scorecardresearch

സാംസ്‌കാരിക വൈവിധ്യങ്ങൾക്കുള്ള സ്വതന്ത്ര ഇടമാണ് ഈ മേള: ബീനാ പോൾ സംസാരിക്കുന്നു

തീർച്ചയായും ഈ മേളക്കൊരു ഒരു രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ഇതൊരു സ്വതന്ത്ര, സാംസ്‌കാരിക വൈവിധ്യങ്ങൾക്കുള്ള ഇടമാണ്

സാംസ്‌കാരിക വൈവിധ്യങ്ങൾക്കുള്ള സ്വതന്ത്ര ഇടമാണ് ഈ മേള: ബീനാ പോൾ സംസാരിക്കുന്നു

കോവിഡ് പരിമിധികൾക്കും ആശങ്കകൾക്കും ശേഷം വീണ്ടും ഒരു സിനിമ ഫെസ്റ്റിവൽ കാലം തിരുവനന്തപുരത്തു കൊടിയേറുകയാണ്. പതിനഞ്ചു തീയേറ്ററുകളിലായി 173 സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ ഒരാണ്ട് കാലം മേളയുടെ കാർമികത്വം വഹിച്ച പ്രധാനികളിൽ ഒരാളാണ് ബീന പോൾ. മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ എന്ന പദവിയിലുപരി ലോക സിനിമയിലെ ചലനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാനും, അത്തരം സിനിമകളുടെ സംവിധായകരുമായി ആശയവിനിമയം നടത്താനും, ലോകത്തിലെ അറിയപ്പെടാത്ത കോണുകളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ കണ്ടെത്തി അത് ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കാനും ബീന പോൾ എന്ന എഡിറ്ററും, സിനിമ പ്രേമിയും നടത്തുന്ന പ്രവർത്തനം മേളയുടെ മുതല്‍കൂട്ടാണെന്നുള്ളതിൽ ആർക്കും ഒരു എതിർ അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. ഇത്തവണത്തെ മേളയുടെ സവിശേഷതകളെ പറ്റിയും, സിനികളുടെ തിരഞ്ഞെടുപ്പിനെ പറ്റിയും ജൂറിയെ പറ്റിയും ബീന പോൾ ഐ ഇ മലയാളത്തോട് സംസാരിക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, പരിമിതികൾ ഇല്ലാതെ തിരുവനന്തപുരത്തു വീണ്ടും ഐ എഫ് എഫ് കെയുടെ ആരവങ്ങൾ ഉയരുകയാണ്. എന്ത് തോന്നുന്നു ?

ഞങ്ങൾ ആഹ്ളാദത്തിലാണ്. ഡിസംബറിൽ നടക്കേണ്ടിയിരുന്ന ഫെസ്റ്റിവൽ ജനുവരിയിലോട്ട് മാറ്റേണ്ടി വന്നു, ഞങ്ങൾ ചെറിയ സംശയത്തിൽ ആയിരുന്നു ഇത്തവണ മേള നടക്കുമോ എന്ന കാര്യത്തിൽ. ഇത്രയധികം ജോലി ചെയ്തിട്ട് മേള നടക്കാതെ പോയാൽ അതൊരു വല്യ സങ്കടം ആയേനെ. ഇപ്പോൾ മേള അതിന്റെ പൂർണ പ്രതാപത്തോടു കൂടി തന്നെ നടക്കുന്നു എന്നുള്ളതിൽ നിറഞ്ഞ സന്തോഷം തന്നെയാണ്.

ലോക സിനിമ വിഭാഗമാണ് ഐ എഫ് എഫ് കെയിലെ ഏറ്റവും ആകർഷക ഘടകം? എങ്ങനെയാണ് ലോക സിനിമ വിഭാഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്?

പതിവു പോലെ ഒരു കമ്മിറ്റിയാണ് പടങ്ങൾ തിരഞ്ഞെടുക്കുന്നത്. ഞാനും ആ കമ്മിറ്റയിലെ ഒരു അംഗമാണ്. ഒരു പടം തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങൾ ഉണ്ട്. ഒന്ന്, എല്ലാവർക്കും അറിയാവുന്നതു പോലെ, പ്രമുഖ അന്താരാഷ്ട്ര മേളകളിൽ പ്രശംസ നേടിയ ചിത്രങ്ങൾക്ക് മുൻഗണന ഉണ്ടാകും, അതിനോട് ആളുകൾക്ക് ഒരു കൗതുകം ഉണ്ടാകും. പിന്നെ ഇവിടത്തെ കാണികളുടെ ഒരു പ്‌ളസ് അറിഞ്ഞാണ് നമ്മൾ സിനിമകൾ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ മേളയിൽ കാണികൾക്കു ഇഷ്ടപ്പെട്ട ഒരു സംവിധായകന്‍റെ സിനിമ അല്ലെങ്കിൽ രണ്ട മൂന്ന് വര്ഷം മുൻപ് പ്രദർശിപ്പിച്ച, പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങൾ സംവദിച്ച വിഷയങ്ങൾ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ ചിത്രങ്ങള്‍, ഇതിനൊക്കെയാണ് മുൻഗണന കൊടുക്കുന്നത്.

Read Here: IFFK 2022: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; അപ്രതീക്ഷിത അതിഥിയായി ഭാവന

Bina Paul, Photo. Achu Krisha/IeM

ഇന്ത്യയിലെ മറ്റു പല മേളകളുമിപ്പോൾ ഉദ്ദേശ്യലക്ഷ്യത്തിൽ നിന്നും മാറി പ്രൊപഗണ്ട സിനിമകൾക്കും, കൊമേർഷ്യൽ സിനിമകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവണതയാണ് ഇപ്പോൾ കാണാൻ ആകുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി എന്ത് നിലപാടാണ് ഐ എഫ് എഫ് കെ മുന്നോട്ട് വെക്കുന്നത്?

തീർച്ചയായും ഈ മേളക്കൊരു ഒരു രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. ഇതൊരു സ്വതന്ത്ര, സാംസ്‌കാരിക വൈവിധ്യങ്ങൾക്കുള്ള ഇടമാണ്. എവിടെ എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും ഒരു ഇടമുണ്ട്. ചർച്ച ചെയ്യാൻ ഇടമുണ്ട്. നമ്മുടെ ലക്ഷ്യം അറിയപ്പെടാത്ത രാജ്യങ്ങളിൽ, ശ്രദ്ധിക്കപ്പെടാതെ പ്രദേശങ്ങളിൽ നിന്നുള്ള സിനിമകൾ കാണാനും, അവരുടെ സംസ്കാരവും രാഷ്ട്രീയവും, രീതികളും മനസിലാക്കാനും, അത്തരം രാജ്യങ്ങളുടെ അവസ്ഥ മനസ്സിലാക്കാനുമുള്ള ഒരു അവസരം മുന്നോട്ട് വയ്ക്കുക എന്നതാണ്.

അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, കുർദിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ‘ഫ്രെമിങ് കോൺഫ്ലികറ്റ്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്താണ് ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണം ?

ലോകം ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന കാര്യം നമ്മള്‍ മറന്നു കൂടാ. പക്ഷേ കോൺഫ്ലികറ്റ് എന്ന് പറയുന്നത് ഒരു പ്രവിശ്യക്ക് വേണ്ടിയുള്ള യുദ്ധം മാത്രമല്ല. ഇപ്പോൾ മ്യാന്മാർ പോലെയൊരു രാജ്യത്ത് നടക്കുന്ന സംഘർഷം ഭൂപ്രദേശത്തിനു വേണ്ടിയുള്ളതല്ല. അതൊരു വംശീയമായ പ്രശ്നമാണ്. മനസ്സിന്‍റെ സംഘർഷം, ആളുകൾ തമ്മിലുള്ള സംഘർഷം, കാഴ്ചപ്പാടുകൾ തമ്മിലുള്ള സംഘർഷം, ആശയങ്ങൾ തമ്മിലുള്ള സംഘർഷം ഇതെല്ലാമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ടാണ് സംഘർഷങ്ങളുടെ ഒരു ചട്ടക്കൂടിനെ അഥവാ ‘ഫ്രെമിങ് കോൺഫ്ലികറ്റ്’ എന്ന് അതിനു നാമകരണം ചെയ്തിരിക്കുന്നത്.

ഐ എസ് എന്ന ഭീകരവാദ സംഘടനയുടെ ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ലിസ്സ ചലാൻ എന്ന സംവിധായകയെ ഇത്തവണ മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി ആദരിക്കുന്നുണ്ട്. എങ്ങനെയാണ് ലിസ ചലാനിലേക്ക് എത്തുന്നത്?

നേരത്തെ പറഞ്ഞത് പോലെ ഒരു തീമിന്റെ ഭാഗമായിട്ടാണ് ലിസ ചലാൻ പോലെയൊരു സംവിധായകയെ ആദരിക്കാൻ തീരുമാനിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ ആശയമായിരുന്നു അവരെ മേളയുടെ ഭാഗമാക്കുക എന്നുള്ളത്. നമ്മൾ ജീവിക്കുന്ന ഈ സംഘര്‍ഷഭരിതമായ കാലഘട്ടത്തിൽ, ഇത്തരത്തിൽ ഒരു സ്ത്രീ സംവിധായികയെ, അവരുടെ അനുഭവങ്ങളെ, സിനിമയിലൂടെയുള്ള അവരുടെ അതിജീവനത്തെ ആഘോഷമാക്കേണ്ടത് പ്രസകതമാണെന്നു ഞങ്ങൾക്ക് തോന്നുകയായിരുന്നു.

ഇത്തവണത്തെ ജൂറിയെ കുറിച്ച്?

ഇത്തവണ കോവിഡ് കാരണം വിദേശത്തുള്ള ജൂറി അംഗങ്ങൾക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അതു കൊണ്ട് ഇത്തവണ ജൂറി അംഗങ്ങൾ ഓൺലൈൻ ആയിരിക്കും മത്സര വിഭാഗത്തിലെ സിനിമകൾ കണ്ട വിലയിരുത്തുന്നത്. ഇതിനായി സിനിമകളുടെ ലിങ്കുകൾ അവർക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്. ജൂറി അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗിരീഷ് കാസറവള്ളി ആയാലും, ജാക്യൂസ് കോമെറ്റ്സ്, റോയ സാദത്ത്, മാനിയ അക്ബരി, ഷൊസോ ഇച്ചിയാമ എന്നിവരായാലും ഈ മേളയുടെ കാഴ്ചപ്പാടുമായി യോജിച്ചു പോകുന്ന ഒരു ജൂറിയാണെന്ന് പറയാനാകും. സിനിമയാണ് ഈ മേളക്ക് പ്രധാനം. കാനില്‍ അവാർഡ് കിട്ടിയോ, വേറെ എവിടെയെങ്കിലും അവാർഡ് കിട്ടിയോ എന്നുള്ളതിനേക്കാൾ ഉപരി മുഖ്യധാരയിൽ വരാത്ത രാജ്യങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള സിനിമകൾക്കാണ് ഐ എഫ് എഫ് കെ എന്നും പ്രാധാന്യം നൽകിയിട്ടുള്ളത്.

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Independent space for cultural diversities bina paul on iffk