Latest News

എന്‍റെ മുറിയിലെ സുവര്‍ണ്ണ ചകോരം: പ്രശാന്ത് വിജയ് അഭിമുഖം

ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘അതിശയങ്ങളുടെ വേനൽ’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് വിജയ്‌, തനിക്കു ഏറ്റവും പ്രിയപ്പെട്ട മേളയിലേക്ക് തന്‍റെ സിനിമ എത്തിയതിന്‍റെ സന്തോഷവും താന്‍ കടന്നു വന്ന വഴികളും വിവരിക്കുകയാണ്

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ അവസാന നാള്‍. മേളയില്‍ പങ്കെടുക്കാനെത്തിയ ഒരു ചെറുപ്പക്കാരന്‍ അവിടെ കണ്ട ‘സുവര്‍ണ്ണ ചകോര’ ത്തിന്‍റെ ‘കട്ട്‌ ഔട്ട്‌’ എടുത്തു വീട്ടില്‍ കൊണ്ട് വച്ചു. തന്‍റെ സിനിമയുമായി എന്നെങ്കിലും ഈ മേളയില്‍ വരണം എന്ന് അന്നത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മനസ്സിലുറപ്പിച്ച നാളായിരുന്നു അത്. അതെങ്ങനെ എന്നവനു നിശ്ചയമില്ലായിരുന്നു. എങ്കിലും എല്ലാ കൊല്ലവും മുടങ്ങാതെ മേളയില്‍ എത്തി. ‘എന്നെങ്കിലും ഞാന്‍ എന്‍റെ സിനിമയുമായി ഈ മേളയില്‍ വരും’ എന്ന രഹസ്യ ഉടമ്പടി പുതുക്കി.

ഇക്കൊല്ലവും അയാള്‍ വരുന്നുണ്ട്. വരുന്നത് കാത്തു സൂക്ഷിച്ച ആ സ്വപ്നവും കൊണ്ടാണ്. തന്‍റെ ആദ്യ ചിത്രം.

ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘അതിശയങ്ങളുടെ വേനൽ’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് വിജയിന്‍റെ കഥയാണിത്. പ്രിയപ്പെട്ട ഐ എഫ് എഫ് കെ യിലേക്ക് എത്തിയതിന്‍റെ സന്തോഷവും കടന്നു വന്ന വഴികളും വിവരിക്കുകയാണ് പ്രശാന്ത് ഇവിടെ.

കൂടുതല്‍ വായിക്കാം: ‘അതിശയങ്ങളുടെ വേനല്‍’ ആസ്വാദനം

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം എം ബി എ ചെയ്യാനായി പൂനെയില്‍ എത്തിയ പ്രശാന്ത് പലയിടങ്ങളില്‍ ജോലി ചെയ്തതിനു ശേഷം ഇപ്പോള്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയം സിനിമാ പ്രവര്‍ത്തകനാണ്. ബെംഗളൂരുവില്‍ താമസം.

പ്രശാന്ത് വിജയ്‌

‘ചെറുപ്പം തൊട്ടേ സിനിമയോട് താല്പര്യമുണ്ട്. കലാപരമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. വീട്ടിലും ഒരുപാട് വായിക്കാനും അടൂരിന്‍റേയും അരവിന്ദന്‍റേയും സിനിമകൾ കാണാനുമൊക്കെയുള്ള സാഹചര്യമുണ്ടായിരുന്നു. ലേഖനങ്ങൾ എഴുതാറുണ്ട്, അതും വ്യത്യസ്തമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം. പക്ഷേ കഥ എഴുതാൻ ഞാൻ അധികം ശ്രമിച്ചിട്ടില്ല, പറ്റില്ല എന്നൊരു തോന്നലായിരുന്നു. അമ്മാവൻ തിരക്കഥകൾ എഴുതാറുണ്ടായിരുന്നു. തിരക്കഥ എഴുതണം അതിലൂടെയാണ് സിനിമ ഉണ്ടാവുന്നത് എന്നൊരു ബോധം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. സാധാരണ അഭിനേതാക്കളെ കണ്ടു സിനിമയിലേക്ക് ആകൃഷ്ടരാവുന്നവരാണ് കൂടുതൽ. പക്ഷേ അമ്മാവൻ നൽകിയ ഈ ഒരു പരിചയം ഉള്ളത് കൊണ്ടാവണം ഒരു എട്ടു വയസു മുതൽ തന്നെ എന്നോട് എന്താവണമെന്ന് ചോദിച്ചാൽ വളരെ ആത്മാർത്ഥമായി സിനിമ ഉണ്ടാക്കണം എന്ന് പറയുമായിരുന്നു. പക്ഷേ സിനിമ പഠിക്കാൻ പോകുന്നത് അംഗീകരിക്കാൻ പറ്റിയ ഒരു കുടുംബമോ സമൂഹമോ അല്ലായിരുന്നു അന്നത്തേത്. അതുകൊണ്ട് എൻജിനീറിങ്ങും എംബിഎയുമൊക്കെ ചെയ്യേണ്ടി വന്നു. സിനിമയിൽ ഒരു തോൽവി സംഭവിച്ചാലും ജീവിക്കാൻ പറ്റും എന്നൊരു സ്ഥിതിയിലാവാൻ വേണ്ടിയാണ് അന്നത് ചെയ്യേണ്ടി വന്നത്. പക്ഷേ ആ തീരുമാനത്തിൽ എനിക്ക് ഒരു വിഷമവുമില്ല. അന്ന് ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ തന്നെയാണ് എനിക്കിപ്പോൾ സഹായമായത്. ഒരുപാട് പരന്ന ബന്ധങ്ങൾ ഉണ്ടായത് കൊണ്ടാവണം പല തരം ആശയങ്ങളും അനുഭവങ്ങളും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് എന്നൊരു തോന്നലുണ്ട്.

അംഗുലീചാലിതം എന്ന ഹ്രസ്വ ചിത്ര രചനയ്ക്കിടെ

അമ്മാവന്‍റെ സ്വാധീനം ഇല്ലായിരുന്നെങ്കിൽ സിനിമയിൽ എത്തുമായിരുന്നോ?

മോഹൻ കുറിശ്ശേരി എന്നാണ് അമ്മാവന്‍റെ പേര് (ലൊക്കേഷൻ ശബ്ദ ലേഖനത്തിന് ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ സന്ദീപ് കുറിശ്ശേരിയുടെ പിതാവ്). കുറെയേറെ തിരക്കഥകൾ എഴുതിയെങ്കിലും ഒന്നും തന്നെ വെളിച്ചം കണ്ടിരുന്നില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ‘ശാസ്‌താംകോട്ടയിലെ കിഷ്കിന്ധ’ എന്നൊരു ഡോക്യൂമെന്ററി മാത്രമാണ്. അമ്മാവന്‍റെ സിനിമ പ്രയാണത്തിലൂടെ കണ്ടറിഞ്ഞത് പലതും എന്‍റെ കാര്യത്തിലും സഹായകമായി. അമ്മാവന്‍റെയും ചുറ്റുമുള്ള മറ്റു ചിലരുടെയും അവസ്ഥ അറിയാവുന്നത് കൊണ്ട് ആദ്യത്തെ സിനിമയ്ക്കായി തന്നെ ഒരുപാട് നിർമ്മാതാക്കളെ കണ്ട് കഥ പറഞ്ഞു നടക്കുന്ന ഒരു വഴി ഞാൻ തിരഞ്ഞെടുക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. ഭാഗ്യവശാൽ ചെലവ് കുറഞ്ഞ രീതിയിൽ തന്നെ സിനിമ ചെയ്യുവാനും കഴിഞ്ഞു. അത് ചെയ്യുവാനുള്ള സാഹചര്യമുണ്ട് എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു. കഥയോ തിരക്കഥയോ ഒരാൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നതിനേക്കാൾ നല്ലത് എന്‍റെ സിനിമ അവതരിപ്പിക്കുകയാണ് എന്ന ഒരു തോന്നൽ ഉണ്ടാവാൻ അമ്മാവന്‍റെ സിനിമ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. അതുമല്ല സിനിമ ഉണ്ടാവുന്നത് എങ്ങനെ എന്ന് മനസിലാക്കാനും അദ്ദേഹത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. തിരക്കഥ എന്തെന്ന് പോലും അറിയാത്ത സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷത്തെ അവസ്ഥ ഇതിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമാണ്. എന്നെങ്കിലും ഞാൻ സിനിമയിൽ എത്തിച്ചേർന്നേനെ, പക്ഷേ ഒരർത്ഥത്തിൽ അമ്മാവനിൽ നിന്നും ലഭിച്ചത് ഒരു പ്രാഥമികശിക്ഷണം ആയിരുന്നു.

തിരക്കഥാകൃത്ത് എന്ന നിലയിലേക്ക് വരണമെന്നായിരുന്നോ ആഗ്രഹിച്ചിരുന്നത്?

അല്ല. പലരുടേയും അധ്വാനത്തെ നയിച്ച് അതിനെ ഒന്നിച്ചു ചേർക്കുക എന്നൊരു കർമ്മമാണ് സംവിധായകന്‍റേത്. കഥ എഴുതാനുള്ള കഴിവ് ഇല്ല എന്ന തിരിച്ചറിവിനൊപ്പം സംവിധായകനാവാനുള്ള ശേഷി ഉണ്ടെന്ന് ഞാൻ മനസിലാക്കി. നേരത്തെ ഉള്ളതാണോ അതോ പരിമിതികളെ മറികടക്കാൻ ശ്രമിച്ചപ്പോൾ അത് വികസിച്ചതാണോ എന്ന് എനിക്ക് അറിയില്ല. എല്ലാവരോടും സംസാരിച്ചു അവരിൽ നിന്നും എനിക്ക് വേണ്ടത് നേടിയെടുക്കുക എന്നൊരു കഴിവുള്ളത് ഒരു സംവിധായകനും വേണ്ട കഴിവാണ് എന്ന് തോന്നി. അത് ഞാൻ ചെയ്ത മറ്റു ജോലികളിൽ എന്നെ സഹായിച്ച പോലെ ഇതിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞു. എനിക്കൊരു നോവൽ എഴുതാൻ കഴിയില്ല പക്ഷേ നോവൽ പോലെ എന്‍റെ പേരിൽ വരുന്ന ഒന്നാണ് സിനിമ. അതിൽ ഒരുപാട് പേരുടെ സഹായവും കഴിവും ഉപയോഗിക്കുവാനുള്ള ഒരു സ്വാതന്ത്ര്യവും എനിക്ക് കിട്ടുന്നു.

അംഗുലീചാലിതം ഷൂട്ടിംഗ്

‘അംഗലീചാലിതം’ എന്ന ഹ്രസ്വചിത്രം?

പണ്ട് ഒരു ബ്ലോഗിൽ വായിച്ച കഥയുടെ തിരക്കഥ എഴുതിയതാണ്. ആ ഒരു കഥയിൽ എന്‍റേതായ ഒരുപാട് തലങ്ങൾ കൊണ്ടുവരാൻ പറ്റിയതിൽ സംതൃപ്‌തിയുണ്ട്. ഒന്നുമറിയാതെ ഒരു പരിചയവുമില്ലാതെ ചെയ്തു നോക്കിയതിന് അംഗീകാരം കിട്ടിയത് സന്തോഷമുള്ള കാര്യമാണ്. ‘അതിശയങ്ങളുടെ വേനലി’ലേക്ക് നയിച്ചതും ‘അംഗുലീചാലിത’ മാണ്. അടുത്ത സിനിമ എന്താണ് എന്നൊരു ചോദ്യം ഈ ചിത്രം ഉണ്ടാക്കി എന്നുള്ളത് വല്യ കാര്യം തന്നെയാണ്. എനിക്ക് ഇത് ചെയ്യാൻ പറ്റും എന്നൊരു തോന്നൽ അതുണ്ടാക്കി. പിന്നെ അതിൽ നിന്നും ഉണ്ടായ ബന്ധങ്ങൾ. അതും സഹായകമായി.

എന്തുകൊണ്ട് ‘അതിശയങ്ങളുടെ വേനൽ’ പോലൊരു സിനിമ?

ഒരു സിനിമ ചെയ്യുക എന്നത് തന്നെയായിരുന്നു ആദ്യത്തെ ലക്ഷ്യം. രണ്ടാമത്തേത് കുറഞ്ഞ ചെലവിൽ അധികം ബുദ്ധിമുട്ട് കൂടാതെ ഒരു സിനിമ ചെയ്യുക എന്നതും. അതിനു വേണ്ടി ഞാൻ വളർന്ന തിരുവന്തപുരം പശ്ചാത്തലമാക്കി കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സിനിമ ചെയ്യാമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഉണ്ടായ ആശയമാണ് ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കുക എന്നത്. എളുപ്പമാക്കുന്നതിന്‍റെ ഭാഗമായെടുത്ത തീരുമാനമാണ്, പക്ഷേ അത് വളരെ പ്രയാസമുള്ള കാര്യമാണ് എന്ന് ഞങ്ങൾ അനുഭവത്തിലൂടെ പഠിച്ചു. അതുമല്ല കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള കഥകളുടെ ഒരു ആകര്‍ഷകത്വവും മനസ്സിലുണ്ടായിരുന്നു. 2014ലെ ഐ എഫ് എഫ് കെ കഴിഞ്ഞ് കുറച്ചു ചിത്രങ്ങൾ ഒക്കെ കണ്ടപ്പോൾ ആളുകൾക്ക് ഇത്തരം കഥകൾ ഇഷ്ടപ്പെടും എന്നൊരു തോന്നലും ഉണ്ടായി. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ അനീഷ് ഒരു സൈക്യാട്രിസ്റ്റ്‌ ആണ്. ഞങ്ങൾ മുൻപും ഒരുപാട് തിരക്കഥകൾ ചർച്ച ചെയ്യാറുണ്ടായിരുന്നു. അനീഷിന്‍റെ മനസ്സിൽ പണ്ടേ ഉണ്ടായിരുന്ന ആശയമാണ് ഈ കഥ. അദൃശ്യനാവാൻ ആഗ്രഹിക്കുന്ന കുട്ടി ചെയ്യുന്ന കാര്യങ്ങളും, അവൻ അപകടത്തിലേക്ക് പോകുമ്പോൾ അവന്‍റെ വീട്ടുകാർ എടുക്കുന്ന നടപടികളും. ഇത്രയും കാര്യങ്ങൾ അടങ്ങുന്ന ഒരു കഥാതന്തു ആയിരുന്നു മനസ്സിൽ. അതാണ് ഞങ്ങളുടെ ആദ്യത്തെ സിനിമ എന്ന് തീരുമാനിച്ചു. റിയലിസം എന്നത് കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനിടയിൽ ഞങ്ങൾക്ക് വളരെ സുഖപ്രദമായി തോന്നിയ ഒരു ശൈലിയാണ്. സ്ഥിരമായി കണ്ടു വരുന്ന നാടകീയത മടുപ്പുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. റിയലിസ്റ്റിക് ആയ സിനിമകളാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് റിയലിസ്റ്റിക് സ്വഭാവം തിരഞ്ഞെടുത്തത്. അതിഭാവുകത്വം ഒട്ടുമില്ലാത്ത വിഷയവുമാണ്. അസാധാരണമായ ഒരു കാര്യമാണ് പറയുന്നതെങ്കിലും നമ്മുടെ ജീവിതത്തിൽ സ്ഥിരം കാണുന്ന കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അത് പറയാൻ ശ്രമിച്ചു. അങ്ങനെ പരമാവധി യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ കാണിക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

കുട്ടി മുഖ്യകഥാപാത്രമായുള്ള ഒരു ചിത്രമായതിനാൽ കുട്ടികളുടെ ചിത്രമെന്നൊരു വിഭാഗത്തിൽ ഒതുങ്ങി പോകാൻ സാധ്യതയുണ്ടോ?

‘അതിശയങ്ങളുടെ വേനൽ’ കുട്ടികളുടെ സിനിമ അല്ല. കുട്ടികളുടെ സിനിമ എടുക്കാനല്ല ഞങ്ങൾ ഇറങ്ങി തിരിച്ചത്. കുട്ടി മുഖ്യ കഥാപാത്രമാണ് എന്നു മാത്രം. സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കുമ്പോൾ പലരും അത്തരമൊരു വിഭാഗത്തിൽ ഒതുക്കി കാണാൻ നോക്കി. പ്രത്യേകിച്ച്‌ ഇന്ത്യയിലുള്ള ഒരു ശീലമാണെന്നു തോന്നുന്നു ഇത്. കുട്ടിയാണ് നായക കഥാപാത്രമെങ്കിൽ കുട്ടികളുടെ സിനിമയായിട്ടാണ് അതിനെ കണക്കാക്കുക. അത് മറികടക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. വായിക്കുമ്പോഴാണ് മനസിലാകുന്നത് കുട്ടികളുടെ സിനിമയുടെ അത്രയും സന്തോഷിപ്പിക്കുന്ന ഒന്നല്ല. അത്തരം സിനിമകളിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഒന്നുമല്ല ഇതിൽ ഉള്ളത് എന്ന്. ഒരു തരത്തിലും കുട്ടികളുടെ സിനിമയായല്ല ഞങ്ങൾ ഉദ്ദേശിച്ചത്. അങ്ങനെ വായിക്കാതിരിക്കുക എന്നൊക്കെ പറയേണ്ടി വന്നു. ചിത്രത്തിന്‍റെ ‘റഫ് കട്ട്’ സംഗീത സംവിധായകൻ ബേസിലിനെ കാണിച്ചപ്പോൾ ബേസിൽ എന്നോട് പറഞ്ഞത് ഇതൊരു കുട്ടികളുടെ സിനിമയോ സന്തോഷകരമായ ഒരു സിനിമയോ അല്ല, കുറച്ചു ഡാർക് ആയ ഒരു സിനിമയാണ് അതുകൊണ്ട് ഞാൻ അതുപോലുള്ള സംഗീതമായിരിക്കും ചെയ്യുന്നത് എന്ന്. ഞാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് ഞങ്ങൾ ഉദ്ദേശിക്കുന്ന കാര്യം മൊത്തമായും കിട്ടിയതു കൊണ്ടാണ് ബേസിലിനെ സംഗീത സംവിധായകനായി ഉറപ്പിക്കുന്നത്. മുതിർന്നവരെ ഉദ്ദേശിച്ചു തന്നെയുള്ള സിനിമയാണിത്. ഇത് കണ്ടവർ പറഞ്ഞത് രണ്ടു കാര്യങ്ങളാണ് – അവരുടെ കുട്ടിക്കാലം ഓർമപ്പെടുത്തി എന്നും ഞങ്ങൾ കുട്ടിക്കാലത്ത് ചെയ്തതും സ്വന്തം കുട്ടികളോട് ഇപ്പോഴും ചെയ്യുന്നതുമായ കാര്യങ്ങളാണ് ഇതിലുള്ളത് എന്നും. കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടല്ല സിനിമ ചെയ്തതെങ്കിലും റിയലിസത്തിന്‍റെ അംശം ഉള്ളതുകൊണ്ടായിരിക്കാം സിനിമ കണ്ട കുറച്ചു കുട്ടികൾക്കും ഇത് രസിക്കുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള ചെറിയ അടികളും മറ്റും നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയല്ലേ ഇത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. അത്തരം അവതരണങ്ങൾ മലയാളത്തിൽ വളരെ കുറവാണ്. അതുകൊണ്ടുള്ള ഒരു പുതുമയായിരിക്കാം ഒരു പോലെ കുട്ടികളെയും മുതിർന്നവരെയും ആകർഷിച്ചത്. സിനിമയിൽ വ്യത്യസ്തത കൊണ്ട് വരാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല. കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നും കഥ പറയാൻ ശ്രമിച്ചു എന്നല്ലാതെ. ഈ ചിത്രം വളരെ സൂക്ഷ്മമായാണ് കാര്യങ്ങൾ പറയുന്നത്, വിശദീകരണം കുറവാണ് മാത്രവുമല്ല ഊന്നൽ കൊടുത്തു കൊണ്ട് ഒന്നും തന്നെ പറയുന്നുമില്ല.

അതിശയങ്ങളുടെ വേനല്‍

അദൃശ്യനാവാൻ ആഗ്രഹിക്കുന്ന കുട്ടി. ഈ അദൃശ്യതയ്ക്ക് പല തലങ്ങൾ ഉണ്ട് – ഫിസിക്കൽ, ഫിലോസഫിക്കൽ, പൊളിറ്റിക്കൽ, സോഷ്യൽ എന്നിങ്ങനെ. ഇവയെല്ലാം കഥയിൽ എവിടെയെങ്കിലും ഒക്കെ അടങ്ങിയിട്ടുണ്ടോ?

സിനിമയിൽ ഉടനീളം ഈ അദൃശ്യത ഉൾപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ആനന്ദ് എന്ന കുട്ടിയുടെ കഥയോടൊപ്പം ഗായത്രി എന്ന കൗമാരപ്രായക്കാരിയായ കുട്ടി, ആനന്ദിന്‍റെ അമ്മ എന്നിവരുടെ ഒക്കെ പല സംഭവങ്ങൾ ചിത്രത്തിലുണ്ട്. അതിലെല്ലാം തന്നെ അദൃശ്യതയുടെ പല തലങ്ങൾ ഉണ്ട്. പക്ഷേ വളരെ സൂക്ഷ്മമായ നിലയിൽ ആഴത്തിൽ നോക്കിയാൽ മാത്രം കാണാവുന്ന രീതിയിലാണ്. പ്രകടമായ രീതിയിൽ ആവാതിരിക്കാൻ കുറച്ചു ശ്രമിച്ചിട്ടുണ്ട്.

മനസ്സിൽ കണ്ട സിനിമ തന്നെയാണോ വർക്ക് തീർന്നപ്പോഴും മുന്നിൽ കണ്ടത് ?

ആദ്യത്തെ സ്ക്രിപ്റ്റ് ഒരുപാട് വലുതായിരുന്നു. അനുഭവമില്ലാത്തതിന്‍റെ ഫലമായിരുന്നു അത്. എഴുതിയ സ്ക്രിപ്റ്റിൽ നിന്നും ഒരു 20 പേജ് കുറച്ചാണ് ഷൂട്ട് ചെയ്‌തത്‌, ഷൂട്ട് ചെയ്‌തതിലും ഒരുപാട് ഭാഗങ്ങൾ ഉപയോഗിക്കാതിരുന്നിട്ടുണ്ട്. കഥ പറച്ചിലിൽ എന്‍റെ ഒരു ആത്മവിശ്വാസം ഇല്ലായ്മയിൽ നിന്നും ‘ഇത്രയും പറഞ്ഞാൽ മാത്രമേ മനസിലാകൂ’ എന്ന ധാരണയാണ് വിശദീകരിച്ച്‌ എഴുതാൻ ഉണ്ടായ കാരണം. പിന്നീട് ദൃശ്യങ്ങൾ കാണുമ്പോൾ അത്രയും പറയേണ്ട കാര്യമില്ല എന്ന് മനസ്സിലാവുകയും വേണ്ടാത്ത ഭാഗങ്ങൾ കളയുകയും ചെയ്‌തു. അതുമല്ല അത്ര കൃത്യമായ ഒരു കാഴ്ചയുള്ള തലത്തിലേക്ക് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഞാൻ എത്തിയിട്ടില്ല. ഇതല്ല ഞാൻ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച്‌ എനിക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് ആ രീതിയിലുള്ള നിർദ്ദേശങ്ങളാണ് ഞാൻ എല്ലാവർക്കും നല്കിയിരുന്നതും. ചെയ്ത ജോലിയിൽ ഏറെയൊക്കെ തൃപ്തനാണ് എന്ന് പറയാൻ കഴിയും. ചെറിയ ചില കാര്യങ്ങളിൽ മാത്രമേ തിരുത്തലുകൾ ആഗ്രഹിക്കുന്നുള്ളൂ.

അതിശയങ്ങളുടെ വേനല്‍ ചിത്രീകരണം

നിർമ്മാണത്തിലും പിന്നീടും നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?

നിർമ്മാതാവായ നിഖിൽ എന്‍റെ സുഹൃത്താണ്. എന്‍റെ ഹ്രസ്വചിത്രത്തിൽ മുന്‍പ് അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രീകരണത്തിലുമൊക്കെ താല്പര്യമുള്ള ഒരു വ്യക്തി കൂടിയാണ്. പക്ഷേ പല സമയങ്ങളിലും സാധാരണ നിലയിൽ ആവശ്യമായ അത്രയും തുക ഇല്ലാതെയാണ് ചിത്രീകരണം നടന്നത്. യൂണിറ്റ് ഇല്ലാതെ ഉപയോഗിക്കാവുന്ന ലൈറ്റുകൾ കൊണ്ടാണ് ക്യാമറ ടീം പ്രവർത്തിച്ചത്. സിങ്ക് സൗണ്ടിനും അടിസ്ഥാനപരമായ സജ്ജീകരണങ്ങളാണ് ഉപയോഗിച്ചത്. എഡിറ്റിംഗ് മിക്കവാറും വീട്ടിൽ വച്ച് നടത്തി.

ചിത്രീകരണത്തിന്‍റെ ആദ്യ നാളുകളിൽ കുറച്ചു ബുദ്ധിമുട്ടിയിരുന്നു. സ്ഥിരമായി കണ്ടു വന്നിരുന്ന ദൃശ്യങ്ങളോ ഒന്നും അല്ലാത്തതിനാൽ കൂടെയുള്ളവർക്കും എന്താണ് ഞാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊരു ഊഹവും ഇല്ലായിരുന്നു. കൂടുതൽ ഷോട്ടുകൾ എടുത്തു വയ്ക്കാം പിന്നീട് എഡിറ്റിംഗിന് സഹായിക്കും എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ പലരും പറഞ്ഞു. പക്ഷേ ഞാൻ അതല്ല ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ല. പലരും മുൻപ് സിനിമകൾ ചെയ്തു പരിചയം ഉള്ളവരും ആയിരുന്നതു കൊണ്ട് അതിന്‍റെ ഒരു സംഘർഷം കുറച്ചു നാൾ ഉണ്ടായിരുന്നു. പക്ഷേ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയപ്പോൾ പിന്നെ പ്രശ്നങ്ങൾ കൂടാതെ ഷൂട്ടിംഗ് പൂർത്തിയായി.

എന്‍റെ തന്നെ ശരിയാണോ ചെയ്യുന്നത് എന്ന ഉറപ്പില്ലായ്മയും കുറച്ചു അധികമായിരുന്നു കാരണം വേറെ സിനിമ സെറ്റുകളിൽ പോയിട്ടില്ല, അവിടെ എന്താണ് നടക്കുന്നത് എന്നറിയില്ല. എന്നാലും അന്തിമ സൃഷ്ടി എന്തായിരിക്കണം എന്നൊരു ധാരണയുടെ പുറത്താണ് എല്ലാം നടത്തിയത്.

പിന്നെ കേന്ദ്ര കഥാപാത്രം കുട്ടിയാണ് എന്നുള്ളതും ഒരു വെല്ലുവിളി ആയിരുന്നു. കുട്ടിയുടെ അവസ്ഥയ്ക്കനുസരിച്ച് ഷൂട്ടിംഗ് മാറ്റുകയും, മുതിർന്ന ഒരാളോട് വിശദീകരിക്കുന്ന പോലെ പറഞ്ഞു കൊടുക്കാൻ പറ്റില്ല എന്നുള്ളതും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആയിരുന്നു.

മറ്റുള്ളവരുമായി ഇടപെടുമ്പോൾ അവരുടെ ആശയങ്ങളുമായുള്ള പൊരുത്തക്കേടുകളും, അവരെ നമ്മുടെ ആശയങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക അല്ലെങ്കിൽ അവരുടെ ആശയങ്ങളാണ് മെച്ചപ്പെട്ടതെങ്കിൽ അത് അംഗീകരിക്കുക അങ്ങനെയുള്ള പ്രവർത്തനം ഒക്കെ ബുദ്ധിമുട്ടുള്ള പ്രയത്‌നങ്ങൾ ആയിരുന്നു. വളരെ സങ്കടപ്പെട്ടിട്ടുള്ള ദിവസങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രശാന്ത് വിജയ്‌

രാജ്യാന്തര മേളയിൽ സ്ഥിരമായി പങ്കെടുത്തിരുന്ന താങ്കൾ ഒരിക്കൽ വേദി അലങ്കരിക്കുവാൻ ഉപയോഗിച്ചിരുന്ന സുവർണ ചകോരത്തിന്‍റെ ഒരു കട്ട്-ഔട്ട് എടുത്തു സൂക്ഷിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. രാജ്യാന്തര മേള എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ചലച്ചിത്ര അക്കാദമിയും രാജ്യാന്തര മേളയുമാണ് ലോക സിനിമയിലേക്കുള്ള എന്‍റെ വഴികാട്ടികൾ. സമാപന ചടങ്ങിന് ശേഷം എല്ലാം പൊളിച്ചു മാറ്റിക്കൊണ്ടിരുന്നപ്പോൾ അതിൽ താല്പര്യം തോന്നി പണിക്കാരോട് ചോദിച്ചു എടുത്തു കൊണ്ട് പോവുകയായിരുന്നു. ആ കട്ട്-ഔട്ട് എടുത്ത് വീട്ടിൽ കൊണ്ടുപോയപ്പോൾ എന്നെങ്കിലും മേളയിൽ സിനിമയുമായി പങ്കെടുക്കണമെന്നും സുവർണ ചകോരം നേടണമെന്നുമുള്ള ആഗ്രഹമായിരുന്നു മനസ്സിൽ. പക്ഷേ അന്ന് അത് തുറന്നു പറയാനുള്ള ഒരു ചുറ്റുപാടായിരുന്നില്ല. മേളയിൽ ഈ ചിത്രം തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ വളരെ വിഷമം ആയേനെ. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് എന്നതിൽ സന്തോഷവുമുണ്ട്. ഓരോ തവണയും അടുത്ത മേളയിൽ സിനിമയുമായിട്ടായിരിക്കും കാണുന്നത് എന്ന് ആരോടെങ്കിലും അല്ലെങ്കിൽ സ്വയം പറഞ്ഞിട്ടാണ് ഇത്രയും വർഷങ്ങളായി തിരിച്ചു പോകുന്നത്.

അടുത്ത പദ്ധതികൾ?

ഈ സിനിമ ഒന്ന് വിട്ടിട്ട് അടുത്തതിലേക്ക് പോകാൻ എനിക്ക് ഇതുവരെ ഒരു സമയം കിട്ടിയിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴും ഇതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഡിസംബറിന് മുൻപ് സെൻസർ ചെയ്യാനുള്ള കാര്യങ്ങൾ നടത്തുന്നു. ഇതെല്ലം ചെയ്യാൻ അധികം പേരില്ലാത്തതു കൊണ്ട് ഞാൻ തന്നെ നോക്കേണ്ടതായി വരുന്നു. പിന്നെ ചലച്ചിത്ര മേളകൾ പോലുള്ള കാര്യങ്ങൾ. ഞാനും അനീഷും ചർച്ച ചെയ്‌ത ഏതെങ്കിലും സ്‌ക്രിപ്റ്റുകൾ എടുത്ത് പുതിയ ചിത്രം തുടങ്ങണമെന്നുണ്ട്. ഐ എഫ് എഫ് കെ കൂടെ കഴിഞ്ഞാൽ കുറച്ചു സമയം അതിനു വേണ്ടി എന്തായാലും എടുക്കാൻ ശ്രമിക്കും. കൃത്യമായി പറയാറായില്ലെങ്കിലും അധികം താമസിയാതെ തന്നെ തുടങ്ങണമെന്നുണ്ട്.

Get the latest Malayalam news and Iffk news here. You can also read all the Iffk news by following us on Twitter, Facebook and Telegram.

Web Title: Kerala film festival prashanth vijay interview athishayangalude venal malayalam cinema today iffk

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express