Latest News

IFFK 2019: ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഇരുപത്: യു വില്‍ ഡൈ അറ്റ്‌ ട്വന്റി

IFFK 2019, You Will Die At 20: മരിക്കുമെന്ന് അറിയുമ്പോൾ നിങ്ങൾ സാധാരണ നിലയിൽ ജീവിതം ആസ്വദിക്കാൻ ശ്രമിക്കുകയാണോ, അതോ വിശ്വാസം അടിച്ചമർത്തുന്ന പരിമിതികളിലൂടെ, അനിശ്ചിതത്വത്തിലൂടെ, സ്വാതന്ത്ര്യം ത്യജിച്ച് അലഞ്ഞു തിരിയുകയാണോ വേണ്ടത്

Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, you will die at 20

IFFK 2019, You Will Die At 20: സുഡാനീസ് എഴുത്തുകാരനായ ഹമ്മോർ സിയാദയുടെ ‘സ്ലീപ്പിംഗ് അറ്റ് ദി ഫൂട്ട്‌ ഓഫ് ദി മൗണ്ടെയ്‌ൻ’ (Sleeping at the Foot of the Mountain) എന്ന ചെറുകഥയെ ആധാരമാക്കി സുഡാനീസ് സംവിധായകൻ അംജദ് അബു അലാല ഒരുക്കിയ  ചിത്രമാണ് ‘യൂ വിൽ ഡൈ അറ്റ് ട്വന്റി’ (You Will Die At 20). സുഡാനിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് ആഹ്വാനം ചെയ്യുന്ന തന്റെ ആദ്യ ചിത്രം സുഡാനീസ് വിപ്ലവത്തിന് ഇരയായ എല്ലാവർക്കുമായാണ് സംവിധായകന്‍ സമര്‍പ്പിച്ചിരിക്കുന്നത്. വെനീസിലെ ‘ലയൺ ഓഫ് ദി ഫ്യൂച്ചർ’ അവാർഡ് നേടിയ ചിത്രം ഇരുപതാം വയസ്സിൽ മരിക്കുമെന്ന പ്രവചനത്തിൽ വിശ്വസിക്കാൻ പ്രേരിതനാകുന്ന സുഡാനിലെ ഒരു ആൺകുട്ടിയുടെ കഥ പറയുന്നു.

 

IFFK 2019, You Will Die At 20: സുഡാനിലെ അൽ ജസീറ സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന ചിത്രത്തിൽ സൂഫി വിശ്വാസങ്ങളുടെ ആധിപത്യത്തേക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. മരണത്തിന്റെ നിഴലുകൾ സിനിമയിലുടനീളം ഉണ്ടെന്ന് മുൻകൂട്ടി അറിയിക്കാനെന്നോണം ഒരു മൃഗത്തിന്റെ ശവത്തിൽ നിന്നുള്ള രംഗത്തിൽ നിന്നാണ് സിനിമ ആരഭിക്കുന്നത്. തുടർന്ന് സുഡാനിലെ സിമയ എന്ന പേരിടൽ ചടങ്ങിൽ തന്റെ ആദ്യജാതന് പേരിടാനായി സക്കീന-അൽനൂർ ദമ്പതികൾ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ദൃശ്യമാണ് കാണുന്നത്.

സന്തോഷത്തോടെയും പ്രതീക്ഷകളോടെയും എത്തിയ സക്കീനയ്ക്ക് ഷെയ്ക്കിൽ നിന്ന് വിനാശകരമായ ഒരു പ്രവചനം ലഭിക്കുന്നു. മതപരമായ ചടങ്ങിനിടെ, ഒരു നർത്തകി 20-ആം നമ്പറിൽ എണ്ണുന്നത് നിർത്തുന്നു. ഷെയ്ക്ക് തന്റെ ആശംസകൾ അർപ്പിക്കുമ്പോൾ ‘ദൈവകല്പന അനിവാര്യമാണ്’ (God’s command is inevitable) എന്ന് കല്പിക്കുന്നു. കുട്ടി 20-ആം വയസിൽ മരിക്കുമെന്നതിന്റെ അടയാളമായി എല്ലാവരും അതിനെ സ്വീകരിക്കുന്നു. ഈ പ്രവചനത്തിന്റെ പേരിൽ കുടുംബത്തിന്മേലുള്ള സമ്മർദ്ദം ഏറിവരുന്നു. ഏകമകനെ യുവത്വത്തിലേക്ക് പോലും എത്തിക്കാൻ കഴിയില്ലെന്ന് അറിയുന്നതിന്റെ സങ്കടം നേരിടാൻ കഴിയാതെ സക്കീനയുടെ ഭർത്താവ് അൽനൂർ വിദേശത്ത് ജോലി തേടി പോകുന്നു.

വിധിയും മരണവും ഉറപ്പാക്കിയ സക്കീന ഭാവി പ്രവചിച്ചതിനു ശേഷം ‘വസ്ത്രങ്ങളിൽ പൊതിഞ്ഞ’ എന്ന് അർത്ഥമാക്കുന്ന മുസ്സമിൽ എന്ന പേര് കുട്ടിക്ക് നൽകുന്നു. മുസ്സമിൽ തന്റെ വിധി അറിഞ്ഞാണ് വളരുന്നത്. മറ്റ് കുട്ടികൾ അവനെ ‘മരണപുത്രൻ’ (Son of Death) എന്ന് പരിഹസിച്ച് വിളിക്കുന്നു. അമിത സുരക്ഷയിലൂടെ വിധിയെ ഒഴിവാക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ സക്കീന അവനെ സ്കൂളിൽ നിന്ന് മാറ്റി നിർത്തുന്നു. പക്ഷേ അവൾ ഒരിക്കലും പ്രവചനത്തെ ചോദ്യം ചെയ്യുന്നില്ല. ഒടുവിൽ മുസ്സമിൽ ഖുറാന്‍ പഠനത്തിനായി സ്കൂളിൽ പോകുന്നു. പാഠങ്ങള്‍ മനപാഠമാക്കുന്നതിൽ മികവു പുലർത്തുകയും ഖുറാൻ ആഴത്തില്‍ മനസിലാക്കുകയും ചെയ്യുന്നു അവന്‍.

പിതാവിന്റെ അഭാവത്തിൽ വളരുന്ന മുസ്സമിൽ സുലൈമാനെ കണ്ടുമുട്ടുന്നത് നിർണായകമാകുന്നു. വിദേശത്തേക്ക് മടങ്ങിയെത്തിയ സുലൈമാൻ തന്റെ വിധിയെയും ചുറ്റുപാടുകളെയും ചോദ്യം ചെയ്യാൻ മുസ്സമിലിനെ പ്രേരിപ്പിക്കുന്നു. സിനിമയെ പരിചയപ്പെടുത്താനും പുറം ലോകത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റാനും സഹായിക്കുന്നു. ചിത്രത്തിൽ മുസ്സമിലിന്റെ കണ്ണു തുറപ്പിക്കുന്നതിന്റെ മാർഗമായി സുലൈമാനെ അവതരിപ്പിച്ചിരിക്കുന്നു.

Image may contain: sky, ocean, boat, twilight, outdoor, water and nature

IFFK 2019, You Will Die At 20: സ്വേച്ഛാധിപത്യവും മതമൗലികവാദവും തകർക്കുക എന്നതാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം. എന്നും ഭാരം വഹിക്കുന്ന, ദുഃഖത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതിബിബങ്ങളാണ് സ്ത്രീകൾ എന്നും  ഈ ചിത്രം ഊന്നി പറയുന്നു. മൈക്കിള്‍ ആഞ്ചലോയുടെ ‘പിയത്ത’ എന്ന ശിൽപത്തിലെ ക്രൂശിതരൂപം പോലെ സക്കീനയും മുസ്സമിലും… മകന്‍ മരിക്കാൻ വിധിക്കപ്പെട്ടതാണെന്ന് അറിഞ്ഞ അമ്മയുടെ മാനസികാഘാതവും സക്കീനയെ കന്യകാമറിയത്തിന്റെ സ്ഥാനത്ത് ഉയർത്തുന്നതായും  ഈ സങ്കല്‍പ്പത്തില്‍ കാണാം. മുസ്സമിലുമായി പ്രണയത്തിലായ നെയ്മയ്ക്കും മുസ്സമിലിന്റെ വിധിയുടെ ബലിയാടാകേണ്ടി വരുന്നു.

അതിശയകരമായ വിഷ്വൽ‌ ഡിസൈന്‍ ആണ് ഈ ചിത്രത്തിന്റെ സവിശേഷത. മൂർച്ചയേറിയ വൈരുദ്ധ്യങ്ങളുടെ ഒരു ലോകമാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. സ്ത്രീ-പുരുഷ, മത- യുക്തി, പുണ്യം-പാപം എന്നീ വൈരുദ്ധ്യങ്ങൾ മുസ്സമലിന്റെ ജീവിതത്തെ പിടിച്ചുലയ്ക്കുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ജീവിക്കുന്ന സക്കീന മകന്റെ ആസന്നമെന്ന് കരുതപ്പെടുന്ന മരണത്തിൽ ദുഖിക്കുന്നു. മുസ്സമൽ വെള്ള വസ്ത്രം ധരിച്ച് പാപമുക്ത ജീവിതത്തിന്റെ പ്രതിരൂപമാകുന്നു. മുസ്സമലിന്റെ ജീവിത ദിനങ്ങളെ അടയാളപ്പെടുത്തുന്ന ഇരുണ്ട മുറി അന്ധവിശ്വാസത്തിൽ കഴിയുന്ന മനുഷ്യരുടെ ഇരുണ്ടതും ഇടുങ്ങിയതുമായ ചിന്താഗതിയെ സൂചിപ്പിക്കുന്നു.

വൈകാരികവും ദൃശ്യപരവുമായി മികവു പുലര്‍ത്തുന്ന ചിത്രം പല ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. മരിക്കുമെന്ന് അറിയുമ്പോൾ നിങ്ങൾ സാധാരണ നിലയിൽ ജീവിതം ആസ്വദിക്കാൻ ശ്രമിക്കുകയാണോ, അതോ വിശ്വാസം അടിച്ചമർത്തുന്ന പരിമിതികളിലൂടെ, അനിശ്ചിതത്വത്തിലൂടെ, സ്വാതന്ത്ര്യം ത്യജിച്ച് അലഞ്ഞു തിരിയുകയാണോ വേണ്ടത്. സക്കീന അമിതമായി മതനേതാക്കളുടെ പ്രവചനം വിശ്വസിച്ച് മുസ്സമലിന്റെ ശവസംസ്കാരത്തിന് ഒരുങ്ങുകയാണ്.

Image may contain: 1 person

IFFK 2019, You Will Die At 20: തന്റേതല്ലാത്ത കാരണത്താൽ മരണം അടുത്തിരിക്കുന്ന മുസ്സമലിനെ ഈഡിപ്പസുമായി സാദൃശ്യപ്പെടുത്താം. രണ്ടു പേരും വിധിയുടെ ബലിയാടുകളായി ജനനം മുതൽ ക്ലേശം അനുഭവിച്ചവരാണ്. ഒരു തരത്തിൽ ഈ ചിത്രം ഒ. ഹെൻറിയുടെ ‘ദ് ലാസ്റ്റ് ലീഫിനെ’ ഓർമിപ്പിച്ചു.

മിഥ്യാധാരണകൾ മറികടന്ന് കഥാപാത്രങ്ങൾ സത്യത്തെ ഉൾക്കൊള്ളുന്ന കാഴ്ചയാണ് സിനിമയുടെ ഉജ്ജ്വല നിമിഷങ്ങൾ. മുസ്സമലിന്റെയും സക്കീനയുടെയും ആന്തരിക സംഘട്ടനത്തെ പ്രതീകാത്മകമായി സ്വപ്നസമാനമായ കാഴ്ചകളിലൂടെ കാട്ടുന്നു സിനിമ. സിനിമയിലെ പ്രധാന അഭിനേതാക്കൾ, തലാൽ അഫിഫി, ഇസ്ലാം മുബാറക്, മൊതാസെം റാഷിദ്, മുസ്തഫ ഷെഹത മഹമൂദ് എന്നിവർ തങ്ങളുടെ മിതത്വപൂര്‍ണ്ണമായ പ്രകടനം കൊണ്ട് ചിത്രത്തെ അവിസ്മരണീയമാക്കുന്നു.

Read Here: IFFK 2019: പ്രേക്ഷകനും നിരീക്ഷണത്തിലാണ്: ‘പാസ്‌ഡ്‌ ബൈ സെന്‍സര്‍’; പറയുന്നത്

Get the latest Malayalam news and Iffk news here. You can also read all the Iffk news by following us on Twitter, Facebook and Telegram.

Web Title: Iffk 2019 sudanese film you will die at 20 review

Next Story
IFFK 2019: ഗോത്രവിഭാഗത്തിന്റെ ഹൃദയത്തുടിപ്പുകള്‍; ‘കെഞ്ചിര’ സംവിധായകന്‍ മനോജ്‌ കാന സംസാരിക്കുന്നുIffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, kenjira, manoj kana
The moderation of comments is automated and not cleared manually by malayalam.indianexpress.com