IFFK 2019: വിദൂര ദേശങ്ങളില്‍ ഉള്ള രണ്ട് അപരിചിതർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനോഹരമായി അവതരിപ്പിക്കുകയാണ് ജുവാൻ കാബ്രലിന്റെ അരങ്ങേറ്റ ചിത്രമായ ‘ടൂ/വൺ.’ പുരുഷന്മാർ, അപരിചിതരും ലോകത്തിന്റെ രണ്ടു വശങ്ങളിൽ താമസിക്കുന്നവര്‍, ഉറക്കത്തിന്റെയും ഉണർവിന്റെയും ചക്രങ്ങളിലൂടെ’ യിൻ-യാങ്’ (Yin-Yang) പോലുള്ള ബന്ധം പങ്കിടുന്നു.
കാനഡയിലെ വിസ്‌ലറിലെ ലോകോത്തര സ്കീ ജമ്പറാണ് കാഡെൻ (ബോയ്ഡ് ഹോൾബ്രൂക്ക്). മുപ്പത്തിയഞ്ചു വയസ്സുള്ള കാഡെൻ കരിയറിന്റെ അവസാനത്തില്‍ എത്തി നിൽക്കുകയാണ്. വിവാഹിതയായ, തന്റെ കൗമാരപ്രണയിനിയായ മാർത്തയുമായി (ഡൊമിനിക് മക് എല്ലിഗോട്ട്), വീണ്ടും ബന്ധപ്പെടാനുള്ള അവസരം അയാള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്നു. അവർ കണ്ടുമുട്ടുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ കാഡന്റെ പിതാവ് (ബ്യൂ ബ്രിഡ്ജസ്) വിവാഹത്തിന് ശേഷം പെട്ടെന്ന് ഭാര്യയെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു.
ചൈനയിലെ ഷാങ്ഹായിലെ ഒരു കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ആണ് ഖായ് (സോംഗ് യാങ്). ഇന്റർനെറ്റിലെ ഒരു റിവനജ് പോര്‍ണ്‍ (Revenge-Porn) സൈറ്റിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ ചിത്രം ഖായിയെ ആകർഷിക്കുന്നു. ജിയ എന്നൊരു പെണ്‍കുട്ടി ഖായിയുടെ ഓഫീസിൽ ജോലി ചേരുന്നു. അവൾ താൻ പിന്തുടരുന്ന പെൺകുട്ടിയാണെന്നു ജിയ തിരിച്ചറിയുന്നു. വിവാഹദിനത്തിൽ തനിക്ക് ‘ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യനെപ്പോലെ’ തോന്നിയതായി ഖായിയുടെ ഭാര്യ നഷ്ടപെട്ട അച്ഛൻ (ഗബ്രിയേൽ സായ്) മകനോട് ഏറ്റുപറയുന്നു.
ഈ വ്യത്യസ്ത പരിസ്ഥിതികളിലും ചുറ്റുപാടുകളിലും ഉള്ളവർ തമ്മിൽ ബന്ധമുണ്ടെന്ന് അറിയാതെ രണ്ടു പേരും അവരുടെ ജീവിതങ്ങളിൽ മുന്നോട്ട് നീങ്ങുന്നു. ഒരാൾ ഉണരുമ്പോൾ, മറ്റൊരാൾ ഉറങ്ങുന്നു. അവർ പരസ്പരം സ്വപ്നം കാണുന്നു. ചില വിചിത്രമായ രീതികളില്‍ അവര്‍ ഒന്നാണ്. ഒരിക്കലും കണ്ടുമുട്ടാന്‍ പാടില്ലാതിരുന്ന ഈ രണ്ടു പേര്‍ കണ്ടുമുട്ടുന്നതോടെ ഇത് ഇരുവരുടെയും ജീവിതത്തിലെ ദുരന്തങ്ങളായി മാറുന്നു.
ഒരാളുടെ നിലനിൽപ്പിനെ മറ്റൊരാളുമായി ബന്ധിപ്പിച്ചു കൊണ്ട് പോകുന്ന ഈ കഥാഗതി മനോഹരമാണ്. നാമെല്ലാവരും മറ്റൊരാളുമായി ഈ ഉറക്കത്തിന്റെയും ഉണർവ്വിന്റെയും ബന്ധം പങ്കിടുന്നുണ്ടോ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ഈ ചിത്രം. ദൂരത്തു നിന്ന് കൊണ്ട് ഒരാളുമായി ഇത്രയേറെ ഐക്യപ്പെടാന്‍ സാധിക്കും എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് കൊണ്ടാണോ എന്തോ, കഥാപത്രങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പ്രേക്ഷകനു നിരാശ തോന്നുന്നത്. അവര്‍ ഒത്തുചേരുമ്പോള്‍ സത്യവും മിഥ്യയും സ്നേഹവും ആര്‍ദ്രതയും സ്വപ്നവും സങ്കല്‍പ്പവും എല്ലാം ഒരു ലൈറ്റ് സ്വിച്ച് ഓണും ഓഫും ചെയ്യുന്നത് പോലെ മാറി മാറി വരുന്നു. സ്വത്വം എന്ന ആശയത്തെ തന്നെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ദൃശ്യവല്‍ക്കരണം.
ഷാങ്ഹായിയിൽ ഒരു വെടിക്കെട്ട് പൊട്ടിത്തെറിക്കുന്നു, വാൻകൂവറിൽ ഒരു തീപ്പൊരി മഴ പെയ്യുന്നു; കാഡനും മാർത്തയും കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഒരു ലേഡിബേർഡ് ഡാഷ്‌ബോർഡിലൂടെ ഇഴഞ്ഞു നീങ്ങുന്നു, ഖായും ജിയയും പ്രണയത്തിലായതിന് ശേഷം സോഫയിൽ ഉറങ്ങുന്നു; പേപ്പറിൽ കാണുന്ന കാഡന്റെ ഫോട്ടോ വർഷങ്ങളോളമുള്ള നിശബ്ദതയ്ക്ക് ശേഷം കാഡനെ വിളിക്കാൻ മാർത്തയെ പ്രേരിപ്പിക്കുന്നു, ജിയയുടെ ഫോട്ടോഗ്രാഫുകൾ അവളെ ഖായിയുമായി ബന്ധിപ്പിക്കുന്നു; ഭൂമിയുടെ രണ്ടു ഭാഗങ്ങളിൽ നടക്കുന്ന ഈ അത്ഭുതകരമായ പ്രതിഭാസങ്ങള്‍ ട്രാൻസ്-ഗ്ലോബൽ തലത്തിലേക്ക് ഉയരുന്നു.
ഐഡന്റിറ്റിയുടെ പൂർണമായ അര്‍ത്ഥം അന്വേഷിക്കുന്ന ചിത്രത്തിൽ പ്രണയം ഒരു പ്രധാന ഘടകമാണ്. രണ്ട് ജീവിതങ്ങളിലൂടെ പറയുന്ന ഈ റൊമാന്റിക് ഫാന്റസി തീവ്രമായ ഒരു കാഴ്ചാനുഭവമാണ്.
Read Here: IFFK 2019: ഇനി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുകൾ