IFFK 2019: മൊറോക്കൻ എഴുത്തുകാരനും സംവിധായകനുമായ അലാ എഡ്ഡിൻ അൽജെമിന്റെ അരങ്ങേറ്റ ചിത്രമായ ‘ദി അൺനോൺ സെയിന്റ്‌’ ആത്മീയതയെയും അത്യാഗ്രഹത്തെയും കുറിച്ചുള്ള ഒരു രസകരമായ കഥയാണ്. ഒരു വിജനമായ മരുഭൂമിയിലുള്ള ഗ്രാമത്തിനടുത്താണ് സംഭവങ്ങൾ നടക്കുന്നത്. ഈ അബ്‌സർഡ് കോമഡിയിൽ ഒരു സെൻസിറ്റീവ് വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വിശ്വാസവും പണവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധത്തെ ചിത്രം വിശകലനം ചെയ്യുന്നു. കോമഡിയും നാടകീയതയും സംയോജിക്കുന്ന ചിത്രത്തിൽ മതപരമായ വിശ്വാസങ്ങൾ, അന്ധവിശ്വാസങ്ങൾ, നിർഭാഗ്യം എന്നിവയെ ചർച്ച ചെയ്യപ്പെടുന്നു.

 

ശീർഷകത്തിനു മുമ്പുള്ള ആമുഖത്തിൽ, ഒരു കള്ളൻ ഒരു കുന്നിൻ മുകളിൽ താൻ കൊള്ളയടിച്ച ബാഗ് കുഴിച്ചിടുന്നു. അവിടെ ഒരു ശവക്കുഴിയുടെ പ്രതീതി ഉണ്ടാക്കി പോലീസിന് കീഴടങ്ങുന്നു. വർഷങ്ങൾക്കു ശേഷം, തന്റെ കൊള്ള വീണ്ടെടുക്കാൻ അയാൾ മടങ്ങിയെത്തുമ്പോൾ, വ്യാജ ശവക്കുഴിയുടെ അതേ സ്ഥലത്ത്, ഒരു അജ്ഞാതനായ വിശുദ്ധന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഒരു ശവകുടീരം അയാൾ കണ്ടെത്തുന്നു. രോഗശാന്തി, അത്ഭുതങ്ങൾ, എന്നിവ ചെയ്തതിന്റെ ബഹുമതിയായി ‘അജ്ഞാതനായ ഒരു വിശുദ്ധന്റെ’ ശവകുടീരം ഇപ്പോൾ ആ സ്ഥലത്ത് നിലകൊള്ളുന്നു എന്ന് കണ്ടപ്പോൾ അയാൾ ആശ്ചര്യഭരിതനാകുന്നു. മാത്രമല്ല, ആരാധനാലയം ആകർഷിക്കുന്ന തീർഥാടകരെ സേവിക്കുന്നതിനായി സമീപത്ത് ഒരു പുതിയ ഗ്രാമം വളർന്നു വന്നിട്ടുമുണ്ട്. തീർത്ഥാടനകേന്ദ്രമായ ഈ സ്ഥലം പ്രദേശവാസികൾക്ക് പ്രധാന വരുമാന മാർഗ്ഗമാണ്. പ്രദേശവാസികളുടെ ഭക്തിയുടെ സൂചനയായും, ശവകുടീരം സംരക്ഷിക്കുന്നതിനായും അവർ രാവും പകലും അവിടെ കാവൽ നിൽക്കുന്നു. അതിനാൽ കള്ളൻ അടുത്തുള്ള സത്രത്തിലേക്ക് നീങ്ങുന്നു, എത്രയും വേഗം തന്റെ പണം വീണ്ടെടുക്കാൻ തീരുമാനിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കൂട്ടാളികളിൽ നിന്ന് ലഭിക്കേണ്ട സഹായം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തടസ്സപ്പെടുന്നു.

കള്ളൻ (യൂനസ് ബുവാബ്), അയാളുടെ മുൻ കൂട്ടാളി, പരിഹാസപൂർവ്വം രൂപകൽപ്പന ചെയ്ത പേരിനുടമയായ അഹമ്മദ് ദി ബ്രെയിൻ (സലാ ബെൻസാല) എന്നിവരുടെ കഥയ്ക്ക് സമാന്തരമായി ആ പ്രദേശത്തുള്ള നാട്ടുകാരുടെ കഥയും നടക്കുന്നു. മസോളിയം ഗാർഡ് (അബ്ദുൽഗാനി കിതാബ്), സ്വന്തം ഇളയ മകനേക്കാൾ ഇഷ്ടപ്പെടുന്ന അയാളുടെ ജർമ്മൻ ഷെപ്പേർഡ് വാച്ച് ഡോഗ്, പുതുതായി ഡിസ്പെൻസറിയിൽ എത്തി വൈകാതെ വിരസനാകുന്ന ഡോക്ടർ (അനസ് എൽ ബാസ്), എല്ലാ രോഗങ്ങൾക്കും പാരസെറ്റമോൾ നൽകുന്ന അദ്ദേഹത്തിന്റെ അസിസ്റ്റന്റ് (ഹസ്സൻ ബെൻ ബിഡിഡ), ബാർബർ-കം-ഡെന്റിസ്റ്റ് (അഹമ്മദ് യാർസിസ്) എന്നിവരാണ് അവിടെ പ്രധാനകഥാപാത്രങ്ങള്‍. ഡോക്ടർ പരിശോധിക്കുന്ന പ്രായമായ സ്ത്രീകൾ സമയം പാഴാക്കാനും മറ്റ് സ്ത്രീകളുമായി സംസാരിക്കാനുമാണ് ഡിസ്പെൻസറിയിൽ വരുന്നത്.

The Unknown Saint / Le Miracle du Saint Inconnu

കള്ളനും അഹമ്മദും ശവകുടീരത്തിൽ പ്രവേശിക്കാനുള്ള വഴികൾ തേടുമ്പോൾ, കാവൽക്കാരോ വിവിധ ചടങ്ങുകളോ തീർത്ഥാടനങ്ങളോ അവരെ നിരന്തരം പരാജയപ്പെടുത്തുന്നു. അതേ സമയം, ഇത് കൂടാതെ തന്നെ ശവകുടീരം നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടെന്ന് പ്രേക്ഷകന് സൂചനകിട്ടുന്നു.

2015 ലെ ഹ്രസ്വചിത്രമായ ‘ദി ഡെസേർട്ട് ഫിഷിലൂടെ’ ശ്രദ്ധേയനായ സംവിധായകനാണ് അൽജെം. വിശ്വാസത്തിന്റെയും പണത്തിന്റെയും പ്രശ്നങ്ങളിൽ വലയുന്ന സമൂഹത്തിന്റെ നേർക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഗ്രാമങ്ങളെ ബന്ധിപ്പിക്കാൻ പ്രവർത്തിക്കുന്ന റോഡ് നിർമ്മാതാക്കളും അവരുടെ ഡൈനാമൈറ്റും കഥയുടെ ഭാഗമാകുന്നു. പാരമ്പര്യത്തിനെതിരായുള്ള ആധുനികതയുടെ കടന്നു കയറ്റമായി റോഡ് നിർമ്മാണം കാണാം. മൾട്ടി-ലേയേർഡ് തീമുകൾ തിരക്കഥയിൽ വന്നു ചേരുന്നതോടെ കഥയ്ക്ക് കൂടുതൽ ശക്തി ലഭിക്കുന്നുണ്ട്.

കഥാപാത്രങ്ങൾ ആർക്കൈറ്റിപ്പുകളാണെങ്കിലും (കള്ളൻ, ബാർബർ, ഡോക്ടർ) അവയ്ക്കെല്ലാം ആക്ഷേപഹാസ്യപരവും വിചിത്രവുമായ ഒരു സ്വരം നൽകുന്നതിൽ ഈ സിനിമ വിജയിക്കുന്നു. പാറ നിറഞ്ഞതും പൊടി നിറഞ്ഞതുമായ സ്ഥലത്തിന്റെ മങ്ങിയ നിറങ്ങൾ പകർത്തുന്നതിൽ ഛായാഗ്രഹകൻ അമിൻ ബെറാഡയുടെ പങ്കും പശ്ചാത്തലസംഗീതത്തിന് സംഗീതസംവിധായകൻ അമിൻ ബൗഹാഫയുടെയും സംഭാവനകളും മികച്ചതാണ്.

മനുഷ്യന്റെ മാരകമായ പിഴവുകളെപ്പറ്റി ഈ ചിത്രം പ്രതിപാദിക്കുന്നു. അന്യായമായ സൊസൈറ്റികളും കമ്മ്യൂണിറ്റികളും നിർമ്മിക്കുന്നു, ശേഷം അതിനെക്കുറിച്ച് പരാതിപ്പെടുന്നു. ഫ്രാൻസ് കാഫ്കയുടെ രചനകളെ എന്തു കൊണ്ടോ ഇത് ഓർമിപ്പിച്ചു. മുഖ്യ കഥാപാത്രത്തിന് പേര് നൽകാതെ കള്ളൻ എന്ന വിശേഷണമാണ്. വാസ്തവത്തിൽ വളരെ അസാധ്യമായി തോന്നുന്ന സ്ഥിതിവിശേഷങ്ങളാണ് നടക്കുന്നത്, ഒരു ക്യാച്ച് -22 പോലുള്ള സാഹചര്യം. ഓരോ ഘട്ടത്തിലും വിധി മനുഷ്യന്റെ പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നു എന്നതിന്റെ കൂടി ദൃഷ്ടാന്തമാണ് ‘ദി അൺനോൺ സെയിന്റ്‌.’ ഹാസ്യത്തിന്റെ ആഖ്യാനത്തെ നയിക്കാൻ സഹായിക്കുന്നത് സിനിമയിലെ ഗൗരവമായ പോയിന്റുകൾ സൂക്ഷ്മമായി അവതരിപ്പിക്കുന്ന രീതിയാണ്.

Read Here: IFFK 2019: ദരിദ്രർക്ക് എന്നെങ്കിലും സമ്പന്നരുടെ ലോകത്തേക്ക് കാലെടുത്തു വയ്ക്കാൻ കഴിയുമോ?: ‘പാരസൈറ്റ്’; സിനിമാ ആസ്വാദനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook