scorecardresearch

ആ ക്യാമറയിൽ പതിഞ്ഞ ചരിത്രം

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി, പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന് ആദരം അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ഫൊട്ടോ എക്സിബിഷന്റെ വിശേഷങ്ങളുമായി ശങ്കർ രാമകൃഷ്ണൻ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി, പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന് ആദരം അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ഫൊട്ടോ എക്സിബിഷന്റെ വിശേഷങ്ങളുമായി ശങ്കർ രാമകൃഷ്ണൻ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
IFFK 2022, Sivan Photo Exhibition, Shankar Ramakrishnan

ഫൊട്ടോഗ്രാഫി ചിലപ്പോഴൊക്കെ ഒരു മൂന്നാംകണ്ണാണ്. നേർക്കാഴ്ചയ്ക്ക് അപ്പുറത്തെ അഴകോടെയും ആഴത്തോടെയും സമഗ്രതയോടെയും ചില നിമിഷങ്ങളെ സ്വാഭാവികമായി ഒപ്പിയെടുക്കുന്ന ഒരു കല. ഓരോ ക്ലിക്കിലും സംഭവിക്കുന്ന ഒരു മാജിക്കുണ്ട്, പിന്നീടൊരാവർത്തി പുനസൃഷ്ടിക്കാൻ കൂടി കഴിഞ്ഞെന്നു വരില്ലത്.

Advertisment

വ്യക്തികൾ കടന്നുപോയാലും ആ ചിത്രങ്ങൾ ലോകത്തോട് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. പോയകാലത്തെ ഓർമ്മപ്പെടുത്തുന്ന, ഒരു കാലത്തിന്റെ, സംസ്കാരത്തിന്റെ, ആളുകളുടെ ജീവിതരീതിയുടെയൊക്കെ പ്രതിഫലനങ്ങൾ ഒളിഞ്ഞിരിക്കുന്ന ഫോട്ടോകൾ. അപൂർവ്വസുന്ദരമായ അത്തരം ചില ചിത്രങ്ങളാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിൽ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറും സിനിമോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ പകർത്തിയ അപൂർവ്വ ചിത്രങ്ങളുടെ എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനും കലാ സംവിധായകൻ റോയ് പി തോമസും ചേർന്നാണ്.

രാജഭരണകാലം മുതലിങ്ങോട്ട് ശിവന്റെ ക്യാമറയിൽ പതിഞ്ഞ നൂറ്റി അമ്പതോളം ചിത്രങ്ങളാണ് ടാഗോർ തിയേറ്ററിലെ പ്രത്യേകമൊരുക്കിയ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. "ശിവൻ അങ്കിളിന് ആദരമൊരുക്കുക എന്നതിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയാണ് എന്നെ ഈ അസൈന്റ്മെന്റ് ഏൽപ്പിച്ചത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു അദ്ദേഹം. ആ വീട്ടിൽ ഞാനൊരുപാട് തവണ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ ശിവൻ അ സ്പെയ്സ് വെറുമൊരു സ്റ്റുഡിയോ എന്നതിനേക്കാൾ സിനിമ, കല, സാഹിത്യം, സംസ്കാരമെന്നതിന്റെയൊക്കെ സംഗമഭൂമിയായിരുന്നു ഒരുകാലത്ത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങൾ ഞങ്ങൾ ഡിജിറ്റലായി റീസ്റ്റോർ ചെയ്തു. വരുംതലമുറയ്ക്ക് അതൊരു അമൂല്യമായ സ്വത്താവുമെന്നു തോന്നി," ശങ്കർ രാമകൃഷ്ണൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

"വളരെ അപൂർവ്വമായ ഒരുപാട് ചിത്രങ്ങൾ ഈ എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ചരിത്രപ്രാധാന്യമുള്ള ഏറെ കഥകൾ പറയാനുള്ള ചിത്രങ്ങൾ. വയനാട്ടിലെ ആദിവാസിജീവിതം പകർത്തിയ ആദ്യകാലചിത്രങ്ങളിൽ ഒന്ന് ശിവൻ അങ്കിളിന്റേതാണ്, 1950കളിൽ എടുത്ത ചിത്രമാണത്. അതുപോലെ, ഇതിഹാസതാരങ്ങൾ നിറഞ്ഞുനിൽക്കുന്ന ചെമ്മീൻ സിനിമയുടെ ലൊക്കേഷൻ സ്റ്റിൽസും ഇക്കൂട്ടത്തിലുണ്ട്. ശിവനങ്കിൾ പകർത്തിയ ആ ചിത്രങ്ങളുടെ ക്വാളിറ്റി കണ്ടിട്ടാണ് അന്ന് സിനിമയുടെ വലിയ കട്ടൗട്ടുകൾ തിയേറ്ററിന് പുറത്ത് വയ്ക്കണമെന്ന് എംടി വാസുദേവൻ സാർ നിർദ്ദേശിച്ചത് എന്നൊരു കഥയുണ്ട്.അന്നതൊരു പാത്ത് ബ്രേക്കിംഗ് മൂവ്മെന്റായിരുന്നു."

Advertisment
publive-image

"അക്ഷരങ്ങളിലൂടെ മാത്രം നമ്മളറിഞ്ഞ, കണ്ട് പരിചയമില്ലാത്ത ജി. ശങ്കരകുറുപ്പ്, ജി. ശങ്കരപ്പിള്ള എന്നിവരുടെ ചിത്രങ്ങൾ, ബഷീറും ഫാബിയുമൊന്നിച്ചുള്ള രസകരമായൊരു ഫൊട്ടോ, ജവഹർ ലാൽ നെഹ്‌റു ,ഇന്ദിരാ ഗാന്ധി , സർ സിപി, പട്ടം താണുപിള്ള ,ഇഎംഎസ്, തോപ്പിൽഭാസി, സത്യൻ ,ഹിന്ദി താരം രാജ് കപൂർ, ബഹദൂർ, ശങ്കരൻ നായർ, സലിൽ ചൗധരി, പ്രേം നസീർ, കേശവദേവ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക ചലച്ചിത്ര മേഖലകളിലെ നിരവധിയേറെ പ്രതിഭകളുടെ ചിത്രങ്ങൾ ഈ എക്സിബിഷനിൽ കാണാം. മലയാളികൾ ഏറ്റവുമധികം കണ്ടിട്ടുള്ള ഒരു പ്രേംനസീർ ചിത്രമെടുത്തതും ശിവൻ അങ്കിളാണ്. മാധവിക്കുട്ടി-കമല സുരയ്യ എന്നിങ്ങനെ രണ്ടു ദ്വന്ദ്വങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങളും എക്സിബിഷനിലുണ്ട്. പല കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ ചിത്രങ്ങൾ."

"നല്ല പ്രതികരണമാണ് എക്സിബിഷനു ലഭിക്കുന്നത്. ശിവൻ അങ്കിളിന്റെ സ്റ്റുഡിയോ പോലെ വർഷങ്ങളുടെ പഴക്കമുള്ള നൂറിലേറെ സ്റ്റുഡിയോകൾ ഇന്ന് കേരളത്തിലുണ്ട്. ആ ഫൊട്ടോഗ്രാഫുകൾ എല്ലാം ഇതുപോലെ സംരക്ഷിക്കാൻ കഴിഞ്ഞാൽ അടുത്ത തലമുറയ്ക്കും വലിയൊരു സഹായമാവും. അത്തരമൊരു ആശയവും ഇപ്പോൾ മനസ്സിലുണ്ട്. സിനിമകൾക്കു വേണ്ടി ഗവേഷണം നടത്തുമ്പോൾ, പലപ്പോഴും അക്കാലത്തെ സിനിമകൾ തന്നെയാണ് നമുക്ക് മുന്നിലുള്ള റഫറൻസ്. പക്ഷേ, നമ്മുടെ കാലഘട്ടത്തിലുണ്ടാവുന്ന സിനിമകൾ അതാതുകാലഘട്ടത്തെ പ്രതിനിധീകരിക്കണം എന്നില്ലല്ലോ. എന്നാൽ സ്റ്റുഡിയോ ഫൊട്ടോഗ്രാഫുകൾ അങ്ങനെയല്ല, ആ കാലത്തുണ്ടായിരുന്ന ആളുകൾ, അവരുടെ വസ്ത്രം, വാഹനങ്ങൾ ഒക്കെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെയൊക്കെ വീട്ടിലെ പഴയകാല കല്യാണഫോട്ടോകളിൽ പോലും കാണാം കാലത്തിന്റെ സത്യസന്ധമായ പകർത്തിവയ്ക്കൽ," ശങ്കർ രാമകൃഷ്ണൻ പറഞ്ഞു നിർത്തി.

Photography Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: