scorecardresearch
Latest News

മേളയില്‍ വരുന്നവരുടെ നിലവാരമല്ല, സമൂഹത്തിന്‍റെ നിലവാരമാണ് കുറഞ്ഞത്: ജോളി ചിറയത്ത്

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘സെക്‌സി ദുര്‍ഗ’ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാത്തത് തീര്‍ത്തും നിരാശാജനകമാണ്. മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത ചിത്രങ്ങള്‍ ഇത്തരം ബദല്‍ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടട്ടെ. പ്രതിരോധത്തിന്‍റെ ശബ്ദങ്ങളാണ് ബദല്‍ മേളകള്‍

Jolly Chirayath

കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമാണ് നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജോളി ചിറയത്ത്. പതിവ് തെറ്റാതെ ഇത്തവണയും ജോളിയെത്തി, ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍. താന്‍ അഭിനയിച്ച ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഒരുവിധ പ്രിവിലേജിലുമല്ല, എന്നത്തേയും പോലെ ഒരു ഡെലിഗേറ്റ് ആയിത്തന്നെയാണ് ജോളി ചിറയത്ത് തിരുവനന്തപുരത്ത് എത്തിയത്. കേരളത്തിന്‍റെ ഏറ്റവും വലിയ സാംസ്കാരിക മേള നടക്കുന്നയിടത്ത്, വളരണം, പ്രതിരോധിക്കണം തുല്യത വേണം എന്നൊക്കെ ഉറക്കെപ്പറയുന്ന സിനിമകള്‍ ആഘോഷിക്കപ്പെടുന്നയിടത്ത്, ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ ഒരു മുറി കിട്ടാനുള്ള പ്രയാസത്തെക്കുറിച്ചായിരുന്നു ജോളിക്ക് പറയാനുണ്ടായിരുന്നത്.

‘രാജ്യാന്തര ചലച്ചിത്രോത്സവം പോലൊരു സാംസ്‌കാരിക മേളയാണ് ഇവിടെ നടക്കുന്നത്. പക്ഷെ താമസിക്കാന്‍ ഒരു മുറി കിട്ടാന്‍ ഇപ്പോഴും പ്രയാസമാണ്. എന്‍റെ സുഹൃത്തും ഗുരുതുല്യനുമായ ഒരാളാണ് എനിക്ക് മുറി ശരിപ്പെടുത്തി തന്നത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ പറയുന്നത് ദമ്പതികള്‍ക്ക് മാത്രമേ മുറി കൊടുക്കുവെന്ന്. ശരിക്കും നമ്മള്‍ ചിന്തിക്കണം. ഇത്രയും വലിയൊരു സാംസ്‌കാരിക മേള ഇവിടെ നടക്കുമ്പോള്‍ എത്രത്തോളം പിന്തിരിപ്പന്‍ നടപടികളാണ് മറുവശത്ത് നടക്കുന്നതെന്ന്. നമ്മുടെ സാമൂഹ്യ മര്യാദയിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്.’

ഐഎഫ്എഫ്‌കെയില്‍ മാത്രമല്ല, കാഴ്ച ഫിലിം ഫെസ്റ്റിവലില്‍ കൂടി പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് ജോളി ചിറയത്ത് വ്യക്തമാക്കുന്നു. ‘കിഫ് പോലുള്ള ബദല്‍മേളകളും തിരിച്ചറിയപ്പെടേണ്ടതാണ്. എന്‍റെ സുഹൃത്തുക്കളൊക്കെ തന്നെയാണ് അതിന്റെ നടത്തിപ്പുകാര്‍. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാത്തത് തീര്‍ത്തും നിരാശാജനകമാണ്. മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത ചിത്രങ്ങള്‍ ഇത്തരം ബദല്‍ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടട്ടെ. പ്രതിരോധത്തിന്‍റെ ശബ്ദങ്ങളാണ് ബദല്‍ മേളകള്‍.’ ജോളി വ്യക്തമാക്കി.

കഴിഞ്ഞ തവണയും ഇത്തവണയും ജോളി കൂടി ഭാഗമായ രണ്ടു ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘കാ ബോഡിസ്‌കേപ്പ്സ്’, ഇത്തവണ ലിജോ ജോസ് പള്ളിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസും’. ഇത്തവണ ചിത്രം തിരഞ്ഞെടുത്ത വിവരം മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞിരുന്നെങ്കിലും താനെത്തിയിരിക്കുന്നത് ഒരു സാധാരണ ഡെലിഗേറ്റ് ആയിത്തന്നെയെന്ന് ജോളി പറയുന്നു. ഇത്തരം മേളകള്‍ ഒരുക്കുന്നത് ഒരു സൗഹൃദ സദസ് കൂടിയാണ്. ഒരാഴ്ച മുഴുവന്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും 2010 മുതല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കാണെങ്കിലും താന്‍ വരാറുണ്ടെന്നും ജോളി ചിറയത്ത് പറയുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി ഐഎഫ്എഫ്‌കെയുടെ കാഴ്ചക്കാരിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ജോളിയുടെ പക്ഷം.

‘വിഷ്വല്‍ മീഡിയയുടെ സാധ്യതകളും അത് പഠിക്കുന്നവരുടെ എണ്ണവും ഇന്ന് കൂടിയിട്ടുണ്ട്. സിനിമ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയണം എന്നൊക്കെ പറയുമ്പോഴും ഒരു മിനിമം പ്രിവിലേജ് ഉള്ളവര്‍ തന്നെയാകും ഇവിടെ എത്തുന്നത്. രജിസ്‌ട്രേഷന്‍ ഫീസ്, താമസം, ഭക്ഷണം അങ്ങനെ എന്തെല്ലാം ചെലവുകള്‍. മേളകളില്‍ എത്തുന്നത് സിനിമ കാണാന്‍ മാത്രമല്ല, നേരത്തേ പറഞ്ഞതുപോലെ, സൗഹൃദക്കൂട്ടങ്ങള്‍ കൂടിയാണ് അതിന്റെ ലക്ഷ്യം. സിനിമ കാണുക മാത്രമാണെങ്കില്‍ മേളയിലേക്ക് വരേണ്ടതില്ലല്ലോ. അതിന് മറ്റെന്തല്ലാം വഴികളുണ്ട്?. കേരളം പോലൊരിടത്ത് ആളുള്‍ക്ക് ഇടപഴകാനും കലരാനുമുള്ള ഇടങ്ങള്‍ കുറവാണ്. അങ്ങനൊരു സാധ്യതകൂടിയാണ് ഇത്തരം ഇടങ്ങള്‍ നല്‍കുന്നത്. മേളയില്‍ വരുന്നവരുടെ ക്വാളിറ്റിയല്ല, സമൂഹത്തിന്റെ ക്വാളിറ്റിയാണ് കുറഞ്ഞത്. കൂടിച്ചേരാന്‍ നമുക്ക് മറ്റ് ഇടങ്ങളില്ലാത്ത അവസ്ഥയാണ്. പിന്നെ ആരാണ് തീരുമാനിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനു മാത്രം ആസ്വദിക്കാനുള്ളതാണ് സിനിമയെന്ന്? സിനിമാക്കാര്‍ക്ക് മാത്രം കാണാനുള്ളതല്ലല്ലോ അത്. സാധാരണക്കാര്‍ക്കും കാണാനല്ലേ? എല്ലാവരും കാണട്ടെ. ഓരോരുത്തരുടെയും ആസ്വാദനം ഓരോ തലത്തിലായിരിക്കും. നമ്മളെന്തിനാണ് അതിനെ ജഡ്ജ് ചെയ്യുന്നത്? കൂടുതല്‍ ചിന്തിക്കാനും സംസാരിക്കാനും ഉള്ള ഇടങ്ങള്‍ ഉണ്ടാകട്ടെ. അപ്പോള്‍ ആസ്വാദന നിലവാരവും കൂടും. ജില്ലാ തലത്തിലും ചലച്ചിത്രമേളകള്‍ വരണം എന്നാണ് എന്റെ അഭിപ്രായം.’ എന്ന് ജോളി കൂട്ടിച്ചേര്‍ക്കുന്നു.

അഞ്ജലി മേനോന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ജോളിയിപ്പോള്‍. ചിത്രത്തിന്‍റെ ഷൂട്ടിങ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്. അതിന്‍റെ ഇടവേളയിലാണ് മേളയില്‍ എത്തിയിരിക്കുന്നത്, എപ്പോള്‍ വേണമെങ്കിലും ഊട്ടിയിലേക്ക് തിരിച്ചു വിളിക്കപ്പെടാം. അത് വരെ മേളയുടെ മേളത്തില്‍ കലരാന്‍ തന്നെയാണ് ജോളിയുടെ തീരുമാനം.

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Kerala film festival actor jolly chirayath iffk