തും. ഡിസംബര്‍ 10 ന്‌ വൈകീട്ട് 3 മണിക്ക് നിളാ തിയേറ്ററിലാണ് ‘അരവിന്ദന്‍ മെമ്മോറിയല്‍ ലെക്ചര്‍’ നടക്കുക. 2006റില്‍ ആരംഭിച്ച അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം മേളയിലെ അക്കാദമിക ഘടകങ്ങളില്‍ ഒന്നാണ്.

മലയാളത്തിലെ മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായ ജി.അരവിന്ദന്‍ തന്‍റെ ദൃശ്യ-കലാ പ്രഭാവം കൊണ്ട് സിനിമാ രംഗത്തെ സമ്പുഷ്ടമാക്കി. സമാന്തര ഇന്ത്യന്‍ സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പ് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. ഡോകുമെന്ററി-നാടക രംഗത്തും പ്രാഭല്‍ഭ്യം തെളിയിച്ച ജി.അരവിന്ദന് 1990 റില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.  ഉത്തരായനം, കാഞ്ചന സീത, തമ്പ്,  കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത്, മാറാട്ടം, വാസ്തുഹാര എന്നീ ഫീച്ചര്‍ ഫിലിമുകളും ഒട്ടനവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ഗോവിന്ദന്‍ അരവിന്ദന്‍റെ സ്മരണാര്‍ഥം നടത്തുന്ന പ്രഭാഷണ പരമ്പര ഈ വര്‍ഷം പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2006ലാണ് ‘അരവിന്ദന്‍ മെമ്മോറിയല്‍ ലെക്ചര്‍’ മേളയില്‍ ആരംഭിക്കുന്നത്. ആദ്യ പ്രഭാഷണം നടത്താന്‍ എത്തിയത് മണി കൗള്‍. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ അരവിന്ദന് ആദരവുമായി കഴിഞ്ഞ പതിമൂന്നു വര്‍ഷം പ്രഭാഷണത്തില്‍ പങ്കെടുത്തിട്ടുണ്ട്.  പ്രൊഫ. എം.മാധവ പ്രസാദ്, ഇസ്രായേലി സംവിധായകൻ അമോസ് ഗിറ്റായി, ഹെയ്തിയൻ സംവിധായകൻ റൗൾ പെക്ക്, നെറ്റ്പാക് സംഘടനയുടെ സ്ഥാപകയും ചലച്ചിത്ര നിരൂപകയുമായ അരുണ വാസുദേവ്, ടുണീഷ്യൻ സംവിധായകൻ എലിസ് ബാക്കാർ, മാലിയൻ സംവിധായകൻ സൗളിമൻ സിസെ, ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബെല്ലോക്കിയോ, ശ്രീലങ്കൻ സംവിധായക സുമിത്ര പെരേസ്, ആസ്‌ട്രേലിയൻ തിരക്കഥാകൃത്ത് ക്ലെയർ ഡൊബ്ബിൻ, ഛായാഗ്രാഹകനായ സണ്ണി ജോസഫ്, എത്യോപ്യൻ സംവിധായകൻ ഹെയിൽ ഗെരിമ എന്നീ പ്രഗത്ഭർ അനുസ്മരണ പ്രഭാഷണം നടത്തിയിട്ടുണ്ട്.

16th IFFK - Aravindan MemorialLecture

2011 ലെ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്ന ടുണിഷ്യന്‍ സംവിധായകന്‍ എല്യെസ് ബക്കര്‍

ഇന്ത്യന്‍ സിനിമയിലെ ശക്തവും ദീപ്തവുമായ സ്ത്രീ സാന്നിധ്യമാണ് അപര്‍ണ സെന്‍. സത്യജിത് റേയുടെ ‘തീന്‍ കന്യാ’ എന്ന ചിത്രത്തിലൂടെ പതിനാറാം വയസ്സില്‍ സിനിമയുടെ മുന്നിലെത്തിയ അപര്‍ണ പിന്നീട് അഭിനയം മാറ്റി വച്ച് സംവിധാനത്തിലേക്ക് കടന്നു. ആദ്യ ചിത്രമായ ’36 ചൗരങ്കി ലേന്‍’ മുതല്‍ തന്നെ മികവിന്‍റെ പര്യായമായി മാറിയ അപര്‍ണ പത്തിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പരോമ, സതി, യുഗാന്ത്, പരോമിതാര്‍ ഏക്ക് ദിന്‍, മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് അയ്യര്‍, 15 പാര്‍ക്ക് അവന്യൂ, ദി ജാപ്പനീസ് വൈഫ്‌, ഇതി മൃണാളിനി, ഗ്യോനെര്‍ ബക്ഷോ, അര്‍ഷി നഗര്‍, സൊനാറ്റ എന്നിവയാണ് അപര്‍ണയുടെ ചിത്രങ്ങള്‍. ഇതില്‍ സൊനാറ്റ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഒട്ടനവധി ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ അപര്‍ണക്ക് 1987ല്‍ പത്മശ്രീ ലഭിച്ചു.

Aparna Sen interviewing Satyajit Ray

സത്യജിത് റേയുമായി അഭിമുഖം നടത്തുന്ന അപര്‍ണ സെന്‍

പ്രശസ്ത ബംഗാളി നിരൂപകനും പത്രപ്രവര്‍ത്തകനുമായ ചിതാനന്ദ് ദാസ്‌ ഗുപ്തയുടെയും സുപ്രിയ ദാസ്‌ ഗുപ്തയുടെയും മകളാണ് അപര്‍ണ. നടിയും സംവിധായികയുമായ കൊങ്കണ സെന്‍ ശര്‍മ മകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ