റൗൾ പെക്ക് എന്ന ചലച്ചിത്രകാരന്‍ കാള്‍ മാർക്സ് എന്ന വ്യക്തിയെ ആധുനിക ലോകത്തിനു മുന്നിൽ വരച്ചു കാണിക്കുമ്പോള്‍ നമുക്ക് ആദ്യം തോന്നുന്നത്, മാർക്സ് ഇനിയുമെത്ര കൂടുതൽ പഠിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ്. ആ വലിയ ജീവിതത്തിലെ അഞ്ച് വർഷക്കാലം മാത്രം തിരശീലയില്‍ കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ ബാല്യ-കൗമാരങ്ങളും, മരണത്തോടടുത്ത ഒരു സമയവുമൊക്കെ അറിയാനുള്ള ഒരു ആകാംഷ പ്രേക്ഷകനില്‍ ജനിക്കുന്നത് സ്വാഭാവികം. ഫ്രെഡറിക് ഏംഗൽസിലൂടെയുള്ള കാൾ മാർക്സിന്‍റെ ആശയങ്ങളുടെ അവതരണമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. അതിന്‍റെ ആരംഭ കാലം പ്രതിപാദിക്കുന്നു എന്നതാണ് ചിത്രത്തിനെ പ്രേക്ഷക ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്.

കമ്മ്യൂണിസം മുന്നറിവുകള്‍ ഉള്ളവരോ, പഠിക്കുന്നവരോ, അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരോ ആയ പ്രേക്ഷക സമൂഹത്തിനാണ് ‘ദി യംഗ് കാള്‍ മാർക്സ്’ ചിത്രം കൂടുതല്‍ ആസ്വാദ്യകരമാവുക എന്നിരിക്കെത്തന്നെ കമ്മ്യൂണിസം എന്ന ആദർശത്തിന്‍റെ ഊർജ്ജം പകരാൻ ഈ ചിത്രത്തിന് കഴിയുന്നില്ല. നാടകീയത കലർത്തി, മാർക്സിന്‍റെ കുടുംബ ജീവിതത്തില്‍ ശ്രദ്ധയൂന്നിയതിനാലാവാം അത്. കാൾ എന്ന കുടുംബസ്ഥനെയാണ് കൂടുതൽ കാണുന്നത്. അത് ഒരു ന്യൂനതയായി കരുതാമെങ്കിലും, അദ്ദേഹത്തിന്‍റെ ചെറുപ്പ കാലജീവിതം സൂക്ഷ്മവും കൃത്യവുമായി രേഖപ്പെടുത്തുന്നുണ്ട് ‘ദി യംഗ് കാള്‍ മാർക്സ്’

കാള്‍ മാർക്സ് ഏംഗൽസിന് തന്‍റെ ആശയങ്ങൾ പകർന്നു കൊടുക്കുന്നതായാണ് ചിത്രത്തിലുടനീളം കാണുന്നത്. അദ്ദേഹം ഒറ്റക്കിരുന്ന് എഴുതിയതായി കാണുന്നില്ല. ഒരു കുടുംബസ്ഥൻ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ മഹത്തായ ഒരു ഗ്രന്ഥം ഉണ്ടാക്കുന്ന കഥയാണ് ‘ദി യംഗ് കാള്‍ മാർക്സ്’. മാർകസിന്റെ ‘വീരപുരുഷ’ പ്രതിഛായയ്ക്ക് ആക്കം കൂട്ടുന്ന ഒന്നും തന്നെ ചിത്രത്തിലില്ല.

അന്താരാഷ്ട്ര സിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ തിരക്കഥകളിൽ ലൈംഗിക ജീവിത കാഴ്ചകൾ നിർബന്ധ ഘടകമായി മാറാറുണ്ട്. അത് ഈ ചിത്രത്തിലും ആവർത്തിച്ചിരിക്കുന്നു. കാൾ മാർക്സ് എന്ന വ്യക്തിയെ വെറുമൊരു കാഴ്ചയായി, സിനിമാ ഘടകമായി കണ്ടത് അലോസരമുണ്ടാക്കുന്നതാണ്. ജീവിതത്തില്‍ ലൈംഗികത ഇല്ലെന്നു പറയാനല്ല ശ്രമിക്കുന്നത്, അവസരോചിതമായി അത് ഉപയോഗിക്കാത്ത ഈ സിനിമയില്‍ ആ കാഴ്ച തീർത്തും സാധാരണത്വത്തിലേക്ക് ഒരു വലിയ ജീവിതത്തെ താഴ്ത്തുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു.

ആധുനിക ലോകത്ത്, കമ്മ്യൂണിസം എന്ന ജനകീയ ആശയത്തെ മനുഷ്യ ജീവിതത്തോളം ചര്‍ച്ചാ വിഷയമാക്കുന്നതിൽ റൗൾ പെക്ക് എന്ന ചലച്ചിത്രകാരൻ വിജയിച്ചിട്ടുണ്ട്. ചരിത്രത്തോട് അത്രമേൽ നീതിപുലർത്തിക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. കമ്മൂണിസം അറിയുന്ന ഒരു മനുഷ്യന്‍റെ സൂക്ഷ്മ ദൃഷ്ടിയാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം ചരിത്രത്തിനൊപ്പം തന്നെ നിലനില്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ