നഗ്നത, പ്രത്യേകിച്ച് സ്ത്രീ നഗ്നത, ചരിത്രത്തില്‍ എല്ലാ കാലത്തും സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ ഭാഗമായിരുന്നു . ശിൽപ്പകലയിലും വരയിലും സിനിമയിലും നൃത്തത്തിലും, അങ്ങനെ കലയുടെ സകല ശാഖകളിലും സ്ത്രീ ശരീരം നൂറ്റാണ്ടുകളായി പരന്നു കിടപ്പുണ്ട്. സ്ത്രീ ശരീരവും നഗ്നതയും കാന്‍വാസുകളില്‍ പെയിന്റിങ് ആയി പല രൂപത്തില്‍ കയറിക്കൂടാന്‍ തുടങ്ങിയിട്ട് മിനിമം രണ്ടു നൂറ്റാണ്ടായി. അധികം എഴുതപ്പെടാത്ത ചരിത്രവും ജീവിതവും ഇതുമായി ബന്ധപ്പെട്ടു നിന്ന സ്ത്രീകള്‍ക്ക് പറയാനുണ്ടാകും. The Luncheon on the Grass 1863
Olympia (1865) ഉള്‍പ്പെടെ വിശ്വവിഖ്യാതമായ പല പെയിന്റിങ്ങുകളുടെയും പിന്നില്‍ അതിനു വേണ്ടി മോഡലായ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നിരിക്കണം . ഇന്ത്യയിലെ ക്ലാസിക് ശൈലിയിലുള്ള സൗന്ദര്യ വരകളില്‍ എല്ലാം അവരുണ്ട് . ചരിത്രത്തിന്‍റെ ചവറ്റു കുട്ടയില്‍ പോലും രേഖപ്പെടുത്താതെ പോയ ആ ജീവിതങ്ങൾ ഉണ്ട്. ഒരു പക്ഷെ, ഇന്ത്യയില്‍ ആദ്യമായി അവരുടെ ജീവിതം തിരശ്ശീലയിലേക്ക്‌ പകര്‍ത്തപ്പെടുന്ന സിനിമയാകും രവി ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ന്യൂഡ്‌’.

 

1918ല്‍ മുംബൈയിലെ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ട്‌സ് പ്രിന്‍സിപ്പലായി വില്യം എവാർട്ട് ഗ്ലാഡ്സ്റ്റൺ സോളമൻ (William Ewart Gladstone Solomon) ചുമതല ഏല്‍ക്കുന്നതോട് കൂടിയാണ് ഇന്ത്യയിലാദ്യമായി ഒരു ആര്‍ട്സ് സ്കൂള്‍ സ്ത്രീകളെ പരിശീലനത്തിനായി മോഡലാക്കി തുടങ്ങുന്നത്. ഇപ്പോഴത്തെ അവിടുത്തെ പെയ്ന്റിങ്ങ് വിഭാഗം പ്രൊഫസറായ ഡഗ്ലസ് എം ജോണിന്രെ (Douglas M John) വാക്കുകള്‍ പ്രകാരം വരയില്‍ അരക്കെട്ടു ഭാഗം യഥാര്‍ത്ഥ മോഡല്‍ ഇല്ലാതെ വരച്ചാല്‍ ശരിയാകില്ല അത് വിദ്യാർത്ഥികളുടെ പ്രശ്നമല്ല എന്ന് ഗ്ലാഡ്സ്റ്റോൺ സോളമൻ തിരിച്ചറിഞ്ഞത് കൊണ്ടാണ് ആ കാലഘട്ടത്തില്‍ പരിശീലനത്തിനായി അങ്ങനെയൊരു ശൈലി ആരംഭിച്ചത്. ഇന്നും ഫൈനാര്‍ട്സ് സ്കൂളുകളുടെ സിലബസില്‍ അനാട്ടമി വരകള്‍ അഭിവാജ്യ ഘടകമാണ്. 1918 മുതല്‍ 2017 വരെയുള്ള ഒരു നൂറ്റാണ്ട് കാലം ഇന്ത്യയുടെ ആര്‍ട്ട് സ്കൂളുകളില്‍ മുഴുവന്‍ തുച്ഛമായ വേതനത്തില്‍ മോഡലിംഗ് ചെയ്തിരുന്ന പല പ്രായത്തില്‍ ഉള്ള സ്ത്രീകളും ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ, ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെടാതെ പോയ കലാകാരികള്‍.

മൊബൈല്‍ ഫോണുകളില്‍ ചിത്രം എടുക്കാതെയും മോഡലിനെ അശ്ലീലച്ചുവയോടെ നോക്കാതെയും കമന്റുകള്‍ പറയാതെയും അങ്ങേയറ്റം പ്രൊഫഷനലായ രീതിയില്‍ ഡ്രോയിങ് സെഷനുകള്‍ കൊണ്ടു പോകാന്‍ വിദ്യാര്‍ഥികളെ പരീശീലിപ്പിച്ച കഥ ആര്‍ട്സ് സ്കൂളുകളിലെ ഓരോ അധ്യാപകനും പറയാനുണ്ടാകും . പല സ്ത്രീകള്‍ക്കും സമൂഹമോ സുഹൃത്തുക്കളോ ബന്ധുക്കളോ അറിയാതെയാണ് ഈ ജോലി ചെയ്യേണ്ടി വരുന്നതെന്ന് ആര്‍ട്സ് സ്കൂളുകളില്‍ ചുരുക്കം തവണ മോഡലായി പ്രത്യക്ഷപ്പെട്ട അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ലേഖികയ്ക്ക് പറയാന്‍ കഴിയും. സ്ത്രീ നഗ്നതയെ അണുവായുധത്തേക്കാളും ഭയപ്പെടുന്ന, അങ്ങേയറ്റം യാഥാസ്ഥിതികമായ ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്നറിയാവുന്നതു കൊണ്ടാണ് ഇവര്‍ക്കൊക്കെയും തികച്ചും കലാപരമായ ഒരു തൊഴിലിനെ പോലും രഹസ്യമാക്കി വെയ്ക്കേണ്ടി വരുന്നത്. വിദ്യാർത്ഥികളും അധ്യാപകരും അല്ലാതെ സ്കൂളുകളില്‍ ഉള്ള മറ്റു ജീവനക്കാര്‍ ഇവരോട് ഇടപെടുന്ന രീതിയും ചൂഷണ ശ്രമങ്ങളും, അങ്ങനെ ഓരോ പെയിന്റിങ് മോഡലിനും പറയാന്‍ ഒരു പാട് കഥകള്‍ ഉണ്ടാകും.

ചിത്രീകരണം. നന്ദകുമാര്‍

ജീവിത സാഹചര്യങ്ങള്‍ മൂലം മുംബൈയില്‍ എത്തപ്പെടുന്ന ഒരു സ്ത്രീ ആര്‍ട്സ് സ്കൂളില്‍ മോഡലാകുന്നതും തുടര്‍ന്നുള്ള അവളുടെ ജീവിതവും അതിലൂടെ ചരിത്രം എഴുതാതെ പോയ പെയിന്റിംഗ് മോഡലുകളുടെ ജീവിതവുമാണ് ‘ന്യൂഡ്‌’ പറയാന്‍ ശ്രമിക്കുന്നത് . ഇന്ത്യന്‍ സമൂഹത്തിന്, അതിന്‍റെ യാഥാസ്ഥിതിക പ്രാകൃത മുഖമായ സംഘപരിവാറിന്, മറ്റെന്തിനെയും പോലെ സ്ത്രീയുടെ നഗനതയും ഭയമായത് കൊണ്ട് ഈ നിമിഷം വരെ ‘ന്യൂഡി’ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല . ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍നിന്നും ഇപ്പോള്‍ കേരള രാജ്യാന്തര ചലിച്ചിത്ര മേളയില്‍ നിന്നും ആ കാരണം കൊണ്ട് ‘ന്യൂഡ്‌’ ഒഴിവാക്കപ്പെടുകയാണ്.

ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ ലോകത്തെമ്പാടുമുളളതുപോലെ ലൈംഗികതയും നഗ്നതയും എല്ലാം കടന്നുവന്നിട്ടുണ്ട്. അത് കലയിലും സാഹിത്യത്തിലും പ്രകടമായി തന്നെ വെളിപ്പെട്ടിട്ടുളളതുമാണ്. സംസ്കാരത്തിന്രെ ഭാഗമായിട്ടാകാം, അല്ലെങ്കിൽ അതിലൂടെയാകാം ഈ സംസ്കാരങ്ങൾ വളർന്നത്. കാളിദാസ കൃതികളിലും മറ്റുളള പ്രകീർത്തിക്കപ്പെട്ട കൃതികളിലുമുളള വർണ്ണനകൾ നോക്കുക. വിസ്തരഭയത്താൽ അവയെ കുറിച്ച് കൂടുതൽ പറയുന്നില്ല. പൂർവ്വകാല ശിൽപ്പങ്ങളും ചിത്രങ്ങളും നോക്കുക. എന്നാൽ എല്ലായിടത്തും സംഘടിത മതവും മതാധിഷ്ഠിത ചിന്തകളും നഗ്നതയെയും ലൈംഗികതയും അടിച്ചമർത്താനുളള ത്വരയാണ് എപ്പോഴും പ്രകടമാക്കിയയിരുന്നത്. ഇന്നും അത് തുടരുന്നു. രാഷ്ട്രീയമായി വിമോചനത്തിന്രെ ധാരകളെ ഭയപ്പെടുന്ന പൗരോഹിത്യം ഇതിനെതിരായ കലാപങ്ങൾ ഉയിർത്തിവിടും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ബ്രാഹ്മണിക്കൽ രാഷ്ട്രീയ നിക്കങ്ങൾ ശക്തമാകുന്നത് സാമൂഹിക നീതിക്ക് വേണ്ടിയുളള നടപടികൾ രാഷ്ട്രീയമായി രാജ്യം സ്വീകരിക്കുന്നത് മുതലാണ്. അതിന് ശേഷം വളരെ തന്ത്രപരമായും ഘടനാപരമായും അധഃസ്ഥിതരുടെ വളർച്ചയെ തടയുന്ന എല്ലാ പ്രവർത്തനങ്ങളും ഫാഷിസ്റ്റ് രാഷ്ട്രീയം, ഇന്ത്യയെ സംബന്ധിച്ച് ബ്രാഹ്മണിക്കൽ രാഷ്ട്രീയം ചൂണ്ട കോർത്തിട്ടു. അവരുടെ രാഷ്ട്രീയത്തിലേയ്ക്ക്, ബ്രാഹ്മണിക്കൽ പുരുഷാധിപത്യത്തിലേയ്ക്ക് എല്ലാ മേഖലകളെയും അവർ കോർത്തെടുത്തു. അത് സിനിമയുടെയും സാഹിത്യത്തിന്രെയും കലകളുടെയും ലോകത്ത് കടന്നു ചെന്നു. എന്തിന് സ്പോർട്സിൽ പോലും അത് കൈ കടത്തി. ദീപാ മേത്തയും പെരുമാൾ മുരുഗനും തസ്ലിമ നസ്രീനും എം എഫ് ഹുസൈനുമെല്ലാം വിവിധ തലത്തിലുളള പൗരോഹിത്യത്തിന്രെ പീഡനങ്ങളിലൂടെ കടന്നവരാണ്.

ഫാസിസത്തിന്രെ അധികാരരൂപങ്ങൾ ജനാധിപത്യത്തെ അവരുടേതായ രീതിയിൽ കൈയ്യടക്കുന്നതിന്രെ നഗ്നമായ കാഴ്ചയാണ് സിനിമയുടെ കാര്യത്തിൽ ഇപ്പോൾ കാണുന്നത്. ഐ​എഫ് എഫ് ഐ യിൽ ജൂറി രാജിവെച്ചത് മുതലുളള സംഭവങ്ങളിൽ ഇത് സ്പഷ്ടമാണ്. എസ് ദുർഗയും ന്യൂഡും കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ കാണിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ അവർ വിറളി പിടിച്ചു എന്നത് തെളിയിക്കുന്നതാണ് പിന്നീട് നടന്ന സംഭവങ്ങൾ. ഹൈക്കോടതി വിധിയെ വെല്ലുവിളച്ച ഔദ്യോഗിക സംവിധാനങ്ങൾ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്ത നീചമായ നീക്കങ്ങളാണ് പിന്നീട് നടത്തിയത്. എസ് ദുർഗ എന്ന ചിത്രത്തിന്രെ സെൻസർഷിപ്പ് റദ്ദാക്കി, ന്യൂഡ് എന്ന ചിത്രത്തിന് കേരളത്തിൽ കാണിക്കാതിരിക്കാൻ അവസാന സമയം വരെ അത് കാണുന്നത് നീട്ടിവച്ച് കണ്ട ശേഷം തീരുമാനമെടുക്കാതെ പിരിഞ്ഞു. സിനിമയെ പേടിക്കുന്ന, നഗ്നതയെ ഭയപ്പെടുന്ന, പേരുകളിൽ വിറളിപ്പിടിക്കുന്ന നെഞ്ചളവുകൾ മാത്രമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്രെ ആൺസ്വരൂപങ്ങളെന്ന് അവർ വീണ്ടും ബോധ്യപ്പെടുത്തുന്നു.

ചിത്രീകരണം. നന്ദകുമാര്‍നഗ്ന സ്ത്രീ ശരീരങ്ങള്‍ പെയിന്റിങ്ങില്‍ ആയപ്പോള്‍ ഇന്ത്യയില്‍ പലപ്പോഴും ഫാസിസ്റ്റ് ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എം എഫ് ഹുസൈന് രാജ്യം വിട്ടു പലായനം ചെയ്യേണ്ടി വന്നു. ഗുജറാത്തിലെ ബറോഡ സ്കൂൾ ഓഫ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു. ഇവയൊക്കെയും ചിത്രത്തില്‍ ഉണ്ടാകാം എന്നതാണ് മറ്റൊരു നിഗമനം. സെൻസർഷിപ്പ് നിഷേധിക്കപ്പെടുന്നതിന് അതും കാരണമാകാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട , അവഗണിക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ കലയിലുള്ള സംഭാവനയും സമൂഹം അവരോട് ഇന്നും തുടരുന്ന വിവേചനവും പ്രതിസന്ധികളില്‍കൂടി കടന്നുപോകുന്ന അവരുടെ ജീവിതവും ഒക്കെ ചരിത്രത്തിലാദ്യമായി തിരശീലയില്‍ എത്തിക്കുന്ന ഒരു സിനിമയോട് ഭരണകൂടം കാണിക്കുന്ന അവഗണനയും അപ്രഖ്യാപിത നിരോധനവും തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യന്‍ ഫാസിസത്തിന് അല്‍പനേരം സ്ക്രീനിൽ തെളിയുന്ന സ്ത്രീയുടെ നഗ്നതയെ പോലും ഭയമോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook