scorecardresearch
Latest News

IFFK 2019: Tony Gatlif Films: ജിപ്സി ജീവിതം നിര്‍മിച്ച സിനിമ

IFFK 2019 Tony Gatlif Films: ഗാറ്റ്‌ലിഫിലെ സംവിധായകനെ സംബന്ധിച്ചും അയാളിലെ വ്യക്തിയെ സംബന്ധിച്ചും പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു സിനിമ,’ Contemporary Masters in Focus വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ടോണി ഗാറ്റ്‌ലിഫ് ചിത്രങ്ങളെക്കുറിച്ച്

IFFK 2019: Tony Gatlif Films: ജിപ്സി ജീവിതം നിര്‍മിച്ച സിനിമ

ബാല്‍ക്കന്‍ പ്രദേശത്തെ ജീവിതത്തെയും മനുഷ്യരെയും പ്രദേശികതയെയും അടയാളപ്പെടുത്തുക വഴി ലോക ചലച്ചിത്ര വേദിയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ഫ്രഞ്ച് സംവിധായകനാണ് ടോണി ഗാറ്റ്‌ലിഫ്. യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും തകര്‍ത്തു കളഞ്ഞ ദേശങ്ങളുടെ സാംസ്കാരിക വഴികളിലൂടെയാണ് ഗാറ്റ്‌ലിഫിന്‍റെ യാത്രകള്‍.

സാര്‍വത്രികവും ശാശ്വതവുമായ സംഗീതത്തിന്റെയും നൃത്തത്തിന്റെയും സമന്വയമായാണ് അദ്ദേഹത്തിന്റെ സിനിമകള്‍ വിലയിരുത്തപ്പെടുന്നത്. അഭയാര്‍ഥിത്വത്തിന്റെ ശക്തമായ ആവിഷ്കാരം തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ഗാറ്റ്ലിഫ് ചിത്രങ്ങളില്‍ കാണാം. മാറുന്ന ലോക സാഹചര്യങ്ങളുടെയും മനുഷ്യര്‍ അനുഭവിക്കുന്ന ദുഖത്തിന്റെയും ആഴത്തെ അതു പ്രതിനിധാനം ചെയ്യുന്നുണ്ട്.

‘ഗാഡ്ജോ ഡിലോ,’ ‘എക്സിൽസ്’ തുടങ്ങിയ ചിത്രങ്ങൾ പരിശോധിക്കുമ്പോള്‍ ചലച്ചിത്രത്തിന്റെ രൂപത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപരവ്യക്തിത്വം സംവിധായകന്റെ തന്നെ സംഘര്‍ഷങ്ങളാണെന്ന് ബോധ്യപ്പെടും. ഉത്തരാധുനിക സാഹിത്യം ചെറിയ ദേശങ്ങളിലേക്ക് ചുരുങ്ങുകയും ആ ദേശകാല ഇതിഹാസങ്ങളെ പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നതു പോലെ തന്നെയാണ് ചലച്ചിത്രത്തിലെ ഈ ആഖ്യാനം ഗാറ്റ്‌ലീഫ് നടത്തുന്നത്.

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള
IFFK to feature Tony Gatlif films in the Contemporary Masters in Focus Section

പ്രാചീനമായ ഒരു സംഗീതം തേടിപ്പോകുന്ന ഗാഡ്ജോ ഡില്ലോയിലെ നായകനും അൾജീരിയന്‍ യാത്ര നടത്തുന്ന പ്രണയിതാക്കളും തങ്ങളുടെ സാംസ്കാരിക വേരുകളിലേക്കുള്ള യാത്രയുടെ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ആഗ്രഹവും ഉള്ളില്‍ സൂക്ഷിച്ചാണ് നടക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ‘ജാം (Djam)’ പറയുന്നതും വ്യത്യസ്തമായൊരു കഥയല്ല. തിരശ്ശീലയിലെ വര്‍ണ്ണപ്പൊലിമയല്ല, സ്വാതന്ത്ര്യത്തിന്റെ തീവ്രമായ വാദങ്ങളാണ് ‘ജാമും’ പറയുന്നത്.

ഇസ്താംബൂള്‍ ഗ്രീസ്സ് തുര്‍ക്കിയിലെ ചില അതിര്‍ത്തി പ്രദേശങ്ങള്‍, അങ്ങനെ നീണ്ടു കിടക്കുന്ന അറിയപ്പെടാത്ത ഒരുപാടു പ്രദേശങ്ങളും ജീവിതവും നിരനിരയായി ടോണി ഗാറ്റ്‌ലീഫിന്റെ ചലച്ചിത്രങ്ങളില്‍ വന്നു പോകുന്നു. മറ്റു സംവിധായകരെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഗാറ്റ്‌ലീഫ് ചിത്രങ്ങള്‍ സംവിധായകന്റെ തന്നെ ജീവിതത്തിന്റെ നേര്‍പകുതിയായി തോന്നുന്നതില്‍ അതിശയോക്തിയില്ല. പ്രണയത്തിന്റെ, രതിയുടെ, സ്വാതന്ത്ര്യത്തിന്റെ ബിംബങ്ങള്‍ മാത്രമല്ല ജീവിതം. നിസ്സാരവും നൃത്തം ചെയ്തും പാടിയും ആസ്വദിക്കാനുമുള്ളതാണെന്നുമുള്ള ആഹ്വാനം കൂടിയാകുന്നു ഈ ചലച്ചിത്രങ്ങള്‍.

 

ഞാനൊരു ജിപ്സിയാണ് എന്റെ സിനിമ എന്റെ വേരുകളും

മുഖം നിറയെ ചുളിവുകളും പിന്നിലേക്ക് വകഞ്ഞിട്ട മുടിയും കറുത്ത കോട്ടുമിട്ട് മഞ്ഞു പെയ്തു കഴിഞ്ഞ ഫ്രാന്‍സിലെ ഒരു തെരുവിലൂടെ ടോണി ഗാറ്റ്‌ലിഫ് പതുക്കെ നടന്നു പോകുന്നു. ഇടക്കിടെ അയാള്‍ ക്യാമറയെ നോക്കി തന്‍റെ കഥ പറയുന്നു. കാലുകള്‍ അതിവേഗത്തില്‍ ചലിപ്പിച്ചു കൊണ്ട് ജിപ്സി നൃത്തം ചെയ്യുന്നു.’Rendezvous with director Tony Gatlif’ എന്ന ഡോക്യുമെന്‍ററി അങ്ങനെയാണ് ആരംഭിക്കുന്നത്.

‘സിനിമ വന്നതും ഒരു സ്വപ്നം പോലെയാണ്. എന്റെ ദരിദ്രമായ ചുറ്റുപാടില്‍ കറുപ്പും വെളുപ്പും ചേര്‍ന്ന കര്‍ട്ടനില്‍ ഒരു ട്രെയ്‌ലർ. ഒരു തീവണ്ടിയുടേതാണ് അതെന്നാണ് ഓര്‍മ്മ, ശരിക്കും അതൊരു മാജിക് തന്നെയായിരുന്നു.’

1948 ല്‍ ആള്‍ജീരിയയിലെ ഒരു ഗ്രാമത്തിലായിരുന്നു ടോണി ഗാറ്റ്‌ലീഫ് ജനിച്ചത്. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അള്‍ജീരിയന്‍ സ്വാതന്ത്ര്യ പ്രക്ഷോഭ കാലത്ത് രാജ്യം വിട്ട് കുടുംബം ഫ്രാന്‍സിലേക്ക് പലായനം ചെയ്തു. അവധിക്കാലങ്ങളില്‍ പിതാവ് കുട്ടികളെ അള്‍ജീരിയയിലേക്ക് കൊണ്ടു പോകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഒരിക്കലും താന്‍ അവിടേക്ക് തിരിച്ചു പോയില്ല എന്നദ്ദേഹം പറയുന്നുണ്ട്. ഫ്രാന്‍സിലെ ജീവിതം ഗാറ്റ്‌ലീഫിലെ പ്രതിഭയെ കണ്ടെത്തി. കലാകാരന്മാരുടെ വാഗ്‌ദത്ത ഭൂമിയായ ഫ്രാന്‍സിലെ തിയേറ്ററുകളില്‍ 1975 വരെ അദ്ദേഹം നാടക പ്രവര്‍ത്തകനായി ജീവിച്ചു. തിരക്കഥാകൃത്തും സംഗീത സംവിധായകനായും നിറഞ്ഞു നിന്നതിനു ശേഷമാണ് സിനിമയിലേക്ക് അദ്ദേഹം ചുവടുമാറിയത്.

1975 ല്‍ ‘ലാ ടീറ്റെ എൻ റൂയിൻ’ (La Tête en ruine) എന്ന ചലച്ചിത്രവും, 1979 ൽ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ‘ലാ ടെറെ വെന്റർ’ (La Terre au ventre) ഉം അദ്ദേഹം സംവിധാനം ചെയ്തു. എണ്‍പതുകള്‍ക്ക് ശേഷം യൂറോപ്പിലെ ജിപ്സികളുടെ ജീവിതമായിരുന്നു ഗാറ്റ്‌ലീഫിന്റെ ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങള്‍. ഇക്കാലത്താണ് ഒരു സംവിധായകന്‍ എന്ന പേരില്‍ അദ്ദേഹത്തിന് രാജ്യാന്തര പ്രശസ്തി കൈവന്നത്.

Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

 

യൂറോപ്പിലെ ജിപ്സികളുടെ ജീവിതം ദുരിതവും സംഘര്‍ഷ ഭരിതവുമായിരുന്നു. തനതു സംഗീതവും നൃത്തവുമാണ് അവര്‍ അതിജീവനമായി കണ്ടത്. ഗാറ്റ്‌ലീഫിലെ സംവിധായകനെ സംബന്ധിച്ചും അയാളിലെ വ്യക്തിയെ സംബന്ധിച്ചും പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു സിനിമ. ജിപ്സികളുടെ ജീവിതം അവതരിപ്പിക്കുക വഴി പലായനത്തിന്‍റെ രാഷ്ട്രീയവും വ്യഥകളും തന്‍റെ തന്നെ അന്വേഷണങ്ങളും സമര്‍ത്ഥമായി ആവിഷ്കരിക്കാന്‍ ഗാറ്റ്‌ലീഫിന് കഴിഞ്ഞു.

1992 ലും1993 ലുമായി ചിത്രീകരിച്ച ‘ലാച്ചോ ഡ്രോം’ എന്ന ചെറു ചിത്രം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടി. 2004 ൽ പുറത്തിറങ്ങിയ ‘എക്‌സൈൽ’ എന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ ഗാറ്റ്‌ലീഫിന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി കൊടുത്തു.

തെരുവുകളോ നഗര പ്രാന്തങ്ങളിലെ മൈതാനങ്ങളോ ഒക്കെയാണ് ജിപ്സികളുടെ രാഷ്ട്രങ്ങള്‍, അധികാരമോ സംരക്ഷണമോ ഒന്നുമില്ലാതെ യൂറോപ്പിലും ഏഷ്യയിലുമായി അവര്‍ അലഞ്ഞു തിരിയുന്നു. ജിപ്സികളെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഡതയാണ് പലപ്പോഴും മറ്റുള്ളവരെ അവരിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. ഗാറ്റ്‌ലീഫിന്‍റെ ചലച്ചിത്രങ്ങളില്‍ ജിപ്സി പാരമ്പര്യം ഉള്‍ക്കൊണ്ടിട്ടുള്ള സിനിമകളില്‍ ശ്രദ്ധേയമായവ ‘ഗാഡ്ജോ ഡില്ല’യും ‘സ്വിങ്’ ഉം ‘ലാച്ചോ ഡ്രോമു’മാണ്. അതിന്റെ തുടര്‍ച്ചയായ ‘എക്സിൽസി’നും 2006 ല്‍ ഇറങ്ങിയ ‘ട്രാന്‍സല്‍വാനിയ’ക്കും രാജ്യാന്തര തലത്തില്‍ മികച്ച പ്രതികരണം നേടിയെടുക്കാന്‍ കഴിഞ്ഞു.

പ്രമേയത്തിലെ സൂക്ഷ്മതയോ കഥയുടെ ആഴമോ അല്ല ടോണി ഗാറ്റ്‌ലീഫിന്റെ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. മറിച്ചു ഗാറ്റ്‌ലീഫ് ചിത്രങ്ങളിലെ സംഗീതവും തമാശകളും ഹ്യൂമറിന്റെ  ശക്തമായ ആഖ്യാനവുമാണ് പ്രേക്ഷകരെ സ്വാധീനീക്കുന്നത്. മുഖ്യധാരയില്‍ അധികമൊന്നും എത്തിപ്പെടാത്ത ജിപ്സി സംഗീതത്തിന്റെ വഴികള്‍ തേടിയുള്ള യാത്രകളാണ് മിക്കപ്പോഴും അദ്ദേഹത്തിന്റെ ഫ്രെയിമിനെ ആകര്‍ഷകമാക്കുന്നത്. പ്രണയവും രതിയുടെ ഏറ്റവും തീവ്രമായ ഭാവങ്ങളും സുപരിചിതമല്ലാത്ത അള്‍ജീരിയന്‍ ഭൂപ്രകൃതിയും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു.

 

‘എക്‌സിൽ’ എന്ന സിനിമയെടുക്കാം. പ്രണയത്തിന്റെ വികാരതീഷ്ണതയില്‍ നിന്നും സ്നോയും നൈമയും തങ്ങളുടെ പിതാമഹന്മാരുടെ വേരുകള്‍ തേടി യാത്രയാകുകയാണ്. അള്‍ജീരിയയിലേക്കുള്ള
കാല്‍നടയാത്രയില്‍ അവര്‍ ഇരുവരും തങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടങ്ങുന്നു.  നൈമയുടെ ഏകാന്തതയും വിഷാദവും അവളെ ഇടക്കിടെ ശല്യം ചെയ്യുന്നുണ്ടെങ്കിലും സ്വതസിദ്ധമായ സ്വാതന്ത്ര്യ ബോധത്തില്‍ അവള്‍ സ്വയം മറക്കുകയും, പാടുകയും,ഓടുകയും, നൃത്തം വയ്ക്കുകയും ചെയ്യുന്നു. അള്‍ജീരിയന്‍ സമതലങ്ങളിലൂടെയും മരുഭൂമികളിലൂടെയുമുള്ള യാത്ര അവരുടെ വേരുകളില്‍ അവസാനിക്കുന്നു.

ആത്മീയതയുടെ ഇസ്ലാമിക് പാരമ്പര്യത്തിന്റെ അന്വേഷണം കൂടിയാണ് സ്നോ നടത്തുന്നത്. അയാളുടെ മനസ്സില്‍ മുത്തച്ഛനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ മുഴുവന്‍ ആ മണ്ണിലാണ്. എങ്കിലും നൈമ താന്‍ എവിടെയും ഒരു വിദേശി ആയി കരുതപ്പെടുന്നതില്‍ അസ്വസ്ഥയാണ്. അതവള്‍ പലപ്പോഴും തുറന്നു പറയുന്നുമുണ്ട്…

ഒടുവില്‍ ആത്മീയതയുടെ വഴിയില്‍ സംശയങ്ങള്‍ നിശ്ശേഷം അവസാനിപ്പിച്ചു കൊണ്ട് അവര്‍ സ്വയം തിരിച്ചറിയുകയാണ്…

‘എക്സീല്‍സ്’  ടോണി ഗാറ്റ്‌ലീഫിന്റെ ആത്മകഥാപരമായ ആഖ്യാനം കൂടിയാണ്. 1960 കളില്‍ അള്‍ജീരിയയിലേക്ക് അദ്ദേഹം നടത്തിയ യാത്രകളുടെ അനുഭവ പശ്ചാത്തലം ‘എക്സീലി’നുണ്ട്… പ്രണയവും സ്വത്വബോധവും അസ്തിത്വവും തേടിയുള്ള യാത്ര ആത്മീയതയില്‍ അവസാനിക്കുകയാണ്… ആത്മീയത ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള പോം വഴിയാണ്.

 

അറബ് സംഗീതവും,നൃത്തവും സംസ്കാരവും ഈ ചലച്ചിത്രത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. സൂക്ഷ്മമായ പ്രവര്‍ത്തികളെ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നുവെന്നത് എടുത്തു പറയാന്‍ കഴിയുന്ന ഒന്നാണ്… മറ്റാരും കാണാത്ത കാഴ്ചകളെ ഫ്രെയിമിൽ ഉള്‍ക്കൊള്ളിക്കുന്നത് വഴി വൈവിധ്യത്തെക്കൂടിയാണ് സംവിധായകൻ അവിടെ അടയാളപ്പെടുത്തുന്നത്.

2002 ല്‍ പുറത്തിറങ്ങിയ ‘സ്വിംഗ്’ സംഗീതത്തിലൂടെയുള്ള മാസ്സ് എന്ന പത്തുവയസ്സുകാരന്റെ യാത്രയാണ്.
ഗിറ്റാറിലൂടെ വായിക്കുന്ന ജാസ്സ് സംഗീതം കൊച്ചു മാസ്സിനെ ഹരം പിടിപ്പിക്കുന്നു. അവന്‍ അപ്പോള്‍ മുത്തശ്ശിക്ക് ഒപ്പമാണ് താമസം. തന്നെ വിസ്മയിപ്പിച്ച ആ സംഗീതജ്ഞന്‍ മിറാള്‍ഡോ ആണെന്ന് അവന്‍ മനസ്സിലാക്കുന്നു. മനോഷേ സംഗീതം ആ കൊച്ചു കുട്ടിയില്‍ നിറയുകയാണ്.  ഉടന്‍ തന്നെ എവിടെ നിന്നോ ഒരു പഴയ ഗിറ്റാര്‍ അവന്‍ സംഘടിപ്പിക്കുന്നു…

തന്‍റെ മുന്നിലെത്തിയ മാസ്സിനെ മിറാള്‍ഡോ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണ്. ജിപ്സി സംഗീതവും സംസ്കാരവുമെല്ലാം മാസ്സിനെ പഠിപ്പിക്കാമെന്ന് അയാള്‍ വാക്ക് കൊടുക്കുന്നു. മാസ്സിന് കൂട്ടായി സ്വിംഗ് എന്ന ജിപ്സി കുട്ടിയുമുണ്ട്.  ജിപ്സി ജീവിതവും സംസ്കാരവും പ്രകൃതിയിലൂടെയുള്ള യാത്രകളും, ഇടയ്ക്ക് നിറയുന്ന സംഗീതവും മനോഹരമാണ്. വണ്ടുകളും ചെറിയ ജീവികളും മുതല്‍ ചെറിയ പുഴയും തോണി യാത്രയും കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയും മനോഹരമായി ടോണി ഗാറ്റ്‌ലീഫ് ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

ഹരം പിടിപ്പിക്കുന്ന സംഗീതം ഒടുവില്‍ ആകസ്മികമായി നിലക്കുമ്പോഴും പൊട്ടിച്ചിരിക്കുകയും ഗിറ്റാര്‍ വായിക്കുകയും ചെയ്യുന്ന മിറാള്‍ഡോ ഒരു പ്രതീകമാണ്. മാസ്സിനെയും സ്വിങ്ങ്നെയും കൂട്ടി അയാള്‍ പ്രകൃതിയിലൂടെ യാത്രകള്‍ നടത്തുന്നു. അവര്‍ക്ക് ചെടികളെയും പൂക്കളെയും പറ്റിയുള്ള അറിവുകള്‍ പകരുന്നു.

ജിപ്സി ജീവിതവും സംസ്കാരവും ചലച്ചിത്ര ഭാഷ്യത്തിലൂടെ ലോകവുമായി പങ്കു വയ്ക്കുകയാണ് ടോണി ഗാറ്റ്‌ലീഫ്.  ജീവിതവും സംസ്കാരവും മനുഷ്യ ബന്ധങ്ങളും മരണവും വിസ്മയകരമായി ‘സ്വിംഗിൽ’ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

 

ഐ എഫ് എഫ് കെയിലെ ഗാറ്റ്‌ലീഫിയന്‍ ജീവിതം

2015 ലെ രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ടോണി ഗാറ്റ്‌ലീഫിനെ ആദ്യമായി കാണുന്നത്. ‘സ്വിങ്ങും,’ ‘ട്രാന്‍സല്‍വാനിയയും,’ ‘ഗാഡ്ജോ ഡില്ലോയും’ നിറഞ്ഞു കവിഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ‘ജാം’ പ്രദര്‍ശിപ്പിക്കപ്പെട്ടു. നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞിരുന്ന രണ്ടായിരത്തോളം വരുന്ന കാണികള്‍ മതി ഗാറ്റ്‌ലീഫിന് കേരളത്തില്‍ ചലച്ചിത്ര ആസ്വാദകരുടെ ഇടയില്‍ എറിവരുന്ന പിന്തുണ മനസ്സിലാക്കാന്‍. സംഗീതവും തമാശയും ആസ്വദിക്കാനുള്ള തീവ്രമായ ജനറ്റിക് സ്വഭാവം നമുക്ക് കൂടുതലാണല്ലോ.

ഇത്തവണ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്ടപററി മാസ്റ്റേര്‍സ് വിഭാഗത്തില്‍ റോയ് അന്‍റേഴ്സനൊപ്പം ടോണി ഗാറ്റ്‌ലീഫിന്റെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ക്ക് അതൊരു നല്ല അനുഭവമാകുമെന്ന് ഉറപ്പാണ്.

Read Here: IFFK 2019: 14 വേദികൾ, 186 ചിത്രങ്ങൾ; കേരളത്തിന്റെ സിനിമാ വസന്തമൊരുങ്ങുന്നു

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 tony gatlif movies exils djam transylvania latcho drom swing