രണ്ടായിരത്തി അഞ്ച് ആഗസ്റ്റ് മാസം. തീയതി ഓര്‍മ്മ ഇല്ല. ഞാനും ഷിബു അണ്ണനും (ഷിബു ഗംഗാധരന്) സെക്രട്ടറിയേറ്റ് സീബ്രാ ലൈന്‍ ക്രോസ് ചെയ്യുമ്പോള്‍ സുപരിചിതമായ മുഖം എതിര്‍സൈഡില്‍. ഞങ്ങളെ കണ്ടതും സുപ്രസിദ്ധമായ ചിരിയോടെ, ‘കിച്ചാ’ എന്ന വിളിയോടെ, കൈക്ക് പിടിച്ച് മറ്റൊന്നും ആലോചിക്കാതെ എതിര്‍സൈഡില്‍ നിന്നും ഞങ്ങളോടൊപ്പം ചേര്‍ന്നു. അതായിരുന്നു ഷിജി എന്ന ഷിജിനാഥ്. എല്ലാം മാറ്റി വച്ച് സൗഹൃദത്തിനു കൈ കൊടുക്കുന്നവന്.
‘നിങ്ങള്‍ എവിടെ നിന്നു വരുന്നു’, ഷിജി ചോദിച്ചു. ഞങ്ങള്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുകയാണ്. ‘ഒരാള്‍’ എന്ന എന്റെ ആദ്യ ചിത്രത്തിന്റെ ഫൈനല്‍ പരിപാടി കഴിഞ്ഞു വരുകയാണ്. റിലീസ് ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ചെറിയ ചിത്രമാണ് എന്നറിഞ്ഞ ഷിജിയുടെ ആലോചന പിന്നെ ഇതെങ്ങനെ, എവിടെ പ്രദര്‍ശിപ്പിക്കാം എന്നായി. എഫ് എഫ് എസ് ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. സിനിമാ സ്നേഹവും ഫിലിം സൊസൈറ്റി പ്രവര്‍ത്തനവും ജീവനായി കണ്ടു കൂടെ കൊണ്ട് നടന്നവനാണ്.
‘സെപ്റ്റംബര്‍ ഇരുപത്തി ഒന്നാം തിയതി സൂര്യ ഫെസ്സിവല് തുടങ്ങുന്നു. പ്രീമിയര്‍ ഷോ ആണെങ്കില്‍ അവിടെ പ്രദര്ശിപ്പിക്കുവാന് പറ്റുമായിരിക്കും. ഞാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാറിനോട് സംസാരിക്കാം’, ഷിജി പറഞ്ഞു. പിന്നെയും എന്തൊക്കെയോ പറഞ്ഞു ഞങ്ങള്‍ അന്ന് പിരിഞ്ഞു. പിറ്റേ ദിവസം ഷിജി ഷിബു അണ്ണനെ വിളിച്ചു ( അന്ന് എന്നെ വിളിക്കാന്‍ എന്റെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു) നിങ്ങളുടെ പ്രിമിയര്‍ ഷോ പ്രദര്‍ശിപ്പിക്കാന്‍ മൂര്‍ത്തി സാര്‍ തയ്യാറാണ്, ചിത്രത്തിന്റെ ബാക്കി ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം എന്ന് അറിയിച്ചു.

‘ഒരാള്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് കുക്കു സുരേന്ദ്രനും ഷിബു ഗംഗാധരനും ചേര്‍ന്ന് സൂര്യ കൃഷ്ണമൂര്‍ത്തി സാറിനെ കാണുന്നു. വിഖ്യാതമായ സൂര്യ ഫെസ്റ്റിവലിന്റെ ഉത്ഘാടന ദിവസം, സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തിയതി പ്രൗഡമായ സദസ്സിനു മുന്നില്‍ ഞങ്ങളെയും ഞങ്ങളുടെ ആദ്യ ചിത്രത്തെയും സൂര്യ ഫെസ്റ്റിവല്‍ അവതരിപ്പിക്കുമ്പോള്‍ ഇതെല്ലാം കണ്ട് സന്തോഷിച്ച് ആയിരത്തിലധികം പ്രേഷകര്‍ക്കിടയില്‍ സിനിമ കണ്ടു കൊണ്ട് സന്തോഷിച്ചു കൊണ്ട് ഷിജി നാഥും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ്, ആളുകളുടെ ഇടയില്‍ നില്ക്കുന്ന എന്റെയടുത്തെക്ക് വന്ന്, ‘നന്നായി കിച്ചാ’ എന്നു ചിരിച്ചു കൊണ്ട് പറയുന്ന ഷിജിയുടെ മുഖം ഇന്നും മനസ്സിലുണ്ട്.
ഞാനും ഷിജി നാഥുമായുള്ള സൗഹൃദത്തിനു കുറച്ചു കാലം പഴക്കമുണ്ട്. ഷിജി ‘അഭിനയ’ നാടക സംഘത്തില്‍ വര്‍ക്ക് ചെയ്യുമ്പേള്‍ ഞാന്‍ കാവാലം സാറിന്റെ നാടകസംഘത്തില്‍. ഞങ്ങളുടെ നാടക സംഘങ്ങളുടെയും മറ്റു നാടക സംഘങ്ങളുടെ നാടകാവതരണ ദിവസങ്ങളിലുമാണ് ഞങ്ങള്‍ പരസ്പരം കണ്ടിരുന്നത്. അത്തരത്തില്‍ ഒരു ദിവസം കണ്ടപ്പോള്‍ ‘ഞാന്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ പോകുന്നു’ എന്ന് ഷിജി നാഥ് പറയുന്നത്. പിന്നെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം കഴിഞ്ഞ് വന്ന ദിവസങ്ങളിലാണ് ഷിജിയെ കാണുന്നത്, മ്യൂസിയത്തിന്റെ മുന്നില്‍ വച്ച്.
പഠനം പൂര്‍ത്തിയായി ഇനി എന്ത് ചെയ്യണം എന്ന് ആലോച്ച് നില്ക്കുന്ന സമയം വെറുതെ അഭിപ്രായം അറിയാന്‍ എന്നോണം എന്നോട് ചോദിച്ചു, ‘സിനിമാ മേഖല എനിക്കു താല്‍പ്പര്യമാണ്, പക്ഷെ നാടകത്തില്‍ തന്നെ നില്‍ക്കണോ എന്ന്?’ നാടകം മാത്രം മനസ്സിലുള്ള എന്നോട് ഇങ്ങനെ ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ. നീ നാടകത്തില്‍ നില്‍ക്കണം. നീ പഠിച്ച നാടകം പ്രാക്ടീസ് ചെയ്യണം, കൂടെ സിനിമയും ചേര്‍ത്ത് വയ്ക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല പിന്നെ കണ്ടപ്പോള്‍ ഷിജി പറഞ്ഞു ‘ഞാന്‍ വീണ്ടും ‘അഭിനയ’യില്‍ ജോയിന്‍ ചെയ്തു നാടക പരിശീലനത്തിലാണ്’.
പിന്നീടൊരു ദിവസം കണ്ടപ്പോള്‍ ഷിജി പറഞ്ഞു, ‘ഞങ്ങളൊരു സ്റ്റുഡിയോ തുടങ്ങി’, ആരൊക്കെയുണ്ട് കൂടെ എന്ന് ഞാന്‍ ചോദിച്ചു. ‘അമലും (ഞങ്ങളുടെ നാടക സുഹൃത്ത്), അടയാറിൽ നിന്നും എഡിറ്റിംഗ് പഠിച്ചു വന്ന മഹേഷ് എന്ന ഒരാളും’, ഷിജിയുടെ മറുപടി. ഞങ്ങളെ സ്റ്റുഡിയോയിലേയ്ക്ക ക്ഷണിക്കുകയും ചെയ്തു. പിറ്റേ ദിവസം തന്നെ ഞാന്‍ ഷിജിയുടെ അംബുജവിലാസം റോഡിലെ ചെറിയ സ്റ്റുഡിയോയില്‍ പോയി. അവിടെ കംമ്പ്യൂട്ടറിനു മുന്നില്‍ ഒരാള്‍ എഡിറ്റിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ഷിജി നാഥ് പരിചയപ്പെടുത്തി ‘ഇത് മഹേഷ് നാരായണന് (എഡിറ്ററും ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകനും’.
പിന്നീട് ആ സ്റ്റുഡിയോ സ്റ്റാച്ച്യുവിലേയ്ക്ക് മാറ്റി, വലിയ വിലുപീകരണങ്ങളോടെ. ഞാന്‍ അവിടുത്തെ നിത്യ സന്ദര്‍ശകനായി മാറി. ആ സ്റ്റുഡിയോയുടെ പേരാണ് ‘പോസിറ്റീവ് ഫ്രണ്ട്സ്’. പലരുടെയും സിനിമാ ജീവിതങ്ങള്‍ ആരംഭിക്കുന്നത് ഈ സ്റ്റുഡിയോയുടെ പടിക്കെട്ടിലും രണ്ടു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ബെഞ്ചില്‍ നാലു പേരിരുന്നും ബാക്കിയുള്ളവര്‍ ചുറ്റും ഇരുന്നും സിനിമാ ചര്‍ച്ചകള്‍ ചെയ്തുമാണ്.
വൈശാഖ് (പുലിമുരുകന് അടക്കം ഹിറ്റുകള്‍ ഉണ്ടാക്കിയ സംവിധായകന്), ഷെബി ചാവക്കാട് (പ്ളസ്റ്റു വില്‍ തുടങ്ങി ബോബിയില്‍ എത്തി നില്ക്കുന്നു), ദിലീപ് ജി ജെ (പ്രമുഖ പരസ്യ സംവിധായകന്), സജീവ് പാഴൂര്‍ (പത്ര പ്രവര്‍ത്തകനും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയുടെ തിരക്കഥാകൃത്തും), സൈജു( ഇര എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നു), അന്‍സാര്‍ ഷാ ( സിനിമാ മോഹം പിടി പെട്ട് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ഇപ്പോള്‍ ക്യാമറാ മാന്‍ ആയി), റെജു പിള്ള (അസോസിയേറ്റ് ഡയറക്റ്റര്‍)… അങ്ങനെ ഒരുപാട് പേര്… അടൂര്‍ സാര്‍, ഷാജി എം കരുണ്‍ സാര്‍, ടി വി ചന്ദ്രന് സാര്‍ അടക്കം അവിടെ വന്നു പോകാത്ത പ്രമുഖര്‍ ഇല്ല.

പില്കാലത്ത് ഷിജിയും അമലും മഹേഷും അവരവരുടെ മേഖലകളില്‍ തിരക്കായപ്പോള്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം പതുക്കെ നിലച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഷിജിയുടെ ഓര്‍മ്മ നില നിര്‍ത്താന്‍ ‘പോസിറ്റീവ് ഫ്രയിംസ്’ എന്ന സാംസ്കാരിക സംഘം ഉണ്ടാക്കി നാടക -സിനിമാ പ്രവര്‍ത്തനള്‍ നടത്താന്‍ ആലോചിക്കുന്നു.
ഞാന്‍ കാവാലം സാറിന്റെ നാടക സംഘത്തില്‍ നിന്നും ഫ്രീലാന്‍സ് നാടക പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറങ്ങിയ കാലം. ഷിജിയെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഷിജി ചോദിച്ചു, ‘സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ ഒരു പുതിയ നാടക സംഘം തുടങ്ങുന്നു, കിച്ചന് ജോയിന്‍ ചെയ്യുന്നുണ്ടോ’, പറയാം എന്ന് പറഞ്ഞ് ഞാന്‍ പോയി. പിറ്റേ ദിവസം വീണ്ടും എന്നെ വീണ്ടും വിളിച്ചു, ഞാന്‍ പോകാമെന്ന് തീരുമാനിച്ചു.
സൂര്യ നാടക സംഘ രൂപീകരണത്തില്‍ മൂര്‍ത്തി സാറിനൊപ്പം തോളോടു തോള് ചേര്‍ന്ന് നിന്നത് ഷിജി നാഥായിരുന്നു. അമല്‍രാജ്, ജോസ് പി റാഫേല്‍, ഗോപാലന്, വിനോദ്, അജയന് ആലത്തൂര്‍, മുന്‍ഷി ബൈജു, സുജിത്ത് എന്നിവരെയും സൂര്യ നാടക സംഘത്തില്‍ എത്തിച്ചത് ഷിജിയുടെ നേതൃത്വത്തിലായിരുന്നു.
‘മേല്‍വിലാസം’ എന്നായിരുന്നു ഞങ്ങള്‍ കളിച്ച നാടകത്തിന്റെ പേര്. അപ്പോള്‍ മുതല്‍ ഞാനും ഷിജിയും എന്നും കാണുന്ന സുഹൃത്തുക്കളായി. ഷിജിയുമായുള്ള നാടക യാത്രകള്‍, ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകള്‍, സന്തോഷിച്ചും കലഹിച്ചും ആഘോഷിച്ചും കടന്നുപോയ ഷിജിയുമൊപ്പമുള്ള നാടകകാലം. ഇതേ കാലയളവില്‍ ഷിജി ‘ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റി’ പ്രവര്‍ത്തകനുമായിരുന്നു. ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു ഐ എഫ് എഫ് കെ യുടെ ഡെലിഗേറ്റ് പാസ്സ് വിതരണം.. ആരുടെയെങ്കിലും ശുപാര്‍ശ്ശയില്‍ പാസ് എടുത്ത് സിനിമ കണ്ടു നടന്ന എന്നെ ഐ എഫ് എഫ് കെ യുടെ പ്രവര്‍ത്തനങ്ങളിലും കൂടെ കൂട്ടി, ചേര്‍ത്ത് നിര്‍ത്തി ഷിജി. അവിടെ വച്ചാണ് ഷിജിയുടെ സൗഹൃദ ബന്ധങ്ങളെ കുറിച്ച് അതിശയത്തോടെ ഞാന്‍ നോക്കി കാണുന്നത്.

ഐ എപ്എഫ് കെ യില്‍ വരുന്ന ഒട്ടു മിക്ക ആള്‍ക്കാരും ഷിജി നാഥിനെ അന്വേഷിച്ചു വരും, സൗഹൃദം പങ്കു വയ്ക്കാന്‍. എങ്ങനെയാണ് ഈ മനുഷ്യന് ഇത്രയും ആള്‍ക്കാരെ സൗഹൃദത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ സാധിച്ചത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടിടുണ്ട്. തുടര്‍ന്നു ഷിജി നാഥിനു ചലച്ചിത്ര അക്കാദമിയില്‍ ജോലി കിട്ടിയപ്പോഴും ഐ എഫ് എഫ് കെ യുടെ ഡെലിഗേറ്റ് സെല്ലിന്റെ ചുമതല ഷിജിക്കായിരുന്നു. പരാതി ഉള്ളവരുടെ പരാതി തീര്‍ത്തും, ക്ഷോഭിക്കുന്നവരെ അനുനയിപ്പിച്ചും, പിന്നെ അവരെ സുഹൃത്താക്കിയും, നിറഞ്ഞ ചിരിയോടെ ഐ എപ്എഫ് കെ യുടെ വേദിയിലെ ഡെലിഗേറ്റ് സെല്ലില്‍ എല്ലാരെയും സന്തോഷിപ്പിച്ച്, തൃപ്തിപ്പെടുത്തി, ഐ എഫ് എഫ് കെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരവും മനസും കൊടുത്ത് ഷിജി നാഥ് ഓടി നടക്കുന്നത് എങ്ങനെ മറക്കും?

ഈ വര്‍ഷം ഡെലിഗേറ്റ് പാസ്സ് കിട്ടാന്‍ നെട്ടോട്ടമോടിയ പലരും ഷിജി ഉണ്ടായിരുന്നെങ്കില്‍ എന്ന് പറയുന്നുണ്ടായിരുന്നു. എങ്കില്‍ നമ്മള്‍ക്ക് ഇങ്ങനെ അലയേണ്ടി വരുമായിരുന്നില്ല എന്ന് പറയുന്നവരും, പരാതി പറയാന്‍ ഷിജി പോയെന്നറിയാതെ ഷിജിയെ കാണണം, ഷിജിയെ വിളിക്ക്, ഷിജി വന്നാല്‍ എന്റെ പ്രശ്നം പരിഹരിക്കും എന്ന് പറയുന്ന ആള്‍ക്കാരെയും ഡെലിഗേറ്റ് സെല്ലില്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഞാന്‍ അഭിനയിച്ച സിനിമകള്‍ ഐ എഫ് എഫ് കെയിലും ഐ ഡി എസ് എഫ് കെ യിലും തിരഞ്ഞെടുക്കുമ്പോള്‍ സന്തോഷത്തോടെ വിളിക്കുന്ന ഷിജി ഇന്നില്ല. കെ ആര് മനോജിന്റെ സിനിമയിലെ കാസ്റ്റിംങ് ഡയറക്റ്റായി നിന്നു കൊണ്ട് എന്നെ അഭിനയിക്കാന്‍ വിളിച്ച ഷിജി ഇന്നില്ല. ഗോവ ഫെസ്റ്റിവലില്‍ പാസ് എടുത്തു തന്നു, നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയ പ്രിയപ്പെട്ട ഷിജി ഇന്നില്ല. ഷിജിയില്‍ നിന്നും പകര്‍ന്നു കിട്ടിയ ഒരുപാടു സൗഹൃദങ്ങളുമായി ചിരിച്ചും കൈപിടിച്ചും സംസാരിച്ചും ഞാന്‍ മേളയിലൂടെ കറങ്ങി നടക്കുന്നു. ഡെലിഗേറ്റ് സെല്ലില്‍ നിന്നും ‘കിച്ചാ’ എന്ന വിളിക്ക് കാതോര്‍ത്ത്…