22-ാമത് രാജ്യന്തര ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്ന വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സകുറോവിനെക്കുറിച്ച് കെ. ഗോപിനാഥന്‍ എഴുതിയ ‘സകുറോവ് : ധ്യാന ബിംബങ്ങളുടെ കല’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. നിള തിയേറ്ററില്‍ 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് അലക്‌സാണ്ടര്‍ സകുറോവുമായി ഡോ. സി.എസ്. വെങ്കിടേശ്വരന്‍ സംവദിക്കുന്ന ‘ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത്’ എന്ന പരിപാടിയും നടക്കും.

 

റഷ്യൻ സമകാലിക ചലച്ചിത്രകാരന്മാരിൽ സമുന്നതനായ സകുറോവിന്‍റെ ആദ്യകാല ചിത്രങ്ങൾക്കെല്ലാം സോവിയറ്റ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്വന്തം രാജ്യത്തു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന്‍റെ സിനിമകൾ പിന്നീട് രാജ്യാന്തര പ്രശസ്തി നേടി. 1997ൽ പുറത്തിറങ്ങിയ ‘മദർ ആൻഡ് സൺ’ ആണ്‌ അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തിയും പുരസ്കാരങ്ങളും നേടിക്കൊടുത്ത ആദ്യ സിനിമ. എന്നാൽ വാണിജ്യപരമായും നിരൂപണപരമായും ഏറെ അംഗീകരിക്കപ്പെട്ട ചിത്രം ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ‘റഷ്യൻ ആർക്’ ആണ്. ഒടുവിലത്തെ ചിത്രമായ ‘ഫൗസ്റ്റ്’ വെനീസ് ചലച്ചിത്ര മേളയുടെ ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയിട്ടുണ്ട്.

സോവിയറ്റ്‌ ഭരണകൂടവുമായി കൊമ്പ് കോര്‍ത്ത സകുറോവിന്‍റെ സിനിമകള്‍ക്ക്‌ പിന്തുണയും പ്രോത്സാഹനവുമായി നല്‍കിയത് സംവിധായകന്‍ ആന്ദ്രെ തര്‍ക്കോവ്സ്ക്കിയായിരുന്നു. ഫീച്ചര്‍ സിനിമകള്‍ എടുക്കുന്നതിനൊപ്പം തന്നെ സകുറോവ് ഡോകുമെന്ററികളിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇരുപതോളം ഡോക്യുമെന്ററികള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2006 റില്‍ മാന്‍ഹേം – ഹിഡല്‍ബെര്‍ഗ് ചലച്ചിത്രമേള ‘മാസ്റ്റര്‍ ഓഫ് സിനിമ’ പുരസ്കാരം നല്‍കി സകുറോവിനെ ആദരിച്ചു. ബെര്‍ലിന്‍, കാന്‍, മോസ്കോ, ടോറെന്റോ, ലൊക്കാര്‍ണോ മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 15 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സകുറോവിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്‌. സകുറോവിന്‍റെ അഞ്ച് സിനിമകളും – മദര്‍ ആന്‍ഡ്‌ സണ്‍, ഫൗസ്റ്റ്, ഫ്രാങ്കോഫോനിയ, റഷ്യന്‍ ആര്‍ക്ക്, ഫാദര്‍ ആന്‍ഡ്‌ സണ്‍ – അദ്ദേഹത്തിന്‍റെ സിനിമാ ദർശനം അവതരിപ്പിക്കുന്ന, ‘ദ് വോയിസ് ഓഫ് സൊകുറോവ്’ (സംവിധാനം: ലീന കിൽപലൈനെൻ) എന്ന ഡോക്യുമെന്ററിയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook