IFFK 2019: ‘നോ ഫാദേർസ് ഇൻ കാശ്മീർ’ എന്ന ചിത്രം പ്രമേയം കൊണ്ടും രാഷ്ട്രീയം കൊണ്ടും ആഖ്യാന രീതി കൊണ്ടും പ്രേക്ഷകരുടെ മനം കവർന്നു. സംഘർഷങ്ങളുടെ താഴ്വരയായ കാശ്മീരിന്റെ വേദന അറിയണമെങ്കിൽ ആ പ്രദേശത്തെ ജനങ്ങളുടെ അനുഭവം ബാക്കിയുള്ളവരുടെയും കൂടി അനുഭവം ആവണമെന്ന നിര്‍ബന്ധത്തോട് കൂടി അശ്വിൻ കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘നോ ഫാതെർസ് ഇൻ കാശ്മീർ.’
ഇംഗ്ലണ്ടിൽ ജീവിക്കുന്ന നൂർ എന്ന പെൺകുട്ടി അമ്മയോടൊപ്പം അവരുടെ ജന്മനാടായ കാശ്മീരിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വന്തം പിതാവിന്റെ തിരോധാനം തിരഞ്ഞു പോകുന്ന നൂറിന് കാശ്മീർ അനുഭവിക്കുന്ന പീഡനങ്ങളുടെ നേർകാഴ്ച തന്നെ അനുഭവിക്കേണ്ടി വരുന്നു. കാണാതായ തന്റെ പിതാവിനെ പോലെ അപ്രത്യക്ഷനായ മറ്റൊരു കാശ്മീരി മുസ്ലിമിന്റെ മകനായ മജീദുമായി അവൾ സൗഹൃദത്തിലാകുന്നു. തനിക്കു ഒരു തീവ്രവാദിയുമായി ചേർന്നു നിന്ന് ഫോട്ടോ എടുക്കണമെന്ന് നൂർ പറയുമ്പോൾ നിഷ്കളങ്കമായി മുഖം മൂടി പട്ടാളക്കാരന്റെ തോക്കുമായി പോസ് ചെയുന്ന മാജിദ് പക്ഷേ അറിയുന്നില്ല അവനെ ഒരു തീവ്രവാദിയാക്കാൻ ആ നിഷ്കളങ്കത തന്നെ ധാരാളമായിരുന്നു ഇന്ത്യൻ സൈന്യത്തിനെന്ന്.
ഇന്ത്യൻ സൈന്യം ചോദ്യം ചെയ്യലിന്റെ പേരിൽ കശ്മീരി മുസ്ലിമുകളെ സംശയത്തിന്റെ തോക്കിൻ മുനയിൽ നിർത്തുന്നതിന്റെ ഭയപ്പെടുത്തുന്ന കാഴ്ചയാണ് ‘നോ ഫാദേർസ് ഇൻ കാശ്മീർ.’ സംശയം തോന്നുന്നവരെ യാതൊരു നിയമനടപടികളും ഇല്ലാതെ ക്രൂരമായ പീഡനങ്ങൾക്കു ഇരയാക്കാനും, കൊന്നു കളയാനും വരെ അധികാരമുള്ള ഇന്ത്യൻ സൈന്യത്തിന്റെ അധികാരത്തിനെതിരെ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശബ്ദമായ കണ്ണീരിന്റെ നോവ് ഈ സിനിമയിൽ ഉടനീളം അനുഭവപ്പെടും.
തന്റെ അച്ഛന്റെ തിരോധാനത്തിന്റെ യാഥാർഥ്യമറിയാൻ ഇന്ത്യ -പാക് ബോർഡറിലുള്ള മലനിരകളിലേക്കു മജീദും നൂറും നടത്തുന്ന സാഹസികമായ യാത്രെയെല്ലാം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ്. ആ യാത്രയിൽ തീവ്രവാദികളാണെന്നു ആരോപിച്ചു മജീദിനെയും നൂറിനെയും സൈനികർ ബന്ദികളാക്കുന്ന രംഗമൊക്കെ ഒരു ഞെട്ടലോടെയേ കണ്ടിരിക്കാനാവൂ. തന്റെ ബ്രിട്ടീഷ് പൗരത്വത്തിന്റെ അനൂകുല്യത്തിൽ നൂറിനെ സൈനികർ വിട്ടയ്ക്കുമ്പോൾ, തന്നെ ഒറ്റക്കാക്കി പോകരുതെന്ന് മജീദ് നൂറിനോട് കേണപേക്ഷിക്കുന്നുണ്ട്. പക്ഷേ ഭയം എന്ന വികാരം സ്നേഹത്തിനെ വരെ മറികടക്കാൻ പോന്നതാണെന്നു കാണിച്ചു കൊണ്ട് മജീദിനെ ഒറ്റക്കാക്കി നൂർ അവിടെ നിന്നും രക്ഷപെടുന്നു. പക്ഷേ തന്റെ കൂട്ടുകാരന് വേണ്ടി അവൾക്കാവുന്ന വിധം അവൾ പോരാടുന്നുണ്ട്. നൂറിന്റെ ഫോൺ ആർമി ഓഫീസർ ചവിട്ടി പൊട്ടിക്കുമ്പോൾ ആ ഫോണിൽ അവൾ ശേഖരിച്ച ഓർമ്മകൾ കൂടിയാണ് അയാൾ നശിപ്പിക്കുന്നെതെന്നു കാണിക്കുന്ന സംവിധായകന്റെ സിനിമാറ്റിക് ബ്രില്ലിയൻസ് എടുത്തു പറയേണ്ടതാണ്. തന്റെ അച്ഛന്റെ ഫോട്ടോയൊന്നും ബാക്കിയില്ലേയെന് നൂറിന്റെ ചോദ്യത്തിന് ‘ഞങ്ങളുടെ കൈയ് കൊണ്ട് തന്നെ ഞങ്ങളുടെ ചരിത്രം തുടയ്ച്ചു കളയേണ്ടി വന്നവരാണ് കാശ്മീരികൾ എന്ന് നൂറിന്റെ മുത്തച്ഛൻ പറയുന്ന രംഗവും കശ്മീർ ജനത വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളെ സ്വംശീകരിക്കുന്ന രംഗമായി മനസ്സിൽ നില്കും.
പിന്നീട് സൈനികർ പിടിച്ചു കൊണ്ടു പോയ, കാണാതായ ഉറ്റവർക്കു വേണ്ടി അമ്മമാരും സഹോദരിമാരും സൈനിക ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമ്പോൾ നൂറും മജീദ്നായി അവർക്കൊപ്പം ഉണ്ടായിരുന്നു. കശ്മീരിലെ സ്ത്രീകൾ ഉയർത്തുന്ന ‘ഞാൻ പകുതി ഭാര്യ, പകുതി വിധവ ‘ എന്ന പ്രതിഷേധത്തിന്റെ പ്ലക്കാർഡുകൾ സ്വന്തം ഭർത്താവു ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ ജീവിക്കേണ്ടി വരുന്ന അവിടത്തെ സ്ത്രീകളുടെ അനിശ്ചിതാവസ്ഥയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. ഒടുവിൽ കൊടിയ പീഡനങ്ങൾക്കു ശേഷം മജീദിനെ സൈന്യം വിട്ടയ്ക്കുമ്പോൾ അവന്റെ അമ്മയുടെ ആശ്വാസവും സന്തോഷവും നിറഞ്ഞ കരച്ചിൽ, തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ മനസ്സിൽ നൊമ്പരമുണർത്തും.
സംവിധായകൻ തന്നെ അഭിനയിച്ച അർശിദ് എന്ന കഥാപാത്രവും അതിന്റെ സങ്കീർണതകൾ കൊണ്ട് വേറിട്ട് നിൽക്കുന്നു. സൈനികരുടെ കൊടിയ പീഡനങ്ങൾക്കു ഇരയാകേണ്ടി വന്ന ചരിത്രമുള്ള അർശിദ് പിന്നെ നിലനിൽപ്പിനായി കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന, ഇന്ത്യ തീവ്രവാദികൾ എന്ന് വിളിക്കുന്നവരെയും ഇന്ത്യൻ സൈന്യത്തെയും ഒരു പോലെ സഹായിക്കുന്നവനായി മാറുന്നതിന്റെ കാരണങ്ങൾ പ്രേക്ഷകനോട് അന്വേഷിക്കാൻ പറയുന്നുണ്ട് സിനിമ. ഒടുവിൽ തന്റെ വേരുകൾ ഉറങ്ങുന്ന കാശ്മീരിന്റെ മണ്ണ് വിട്ടു നൂർ തിരിച്ചു പോകുമ്പോൾ അവളുടെ പുറകെ ഓടുന്ന മജീദിന്റെ കാഴ്ച, കാശ്മീരിൽ അപ്രത്യക്ഷരായ ആയിരക്കണക്കിന് യുവാക്കളുടെ പ്രതീകമെന്നോണം പ്രേക്ഷക മനസിനെയും വേട്ടയാടും.
Read Here: IFFK 2019: ഡീഗോ മറഡോണ: ചെകുത്താനും ദൈവവും സംഗമിച്ച ഫുട്ബോൾ ഇതിഹാസം