ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിച്ച ചിത്രം ടേക്ക് ഓഫിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രജത മയൂരം നേടിയ പാര്‍വതിയേയും പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരയണനേയും മേള ആദരിച്ചു.

ചടങ്ങിൽ മഹേഷ് നാരായണൻ സംസാരിക്കുന്നു

ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. ഈ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം നേടിയ ടേക്ക് ഓഫ് 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മഹേഷ് നാരായണനെ കമൽ പൊന്നാടയണിയിക്കുന്നു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണുമായ ബീനാ പോള്‍, ടേക്ക് ഓഫിന്റെ തിരക്കഥയൊരുക്കിയ പി.വി ഷാജി കുമാര്‍, സംവിധായകന്‍ സിബി മലയില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പി.വി ഷാജി കുമാർ, മഹേഷ് നാരായണൻ, പാർവതി, ബീനാ പോൾ

2014ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടേക്ക് ഓഫിന്റെ കഥ പുരോഗമിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്സുമാരുടെ കഥ പറയുന്ന സിനിമയില്‍ പാര്‍വ്വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷെബിന്‍ ബേക്കര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ തിരക്കഥ പി.വി ഷാജികുമാറായിരുന്നു.

ബീനാ പോൾ, മഹേഷ് നാരായണൻ, പാർവതി

48ാമതു രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ട 26 ചലച്ചിത്രങ്ങളില്‍ ഒന്നായിരുന്നു ടേക്ക് ഓഫ്. മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും ചെയ്ത ടേക്ക് ഓഫ് ആയിരുന്നു. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ