scorecardresearch

5000 രൂപ മുതൽമുടക്കിൽ ഒരു ചിത്രം ഐ എഫ് എഫ് കെയിൽ

വുമൺ വിത്ത് എ മൂവി ക്യാമറ സംവിധായകൻ അടൽ കൃഷ്ണൻ സംസാരിക്കുന്നു

വുമൺ വിത്ത് എ മൂവി ക്യാമറ സംവിധായകൻ അടൽ കൃഷ്ണൻ സംസാരിക്കുന്നു

author-image
Goutham V S
അപ്‌ഡേറ്റ് ചെയ്‌തു
New Update
IFFK 2022, Woman With A Movie Camera, Atal Krishnan Interview

സിനിമയെന്നത് കോടികളുടെ ബിസിനസ്സാവുന്ന ഒരു കാലത്താണ് വെറും 5000 രൂപ മുതൽമുടക്കിൽ എടുത്തൊരു ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 'വുമൺ വിത്ത് എ മൂവി ക്യാമറ' തിങ്കളാഴ്ച ഐ എഫ് എഫ് കെയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോൾ അടൽ കൃഷ്ണൻ എന്ന യുവ സംവിധായകന്റെ ഏറെ കാലത്തെ സ്വപ്നമാണ് പൂർത്തീകരിച്ചത്. സമകാലിക സിനിമയുടെ വാർപ്പ് മാതൃകകളിൽ നിന്നും മാറി നടക്കുന്ന ഒരു ചിത്രമെന്ന് 'വുമൺ വിത്ത് എ മൂവി ക്യാമറ'യെ വിശേഷിപ്പിക്കാം. ആദ്യ ചിത്രത്തെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് അടൽ കൃഷ്ണൻ.

Advertisment
publive-image

സിനിമയിലേക്കുള്ള വഴി

പ്ലസ് 2 കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഷോർട്ട് ഫിലിമുകൾ ചെയ്യുന്നുണ്ട്. പിന്നീട് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടുന്ന് പരിചയപ്പെട്ട ഒരു ടീമിനൊപ്പം വീണ്ടും ചില ഹ്രസ്വചിത്രങ്ങൾ ചെയ്തു. അതിനിടയിൽ ജേർണലിസം കോഴ്സ് പഠിക്കുകയും കുറച്ച് ജേർണലിസം വിദ്യാർഥികൾക്കൊപ്പം ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തു. ആ സുഹൃത്ത് കൂട്ടത്തിന്റെ സഹകരണത്തോടെയാണ് 'വുമൺ വിത്ത് എ മൂവി ക്യാമറ' എന്ന സിനിമ ചെയ്തിരിക്കുന്നത്.

എന്റെ സുഹൃത്ത് ആതിര , അവൾ ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആതിരയെന്നോട് അവളുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം പറഞ്ഞു, ആ സംഭവത്തെ പറ്റി പല സ്ത്രീകളോടും സംസാരിച്ചപ്പോൾ മിക്കവർക്കും അത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ആ സംഭവം എന്താണെന്നു ഞാൻ പറയുന്നില്ല, അതാണ് എന്റെ ചിത്രത്തിന്റെ ആധാരം. അതിനെ കുറിച്ച് ആളുകളോട് പറയണമെന്നു തോന്നിയപ്പോൾ പല വഴികൾ ആലോചിച്ചു, ഷോർട് ഫിലിം വഴിയോ, നമ്മുടെ യൂട്യൂബ് ചാനൽ വഴിയോ അതിനെ ആളുകളിലേക്ക് എത്തിക്കാം എന്നോർത്തു. എന്നാൽ ഏറ്റവും ജനകീയമായ വഴി സിനിമ തന്നെയാണെന്ന് മനസിലായപ്പോഴാണ്, 'വുമൺ വിത്ത് എ മൂവി ക്യാമറ' എന്ന ചിത്രത്തിലേക്ക് ഞങ്ങളെത്തിപ്പെടുന്നത്.

5000 രൂപ ബഡ്ജറ്റിൽ പിറന്ന സിനിമ

വേറിട്ടൊരു ഴോണറിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത് . ഫ്രഞ്ച് ന്യൂ വേവ് കാലഘട്ടത്തിൽ ഉണ്ടായിരുന്നു ഒരു ഴോണറാണിത്, ട്രൂത്ഫുൾ സിനിമ എന്ന് പറയാം. മാൻ വിത്ത് എ മൂവി ക്യാമെറ എന്ന 1930 ലെ ഒരു ചിത്രവും ഇതേ യോഴണറിൽ ഉള്ളതായിരുന്നു. ആ ചിത്രം ഞങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. നമ്മുടെ സിനിമ ഈ ഴോണറിൽ ചിത്രീകരിക്കാൻ ഞങ്ങൾക്ക് 5000 രൂപ തന്നെ ധാരാളമായിരുന്നു. പടം ഷൂട്ട് ചെയ്തിരിക്കുന്നത് സോണി എ 7 എം 3 എന്ന മോഡൽ ക്യാമറയിലാണ്. ഈ ഒരു ഴോണറിൽ സൗണ്ട് ഒന്നും പ്രത്യേകം ചെയ്യാൻ പാടില്ല എന്ന് തന്നെയുണ്ട്, അതുകൊണ്ട് ക്യാമറയിൽ തന്നെ സൗണ്ട് റെക്കോർഡിങ് ചെയ്യാൻ സംവിധാനം ഉണ്ടായിരുന്നു. അഭിനേതാക്കൾക്കായി ഞങ്ങളൊരു കാസ്റ്റിംഗ് കാൾ നടത്തി, അത് വഴി മഹിത യു പി എന്ന ഒരാളെ കിട്ടി. ക്യാമറ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു സ്ത്രീയെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് മഹിതയെ ഞങ്ങൾ ഉറപ്പിക്കുന്നത്. സുഹൃത്തായ ആതിരയാണ് മറ്റൊരു പ്രധാന വേഷം ചെയുന്നത്. ഞാനും ആതിരയും കൂടിയാണ് ഇതിന്റെ തിരക്കഥ പൂർത്തിയാക്കുന്നത് . അതിനു ശേഷം മൂന്ന് മാസത്തോളം റിഹേഴ്സൽ ക്യാമ്പ് ഉണ്ടായിരുന്നു. എല്ലാവരും പുതുമുഖങ്ങളായതുകൊണ്ട് തന്നെ ഈ മൂന്നു മാസം ക്യാമ്പ് എല്ലാവരെയും സിനിമയ്ക്കായി തയ്യാറാക്കി. റിഹേഴ്സലിന്റെ സമയത്ത് ഞങ്ങൾ സംഭാഷണങ്ങൾ വീണ്ടും മാറ്റി എഴുതി.

Advertisment

ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ സിനിമ ചെയ്തത് ഒരു നിലപാട് കൂടിയായിരുന്നോ?

തീർച്ചയായും, സിനിമ എന്ന് പറയുന്ന മാധ്യമത്തിന് എണ്ണിയാൽ തീരാത്തത്ര സാധ്യതകളുണ്ട്. ചലച്ചിത്ര ഭാഷയെ പറ്റി കൂടുതൽ പഠിച്ചാൽ നമുക്ക് പല രീതിയിലുള്ള സിനിമകൾ ചെയ്യാൻ പറ്റും, അത് പഠിക്കാത്തത് കൊണ്ടോ അതിനു മെനക്കെടാത്തതു കൊണ്ടോ ആണ് മുഖ്യധാരാ സിനിമകൾ ഇപ്പോഴും ഒരേ അച്ചിൽ വാർത്ത കഥകളായി മാറുന്നത്. സിനിമയുടെ ഫോമിനെ പറ്റിയും ദൃശ്യ ഭാഷയുടെ സാധ്യതകളെ പറ്റിയും കൂടുതൽ പഠിച്ചാൽ നമുക്ക് ഏതു തരത്തിലുള്ള സിനിമകൾ വേണമെങ്കിലും ചെയ്യാം.

സ്റ്റീവൻ സോഡർബെർഗ് പോലെയുള്ള സംവിധായകർ ഫോണിൽ വരെ സിനിമ ചെയ്തിട്ടുണ്ട്, പക്ഷെ ഇവിടത്തെ മുൻനിര സംവിധായകർ അല്ലെങ്കിൽ സ്വതന്ത്ര സിനിമ സംവിധായകർ പോലും പൈസ ഇല്ലാ എന്ന പേരിൽ സിനിമ ചെയ്യാതെ ഇരിക്കുകയാണ്. തീർച്ചയായും സിനിമയിലെ മുതലാളിത്ത പ്രവണതകൾക്കെതിരെയുള്ള ഒരു അടയാളം കൂടിയാണ് ഈ സിനിമ. പൈസ മുടക്കിയാൽ നല്ല സിനിമ ചെയ്യാൻ കഴിയുകയുള്ളു എന്ന രീതി മാറി സിനിമയുടെ ഫോമിനെ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രമാകും വുമൺ വിത്ത് എ മൂവി ക്യാമറ എന്ന് ഞാൻ വിശ്വസിക്കുന്നു.

ഫോം ആണോ കണ്ടെന്റ് ആണോ സിനിമയ്ക്കു പ്രധാനം?

ഞാൻ ഫോമിൽ കൂടുതൽ വിശ്വസിക്കുന്ന ആളാണ്. കണ്ടെന്റ് ഇല്ലാത്ത സിനിമ പോലും ഫോമിൽ കൂടുതൽ പരീക്ഷണങ്ങൾ ചെയ്താൽ രസകരമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. മാൻ വിത്ത് എ മൂവി ക്യാമറ അതിനൊരു ഉദാഹരണമാണ്. എന്റെ ഈ ചിത്രത്തിൽ പക്ഷെ ഉള്ളടക്കത്തിനും പ്രാധാന്യമുണ്ട്.

എന്താണ് 'വുമൺ വിത്ത് എ മൂവി ക്യാമറ' മുന്നോട്ട് വയ്ക്കുന്ന ആശയം?

നമ്മൾ പൊതുവേ കാണുന്ന കുടുംബം എന്ന പുരുഷാധിപത്യ സ്‌ഥാപനത്തിനകത്തു രാവിലെ മുതൽ രാത്രി വരെ സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ സമൂഹം സാമാന്യവത്കരിച്ചു വെക്കുന്നുണ്ട്. അത്തരം വിഷയങ്ങളെല്ലാം ഈ ചിത്രത്തിൽ സൂക്ഷ്മമായി കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. മഹിത എന്നൊരു സ്ത്രീ ആതിര എന്ന സുഹൃത്തിന്റെ വീട്ടിൽ ഒരു ഡോക്യുമെന്ററി ചെയ്യാൻ പോകുന്നു, അവിടെ മഹിത അവരുടെ ക്യാമറയിൽ പകർത്തുന്ന കുറച്ചു ദൃശ്യങ്ങളാണ് ചിത്രം. അമച്വർ ആയ ഒരു സിനിമ വിദ്യാർത്ഥിയായിട്ടാണ് മഹിത വരുന്നത്. അടുത്ത ദിവസം കോളേജിൽ സബ്മിറ്റ് ചെയ്യാനായിട്ട് ഒരു തട്ടിക്കൂട്ട് ഡോക്യുമെന്ററി എടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയി എടുക്കുന്ന കുറച്ച് ദൃശ്യങ്ങളാണ്. ബ്ലെയർ വിച്ച് പ്രൊജക്റ്റ് എന്ന സിനിമയുടെ ഘടകങ്ങൾ എന്റെ സിനിമയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു ഡോക്യൂ ഫിക്ഷൻ രീതിയിലാണ് ചിത്രമെന്ന് തോന്നുമെങ്കിലും ഇതിലെ പല ഭാഗങ്ങളും വളരെ സ്വാഭാവികമായി എടുത്തതാണ്, റിഹേഴ്സൽ ഒന്നും ചെയ്യാതെ വളരെ ഓർഗാനിക് ആയി ഷൂട്ട് ചെയ്തതാണ്. അവിടെ അഭിനയമൊന്നുമില്ല, സത്യസന്ധമായി പകർത്തിയ ദൃശ്യങ്ങളാണ് അതുകൊണ്ടു തന്നെ സത്യവും കഥയും തമ്മിലുള്ള ഒരു മിശ്രിതമാണ് ഈ ചിത്രം.

എങ്ങനെയാണ് ഈ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നോക്കുന്നത്?

ചലച്ചിത്ര മേളകളിൽ കൂടി ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു സിനിമ എല്ലാവർക്കും ഇഷ്ടപ്പെടില്ലെന്നറിയാം. ഒടിടി പ്ലാറ്റുഫോമുകളുമായി ചർച്ച നടക്കുന്നുണ്ട്. ഒന്ന് രണ്ട് മേളകളിൽ കൂടി ചിത്രം തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്. ഇതുവരെ ഉറപ്പായിട്ടില്ല.

ഐ എഫ് എഫ് കെയിൽ തിരഞ്ഞെടുക്കപ്പെട്ടതിനെ എങ്ങനെ കാണുന്നു?

2016 മുതൽ ഐ എഫ് എഫ് കെ യിൽ പങ്കെടുത്തിട്ടുണ്ട്. ഓരോ മേള കഴിയുമ്പോഴും ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. പക്ഷെ വെറുതെ ഒരു സിനിമ ചെയ്തിട്ടു കാര്യമില്ലലോ, എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലെ സിനിമ ചെയേണ്ടൂ. അങ്ങനെ ആതിര ഒരു സംഭവം പറയുകയും അതൊരു സിനിമ ആകുകയും ചെയ്തു. സിനിമ പൂർത്തിയായിക്കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടിയപ്പോൾ നമുക്ക് സിനിമ ഐ എഫ് എഫ് കെയിലേക്ക് അയച്ചാലോ എന്നൊരു ആലോചന വന്നു. നമ്മുടെ ഒരു സ്വപ്നമായിരുന്നു ഐ എഫ് എഫ് കെ , തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. ആദ്യത്തെ പ്രദർശനം തന്നെ ഹൌസ് ഫുള്ളായിരുന്നു. നല്ല അഭിപ്രായമാണ് കിട്ടുന്നത്.

നിലവാരമില്ലാത്ത ഫിലിം സ്‌കൂളിൽ പഠിച്ച ഒരു വിദ്യാർത്ഥി എന്ന് താങ്കൾ തന്നെ പറഞ്ഞ സ്ഥിതിയ്ക്ക്, ഇത്തരം സ്‌ഥാപനങ്ങളെ കുറിച്ചുള്ള താങ്കളുടെ നിലപാട് എന്താണ്?

എന്റെ അഭിപ്രായത്തിൽ ഇത് വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമായിട്ടാണ് തോന്നുന്നത്. ഞാൻ പഠിച്ച രണ്ട് കോളേജുകളും, പേര് ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, രണ്ടും ഒരു നിലവാരവും ഇല്ലാത്തതായിരുന്നു. കോഴിക്കോട് പഠിക്കാൻ പോയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നിലവിലില്ല, പൂട്ടികെട്ടിപോയി. സിനിമ പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണമെന്നില്ല എന്നാണെനിക്ക് എന്റെ അനുഭവത്തിലൂടെ പറയാൻ കഴിയുക. ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കിട്ടുന്നതിനേക്കാൾ അറിവ് നിങ്ങൾക്ക് ഇന്റർനെറ്റിലൂടെ ലഭ്യമാണ്. നോ ഫിലിം സ്കൂൾ പോലത്തെ പല സൈറ്റുകൾ ഇപ്പോഴുണ്ട് നമുക്ക് സിനിമയെ പറ്റി പഠിക്കാനായി. ഞങ്ങളെയൊക്കെ പഠിപ്പിച്ച അധ്യാപകർക്ക് യോഗ്യത പോലുമില്ലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് , ഒരു തരം ചൂഷണമാണ് ഇത്തരം ഫിലിം സ്‌കൂളുകളിൽ നടക്കുന്നത്.

Interview Film Festival Iffk Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: