രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍, മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രന്‍, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍ മൊറേനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, പ്രശസ്ത സിനിമാ ക്യുറേറ്ററും സിനിമാ ഗവേഷകനുമായ അബൂബേക്കര്‍ സനേഗോ എന്നിവരാണ് ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍.

മാര്‍ലോണ്‍ മൊറേനോ ചിത്രം ‘ഡോഗ് ഈറ്റ് ഡോഗ്’, ടി വി ചന്ദ്രന്റെ ‘ഡാനി’, മാര്‍ക്കോ മുള്ളറുടെ ‘ദി സണ്‍’, മേരി സ്റ്റീഫന്റെ ‘ദി സ്വേയിങ് വാട്ടര്‍ലിലി’ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ജൂറി ചിത്രങ്ങള്‍.

രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘ദി സണ്‍’ സന്ധി ചര്‍ച്ചയ്‌ക്കെത്തുന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥ പറയുന്നു. ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവാണ്.

സുഖലോലുപതയ്ക്കിടയിലും ദമ്പതികളിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെ പ്രമേയമാക്കിയ ചിത്രമാണ് ‘ദി സ്വേയിങ് വാട്ടര്‍ ലില്ലി’. ഈ തുര്‍ക്കിഷ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും സെരെന്‍ യൂസ് ആണ്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനം കൂടിയാണ്. ജൂറി അംഗമായ മേരി സ്റ്റീഫനാണ് ചിത്രത്തിന്റെ എഡിറ്റര്‍. അധോലോകത്തിലെ ബന്ധങ്ങളും അവര്‍ക്കുള്ളിലെ പ്രതികാരകഥയും പറയുന്ന ചിത്രമാണ് കാര്‍ലോസ് മൊറേനോയുടെ ‘ഡോഗ് ഈറ്റ് ഡോഗ്’. മാര്‍ലോണ്‍ മൊറേനോ, ഓസ്‌കാര്‍ ബോര്‍ഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രണയവും വിരഹവും നേട്ടവും നഷ്ടങ്ങളുമെല്ലാം ചരിത്ര നിമിഷങ്ങള്‍ക്കൊപ്പം അനുഭവിച്ച ഡാനിയേല്‍ തോംപ്‌സണ്‍ എന്ന സാക്‌സോഫോണ്‍ വായനക്കാരന്റെ കഥയാണ് ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ ‘ഡാനി’ എന്ന ചിത്രം

പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവള്‍ക്കൊപ്പം വിഭാഗം. പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഇതിലുള്‍പ്പെടുന്നത്.
കള്ളിച്ചെല്ലമ്മ (പി. ഭാസ്‌ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍, 1986), ആലീസിന്റെ അന്വേഷണം (ടി.വി. ചന്ദ്രന്‍, 1989), പരിണയം (ഹരിഹരന്‍, 1994) എന്നീ സിനിമകളാണ് അവള്‍ക്കൊപ്പം വിഭാഗത്തിലുള്ളത്.
എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമ പരിഗണിക്കാന്‍ മടികാണിച്ച വിഷയങ്ങളാണ് ഈ സിനിമകള്‍ക്ക് പ്രമേയങ്ങളായത്. പെണ്‍ പോരാട്ടത്തിന്റെ പാഠങ്ങളാണ് ഈ സിനിമകൾ.

സമകാലിക ജാപ്പനീസ് അനിമേഷനായ ആനിമേ ചിത്രങ്ങള്‍ ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആര്‍കഷക പാക്കേജുകളിലൊന്ന്. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ആനിമേകള്‍. പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകകഥകളില്‍ ഇഴചേര്‍ത്തെടുക്കുന്നവയാണ് ഈ ചിത്രങ്ങൾ.

സമകാലിക ജാപ്പാനീസ് അനിമേകള്‍ സ്വത്വത്തെക്കുറിച്ചും മാറിമറിയുന്ന ശരീര സങ്കല്പങ്ങളെക്കുറിച്ചും ശക്തമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുമ്പോഴും പാരമ്പര്യത്തെ അതിന്റെ ഘടനയിലും ആശയങ്ങളിലും സംയോജിപ്പിക്കുന്നു. യുദ്ധം, യുദ്ധാനന്തര ജീവിതം,പുരാവൃത്തങ്ങള്‍ , പ്രണയം, കലാകാരന്‍മാരുടെ ജീവിതം എന്നിങ്ങനെ വൈവിധ്യമായ പ്രമേയങ്ങള്‍ ആധുനിക ജാപ്പനീസ് അനിമേകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ദി ബെസ്‌ററ് ഓഫ് കണ്ടംപററി ജാപ്പനീസ് അനിമേഷന്‍ വിഭാഗത്തില്‍ പ്രമുഖ സംവിധായകരായ സുനാവോ കത്തബുച്ചിയുടെ ‘ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്’, ഹയാവോ മിയാസാക്കിയുടെ ‘ദി വിന്‍ഡ് റൈസസ്’, ഇസ തക്കഹാതയുടെ ‘ദി ടൈല്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ’, കെയീചി ഹരയുടെ ‘മിസ് ഹോക്സായ്’, മമ്മറു ഹസോദയുടെ ‘ദി ബോയ് ആന്‍ഡ് ദി ബീസ്റ്റ്’ എന്നീ ചിത്രങ്ങളാകും രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക.

രണ്ടാം ലോക യുദ്ധകാലത്തെ ജാപ്പനീസ് ജീവിതം ആവിഷ്‌ക്കരിക്കുന്ന അനിമേഷന്‍ ചിത്രമാണ് ‘ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്’. ജപ്പാനിലെ അക്കാലത്തെ ജീവിതനിലവാരത്തകര്‍ച്ച, അമേരിക്കന്‍ സൈന്യത്തിന്റ ഭീഷണികള്‍, ഹിരോഷിമയിലെ ബോംബാക്രമണം തുടങ്ങി ജപ്പാന്റെ യുദ്ധകാല ചരിത്ര പശ്ചാത്തലത്തെ പകര്‍ത്തുകയാണ് ചിത്രകാരിയായ ഒരു ജാപ്പനീസ് യുവതി കേന്ദ്രകഥാപാത്രമായ ഈ ചിത്രം.

രണ്ടാംലോകയുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ സീറോ ഫൈറ്റര്‍ യുദ്ധവിമാനം നിര്‍മിച്ച ജിറോ ഹൊറിക്കാശിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ചിത്രമാണ് ‘ദി വിന്‍ഡ് റൈസസ്’. വിമാനങ്ങള്‍ നിര്‍മിക്കുവാനും പറത്തുവാനും കൊതിക്കുന്ന ആണ്‍കുട്ടി തന്റെ കാഴ്ചയുടെ വൈകല്യത്തെ മറികടന്ന് സ്വപ്നങ്ങളെ പിന്തുടരുന്നു . ‘ദി ടെയില്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ’ എന്ന ചിത്രം ജപ്പാന്റെ പാരമ്പര്യത്തിലൂന്നിയ മാന്ത്രികസ്പര്‍ശമുള്ള കഥ പറയുന്നു. പ്രായംചെന്ന ഒരു മുളവെട്ടുകാരന് മുളയ്ക്കകത്തുനിന്ന് അതിവേഗം വളരുന്ന ഒരു പെണ്‍കുട്ടിയെ കിട്ടുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങള്‍ ഈ ചിത്രം പങ്കുവെക്കുന്നു.

ജാപ്പനീസ്ചിത്രകാരനും ഭ്രമാത്മക സ്വഭാവിയുമായ കിത്സോഷിക്ക ഹോക്സായുടെ ജീവിതവും ചിത്രങ്ങളും അദ്ദേഹത്തിന്റെ മകളുടെ കാഴ്ചപ്പാടിലൂടെ ആവിഷ്‌ക്കരിക്കുന്ന അനിമേഷന്‍ ചിത്രമാണ് ‘മിസ് ഹോക്സായ്’. വലിയ ക്യാന്‍വാസില്‍ വരച്ച ചിത്രങ്ങളും ഒരു ഫ്രൈമിലും ഒതുങ്ങാത്ത ആ കലാകാരന്റെ ജീവിതവും ഈ ചിത്രം കാഴ്ചവയ്ക്കുന്നു.’ദി ബോയ് ആന്‍ഡ് ദി ബീസ്റ്റ്’ എന്ന അനിമേഷന്‍ സിനിമ അനാഥനായ ആണ്‍കുട്ടിയെക്കുറിച്ചുള്ള രസകരമായ കഥപറയുന്നു. ഷിബുയ തെരുവുകളില്‍ ജീവിക്കുന്ന അവന്‍ ഭീകര ജന്തുക്കളുടെ ലോകത്തെത്തപ്പെടുന്നു. അവന്‍ അവിടെ ഒരു വിചിത്ര ജീവിയുടെ സഹായിയാവുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്നതുമായ സംഭവപരമ്പരകളാണ് ചിത്രത്തില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ