സംവിധായകര്‍ എല്ലാതരം പ്രേക്ഷകരേയും കണക്കിലെടുത്തതുകൊണ്ടുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് ഫ്രഞ്ച് സംവിധായകന് ഴാങ് ലുക് ഗൊദാര്‍ദ്. ഐഎഫ്എഫ്കെയിൽ പ്രേക്ഷകരുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കുകയിരുന്നു അദ്ദേഹം. പ്രേക്ഷകരോടുള്ള ബഹുമാനം കൂടിയാണ് സിനിമയില്‍ പ്രതിഫലിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം ചിത്രങ്ങളിലൂടെ കഥപറയുന്ന കലയാണ് സിനിമയെന്നും അതില്‍ നിശബ്തതക്കും വലിയ പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കി .
“വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി നിരവധി സിനിമകള്‍ നിര്‍മ്മിക്കപെടുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതക്കിടയില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല,” അദ്ദേഹം പറഞ്ഞു. സിനിമകളുടെ ഉള്ളടക്കമാണ് എണ്ണത്തേക്കാള്‍ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര നിരൂപകന് സി എഎസ് വെങ്കിടേശ്വരന്, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.
ആവിഷ്കാര സ്വാതന്ത്യം തടയരുതെന്നു ഓപ്പണ്‍ഫോറം
സിനിമ പ്രകൃതിയുടെ പ്രതിഫലനം: അക്ഷയ് ഇന്ഡിക്കര്
മനുഷ്യനൊപ്പം പ്രകൃതിയെയും സമയത്തെയും കൂടി സംബന്ധിക്കുന്നതാണ് സിനിമയെന്ന് സംവിധായകന് അക്ഷയ് ഇന്ഡിക്കര് പറഞ്ഞു. സിനിമകളുടെ പ്രമേയം പലപ്പോഴും മനുഷ്യനെ മാത്രം കേന്ദ്രീകരിക്കുകയാണ്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും കാലവുമൊക്കെ സിനിമകളില്‍ മനുഷ്യനോളം തന്നെ പ്രാധാന്യ മര്ഹിക്കുന്നവയാണന്നും അദ്ദേഹം പറഞ്ഞു. മേളയിൽ “സ്ഥല് പുരാൺ,” എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ ചിത്രങ്ങളിലും സാങ്കേതിക മികവ് മാത്രം :സൂര്യ കൃഷ്ണമൂര്‍ത്തി
സാങ്കേതിക സംവിധാനങ്ങളെ ആശ്രയിച്ചുള്ള സിനിമകളാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നതെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി. ആത്മാവിനെ സ്പര്‍ശിക്കുന്ന കൂടുതല്‍ സിനിമകള്‍ മേളയില്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു . കൊവിഡ് കാലത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തോട് പൂര്‍ണ യോജിപ്പാണെന്നും എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള അക്കാഡമിയുടെ ശ്രമമായി അതിനെ കാണണമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു .
മറ്റു മേളകള്‍ അപേക്ഷിച്ച് കേരള രാജ്യാന്തര മേളയില്‍ വന്‍ ജനപങ്കാളിത്തമാണ് തുടക്കം മുതല്‍ ഉണ്ടാകുന്നത്. എല്ലാവര്ക്കും പങ്കുചേരാനുള്ള മേളകള്‍ ചലച്ചിത്ര രംഗത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.