scorecardresearch

IFFK 2019: തായ്‌വേരുകളിൽ കത്തി വെയ്ക്കുന്നവർ

IFFK 2019: ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, പരസ്പര പൂരകങ്ങളായ പ്രകൃതി, അമ്മ എന്നീ ആശയങ്ങളിലൂടെയാണ് സന്തോഷ് മണ്ടൂർ ഗൗരവമേറിയ ചില വിഷയങ്ങൾ അവതരിപ്പിക്കുന്നത്

iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, memories, nostalgia, thalaikuthal, mercy killing, films on thalaikuthal, films on mercy killing, pani, pani malayala movie

IFFK 2019, Pani Malayalam Movie Review: മധുരയിലും തമിഴ്നാട്ടിലെ ചില ഉൾഗ്രാമങ്ങളിലും നിലനിൽക്കുന്ന ‘തലൈക്കുത്തൽ’ എന്ന ദുരാചാരത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് കാറ്റഗറിയിൽ പ്രദർശിപ്പിച്ച ‘പനി’ എന്ന ചിത്രം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ഒരു ദുരാചാരം അതിന്റെ തീവ്രതയോടെ ആവിഷ്കരിക്കുകയാണ് സംവിധായകൻ സന്തോഷ് മണ്ടൂർ. പ്രായമായ മാതാപിതാക്കൾ അസുഖം കൊണ്ടും വയ്യായ്മ കൊണ്ടുമൊക്കെ മക്കൾക്കും വീടിനും ബാധ്യതയായി തുടങ്ങുമ്പോൾ അവർക്ക് ദുരിതജീവിതത്തിൽ നിന്നും മോക്ഷം നൽകുന്നു എന്ന വ്യാജേന താന്ത്രിക വിദ്യകളുടെ മറവിൽ അരങ്ങേറുന്ന മരണത്തെ വിളിച്ചുവരുത്തുന്ന ഒരു ദുരാചാരമാണ് ‘തലൈക്കുത്തൽ’.

ദയാവധമെന്നൊക്കെ പോളിഷ് ചെയ്ത് പറയാമെങ്കിലും മനസാക്ഷിയുടെ തരിമ്പും ശേഷിക്കാത്ത രീതിയിലുള്ള അറുകൊല തന്നെയാണ് തലൈക്കുത്തൽ. നിയമപരമായി ഒരു കേസു പോലും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നിരിക്കിലും തമിഴ്നാട്ടിലെ ഉൾനാടുകളിൽ ഇപ്പോഴും നടക്കുന്നൊരു ദുരാചാരത്തെ സിനിമയിലൂടെ വെളിച്ചത്തു കൊണ്ടു വരികയാണ് ‘പനി’യിലൂടെ സന്തോഷ് മണ്ടൂർ.

Read Here: Iffk 2019: ദയാവധത്തിന്റെ മറവിലെ മൃഗീയത: സന്തോഷ് മണ്ടൂർ അഭിമുഖം

സംവിധായകന്‍ സന്തോഷ്‌ മണ്ടൂര്‍

പാലക്കാടിനും തമിഴ്നാടിനുമൊക്ക അതിർത്തി നിശ്ചയിക്കുന്ന തമിഴ് ജനത തിങ്ങിനിറഞ്ഞു ജീവിക്കുന്നൊരു ഉൾനാടൻ ഗ്രാമമാണ് കഥാപരിസരം. മലയാളിയായ രാഘവൻ വർഷങ്ങൾക്കു മുമ്പ് ഭാര്യയുമായി ഒളിച്ചോടിയെത്തിയതാണ് ഈ ഗ്രാമത്തിലേക്ക്. അന്നയാളെ സഹായിക്കാൻ അന്നാട്ടുക്കാരനായി ഉണ്ടായിരുന്നത് മുനിയപ്പൻ എന്ന തദ്ദേശിയനാണ്.

പ്രകൃതിസ്നേഹിയായ രാഘവൻ ഒരായുസ്സു കൊണ്ട് നട്ടുപിടിപ്പിച്ച കാടിനു നടുവിലാണ് അയാളുടെ താമസം. ഭാര്യയും മകനും മരുമകളും പേരക്കുട്ടിയും അടങ്ങുന്ന അയാളുടെ കുടുംബത്തിനൊപ്പം ശാന്തമായ ജീവിതം നയിക്കുകയാണ് അയാൾ. കണ്ടൽകാടുകൾ വെച്ചുപിടിപ്പിച്ചും ഒരു മരം വീഴുന്നിടത്ത് പത്ത് മരങ്ങൾ പകരം നട്ടും അയാൾ തനിക്കു ചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തുകയാണ്. മരങ്ങളും വെള്ളവും ഈ ഭൂമിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തന്നെ കടന്നു പോകുന്നവരെയെല്ലാം അയാൾ ബോധവത്കരിക്കുന്നുണ്ട്.

മരങ്ങൾ ഭൂതലത്തിൽ നിന്നും ഇല്ലാതാവുമ്പോൾ ഭൂമിയ്ക്ക് പനി വരുമെന്നാണ് അയാൾ കൊച്ചുമകൾക്ക് ചൊല്ലി കൊടുക്കുന്നത്. അച്ചച്ചൻ നട്ടു വളർത്തിയ കാടുകളുടെയും അച്ചച്ചന്റെ പ്രകൃതിസ്നേഹത്തിന്റെയും പൊരുളും നേരും അറിഞ്ഞാണ് പേരക്കുട്ടി താമര വളരുന്നത്. എന്നാൽ, അച്ഛന് നേർവിപരീത ദിശയിലാണ് മകൻ രാജേന്ദ്രന്റെ സഞ്ചാരം. ഒരു കരിങ്കൽ ക്വാറിയിലെ പണിക്കാരനായ അയാളെ സംബന്ധിച്ച് ഭൂമി ചൂഷണം ചെയ്യാനുള്ള ഒരു ഉപഭോഗ വസ്തു മാത്രമാണ്. പ്രകൃതിയോട് തരിമ്പും സ്നേഹമില്ലാത്ത ഒരു മകനും പ്രകൃതിയെ ജീവനായി പരിപാലിക്കുന്ന ഒരച്ഛനും. ആ ദ്വന്ദ്വങ്ങളിൽ നിന്നുമാണ് ‘പനി’യുടെ കഥയും വികസിക്കുന്നത്.

രാജേന്ദ്രന്റെ മുതലാളിയും കരിങ്കൽ ക്വാറി ഉടമയുമായ ആ നാട്ടിലെ ധനാഢ്യന് രാഘവന്റെ എട്ടേക്കറോളം വരുന്ന ഭൂമിയോട് തോന്നുന്ന താൽപ്പര്യം രാഘവന്റെയും കുടുംബത്തിന്റെയും സ്വൈര്യജീവിതം തകർക്കുകയാണ്. പൊന്നുവിലയ്ക്ക് വെട്ടിയെടുത്ത് വിൽക്കാവുന്ന പാറക്കൂട്ടത്തിനു മുകളിലാണ് നിന്റെ അച്ഛൻ കാടുണ്ടാക്കിയിരിക്കുന്നത് എന്നാണ് അയാൾ രാജേന്ദ്രനോട് പറയുന്നത്. രാഘവൻ കാടാക്കിയെടുത്ത ഭൂമിയ്ക്ക് താഴെ കാരിരുമ്പിന്റെ കരുത്തോടെ കിടക്കുന്ന പാറക്കൂട്ടങ്ങളും ഒരു ക്വാറിയുടെ സാധ്യതകളും ക്വാറി ഉടമയുടെ ഉള്ളിൽ ലക്ഷങ്ങളുടെ മനക്കണക്കായി പരിണമിക്കുകയാണ്. ആ ഭൂമിയേയും അതുവഴി നേടാവുന്ന ലാഭത്തെയും കുറിച്ച് അയാൾക്ക് കൃത്യമായ കണക്കുക്കൂട്ടലുകളുണ്ട്.

Fever... / Pani...
ഭൂമി കയ്യടക്കാനുള്ള ക്വാറിയുടമയുടെ ശ്രമങ്ങൾക്ക് സ്വാർത്ഥ താൽപ്പര്യങ്ങളോടെ മകൻ രാജേന്ദ്രനും കൂട്ട് പിടിക്കുന്നതോടെ രാഘവന്റെയും ഭാര്യ ജാനകിയുടെയും ഒരായുസ്സ് കാലത്തെ സമ്പാദ്യമെന്ന് പറയാവുന്ന ആ പച്ചപ്പും തണലും റദ്ദ് ചെയ്യപ്പെടുകയാണ്. ഒപ്പം, ബാധ്യതയാവുന്നവരെ ഒഴിവാക്കാൻ, അല്ലെങ്കിൽ തങ്ങളുടെ സൗകര്യങ്ങൾക്ക് വേണ്ടി അന്നാട്ടിലുള്ളവർ ഒളിഞ്ഞും തെളിഞ്ഞും അനുഷ്ഠിച്ചുവരുന്ന നീചമായ ‘തലൈക്കുത്തൽ’ എന്ന ദുരാചാരത്തിന് രാഘവന്റെ ഭാര്യ ജാനകിയ്ക്കും വിധേയയാവേണ്ടി വരുന്നു.

പ്രകൃതിയെ കൊല ചെയ്യുന്ന മനുഷ്യർ, അമ്മയെ കൊല്ലുന്ന മകൻ, തായ്‌വേരുകളിൽ തന്നെ സ്വാർത്ഥതയ്ക്കായി കത്തി വെയ്ക്കുന്ന മനുഷ്യരുടെ സ്ഥാപിത താൽപ്പര്യങ്ങൾ അതിനെയെല്ലാം ഉള്ളുലയ്ക്കുന്ന ഒരു കാഴ്ചയായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ‘പനി’. കാലിക പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഉദ്ബോധിപ്പിക്കുന്ന ഒരു പാരിസ്ഥിതിക ചിത്രമെന്നു കൂടി ‘പനി’യെ വിശേഷിപ്പിക്കാം.

ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, പരസ്പര പൂരകങ്ങളായ പ്രകൃതി, അമ്മ എന്നീ ആശയങ്ങളിലൂടെയാണ് സന്തോഷ് മണ്ടൂർ ഗൗരവമേറിയ ചില വിഷയങ്ങൾ അവതരിപ്പിക്കുന്നത്. എം ആർ ഗോപകുമാറും റോസ്‌ലിനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ‘വിധേയൻ’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള ഗോപകുമാർ രാഘവൻ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നുണ്ട്. ‘തലൈക്കുത്തൽ’ എന്ന ദുരാചാരത്തിന് വിധേയയായി പ്രാണരക്ഷാർത്ഥം പിടയുന്ന റോസ്‌ലിന്റെ ജാനകി എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിലൊരു നൊമ്പരക്കാഴ്ചയായി മാറുകയാണ്.

No photo description available.

ഒരു വിരൽ അപരനിലേക്ക് ചൂണ്ടുമ്പോൾ ബാക്കി നാലു വിരലുകളും നമ്മളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്ന പഴമൊഴി പോലെ, ‘പനി’ പ്രേക്ഷകനെയും അവനിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആചാരമെന്നതിന്റെ പേരിൽ എന്ത് മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളെയും ജീവിതത്തിലേക്ക് ഏറ്റെടുക്കാൻ മടിയില്ലാത്ത മനുഷ്യരുടെ കപടതയെ, സ്ഥാപിത താൽപ്പര്യങ്ങൾക്ക് അനുസരിച്ച് മനുഷ്യർ സൗകര്യപൂർവ്വം മറന്നു കളയുന്ന നീതിബോധത്തെ, ആപേക്ഷികമായ ശരി-തെറ്റുകളെ, പ്രകൃതിചൂഷണത്തെ ഒക്കെ ചോദ്യം ചെയ്യുന്നുണ്ട് ചിത്രം. കണ്ട കാഴ്ചകളുടെ നടുക്കത്തിനൊപ്പം ഉള്ളിൽ കൊളുത്തിട്ട് വലിക്കുന്ന മനസാക്ഷിയുടെ ചോദ്യങ്ങളും ചിത്രം കണ്ടിറങ്ങുന്നവരെ അസ്വസ്ഥനാക്കും.

Read Here: IFFK 2019: ഗോത്രവിഭാഗത്തിന്റെ ഹൃദയത്തുടിപ്പുകള്‍; ‘കെഞ്ചിര’ സംവിധായകന്‍ മനോജ്‌ കാന സംസാരിക്കുന്നു

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 pani malayalam movie on thalaikuthal