‘ഇന്ത്യയിലെ തന്നെ മികച്ച ചലച്ചിത്രോത്സവമാണ് കേരളത്തിലേത്. എങ്കിലും കാലാകാലങ്ങളില്‍ ഇത്തരം ഇന്‍സ്റ്റിട്യൂഷന്‍സ് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരളത്തിലെ മേളയ്ക്ക് അതിനു സമയമായി’, പറയുന്നത് രാജ്യത്തെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ആനന്ദ്‌ ഗാന്ധി.

ദേശീയ പുരസ്കാരം നേടിയ ‘ദി ഷിപ്‌ ഓഫ് തിസ്യൂസ്’, ‘റൈറ്റ് ഹിയര്‍ റൈറ്റ് നൌ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും അരവിന്ദ് കേജ്രിവാളിനെക്കുറിച്ചുള്ള ഡോകുമെന്ററി ‘ദി ഇന്‍സിഗ്നിഫിക്കന്റ്റ് മാനി’ന്‍റെ നിര്‍മ്മാതാവുമാണ്.

‘മേളയില്‍ കാണിക്കാതെ പോയ സിനിമകളുടെ കാര്യത്തില്‍ എന്താണ് നടന്നത് എന്ന് മേളയുമായി ബന്ധപ്പെട്ടവര്‍ നന്നായി ആലോചിക്കണം. അത്തരം ചില നടപടികള്‍ കാരണം എത്ര നല്ല സിനിമകള്‍  ഇവിടെ കാണിക്കാന്‍ കഴിയാതെ പോയി എന്നും ആലോചിക്കണം. നമ്മളോന്നോര്‍ക്കണം, ലോകം ആഘോഷിച്ച, അംഗീകരിച്ച ചില ചിത്രങ്ങള്‍ക്കാണ് ഇവിടെ വേദി നിഷേധിക്കപ്പെട്ടത്. ആ ചിത്രങ്ങള്‍ നമ്മുടെ രാജ്യത്തിന്, നമ്മുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് എത്രത്തോളം പ്രധാനമായിരുന്നു എന്നും നമ്മള്‍ ചിന്തിക്കണം.’, ആനന്ദ്‌ അഭിപ്രായപ്പെട്ടു.

കാഴ്ച ചലച്ചിത്രോത്സവത്തില്‍ നടന്ന വിര്‍ച്വല്‍ റിയാലിറ്റി വര്‍ക്ക്‌ഷോപ്പിള്‍ ആനന്ദ് ഗാന്ധി

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി പങ്കെടുക്കുന്നില്ല ആനന്ദ്‌ ഗാന്ധി. ആനന്ദ്‌ തിരുവനന്തപുരത്ത് എത്തിയത് കാഴ്ച ചലച്ചിത്ര മേള ഉത്ഘാടനം ചെയ്യാനാണ്. ഇത്തരം ബദല്‍ ഇടങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ആനന്ദ്‌ സംസാരിച്ചു.

‘സമയോചിതമായ ഒന്നാണ് കാഴ്ച ചലച്ചിത്ര മേള. ഇത്തരം ഇടങ്ങള്‍ വളരെ അത്യാവശ്യമാണ്. നമ്മുടെ വ്യവസ്ഥാപിത ഇടങ്ങളെല്ലാം വളരെക്കാലമായി ഒരേ ദിശയില്‍ സഞ്ചരിക്കുന്നവയാണ്. അവയില്‍ നിന്ന് ഒരു വേറിട്ടൊരു വഴി തുറന്നു വരുമ്പോള്‍ അത് നമ്മള്‍ തുറന്ന മനസ്സോടെ സ്വീകരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.’

മെയിന്‍സ്ട്രീമിന് ചില അവസരങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ് കാഴ്ച മേള പോലെയുള്ള ഇടങ്ങള്‍ ചെയ്യുന്നത്. ഒന്ന് മാറ്റി ചിന്തിക്കാന്‍, ചില തെറ്റുകള്‍ തിരുത്താന്‍, പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാം ഇത് സഹായിക്കും എന്നാണു ആനന്ദ്‌ കരുതുന്നത്.

‘ഫിലിം ഫെസ്റ്റിവലുകള്‍ ക്യൂരെറ്റ് ചെയ്യാനുള്ള പുതിയ വഴികള്‍ കണ്ടെത്താന്‍, നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പുതിയ ദിശ കണ്ടെത്താന്‍, ഇത്തരം സമാന്തര പ്രവര്‍ത്തനങ്ങള്‍ വഴി കാട്ടും എന്ന് ഞാന്‍ കരുതുന്നു’, ആനന്ദ്‌ പറഞ്ഞു നിര്‍ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ