IFFK 2022: തിരുവനന്തപുരം: അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളറിയിച്ച് നടി ഭാവന. ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
“നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാവർക്കും ലിസയെപ്പോലെ അസമത്വങ്ങൾക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാ വിധ ആശംസകളും,” ചുരുങ്ങിയ വാക്കുകളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച ഭാവന പറഞ്ഞു.
തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങിൽ വച്ച് ‘സ്പിരിറ്റ് ഓഫ്’ സിനിമ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിച്ചിരുന്നു.
‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത് വേദിയിലേക്കു സ്വാഗതം ചെയ്തത്. കെഎസ്എഫ്ഡിസി ചെയര്മാന് സംവിധായകൻ ഷാജി എന്‍ കരുൺ പൂക്കൾ നൽകി ഭാവനയെ സ്വീകരിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു പൊതു ചടങ്ങിൽ പങ്കാളിയായ ഭാവനയെ വലിയ കരഘോഷങ്ങളോടെയാണ് ചടങ്ങിനെത്തിയവർ സ്വീകരിച്ചത്.
ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ തന്നെ ക്ഷണിച്ച കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, മേളയുടെ ആർറ്റിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ എന്നിവര്‍ക്ക് ഭാവന നന്ദി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രമേളഉദ്ഘാടനം ചെയ്തത്. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് ചടങ്ങിൽ മുഖ്യാതിഥിയായി.
ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് മേളയിലെ ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഈയിടെ അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഗായത്രി അശോകന് ഗാനങ്ങള്‍ ആലപിച്ചു.
Also Read: IFFK 2022: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; അതിഥിയായി ഭാവനയും