scorecardresearch
Latest News

അതിഥി തൊഴിലാളികളുടെ ജീവിതം വരച്ചുകാട്ടി ‘നിഷിദ്ധോ’; സംവിധായിക താര രാമാനുജൻ സംസാരിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹായത്തോടെ താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ ഐ എഫ് എഫ് കെയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇടം പിടിച്ച ചിത്രമാണ്

IFFK 2022, Nishiddho, Nishiddho director, Tara Ramanujan, nishiddo release

സ്ത്രീകൾ ചലച്ചിത്ര രംഗത്തേക്ക് കൂടുതൽ കടന്നു വരാനായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി ) മുഖേന നടത്തുന്ന പദ്ധതിയാണ് ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ. ഇതിനായി കെ എസ്എഫ് ഡി സി സ്ത്രീ ചലച്ചിത്രപ്രവർത്തകരിൽ നിന്ന് തിരക്കഥകൾ ക്ഷണിക്കുകയും അതിൽ നിന്ന് അർഹമായ, സാമൂഹിക പ്രസക്തിയുള്ള തിരക്കഥകൾ തിരഞ്ഞെടുത്തത് അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ സർക്കാർ അവതരിപ്പിച്ച ഒരു പദ്ധതിയുടെ അവസരം മനസിലാക്കി അതിനായി അപേക്ഷിച്ച് സർക്കാർ നിശ്ചയിച്ച ബഡ്ജറ്റിനുള്ളിൽ നിന്ന് നിർമിച്ച ചിത്രമാണ് താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ.

കനി കുസൃതി, തന്മയ ധനനിയ തുടങ്ങിയവർ അഭിനയിച്ച ചിത്രം കൊച്ചിയുടെയും കൊൽക്കട്ടയുടെയും പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെ അനുഭവങ്ങളുടെ യാഥാർഥത്ഥ്യം വരച്ചു കാട്ടുകയാണ്. നിഷിദ്ധോ ഐ എഫ് എഫ് കെയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ താര രാമാനുജൻ എന്ന സംവിധായിക ഏറെ സന്തോഷത്തിലാണ്. നിഷിദ്ധോ എന്ന ചിത്രം വന്ന വഴികളെ കുറിച്ചും, സിനിമയോടുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചും താര രാമാനുജൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

ചലച്ചിത്ര മേഖലയിലേക്ക് വന്ന വഴി

സിനിമ ചെയ്യണം എന്നൊരു അഭിനിവേശം പണ്ട് മുതലേ ഉണ്ടായിരുന്നുവെന്ന് പറയാനാവില്ല. കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടെയാണ് സിനിമ ചെയ്യണമെന്ന ആഗ്രഹം തോന്നുന്നതും അതിനെ ഗൗരവമായി കാണുന്നത്. ചെറുപ്പം മുതൽ സിനിമകൾ കാണുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുമായിരുന്നു . പക്ഷെ കുറച്ചു വർഷങ്ങളായിട്ടേയുള്ളൂ അപഗ്രഥനക്ഷമമായ മനസ്സോടുകൂടി സിനിമയെ സമീപിച്ചു തുടങ്ങിയിട്ട്. എനിക്ക് തിരക്കഥകളോട് കൂടുതൽ താല്പര്യം തോന്നുകയും അതിനായി ഒന്ന് രണ്ട് ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. ഞാനെഴുതിയ ഒരു തിരക്കഥ സിനിമയായിട്ടുണ്ട് . ഇതെന്റെ രണ്ടാമത്തെ തിരക്കഥയാണ്, ഇത് ഞാൻതന്നെ സംവിധാനവും ചെയ്തു.

വാണിജ്യ സിനിമകളുടെ ചേരുവകളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു ചിത്രമാണല്ലോ നിഷിദ്ധോ. ആദ്യചിത്രത്തോടുള്ള സമീപനമെന്തായിരുന്നു?

ഞാനും ഈ പറയുന്ന വാണിജ്യ സിനിമകളും മസാല ചിത്രങ്ങളും കണ്ടും ആസ്വദിച്ചുമാണ് വളർന്നത്. പക്ഷെ ഒരു ഘട്ടത്തിൽ പല തരത്തിലുള്ള, വിവിധ ശൈലിയിലുള്ള ചിത്രങ്ങൾ കാണാൻ തുടങ്ങി. ഞാനൊരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ, വളരെ റിയലിസ്‌റ്റിക്കായി, ജീവിത യാഥാർഥ്യത്തിന്റെ നേർകാഴ്ച കാണിക്കാൻ പോന്ന തരത്തിലുള്ള ഒരു ആഖ്യാന ശൈലിയിലൂടെ കൊച്ചി പോലെയൊരു നഗരത്തിന്റെ അത്ര വർണാഭമല്ലാത്ത പരുക്കൻ കാഴ്ചകൾ കാണിക്കണം എന്നു തോന്നി. സിനിമയിൽ അതിഥി തൊഴിലാളികളുടെ കഥ പറയാനുണ്ട്, അതിലുപരി, ഇത് ഒരു നഗരത്തിൽ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ കഥയാണ്, അവർ ആ നഗരത്തിന്റെ ഭാഗമല്ല എന്ന തിരിച്ചറിവോടെ ജീവിക്കുന്ന രണ്ട് മനുഷ്യർ. അവർ തമ്മിൽ ഉടലെടുക്കുന്ന ഒരു ആത്മബന്ധത്തിന്റെ, അവർക്ക് തമ്മിൽ മാത്രം ആശയവിനിമയം നടത്താൻ കഴിയുന്ന വിഷയങ്ങൾ , അവർ അവരുടെ ജീവിതത്തിന്മേൽ എടുക്കുന്ന ചില തീരുമാനങ്ങൾ, അതിന്റെ പരിണാമം എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

നിഷിദ്ധോ എന്ന ചിത്രം രൂപപ്പെടുന്നത് എങ്ങനെയാണ്?

കൊച്ചിപോലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു നഗരത്തിൽ ജീവിക്കുമ്പോൾ നമ്മൾ പല തരം മനുഷ്യരുമായി ഇടപഴകേണ്ടി വരും. പല ജീവിത പശ്ചാത്തലങ്ങളിൽ നിന്നുള്ള, പല സ്വത്വങ്ങളിൽ നിന്നുള്ള മനുഷ്യരെ നമുക്ക് കാണാനാകും. ഞാൻ കുറച്ച് അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. അവരുടെ ജീവിതാനുഭവങ്ങളും, നാട്ടിലെ അനുഭവങ്ങളും മനസിലാക്കിയപ്പോൾ അവരുടെ ജീവിതവും നമ്മുടെ ജീവിതവുമായി ഒരുപാട് സാമ്യതകൾ ഉണ്ടെന്നു മനസിലാക്കാനായി. കുറച്ചു നാൾ വിദേശത്തു ജീവിച്ചൊരാളാണ് ഞാൻ, അതുകൊണ്ട് തന്നെ അന്യരായി നിൽക്കുക എന്ന അവസ്ഥ എനിക്ക് മനസ്സിലാക്കാനാകും.

ബംഗാളി സംസ്കാരത്തിന്റെ പല സ്വാധീനവും ഈ ചിത്രത്തിൽ കാണാനാകും. കൽക്കട്ടയിൽ പോയി ദുർഗ പൂജ പോലെയുള്ള ബംഗാളിന്റെ സംസ്കാരവുമായി അടുത്ത് നിൽക്കുന്ന പല ആചാരങ്ങളും കാണുകയും മനസ്സിലാക്കുകയും ചെയ്തു, അതും ഈ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ പരമ്പരാഗത ശില്പ പണിക്കാർ വസിക്കുന്ന കുമാർതുലി എന്ന പ്രദേശത്തു പോവുകയും, അവരുടെ രീതികൾ മനസിലാക്കുകയു ചെയ്തിട്ടുണ്ട്. അവർ എങ്ങനെയാണു ദുർഗ ദേവിയുടെ ശിൽപം ഉണ്ടാക്കുന്നതെന്നും മറ്റും ഞാൻ മനസിലാക്കി അതിനെയും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ എസ് എഫ് ഡി സിയുടെ സാമ്പത്തിക സഹായത്തെ കുറിച്ച്?

കെ എസ് എഫ് ഡി സിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളും എക്സിക്യൂഷനും നിർവഹിച്ചത്. അവർ എനിക്ക് നീക്കി വെച്ച ബഡ്ജറ്റിനുള്ളിൽ തന്നെ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞു. സ്ത്രീ സംവിധായകർക്കായി സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായം തീർച്ചയായും അഭിനന്ദാർഹമാണ്. നമ്മൾ സുഹൃത്തുക്കളാണ് സർക്കാരിന്റെ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കാം എന്ന് തീരുമാനിച്ചതും അതിനു വേണ്ടി പ്രയത്നിച്ചതും. കെ എസ് എഫ് ഡി സി സ്ത്രീ സംവിധായകരിൽ നിന്നും തിരക്കഥകൾ ക്ഷണിച്ചപ്പോൾ , നമ്മൾ അയച്ചു കൊടുക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു.

May be an image of 2 people, tree and outdoors

കനി കുസൃതിയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

സത്യം പറഞ്ഞാൽ, കഥാപാത്രത്തിനായി അഭിനേതാവിനെ അന്വേഷിക്കുന്ന സമയത്ത് എനിക്ക് കനി കുസൃതിയെ അറിയില്ലായിരുന്നു. എന്റെ തിരക്കഥ വായിച്ചിട്ടുള്ള ഒരു സുഹൃത്താണ് കനി കഥാപാത്രത്തിന് അനുയോജ്യയാണെന്ന് നിർദേശിച്ചത്. അങ്ങനെയാണ് ഞാൻ കനിയുമായി ബന്ധപ്പെടുന്നത്. തീർച്ചയായും കനി വളരെ നല്ലൊരു കലാകാരിയാണ്. എന്റെ കഥാപാത്രത്തെ മനസിലാക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. പിന്നെ ഞാനൊരു പുതിയ സംവിധായികയാണ്, കനി അതിനെ ഒരു പോരായ്മയായി കണക്കാക്കാതെ എന്നോടൊപ്പം പ്രവർത്തിക്കാൻ താല്പര്യം കാണിച്ചു എന്നുള്ളത് വലിയ കാര്യമാണ്. എന്റെ തിരക്കഥ വായിച്ചു കനി അഭിനയിക്കാം എന്ന് സമ്മതിക്കുകയായിരുന്നു. കഠിനാധ്വാനം ചെയ്യാൻ ഒരു മടിയുമില്ലാത്ത കലാകാരിയാണ് കനി.

നിഷിദ്ധോ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം?

ഒരു രാഷ്ട്രീയം പറയാൻ വേണ്ടി എടുത്ത ചിത്രമല്ല ഇത്. എന്റെ മനസ്സിൽ വന്നൊരു കഥയെ സിനിമയായി വികസിപ്പിക്കുകയായിരുന്നു. തീർച്ചയായും ഇതൊരു സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ്, പക്ഷെ ഒരു സന്ദേശം കൊടുക്കാനൊന്നും ഞാൻ ശ്രമിച്ചിട്ടില്ല. കൊച്ചിയിൽ നടക്കുന്നൊരു കഥയാണ്, പക്ഷെ ഇത് കൊച്ചിയിൽ ചിലപ്പോൾ ഇതുവരെ നടന്നിട്ടുണ്ടാവാൻ സാധ്യതയില്ല. കാരണം, കൊച്ചി ബോംബെ പോലെ വളരെ പഴക്കം ചെന്നൊരു നഗരമല്ല. ബോംബയ്ക്ക് പണ്ട് തൊട്ടേ പല ദേശങ്ങളിൽ നിന്നും ആളുകൾ ജീവിക്കാനായി കുടിയേറി വന്ന ചരിത്രമുണ്ട്. കൊച്ചി അങ്ങോട്ടേക്കുള്ള പാതയിലാണ്, അതിന്റെതായ ഒരു എനർജിയും, ലക്ഷ്യവുമൊക്കെ കൊച്ചി എന്ന നഗരത്തിനുണ്ട് , ആ നഗരത്തെ തന്നെ ഒരു കഥാപാത്രമായി ചിത്രത്തിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.

നിഷിദ്ധോ ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ?

തീർച്ചയായും സന്തോഷമുണ്ട്. ഇത് എന്റെ മാത്രം ചിത്രമല്ല . ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ അംഗീകാരത്തിൽ പങ്കുണ്ട്. കോവിഡ് സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ഭൂരിഭാഗവും നടന്നത്, വളരെ ബുദ്ധിമുട്ടിയാണ് അത്തരം പ്രതിസന്ധികൾക്കിടയിലും ചിത്രം പൂർത്തിയാക്കാൻ സാധിച്ചത്. ഏറെ ലൊക്കേഷനുകളും, ഔട്ട്ഡോർ ഷൂട്ടും വേണ്ടിയിരുന്ന ചിത്രമായതിനാൽ , ബജറ്റ് കവിയാതെ, ചിട്ടയോടെ, കൃത്യമായ സമയ ഘടനക്കുള്ളിൽ നിന്ന് ചിത്രം പൂർത്തിയാക്കാനായി എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചോളം വലിയൊരു വിജയമാണ്. ചിത്രം കണ്ട ജൂറി നല്ലഭിപ്രായമാണ് പറഞ്ഞത്. വേറെയും ഒന്ന് രണ്ടു മേളകളിലേക്ക് ‘നിഷിദ്ധോ’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2022 nishiddho director tara ramanujan interview