കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് എത്ര ദൂരമുണ്ടാവും? മുതിർന്നു എന്ന് പറയുന്നത്, പൊതുവായ ധാരണയിൽ പടവുകൾ കയറി, പക്വതയെന്നും പാകതയെന്നും ഒക്കെ വിളിക്കപ്പെടുന്ന അവസ്ഥയിലേക്കുള്ള എത്തിച്ചേരലാണ്.

ഒരർത്ഥത്തിൽ കുട്ടികൾ ചെയ്യുന്നതെല്ലാം അപകടകരമായ കാര്യങ്ങളാണ്. കമിഴ്ന്നു കിടക്കുന്നത് മുതൽ നടക്കാൻ പഠിക്കുന്നതും, ഓടാൻ തുടങ്ങുന്നതും, സൈക്കിൾ ഓടിക്കാൻ പഠിക്കുന്നതുമൊക്കെ. മനുഷ്യന്റെ സുദീർഘമായ കുട്ടിക്കാലം എന്തൊക്കെയോ മനസിലാക്കുന്നതിന്റെ ഭാഗമായുള്ള, അപകടങ്ങൾ പതിയിരിക്കുന്ന യാത്രയാണ്.

മുതിരുന്നതിലേക്കുള്ള യാത്ര പക്ഷേ, പടവുകൾ കയറൽ തന്നെ ആവണമെന്നില്ല. ഒരേ നിലയിലുള്ള മറ്റൊരിടത്തേക്ക് ഉള്ളതാവാം. അല്ലെങ്കിലത് ചോദ്യങ്ങളോട് സമരസപ്പെട്ട് കൊണ്ടുള്ള ഒത്തു തീർപ്പിന്റെ ഒരു ഇറങ്ങലുമാവാം.

‘ടീനേജ്’ എന്ന് പറയുന്ന അതിനിടയിലുള്ള ഒരു കാലവും ഉണ്ടല്ലോ. സ്വതവേ കൂടെ കൂടിയ അപകടങ്ങളുടെ സാധ്യതകളെ, മുതിരുന്നതിന്റെ ജൈവിക അടയാളങ്ങൾ ഇരട്ടിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന ഇടക്കാലം. ഇഷ്ടം, പ്രണയം ഒക്കെ അപകടത്തിന്റെ സാധ്യതകളെ കൂടുതൽ തുറക്കുന്നതാണെന്ന് സമൂഹ മാധ്യമങ്ങളിലെ ബോധവൽക്കരണ പോസ്റ്റുകൾ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന ആ കാലം പണ്ടെങ്ങുമില്ലാത്ത വിധം അരക്ഷിതമാണെന്ന് പൊതുബോധം ഉറപ്പിച്ചിട്ടുണ്ട്.

ഈ മൂന്ന് തട്ടുകളിലും നിർവ്വചിക്കപ്പെട്ട സ്വഭാവ രീതികളോട് ചേരാൻ പറ്റാത്തവരെയൊക്കെ നമുക്ക് സംശയമാണ്. “എന്തോ കൊഴപ്പം ഉണ്ടല്ലോ” എന്ന സംശയം മുതൽ “വട്ടാണ്” എന്ന തീർപ്പു കല്പിക്കൽ വരെ.

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത “അതിശയങ്ങളുടെ വേനൽ” എന്ന ചിത്രം അത്തരം വാർപ്പ് മാതൃകളിൽ നിന്ന് മാറി നടക്കുന്നവരുടെയും അതിൽ ഉറച്ച് നിൽക്കുന്നവരുടെയും ഇടയിൽ നിന്നുള്ള നോക്കിക്കാണലാണ്. ആനന്ദ് എന്ന കുട്ടിയുടെ അദൃശ്യനാവാനുള്ള അടക്കാനാവാത്ത ആഗ്രഹത്തിലൂടെയാണ് അത് പറയുന്നത്. വേനലവധിയുടെ സമയപരിധിയിലാണ് കഥ ചുരുളഴിയുന്നത്.

കൂടുതല്‍ വായിക്കാം: ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് വിജയുമായുള്ള അഭിമുഖം

സിനിമയുടെ നോട്ടത്തിൽ വെളിവാകുന്നത് മനുഷ്യൻ എന്ന അവസ്ഥയുടെ പല മുഖങ്ങളാണ്. നിസ്സഹായത, വാശി, നിശ്ചയദാർഢ്യം, കുശുമ്പ്, (അ)രാഷ്ട്രീയം എന്നതിന്റെയൊക്കെ ഇടയിലൂടെ വിശ്വാസം എന്ന വലിയ മുഖം മുഴച്ചു നിൽക്കുന്നു. ദൈവം മുതൽ സയൻസും സയൻസ് ഫിക്ഷനുമൊക്കെ വിശ്വാസങ്ങളായി മനസ്സിൽ പതിഞ്ഞു പോകുന്ന മനുഷ്യരുടെ ഈ കഥയിൽ ആരും ജയിക്കുന്നില്ല ആരും തോൽക്കുന്നുമില്ല. പക്ഷെ, സമാധാനം എന്ന താൽക്കാലികമായ അവസ്ഥയിൽ അത് എത്തിച്ചേരാൻ ശ്രമിക്കുന്നുണ്ട്.

Athishayangalude Venal - Film Still

അതിശയങ്ങളുടെ വേനല്‍

അദൃശ്യ ശക്തികൾ

അദൃശ്യമാവുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. നിരവധി മാനങ്ങളുള്ള ഒരു ആഗ്രഹം. പൊതുവെ ഒളിഞ്ഞു കേൾക്കുന്നതും, മറഞ്ഞു നിന്ന് കാണുന്നതുമൊക്കെ കുറ്റബോധം ഉണ്ടാക്കുമെങ്കിലും (കാണപ്പെട്ടാലോ എന്ന ബോധം), നമ്മൾ കണ്ട് അല്ലെങ്കിൽ കേട്ട് ശീലിച്ച അദൃശ്യർക്ക് അത്തരം ധാർമിക പ്രശ്നങ്ങൾ ഇല്ല. അദൃശ്യരുടെ ധാർമികത ആരും ചോദ്യം ചെയ്യാറില്ല. അവർ ആവശ്യമുള്ളിടത്ത്, ഒരു വലിയ നന്മക്ക് വേണ്ടി മാത്രം (ചിലപ്പോൾ ചെറിയ കുസൃതികൾക്കും) അദൃശ്യരാകുന്നവരാണ്. ബാലരമയിലെ “മായാവി” മുതൽ “മിസ്റ്റർ ഇന്ത്യ”യിലെ അനിൽ കപൂർ വരെ.

എച് ജി വെൽസിന്റെ “ഇൻവിസിബിൾ മാൻ” ആണ് ആനന്ദിന്റെ പരീക്ഷണങ്ങളുടെ ബൈബിൾ. അദൃശ്യനാവാനുള്ള വെൽസിന്റെ കേന്ദ്ര കഥാപാത്രമായ ഗ്രിഫിന്റെ തീയറിയെ ആനന്ദ് അതേപടി പകർത്തുകയാണ്. തുടക്കത്തിലെ അടക്കാനാവാത്ത ആഗ്രഹത്തിൽ നിന്ന് അദൃശ്യതയുടെ നൈതികതയിലേക്ക്, അതിന്റെ ധാർമ്മികതയിലേക്ക് ഒക്കെ ഗ്രിഫിനെ പോലെ ആനന്ദ് എത്തുന്നുണ്ട്. ചിലപ്പോളൊക്കെ മുതിർന്നവരുടെ ഭാഷയിലും മറ്റു ചിലപ്പോൾ കുട്ടികളെപ്പോലെ തന്നെയും അവൻ അദൃശ്യതയിലേക്കുള്ള തന്റെ യാത്രകളെ പ്രകടമാക്കുന്നു.

അതിശയങ്ങളുടെ വേനല്‍

പ്രകാശത്തിന്റെ സവിശേഷതകളെ വൈദ്യുതി കൊണ്ട് അനുകൂലമായി വ്യതിയാനം ചെയ്‌താൽ അദൃശ്യനാവാമെന്ന് ആനന്ദ് വിശ്വസിക്കുന്നു. സമൂഹം കരുതുന്ന “കുഴപ്പം”, ” വട്ട് ” തുടങ്ങിയ അപകടങ്ങളുടെ പാതയോരത്ത് കൂടെയാണ് അവന്റെ യാത്ര. അമ്മയും, ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചേട്ടനും മാമനും ഒക്കെ അവന്റെ ഭ്രാന്തിനെ എങ്ങനെ ഇല്ലാതാക്കും എന്ന ചിന്തയിലാണ്. ദൈവവും മന്ത്രവും യോഗയും ഒക്കെ അടങ്ങിയ വിശ്വാസത്തെ നിഷേധത്തിന്റെ വിശ്വാസം കൊണ്ട് ആനന്ദ് അനായാസമായി നേരിടുന്നു.

എൻട്രൻസ് കോച്ചിങ്ങിന് എന്ന വ്യാജേന ആനന്ദിന്റെ വീട്ടിൽ താമസിക്കാൻ വരുന്ന ഗായത്രി ഈ രണ്ട് വിശ്വാസങ്ങൾക്കിടയിലെ ടീനേജിന്റെ പ്രതിനിധിയാണ്. അദൃശ്യത തേടുന്ന ആനന്ദിന്, അമാനുഷിക ശക്തികളുടെയും രഹസ്യ വിനിമയങ്ങളുടെയും ഒക്കെ സങ്കേതങ്ങളിലേക്ക് തന്റെ ചിന്തകൾ തുറക്കുന്നതിന് ഗായത്രിയുടെ വരവ് നിമിത്തമാകുന്നു. അദൃശ്യത എന്നത് അതിന്റെ കേവല അർത്ഥത്തിൽ മാത്രമുള്ളതല്ല, മറിച്ച് നമ്മൾ ചുറ്റും സംഭവിക്കുന്നതിലും കാണുന്നതിലുമൊക്കെ മനുഷ്യന്റെ അദൃശ്യതയുടെ പല ഭേദങ്ങൾ ഉണ്ടെന്ന തിരിച്ചറിവിലേക്ക് ഈ സിനിമ അത് കാണുന്നവരെ എത്തിക്കുന്നുണ്ട്. (വ്യാജ പ്രൊഫൈലുകൾക്കു പിന്നിലെ അദൃശ്യ ശക്തികൾക്ക് അധികാരത്തിലേക്കുള്ള വഴികളെ സഹായിക്കാനാവുമെന്ന് എച്ച് ജി വെൽസിനോ അസിമോവിനോ സങ്കൽപ്പിക്കാൻ പറ്റുമായിരുന്നോ?)

ഫാന്റസികളുടെയും തിരിച്ചറിവുകളുടെയും ബന്ധത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ, ഒരല്പം നിഗൂഢത ശേഷിപ്പിച്ച് കൊണ്ട് തന്നെ ‘അതിശയങ്ങളുടെ വേനൽ’ അവധിക്കാലത്തിന്റെ അവസാനത്തിലെത്തുന്നു.

തുടക്കക്കാരും കണ്ടു പരിചയമുള്ളവരും അഭിനയത്തിൽ സ്വാഭാവികത നിലനിർത്തുമ്പോൾ, ആനന്ദ് ആയി ചന്ദ്രകിരണും അമ്മയായി റൈന മറിയയും അതിശയിപ്പിക്കുന്നുണ്ട്. വഴുതിപ്പോവുമായിരുന്ന ഒരു വിഷയം തിരക്കഥാകൃത്തുക്കളായ പ്രശാന്ത് വിജയും അനീഷ് പള്ളിയാലും കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു. വളരെ ചുരുങ്ങിയ തോതിൽ ഉപയോഗിച്ച സംഗീതവും, ഛായാഗ്രഹണവും ആഖ്യാനത്തിന്റെ ഒഴുക്കിനോട് ചേർന്ന് പോകുന്നുണ്ട്.

മുംബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ദുല്‍ഖര്‍ സല്മാനോടൊപ്പം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍

ആനന്ദിന്റെ മനോവ്യാപാരങ്ങളേയും ചിന്തകളെയും ഒരല്പം ഭൂമിയിൽ നിന്നുയർത്തി നോക്കാമായിരുന്നു, ‘ന്യൂട്രൽ’ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് തന്നെ, എന്ന് തോന്നി. കഥയിൽ പ്രതിപാദിക്കുന്ന രണ്ടു തരത്തിലുള്ള വിശ്വാസം കുറച്ചു കൂടി ഭാവനാത്മകമായി ചിത്രീകരിച്ചിരുന്നെങ്കിൽ എന്നും ചിന്തിച്ചുപോയി. അതുപോലെതന്നെ മെഴുകുതിരി വെളിച്ചത്തിൽ നിഴലുകൾ കൊണ്ട് കളിക്കുന്ന ഷോട്ടുകളിലും മറ്റും ലൈറ്റിങ്ങിൽ കുറച്ചു കൂടി മിതത്വം ആവാമായിരുന്നു. ചുരുങ്ങിയ ബജറ്റിലാണെങ്കിലും സാങ്കേതിക വിഭാഗങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ ആസ്വാദ്യകരമായി കഥ പറഞ്ഞിരിക്കുന്നു. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്നുവെങ്കിലും കുട്ടികളുടെ സിനിമ എന്ന ലേബൽ ചാർത്തരുതാത്ത സിനിമയെന്ന് പറയാം.

മുംബൈ ഫെസ്റ്റിവലിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ഡിസംബറിൽ തിരുവനന്തപുരത്തു നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ “മലയാള സിനിമ ഇന്ന്” എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്നത്തെ മലയാള സിനിമ വ്യത്യസ്തയുടെ പല പ്രതീക്ഷകളും നൽകി കൊണ്ടിരിക്കുമ്പോൾത്തന്നെ, പഴകിയ താര-വീരാരാധനകളിലേക്ക് പലപ്പോഴും തിരിച്ചു നടക്കുന്നതും കാണാം. അത് കൊണ്ട് തന്നെ ‘അതിശയങ്ങളുടെ വേനൽ’ പോലുളള സിനിമകൾ ഇന്നിന്‍റെ മലയാള സിനിമയില്‍ പ്രസക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook