പോരാട്ടത്തിന്റെ പെൺ പ്രതീകങ്ങളെന്ന വിശേഷണത്തോടെയാണ് ഇത്തവണത്തെ ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിൽ ചില അതിഥികളെ സ്വാഗതം ചെയ്തത്. ചടങ്ങിൽ അതിഥിയായെത്തിയ നടി ഭാവനയെ ‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിളിച്ചാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത് വേദിയിലേക്കു സ്വാഗതം ചെയ്തത്.
തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങിൽ വച്ച് ‘സ്പിരിറ്റ് ഓഫ്’ സിനിമ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിച്ചിരുന്നു. ലിസ ചലനെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളറിയിക്കുന്നതായി രണ്ട് വാചകത്തിലൊതുക്കിയ തന്റെ പ്രസംഗത്തിൽ ഭാവന പറഞ്ഞിരുന്നു.

നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്. സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകര്‍ക്കു ചലച്ചിത്ര നിര്‍മ്മാണത്തിനു സർക്കാർ നല്കുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.


ചലച്ചിത്രമേളയുടെ ചടങ്ങിൽ നടനും സംവിധായകനുമായ അനുരാഗ് കാശ്യപ് മുഖ്യാതിഥിയായി. മന്ത്രി സജിചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിലെ നായിക അസ്മരി ഹഖ്, മന്ത്രിമാരായ വി ശിവൻ കുട്ടി,ആന്റണി രാജു,മേയർ ആര്യാ രാജേന്ദ്രൻ ,വി കെ പ്രശാന്ത് എം എൽ എ ,അക്കാഡമി ചെയർമാൻ രഞ്ജിത്,വൈസ് ചെയർമാൻ പ്രേം കുമാർ, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാ പോൾ തുടങ്ങിയവരും പങ്കെടുത്തു.



ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് മേളയിലെ ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഈയിടെ അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഗായത്രി അശോകന് ഗാനങ്ങള്‍ ആലപിച്ചു.

മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ളക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.
Also Read: ‘അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ’; ഐഎഫ്എഫ്കെ വേദിയിൽ ഭാവന
അഫ്ഗാനിസ്ഥാന്, കുര്‍ദിസ്ഥാന്‍, മ്യാന്മര് എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിംഗ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന് മിഗ്വില്‍ ഗോമസിന്റെ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ളാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ് സേതുമാധവന്, ഡെന്നിസ് ജോസഫ്, പി.ബാലചന്ദ്രന്, ദിലീപ് കുമാര്‍, മാടമ്പ് കുഞ്ഞുക്കുട്ടന് എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്. ജി.അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിന്റെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഈ മേളയില്‍ നടക്കും.