Iffk 2019: അപ്രതീക്ഷിതമായി കണ്ട ഒരു വീഡിയോയിൽ നിന്നാണ് ‘തലൈക്കുത്തൽ’ എന്ന ദുരാചാരത്തെ കുറിച്ച് സന്തോഷ് മണ്ടൂർ എന്ന സംവിധായകൻ ആദ്യമായി കേൾക്കുന്നത്. ‘തലൈക്കുത്തലി’നെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും നടുക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് സന്തോഷിനെ കൊണ്ടു പോയത്. താനറിയുകയും മനസ്സിലാക്കുകയും ചെയ്ത, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന, ആചാരമെന്നതിന്റെ പേരിൽ ഒരു ജനത തുടർന്നു വരുന്ന മൃഗീയതയെ ചോദ്യം ചെയ്യുകയാണ് സന്തോഷിന്റെ ‘പനി’ എന്ന ചിത്രം.
24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാള സിനിമ ഇന്ന് കാറ്റഗറിയിൽ പ്രദർശിപ്പിക്കപ്പെട്ട ‘പനി’ എന്ന ചിത്രത്തെ കുറിച്ച് സന്തോഷ് മണ്ടൂർ സംസാരിക്കുന്നു.
“ഒരു വീഡിയോയിൽ നിന്നാണ് ഞാനാദ്യം ഈ ആചാരത്തെ കുറിച്ച് അറിയുന്നത്. നിർധനമായ കുടുംബങ്ങളിൽ, വയ്യാതെ കിടക്കുന്ന മാതാപിതാക്കളെ നോക്കാൻ മക്കൾക്ക് ആവാതെ വരുമ്പോൾ, നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചുവരുത്തി ദയാവധമെന്ന രീതിയിൽ കൊല്ലുന്ന ഒരു ആചാരമാണ് ‘തലൈക്കുത്തൽ’. ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്നായിരുന്നു ഒരിക്കൽ ഈ ആചാരമെങ്കിൽ, ഇന്ന് സ്വത്തിനു വേണ്ടിയും പണത്തിനു വേണ്ടിയുമൊക്കെ ഇത് ചെയ്യുന്നുണ്ട് എന്നതാണ് ദുഖകരമായ വസ്തുത,” സന്തോഷ് പറയുന്നു.
Read Here: IFFK 2019: തായ്‌വേരുകളിൽ കത്തി വെയ്ക്കുന്നവർ

“തലൈക്കുത്തൽ എന്നത് 26 ഓളം രീതിയിൽ നടപ്പിലാക്കാറുണ്ട്. രോഗികളെ ചെളി കുഴച്ച് കഴിപ്പിക്കുന്ന രീതികളും നിലനിൽപ്പുണ്ട്. ‘പനി’യിൽ ഞങ്ങൾ കാണിച്ചിരിക്കുന്നത് എണ്ണയും വെള്ളവും തലയിലൊഴിപ്പിച്ച് ഇളനീർ നൽകി തണുപ്പിച്ച് കൊല്ലുന്ന തലൈക്കുത്തലിന്റെ ഒരു രീതിയാണ്. പനിയും ന്യൂമോണിയയും ഒക്കെ വന്നാണ് തലൈക്കുത്തൽ കേസുകളിൽ മരണം സംഭവിക്കുന്നത്. അതു കൊണ്ട് തന്നെ പ്രത്യക്ഷത്തിൽ ഒരു കൊലപാതകമായി തോന്നില്ല. സംഭവിച്ച് കഴിഞ്ഞാണ് പലപ്പോഴും പുറത്ത് അറിയുക. അതാണ് ഇതിന്റെ ഒരു ദുരന്തം. ഇതു വരെ നിയമപരമായി ഒരു കേസു പോലും പൊലീസിന്റെ മുന്നിലെത്തിയതായി അറിവില്ല. തലൈക്കുത്തൽ എന്ന ആചാരത്തിന് സാക്ഷിയാവേണ്ടി വന്ന പലരേയും കണ്ടും നേരിൽ സംസാരിച്ചും പഠിച്ചുമാണ് ഈ സിനിമയുടെ തിരക്കഥയൊരുക്കിയത്.”
മനുഷ്യരിൽ അന്തർലീനമായി കിടക്കുന്ന നീചവികാരങ്ങളുടെ തുടർച്ചയാണ് ഇത്തരം ദുരാചാരങ്ങളെന്നാണ് ഇതേക്കുറിച്ച് സന്തോഷിന്റെ അഭിപ്രായം.
“ആളുകളെ ദ്രോഹിക്കാനുള്ള ഒരു മാനസികാവസ്ഥ ചെറുതും വലുതുമായ രീതിയിൽ മനുഷ്യർക്കിടയിലുണ്ട്. ഒരു നാടിന്റെ ആചാരമെന്ന രീതിയിൽ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരികയാണ് തലൈക്കുത്തൽ. ആചാരങ്ങളായി കാണുമ്പോൾ അതിൽ അസ്വാഭാവികത അവർക്ക് തോന്നുന്നുമില്ല.
മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിൽ വേണം ഏത് ആചാരവും നിലനിൽക്കേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൃഗീയമായ ഇതുപോലുള്ള ദുരാചാരങ്ങൾ മാറേണ്ടതുണ്ട്. ഒരു ഫിലിംമേക്കർ എന്ന രീതിയിൽ ഈ വിഷയം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ഞാൻ ചെയ്യുന്നത്. ഇതിലെന്തെങ്കിലുമൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ,” സന്തോഷിന്റെ വാക്കുകളില്‍ പ്രത്യാശ.

തെങ്കാശിയിലും കൊല്ലത്തുമായാണ് ‘പനി’ ചിത്രീകരിച്ചിരിക്കുന്നത്.
“തലൈക്കുത്തൽ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഭയപ്പെട്ടിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന്. എന്നാൽ ഈ സീനുകളുടെ ചിത്രീകരണം രാത്രികാലങ്ങളിലായിരുന്നു നടന്നത്. അതിനാൽ തന്നെ പ്രശ്നങ്ങളൊന്നുമില്ലാതെ ചിത്രീകരിക്കാൻ സാധിച്ചു,” ചിത്രീകരണ അനുഭവങ്ങൾ സന്തോഷ് പങ്കു വെച്ചു.
സമൂഹശ്രദ്ധയിലേക്ക് ഒരു വിഷയം കൊണ്ടുവരുന്ന ചിത്രമായിട്ടു കൂടി വേണ്ട പരിഗണന ‘പനി’യ്ക്ക് ലഭിക്കാതെ പോയതിലുള്ള സങ്കടവും സന്തോഷ് മണ്ടൂർ പങ്കു വച്ചു.
“ഒമ്പതോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കാണ് ഈ ചിത്രം തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ദേശീയ അവാർഡ് നിർണയ ജൂറിയുടെ മുന്നിലും ഇന്ത്യൻ പനോരമയുടെ മുന്നിലും ഈ ചിത്രം എത്തിയില്ല. പ്രാദേശിയ ജൂറി തന്നെ അവിടെ എത്താതെ ചിത്രത്തെ വെട്ടിനിരത്തുകയായിരുന്നു. കൃത്യമായ രാഷ്ട്രീയം ഇവിടെയെല്ലാം നടന്നിട്ടുണ്ട്.”