ഇത്രയും കാലം കൂടെയുണ്ടായിരുന്നയാളെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്ന ഒരു വേദിയിൽ വച്ച് അനുസ്മരിച്ചപ്പോൾ എന്താണ് തോന്നിയത്?

ഞാൻ ഇങ്ങനെയുള്ള മേളകളിൽ പങ്കെടുത്തിട്ടില്ല. അതിനൊക്കെ ശശിയേട്ടനായിരുന്നു താല്പര്യം. ആ ഇഷ്ടം മകനിലേക്കും പകർന്നു കൊടുത്തിട്ടുണ്ട്. അതു കൊണ്ട് അവർ രണ്ടുപേരുമാണ് എപ്പോഴും വന്നിരുന്നത്.അവർ എന്ത് ചെയ്യുന്നു എവിടെ പോകുന്നു എന്നൊന്നും ഞാൻ ചോദിക്കാറില്ല കാരണം എനിക്ക് വീട്ടിലെ കാര്യങ്ങൾ നോക്കി ഇരിക്കാനാണ് ഇഷ്ടം. അദ്ദേഹവും അത് മനസിലാക്കി എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു. ഇത്രയും ദിവസം അടുപ്പിച്ചു സിനിമകൾ കാണുന്നത് എനിക്ക് ക്ഷീണമാവും അതുകൊണ്ട് കൂടെ കൊണ്ടു പോകണ്ട എന്നൊരു തോന്നൽ ഉണ്ടായിരുന്നു. ഈ മേളയെ കണ്ടറിയാൻ കഴിഞ്ഞത്തിൽ സന്തോഷമുണ്ട് എന്നാൽ ഇങ്ങനെ ഒരു അവസരത്തിൽ ആയി എന്നുള്ളത് ഒരു വിഷമം ഉള്ള കാര്യമാണ്.

സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവര്‍ക്കൊപ്പം രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍

150ലേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഐ വി ശശി. അദ്ദേഹത്തിന് സിനിമയോടുള്ള സ്നേഹത്തിന് അതിരുകൾ ഇല്ലായിരുന്നു. അവസാന കാലം വരെ സിനിമ എടുക്കണം എന്ന ആഗ്രഹമുണ്ടായിരുന്നയാളാണ്. അത്തരത്തിലുള്ള എന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കി വച്ചിട്ടാണോ അദ്ദേഹം പോയത്?

ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഒരു ചിത്രം ഉണ്ടായിരുന്നു പക്ഷേ തന്‍റെ മകനത് ചെയ്തു തീർക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. ആ ഒരു വിശ്വാസം അദ്ദേഹത്തിന് മുൻപേ ഉണ്ടെന്നത് എനിക്ക് നന്നായി അറിയാം. മകന്‍ അനിക്ക് ചിക്കാഗോയിലെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് കിട്ടിയതിൽ അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു. തനിക്ക് കിട്ടാത്ത ഒരു പുരസ്‌കാരം മകന് കിട്ടിയതിൽ സന്തോഷിച്ചിരുന്ന സമയത്ത് തന്നെയാണ് അദ്ദേഹത്തിന്‍റെ മരണവും. ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. ഞാനും മകനും ഇപ്പോഴും ആ നടുക്കത്തിൽ നിന്നും വിട്ടു മാറിയിട്ടില്ല. വയ്യാതെ കിടപ്പിലായിരുന്നെങ്കിൽ നമുക്ക് പിന്നേയും സഹിക്കാം. പക്ഷേ മകന്‍റെ അവാർഡ് കാണുകയും ആസ്‌ട്രേലിയയിൽ മകൾക്ക് പ്രൊമോഷൻ കിട്ടിയ വിവരം അറിയുകയും ഒക്കെ ചെയ്ത് നല്ല സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത്രയും സന്തോഷം ദൈവം നൽകിയത് ചിലപ്പോൾ ഇതിനായിരിക്കാം. ദൈവത്തിനെ കുറ്റപ്പെടുത്താനും കഴിയില്ല. എല്ലാവരും ഒരു ദിവസം പോണം. അപ്പോൾ എന്തെങ്കിലും ഒരു കാരണം ദൈവം ഉണ്ടാക്കുന്നതായിരിക്കാം.

നിരവധി ചിത്രങ്ങളിൽ നിങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്, പിന്നീട് വിവാഹം കഴിച്ചു. സംവിധായകനായിരുന്നപ്പോഴാണോ ഭർത്താവായിരുന്നപ്പോഴാണോ കൂടുതൽ സ്നേഹം തോന്നിയിട്ടുള്ളത്?

ഞാൻ ഒട്ടും സീരിയസായ ആളല്ല. ഒന്നിനെയും ഗൗരവത്തോടെയല്ല ഞാൻ സമീപിക്കുന്നത്. ശശിയേട്ടൻ ഞങ്ങളെ വിട്ടു പോയിട്ടില്ല എന്ന വിശ്വാസമുണ്ട് ഇപ്പോഴും. അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകൾക്കൊന്നും ഞാൻ കരഞ്ഞിട്ടില്ല. ഒരു ശൂന്യമായ അവസ്ഥയായിരുന്നു. എന്നെ ഒരു കുഞ്ഞിനെ പോലെയാണ് ശശിയേട്ടൻ നോക്കിയിരുന്നത്. എല്ലാ കളിതമാശകള്‍ക്കും കൂട്ടുനിക്കുമായിരുന്നു. അങ്ങനെയാണ് വീട്ടിൽ ഞങ്ങൾ കഴിഞ്ഞത്.

‘ശശിയേട്ടാ’ എന്ന് വിളിച്ചിട്ട് കേട്ടില്ലെങ്കിൽ ‘ഐ വി ശശി’ എന്ന് ഞാൻ ഉറക്കെ വിളിക്കും. അത്തരം കളിയും ചിരിയും തമാശയും ഒക്കെയായി 40 വർഷം ഒരുമിച്ചുണ്ടായിരുന്നു.

ഷൂട്ടിംഗ് സെറ്റിലും ഞാൻ ഒട്ടും സീരിയസ് അല്ല. അപ്പോൾ ശശിയേട്ടൻ തമാശ മതിയാക്കി സീരിയസാവാൻ പറയും. ഷോട്ടിൽ അഭിനയിച്ചാൽ പോരെ ബാക്കി സമയത്തും അഭിനയിക്കാനോ എന്നായിരിക്കും എന്‍റെ മറുപടി. അങ്ങനെ എപ്പോഴും എനിക്ക് ഒരു നല്ല സുഹൃത്തെന്നോ അച്ഛനെന്നോ ഭർത്താവെന്നോ ഗുരുവെന്നോ എന്ത് വേണമെങ്കിലും പറയാവുന്ന ആളായിരുന്നു അദ്ദേഹം.

ഒരു പാട് ഓർമ്മ വരുമ്പോൾ എന്ത് ചെയ്യും? അദ്ദേഹത്തിന്‍റെ സിനിമകൾ വീണ്ടും കാണുമോ?

ഇല്ല. ഞാൻ എന്‍റെ ശശിയേട്ടനോട് സംസാരിക്കും. എന്തിനാ എന്നെ വിട്ടു പോയതെന്ന് ചോദിച്ച്…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook