IFFK 2019: മലയാള സിനിമയിലെ തന്റെ സഹപ്രവര്‍ത്തകരുടെ ഓര്‍മ്മയില്‍ വാചാലയായി നടി ശാരദ. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ‘ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത്’ പരിപാടിയില്‍ മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ബീനാ പോളുമായി സംവദിക്കുകയായിരുന്നു അവര്‍.
“മധു, സത്യന്‍, നസീര്‍ എന്നിവരെല്ലാം തന്നെ മികച്ച നടന്മാരായിരുന്നു അതിനേക്കാളുപരി ലാളിത്യം മുഖമുദ്രയായ മനുഷ്യരായിരുന്നു. എന്നെ സ്നേഹപൂര്‍വ്വം ‘ശാരു’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. പുറമേ പരുക്കന്‍ എന്ന് തോന്നിക്കുമെങ്കിലും അടുത്തറിയുമ്പോള്‍ മനസ്സിലാവും സത്യന്‍ മാഷ് വെണ്ണ പോലെ മൃദുലമായ മനസ്സിന്റെ ഉടമയാണ് എന്ന്.”
ആദ്യമായി കാര്‍ വാങ്ങാന്‍ ആലോചിച്ചപ്പോള്‍ പതിനായിരം രൂപയുടെ കുറവുണ്ടായിരുന്നുവെന്നും അന്നത് തന്നു സഹായിച്ചത് സത്യന്‍ മാഷ് ആയിരുന്നു എന്നും ശാരദ ഓര്‍ത്തു.
“അന്ന് അദ്ദേഹം അത് തന്നത് കൊണ്ട് കാര്‍ വാങ്ങാനായി. പിന്നീട് കാര്‍ വാങ്ങുമ്പോള്‍ എല്ലാം ഞാന്‍ ആ പതിനായിരം രൂപ ഓര്‍ക്കും.”
അഭിനയത്തിലേക്ക് വരാന്‍ കാരണം അമ്മയുടെ താത്പര്യമായിരുന്നു എന്നും തന്റെ മുന്‍കാല ദിനങ്ങളെക്കുറിച്ച് സംസാരിക്കവേ അവര്‍ പറഞ്ഞു.
“അമ്മയ്ക്കായിരുന്നു ഞാന്‍ നൃത്തവും അഭിനയുവുമൊക്കെ ചെയ്യണം എന്ന് ആഗ്രഹം. അച്ഛന് യഥാസ്ഥിതികന്‍ ആയിരുന്നു. വിവാഹം കഴിപ്പിക്കണം എന്നൊക്കെ വിചാരിച്ചിരുന്നു,” തെലുങ്കില്‍ കോമഡി താരമായി അരങ്ങേറ്റം കുറിച്ച ശാരദ വെളിപ്പെടുത്തി.
പിന്നീട് മലയാളത്തില്‍ കുഞ്ചാക്കോയുടെ ‘ഇണപ്രാവുകള്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശാരദ പിന്നീട് ഇവിടെ സജീവമായി. മൂന്നു ദേശീയ പുരസ്കാരങ്ങള്‍ നേടിയതില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നുള്ള ‘തുലാഭാരം,’ ‘സ്വയംവരം’ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു. അഭിനയപര്‍വ്വം കഴിഞ്ഞു ശാരദ രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുകയുണ്ടായി.
“രാഷ്ടീയത്തെക്കുറിച്ച് അധികമൊന്നും അറിയില്ല എങ്കിലും ജനങ്ങളെ സേവിക്കാന്‍ കിട്ടിയ അവസരം പാഴാക്കരുത് എന്ന് തോന്നിയത് കൊണ്ടാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ ടിക്കറ്റ് സ്വീകരിച്ചത്. ഡല്‍ഹിയില്‍ ലോകസഭയിലെ കാലം വളരെ നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്. ‘നമ്മുടെ’ ശാരദ’ എന്ന് പറഞ്ഞു കേള്‍ക്കുന്നത് തന്നെ സന്തോഷമാണ്.”
ശാരദയുമായുള്ള സംവാദത്തിനു മുന്നോടിയായി നടി ഷീലയെക്കുറിച്ചുള്ള ‘തിരഷീല’ എന്ന പുസ്തകപ്രകാശനവും നടന്നു. മലയാളത്തിന്റെ അഭിമാനതാരങ്ങളില്‍ ഒരാളായ ഉര്‍വ്വശി ശാരദയെ ഇക്കുറി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ആദരിക്കുന്നതിന്റെ ഭാഗമായി അവര്‍ അഭിനയിച്ച മൂന്നു ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ചിത്രങ്ങള്‍. ഐ എഫ് എഫ് കെ
Read Here: IFFK 2019: സ്വന്തം ജീവിതം തിരശീലയില്‍ കാണാന്‍ പ്രഭാവതിയമ്മ എത്തിയപ്പോള്‍