/indian-express-malayalam/media/media_files/uploads/2022/03/iffk-inauguiration.jpg)
തിരുവനന്തപുരം: ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു. നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽവച്ച് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് ചടങ്ങിൽ മുഖ്യാതിഥിയായി. നടി ഭാവന അപ്രതീക്ഷിതമായി ചടങ്ങിൽ അതിഥിയായെത്തി.
ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് മേളയിലെ ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഈയിടെ അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിച്ചു.
ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്തു.
മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ളക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.
അഫ്ഗാനിസ്ഥാന്‍, കുര്‍ദിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിംഗ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന്‍ മിഗ്വില്‍ ഗോമസിന്റെ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ളാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ് സേതുമാധവന്‍, ഡെന്നിസ് ജോസഫ്, പി.ബാലചന്ദ്രന്‍, ദിലീപ് കുമാര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്. ജി.അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിന്റെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഈ മേളയില്‍ നടക്കും.
ജൂറി ചെയർമാനും അംഗങ്ങളും
പ്രമുഖ കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍. എഡിറ്റര്‍ ജാക്വസ് കോമറ്റ്സ്, സംവിധായിക മാനിയ അക്ബാരി, അഫ്ഗാന്‍ ചലച്ചിത്രകാരി റോയ സാദത്ത്, നിര്‍മ്മാതാവ് ഷോസോ ഇച്ചിയാമ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍. നിരൂപകരായ വിയറ ലാഞ്ചറോവ, ജിഹാനെ ബോഗ്രൈന്‍, അശോക് റാണെ എന്നിവരാണ് ഫിപ്രസ്കി അവാര്‍ഡിന്റെ ജൂറി അംഗങ്ങള്‍. രശ്മി ദൊരൈസ്വാമി, ബോബി ശര്‍മ്മ ബറുവാ, ബൂഡി കീര്‍ത്തിസേന എന്നിവരാണ് നെറ്റ്പാക് ജൂറി അംഗങ്ങള്‍. എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡിന്റെ ജൂറി അംഗങ്ങളായി അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ, സണ്ണി ജോസഫ് എന്നിവര്‍ പ്രവര്‍ത്തിക്കും.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
100 ശതമാനം റിസര്‍വേഷന്‍
നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയേറ്ററുകളിലും 100 ശതമാനം സീറ്റുകളിലും റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഉദ്ഘാടന- സമാപന ദിവസങ്ങളായ 18നും 25നും റിസര്‍വേഷന്‍ ഉണ്ടായിരിക്കുന്നതല്ല. റിസര്‍വേഷന്‍ ചെയ്യുന്നതിനായി ടാഗോര്‍, കൈരളി, ഏരീസ് പ്ളക്സ് തിയേറ്ററുകളില്‍ ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. ഒരു ദിവസത്തെ സിനിമ കാണുന്നതിനുള്ള റിസര്‍വേഷന്‍ തലേ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിക്കും. ഇത്തവണ 10,000 പേര്‍ക്ക് പാസ് അനുവദിക്കും. മേളയിലെ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തിന് ഇരട്ടി പാസുകള്‍ അനുവദിച്ചിട്ടുണ്ട്. ഡെലിഗേറ്റുകളുടെ സൗകര്യത്തിനായി വിവിധ തിയേറ്ററുകളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസും ഫെസ്റ്റിവല്‍ ഓട്ടോയും ഏര്‍പ്പെടുത്തും. ഫെസ്റ്റിവലിലെ വിവിധ വിഭാഗങ്ങള്‍ക്കായി കെ.എസ്.ഇ.ബി 10 ഇലക്ട്രിക് കാറുകളും പ്രവർത്തിക്കുന്നുണ്ട്.
വിശിഷ്ടാതിഥികളും പ്രത്യേക പരിപാടികളും
കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രമായ രെഹാനയിലെ നായിക അസ്മേരി ഹഖ്, മല്‍സര വിഭാഗം ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി അംഗങ്ങളായ ഡോ.ബോബി ശര്‍മ്മ ബറുവ, ഡോ.രശ്മി ദൊരൈസ്വാമി, ഫിപ്രസ്കി ജൂറി അംഗങ്ങളായ അശോക് റാണെ, കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് ജൂറി അംഗങ്ങളായ അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയവര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്.
സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മാസ്റ്റര്‍ ക്ളാസ്, സുരേഷ് എറിയാട്ട് നയിക്കുന്ന അനിമേഷന്‍ വര്‍ക്ക്‌ഷോപ്പ്, ഫിലിം ആര്‍ക്കൈവിംഗിനെക്കുറിച്ചുള്ള പി.കെ നായര്‍ മെമ്മോറിയല്‍ സെമിനാര്‍. മലയാള ചലച്ചിത്ര സംവിധായകര്‍ക്കുവേണ്ടിയുള്ള ത്രിദിന സിമ്പോസിയം,അരവിന്ദന്‍ മെമ്മോറിയല്‍ ലക്ചര്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍ എന്നീ പരിപാടികളും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.
സാംസ്കാരിക പരിപാടികള്‍
മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് മാര്‍ച്ച് 19, 21, 23, 24 തീയതികളില്‍ കലാപരിപാടികളും അരങ്ങേറും. ഷഹബാസ് അമന്റെ സംഗീത പരിപാടി, ‘ആട്ടക്കളം’ അവതരിപ്പിക്കുന്ന ഗോത്രകലാമേള, പുഷ്പവതിയുടെ കര്‍ണ്ണാട്ടിക് ഫ്യൂഷന്‍ മ്യൂസിക്, ഈയിടെ അന്തരിച്ച ഗാനരചയിതാക്കളായ ബിച്ചു തിരുമല, എസ്.രമേശന്‍ നായര്‍, പൂവച്ചല്‍ ഖാദര്‍ എന്നിവര്‍ക്കും ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രാകേഷ് ബ്രഹ്മാനന്ദന്‍ നയിക്കുന്ന നവനീത ചന്ദ്രിക എന്ന സംഗീതപരിപാടി എന്നിവയൊക്കെയാണ് മേളയോടനുബന്ധിച്ച് മുഖ്യവേദിയില്‍ സംഘടിപ്പിക്കുന്നത്. നിശാഗന്ധിയില്‍ മാര്‍ച്ച് 25ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മധുശ്രീ നാരായണനും രാജലക്ഷ്മിയും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കും ഉണ്ടായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.