നടനും നിര്‍മ്മാതാവുമാണ് ജോജു ജോര്‍ജ്, സിനിമാ പ്രേമിയുമാണ്. മേളയില്‍ നിര്‍ബന്ധമായും കാണണം എന്ന് ജോജു കരുതുന്ന ചിത്രങ്ങള്‍ ഇവയൊക്കെയാണ് – ‘ജാം’, ‘ഐ സ്റ്റില്‍ ഹൈഡ് ടോ സ്മോക്ക്‌’, ‘ന്യൂട്ടന്‍’, ‘വൈറ്റ് ബ്രിഡ്ജ്’, ‘ദി കളര്‍ ഓഫ് പോമേഗ്രാനെറ്റ്സ്’.

ടോണി ഗാറ്റ്‌ലിഫ് സംവിധാനം ചെയ്ത ‘ജാം’ ഫ്രാന്‍സിന്റെയും ഗ്രീസിന്റെയും പശ്ചാത്തലത്തിലാണ് വികസിക്കുന്നത്. തങ്ങളുടെ ബോട്ടിന്റെ വിലപ്പെട്ട എഞ്ചിന്‍ ഭാഗം കണ്ടെത്തുന്നതിനായി ഗ്രീക്ക് യുവതിയായ നായിക തന്റെ അമ്മാവനൊപ്പം ഇസ്താംബുളിലേക്ക് യാത്ര തിരിക്കുയാണ്. അവിടെ വച്ച് ഫ്രഞ്ചുകാരനായ യുവാവിനെ പരിചയപ്പെടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമയടെ സഞ്ചാരം. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

 

1990കളിലെ അള്‍ജീരിയയിലെ മുസ്ലീം ഭരണം വീര്‍പ്പുമുട്ടിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന പെണ്‍ജീവിതങ്ങളുടെ കഥയാണ് റെയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും സ്ത്രീകള്‍, അവരുടെ ആഘോഷങ്ങള്‍, ആഹ്‌ളാദങ്ങള്‍, നിരാശകള്‍, തമാശകള്‍ നിറയുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ അനുഭവിക്കുന്ന ഭയാനകമായ സാമൂഹികാവസ്ഥകളെയാണ് ചിത്രത്തിന്‍റെ ക്യാന്‍വാസ്.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളെ പ്രേക്ഷകന് അനുഭവഭേദ്യമാക്കുകയാണ് ചിത്രം. രണ്ടു സ്ത്രീകള്‍ നടത്തുന്ന മസ്സാജ് സെന്ററില്‍ എത്തുന്ന ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ഏറ്റവും സ്ത്രീ കേന്ദ്രീകൃതമായി തന്നെ അവതരിപ്പിച്ച ചിത്രമാണ് ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’. മതപൗരോഹിത്യം എത്തരത്തിലാണ് സ്ത്രീകളെ അടിമകളാക്കുന്നത്, വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തെ ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നത് എന്നീ കാര്യങ്ങളെ വളരെ കലുഷിതമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

കൂടുതല്‍ വായിക്കാം: ഒളിച്ചിരുന്ന് സിഗരറ്റ് വലിക്കുന്നവര്‍

അമിത് മസ്രുര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ത്യയിലെ ഒരു ഗ്രാമാന്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ എത്തുന്ന ന്യൂട്ടന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് പരാമര്‍ശിക്കുന്നത്. വിവിധ രാജ്യാന്തര പുരസ്കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രം ഇവിടെ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

അലി ഘവിതന്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് ‘വൈറ്റ് ബ്രിഡ്ജ്’. ഒരു അപകടത്തില്‍പ്പെട്ടു അംഗവൈകല്യം സംഭവിക്കുന്ന ബഹാരേ എന്ന പെണ്‍കുട്ടിയെ ഇനി മുതല്‍ സ്പെഷ്യല്‍ സ്കൂളില്‍ അയക്കാന്‍ തീരുമാനമാകുന്നു. അതില്‍ താല്പര്യമില്ലാത്ത അവള്‍ തന്‍റെ പഴയ സ്കൂളിലേക്ക് പോകാന്‍ ശ്രമിക്കുന്നു. മത്സര വിഭാഗത്തിലാണ് ഈ ചിത്രം.

 

സര്‍ഗെ പാരാന്‍ജനോവിന്‍റെ ‘കളര്‍ ഓഫ് പോമോഗ്രാനെറ്റ്സ്’ ലോക സിനിമാ ക്ലാസ്സിക്കുകളില്‍ മുന്‍പന്തിയില്‍ പെടുത്താവുന്ന ഒരു റഷ്യന്‍ ചിത്രമാണ്. ആര്‍മേനിയന്‍ കവി സയാത് നോവയുടെ ജീവിതകഥയാണ് കാവ്യാത്മകമായ ഈ ചിത്രത്തിന് ആധാരം. ചിത്രത്തിന്‍റെ പുതിയ പതിപ്പാണ് (Restored Version) ഇവിടെ റെസ്റോര്‍ഡ് ക്ലാസ്സിക്‌സ് വിഭാഗത്തില്‍ കാണിക്കുന്നത്. കാന്‍, ടോറോന്റോ തുടങ്ങിയ മേളകളിലും ഈ പതിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ