ലോക സിനിമയുടെ അതികായന്മാരിൽ ഒരാൾ, അലക്സാണ്ടർ നിക്കൊളയെവിച്ച് സകുറോവ്, ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അതിഥിയായി എത്തുന്നു.

1951ൽ റഷ്യൻ സൈബീരിയയിൽ ജനിച്ച അദ്ദേഹം റഷ്യയിലെ പ്രസിദ്ധമായ വി ജി ഐ കെ ഫിലിം സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അവിടെ വച്ചാണ് തന്‍റെ മാര്‍ഗ്ഗദര്‍ശിയായ ആന്ദ്രേ തർകോവ്സ്കിയെ സകുറോവ് പരിചയപ്പെടുന്നത്. അദ്ധ്യാപകരുമായുള്ള ആശയപരമായ എതിർപ്പുകളെ തുടർന്ന് പഠനം ഉപേക്ഷിച്ച സകുറോവിന്‍റെ കഴിവുകൾ തിരിച്ചറിഞ്ഞ തർകോവ്സ്കി അദ്ദേഹത്തിന് ലെൻ ഫിലിം എന്ന സ്റ്റുഡിയോയിൽ ജോലി ശരിപ്പെടുത്തി. 1987ൽ പൂർത്തീകരിച്ച അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ‘ദ് ലോൺലി ഹ്യൂമൻ വോയിസ്’ അന്നത്തെ സർക്കാരിനെതിരാണ് എന്ന് സ്റ്റുഡിയോ അധികാരികൾക്ക് തോന്നിയതിനാൽ ഇതിന്‍റെ പ്രദര്‍ശനം തടയപ്പെട്ടു. പിന്നീട്, 1990കളിലാണ് സിനിമ ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കാന്‍ സാധിച്ചത്. ആദ്യ കാലം മുതൽ തന്നെ സോവിയറ്റ് ഭരണകൂടവുമായി സംഘർഷം സൃഷ്ടിച്ചിരുന്നവയായിരുന്നു സകുറോവിന്‍റെ ചിത്രങ്ങൾ. അതിനാൽ മിക്ക സിനിമകൾക്കും റഷ്യയിൽ പ്രദർശനാനുമതി ലഭിച്ചിരുന്നില്ല.

 

സ്വന്തം രാജ്യത്തു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന്‍റെ സിനിമകൾ പക്ഷേ നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രശസ്തി നേടി. 1997ൽ പുറത്തിറങ്ങിയ ‘മദർ ആൻഡ് സൺ’ ആണ്‌ അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തിയും പുരസ്കാരവും നേടിക്കൊടുത്ത ആദ്യ സിനിമ. വെറും രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം പ്രേക്ഷകരെ ഏറെ വികാരാധീനരാക്കുന്ന ഒരു അമ്മയുടേയും മകന്‍റേയും സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നു.

“സിനിമ തുടങ്ങി പത്തു മിനിട്ടിനുള്ളിൽ കരയാൻ തുടങ്ങിയ ഞാൻ അതിന്‍റെ അവസാനം വരെ ആ കരച്ചിൽ തുടർന്നു” എന്നാണ് ഓസ്ട്രേലിയന്‍ സാഹിത്യകാരനും സിനിമാ പ്രവര്‍ത്തകനുമായ നിക്ക് കേവ് ചിത്രത്തെ കുറിച്ചുള്ള ആസ്വാദനത്തില്‍ പറഞ്ഞത്.

2003 ലെ ‘ഫാദർ ആൻഡ് സൺ’ എന്ന ചിത്രത്തിലൂടെ ഇതേ വികാരത്തിന്‍റെ മറ്റൊരു തലം അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും പരോക്ഷമായ രീതിയിൽ സ്വവർഗരതിയുടെ സൂചനകൾ അടങ്ങിയിരുന്നു എന്ന് ചില നിരൂപകര്‍ ആരോപിച്ചു. എന്നാല്‍ ചിത്രത്തിന് അങ്ങനെയൊരു തലം ഉണ്ട് എന്നത് സകുറോവ്‌ പാടെ നിഷേധിക്കുകയാണ് ചെയ്തത്. ചരിത്ര പ്രധാനമായ മറ്റൊരു ചിത്രമാണ് 2002ൽ പുറത്തിറങ്ങിയ ‘റഷ്യൻ ആർക്’. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പുകഴ്‌ത്തപ്പെട്ട, റഷ്യൻ സാമ്രാജ്യത്വ ചരിത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

സകുറോവിന്‍റെ സിനിമാ ജീവിതത്തിന്‍റെ നാഴികക്കല്ല് എന്ന് പറയാവുന്നത് ചതുഷ്‌ടയങ്ങളായ ‘മോളൊക്ക്'(1999), ‘ടോറസ്'(2001), ‘ദ് സൺ'(2005), ‘ഫൗസ്റ്റ്'(2011) എന്നീ ചിത്രങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ നേതാക്കളായ ഹിറ്റ്ലർ, ലെനിൻ, ഹിരോഹിതോ ചക്രവർത്തി എന്നിവരെ കുറിച്ചാണ് ആദ്യ മൂന്ന് സിനിമകൾ. ഗോഥെയുടെ ‘ഫൗസ്റ്റ്’ എന്ന നാടകത്തെ അടിസ്ഥാനമാക്കിയുള്ള ഒടുവിലത്തെ ചിത്രം വെനീസ് ചലച്ചിത്ര മേളയുടെ ഗോൾഡൻ ലയൺ പുരസ്‌കാരം നേടി. റഷ്യൻ പ്രധാനമന്ത്രി പുട്ടിന്‍റെ സഹായത്തോടെ ചെയ്ത സിനിമയാണെങ്കിലും അദ്ദേഹത്തിന് ചിത്രം ഇഷ്ടമായില്ലെന്നും റഷ്യയിൽ വളരെ കുറച്ചു നാൾ മാത്രമേ അത് പ്രദർശിപ്പിച്ചിരുന്നുള്ളൂ എന്നുമാണ് സകുറോവ് പറയുന്നത്.

“റഷ്യൻ സിനിമ ലോകത്ത് എനിക്കൊരു സ്ഥാനവും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല,” എന്നാണ് ഒരു അഭിമുഖത്തിൽ സകുറോവ് പറഞ്ഞത്. “ഗോൾഡൻ ലയൺ ലഭിച്ചിട്ടും റഷ്യയിൽ ചിത്രം പ്രദർശിപ്പിക്കാൻ അത് സഹായകമായില്ല.”

2015ലെ ഫ്രാങ്കോഫോണിയ എന്ന ചിത്രത്തിൽ നാസികൾ കയ്യേറിയ പാരീസ് നഗരത്തിലെ വിഖ്യാത കലാ മ്യൂസിയം ആയ ലൂവ്രിന്‍റെ രക്ഷാധികാരി, അവിടെയുള്ള കലാസൃഷ്ടികൾ ഹിറ്റ്ലറിന്‍റെ കൊള്ളയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന കഥ പറയുന്നു.

കൂടുതല്‍ വായിക്കാം: സമഗ്ര സംഭാവനയ്ക്കുള്ള ഐ എഫ് എഫ് കെ അവാര്‍ഡ്‌ സകുറോവിന്

അസാധാരണമായ മാധ്യമ പരിചയവും സാമര്‍ത്ഥ്യവും കൊണ്ട് ഒരു വർഷത്തിൽ ഒന്നില്‍ കൂടുതല്‍ സിനിമകൾ പൂർത്തീകരിക്കുവാൻ സകുറോവിന് കഴിഞ്ഞിരുന്നു. സൗന്ദര്യാനുഭൂതിയിലും ഇംപ്രഷനിസത്തിലും ഊന്നിയുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ചരിത്രത്തോടും പ്രകൃതിയോടുമുള്ള ദാർശനികമായ സമീപനം കൊണ്ട് പ്രസിദ്ധമാണ്. സാധാരണക്കാരേയും പുതുമുഖങ്ങളേയും ഉപയോഗിച്ച് ചിത്രങ്ങൾ ചെയ്യുന്നതാണ് സകുറോവിന്‍റെ ശൈലി.

 

“ഞാൻ ഒരു സിനിമാക്കാരനല്ല, ഒരു സാഹിത്യകാരനാണ്. എനിക്ക് സിനിമയോട് അത്ര താല്പര്യമില്ല” എന്ന് സകുറോവ് ‘ദ് ഗാർഡിയൻ’ ദിനപത്രത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമയിൽ പ്രതിഭാശാലികൾ ഇല്ല എന്നും മാസ്റ്റർപീസ് സൃഷ്ടിക്കാവുന്ന ഒരു കലയല്ല സിനിമ എന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

‘കല എന്നത് ഒരു ചെറുത്തു നിൽപ്പാണ്; തുറന്നു പറച്ചിൽ നടത്താനുള്ള ഒരു വേദിയാണ്. സര്‍വ്വാധിപത്യ ഭരണകൂടത്തിന് കലാകാരന്മാരെ നശിപ്പിക്കണമെന്നില്ല പക്ഷേ അവർ അധികാരത്തിന് കീഴ്‌പ്പെട്ടവരായിരിക്കണം എന്ന് നിർബന്ധമുണ്ട്.’ അധികാരത്തിനു മുന്നിൽ കീഴടങ്ങേണ്ട അവസ്ഥയെക്കുറിച്ച് സകുറോവിന്‍റെ വാക്കുകള്‍ ഇങ്ങനെ.

ഗുരുവും മാർഗ്ഗ ദർശിയുമായ ആന്ദ്രേ തർകോവ്സ്കിയുമായി സകുറോവിനെ താരതമ്യം ചെയ്യുന്നവരുണ്ട്. സകുറോവിന്‍റെ സൃഷ്ടികളെ തർകോവ്സ്കി ഏറെ പ്രകീർത്തിച്ചിരുന്നു. രണ്ടു പേരും തമ്മിലുള്ള വ്യത്യാസം എന്ത് എന്നതിന് സകുറോവിന്‍റെ മറുപടി ഇവ്വിധമായിരുന്നു.

“അദ്ദേഹം മരിച്ചു പോയി അതുകൊണ്ട് അപകടകാരിയല്ലാതായി…, അത് കൊണ്ട് തർകോവ്സ്കിയുടെ നിരോധിക്കപ്പെട്ട പല സൃഷ്ടികളും ഇപ്പോൾ പെട്ടന്ന് ലഭ്യവുമാണ്’

വിയന്നയിലെ ‘ചെക്കോവ്’ സ്റ്റുഡിയോയിലെ അഭിനയ വിദ്യാര്‍ഥികള്‍ക്കൊപ്പം സകുറോവ്

1995ൽ യൂറോപ്യൻ ഫിലിം അക്കാദമി ലോക സിനിമയിലെ 100 പ്രധാന സംവിധായകരിൽ ഒരാളായി സകുറോവിനെ തിരഞ്ഞെടുത്തിരുന്നു. 20ലേറെ ഡോക്യുമെന്ററികളും സംവിധാനം ചെയ്ത അദ്ദേഹത്തിന് രണ്ടു തവണ ‘സ്റ്റേറ്റ് പ്രൈസ് ഓഫ് റഷ്യൻ ഫെഡറേഷൻ’ എന്ന ദേശീയ പുരസ്കാരവും, ഒരു തവണ നീക്ക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ ബെർലിൻ, കാൻ, ടോറോണ്ടോ, മോസ്കോ, ലോകാർണോ, വിവിധ യൂറോപ്യൻ ചലച്ചിത്ര മേളകളുടെ ബഹുമതിയും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. 2004ൽ കലാകാരന്മാർക്കായുള്ള റഷ്യയുടെ പരമോന്നത പദവിയായ ‘പീപ്പിൾസ് ആർട്ടിസ്റ് ഓഫ് റഷ്യ’ എന്ന അംഗീകാരവും ലഭിച്ചിരുന്നു. 2015ലെ ബെൽഗ്രേഡ് ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിയിലും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിക്കുന്നു.

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ബെറെഗ്’ എന്നൊരു നിർമ്മാണ കമ്പനി,  യൂറോപ്പിലേയും ഏഷ്യയിലേയും നിർമ്മാതാക്കളുടെ സഹായത്തോടെ സകുറോവ് റഷ്യയിൽ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കാഴ്ചക്ക് അല്പം ബുദ്ധിമുട്ട്‌ ഉണ്ടെങ്കിലും തന്‍റെ സിനിമാ സപര്യക്ക് ഒരിക്കലും അതൊരു തടസ്സമാകില്ല എന്ന് സകുറോവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ