IFFK 2019: ഐ എഫ് എഫ് കെയിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ബംഗാളി സംവിധായകൻ അശ്വിൻ കുമാർ കശ്മീരിന്റെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രമായ ‘നോ ഫാദേര്‍സ് ഇൻ കാശ്മീർ.’ ഡെലിഗേറ്റുകളുടെ അവശ്യപ്രകാരം ചിത്രത്തിന് ഒരു പ്രത്യേക പ്രദർശനവും മേളയിൽ ഇന്ന് നടന്നു. ഇന്ത്യൻ സൈന്യം കശ്മീരിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ എത്ര മാത്രം അസ്വസ്ഥമാക്കുന്നു എന്നുള്ളതിന്റെ നേർകാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്. സൈന്യം അന്യായമായി തടവിലാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന കശ്മീരിലെ ചെറുപ്പക്കാരെയും അവരുടെ കുടുംബാംഗങ്ങളുടെ വേദനയെയും ചിത്രം അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിക്കുന്നുണ്ട്. ഇ
താദ്യമായല്ല അശ്വിൻ കശ്മീരിന്റെ വിഷയങ്ങളെ ആസ്പദമാക്കി ചിത്രം ചെയുന്നത്. ‘ഇൻഷാഹ് അള്ളാഹ് കാശ്മീർ,’ ‘ഇൻഷാഹ് അള്ളാഹ് ഫുട്ബോൾ’ എന്ന ചിത്രങ്ങൾ കാശ്മീരികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ പ്രമേയമാക്കി അശ്വിന്‍ ഒരിക്കിയ ചലച്ചിത്രങ്ങളാണ്. ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇപ്പോള്‍ ‘നോഫാദേര്‍സ് ഇൻ കാശ്മീരുമായി’ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു വരുന്നത്. ഈ പ്രദര്‍ശനങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണങ്ങൾ ഡോക്യൂമെന്ററിയാക്കാനും അശ്വിന് പദ്ധതിയുണ്ട് . ‘നോ ഫാദേര്‍സ് ഇൻ കാശ്മീരിനെ’ക്കുറിച്ചും തന്നെ ആലോസരപ്പെടുത്തുന്ന കാശ്മീരിലെ രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥയെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി സംവദിക്കുകയാണ് അശ്വിൻ.
Read Here: IFFK 2019: പ്രേക്ഷകരുടെ കണ്ണ് നിറയിച്ചു’നോ ഫാദേർസ് ഇൻ കാശ്മീർ’

കാശ്മീർ താങ്കളുടെ സിനിമകളിൽ ഒരു സ്ഥിരം വിഷയമായി മാറുന്നത് എന്ത് കൊണ്ടാണ് ?
IFFK 2019: കാശ്മീരിന്റെ പശ്ചാത്തലത്തിൽ സിനിമയെടുക്കുമ്പോൾ എനിക്ക് നിർബന്ധമുണ്ടായിരുന്നു കാശ്മീരിൽ ജീവിക്കുന്നവരുടെ കാഴ്ചപ്പാടിൽ നിന്നാവണം ആ സിനിമ ഉണ്ടാവേണ്ടതെന്ന്. ആ പ്രദേശത്തു ജീവിക്കുന്നവരെപ്പറ്റി മുൻകൂട്ടി നിർണ്ണയിച്ച കാഴ്ചപ്പാടുകളാണ് ആളുകൾക്ക് ഉള്ളത്. എന്റെ സിനിമ സഹാനഭൂതിയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ ഭാഷയിലാണ് സംസാരിക്കാൻ ശ്രമിച്ചിരിക്കുന്നത്. കാശ്മീരികളുടെ അനുഭവങ്ങളിലൂടെ, അവരുടെ കണ്ണുകളിലൂടെ പ്രശ്നങ്ങളെ നോക്കികാണാതെ അവിടെ സമാധാനം സ്ഥാപിക്കാന്‍ സാധ്യമല്ല. സ്വയം നിർണ്ണയ അവകാശം എന്ന കാശ്മീരികളുടെ ആവശ്യത്തെ കണ്ടില്ലന്നു നടിക്കാനാവില്ല. എന്തിനു വേണ്ടിയാണോ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജിത്വത്തിനെതിരെ പോരാടിയത് അതേ കാരണങ്ങൾക്ക് വേണ്ടി തന്നെയാണ് കാശ്മീരിന്റെ പോരാട്ടവും. മതനിരപേക്ഷതയും, ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യയെ പോലെയൊരു രാജ്യം സമാധാന ചർച്ചകൾ നടത്തേണ്ടതിനു പകരം ഒരു ജനതയെ അധികാരം ഉപയോഗിച്ച് നിയന്ത്രിക്കുന്നത് വിരോധാഭാസമാണ്. കാശ്മീരിൽ നടക്കുന്ന ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ കണ്ടില്ലന്നു നടിക്കുന്നു. ഇതൊക്കെ കൊണ്ടാണ് എന്നെ പോലത്തെ ചിലർ അവിടെ നടക്കുന്ന യാഥാർഥ്യമെന്താണെന്ന് നേരിട്ട് കണ്ടറിയാനും, അത് പൊതു സമൂഹത്തിനു മുന്നിൽ കൊണ്ട് വരാൻ ശ്രമിക്കുന്നതും.
കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ? കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച സാഹചര്യത്തിൽ ഇത് എത്രത്തോളം സാധ്യമാണ് ?
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ യുവ തലമുറയ്ക്ക് ഇപ്പോഴുള്ള സ്ഥിതിഗതികളിൽ ഒരു മാറ്റം കൊണ്ട് വരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാശ്മീരി ജനത അനുഭവിക്കുന്ന പീഡനങ്ങളും, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് ഇന്ത്യയിലെ യുവ തലമുറയ്ക്ക് ജാഗ്രതയും അറിവും ഉണ്ടാവണം. അതിനേക്കാളുപരി കശ്മീരിലെ അരക്ഷിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നതു അവിടത്തെ ചെറുപ്പകാരെയാണ്. കലാപകാരികളാണെന്ന സംശയത്തിന്റെ പേരിൽ തടവിലാക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരും കുട്ടികളുമാണ്. 13 ,000 -ത്തോളം കാശ്മീരി യുവാക്കളാണ് സംശയത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്റർനെറ്റ് ബന്ധങ്ങളും കാശ്മീരിൽ വിച്ഛേദിച്ചിരിക്കുന്നു, ഇത് കാരണം കുട്ടികൾക്ക് എൻട്രൻസ് പരീക്ഷകൾക്കായുള്ള ഫോംസ് പൂരിപ്പിക്കാൻ പോലും കഴിയുന്നില്ല. ഭരണകൂടം കശ്മീരിലെ യുവത്വത്തിനോട് കാണിക്കുന്ന ഈ അനീതിയെയും അക്രമത്തെയുംപറ്റി രാജ്യത്തെ മറ്റു ഭാഗങ്ങളിലുള്ള യുവജനതയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കശ്‍മീരിലെ യുവതലമുറ അനുഭവിക്കുന്നത് നാളെ തങ്ങൾക്കും സംഭവിക്കാവുന്ന ഒന്നാണെന്നു തിരിച്ചറിഞ്ഞാൽ, അവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ വേദന എന്താണന്നറിഞ്ഞൽ ഒരുപക്ഷേ ഇവിടെ മാറ്റം സംഭവിച്ചേക്കാം. ലോകത്തിലെ ഏറ്റവും കൂടുതൽ യൂത്ത് പോപുലേഷൻ ഉള്ള ജനാതിപത്യ രാജ്യമായ ഇൻഡ്യയിൽ യുവതലമുറ ഉണർന്നാൽ മാത്രമേ അധികാര കേന്ദ്രങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനാവുകയുള്ളൂ. എന്നാൽ മാത്രമേ കാശ്‌മീരിനായി ഒരു നയം രൂപീകരിക്കാൻ രാഷ്ട്രീയ നേതാക്കൾ നിര്‍ബന്ധിതരാവുകയുള്ളൂ. ഇപ്പോഴുള്ള ഒരു രാഷ്ട്രീയ നേതാവിനും കാശ്മീർ വിഷയത്തിനായി ഒരു നയരേഖ പോലും ഇല്ലായെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാശ്മീരെന്ന ഭൂപ്രദേശം സ്വന്തമാകുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ, അത് കൊണ്ടാണ് ഒരു ആലോചനയുമില്ലാതെ കശ്മീരിന്റെ സ്വതന്ത്ര അധികാരണങ്ങളെ റദ്ദ് ചെയ്തു അതിനെ ഇന്ത്യയുടെ ഭാഗമാക്കിയ നടപടി ഉണ്ടായത്. അത് കൊണ്ട് തന്നെ രാജ്യത്തെ യുവതലമുറയുടെ, യുവവോട്ടർമാരുടെ കടമയാണ് കാശ്‌മീരിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കേണ്ടത്. വ്യാജ വാർത്തകളും, കെട്ടിച്ചമച്ചുണ്ടാക്കിയ തലക്കെട്ടുകളും വിശ്വസിക്കാതെ യാഥാർഥ്യം മനസിലാക്കേണ്ടത് അത്യാവശ്യമാണ്, അത് അത്ര സുഖകരമല്ലാത്തതും ദാരുണവുമായ യാഥാർഥ്യമാണ്. രാജ്യത്തെ യുവതലമുറ കശ്മീരിലെ ചെറുപ്പകാരുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്താൽ മാത്രമേ, കശ്മീർ എന്താണെന്നു കൃത്യമായി മനസിലാക്കാൻ പറ്റുകയുള്ളു.
കാശ്മീരികൾ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ തൊട്ടറിഞ്ഞ ആളെന്ന നിലയ്ക്ക്, ആ സിനിമ ചെയ്യുന്നത് വൈകാരികമായ ഒരു വെല്ലുവിളി കൂടിയാവില്ലേ?
IFFK 2019: വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. നമ്മളെല്ലാം വളരെ സുഖസൗകര്യങ്ങളുള്ള ജീവിതമാണ് നയിക്കുന്നത്. എന്റെ സിനിമയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ യഥാര്‍ത്ഥത്തില്‍ കാശ്മീരിൽ നടക്കുന്ന കാര്യങ്ങളാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം കാശ്മീരിലെ മനുഷ്യരുടെ പ്രതിരൂപങ്ങൾ തന്നെയാണ്. അവരോടൊക്കെ വളരെ നേരം സമയം ചിലവഴിച്ചും സംസാരിച്ചുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾക്കു ഞാൻ രൂപം കൊടുത്തത്. തന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത അമ്മമാരും, തങ്ങളുടെ ഭർത്താക്കന്മാർക്ക് എന്ത് സംഭവിച്ചെന്നറിയാതെ ജീവിക്കുന്ന കശ്മീരിലെ സ്ത്രീകളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. സൈന്യം അതിക്രൂരമായ പീഡിപ്പിച്ച കാശ്മീരിലെ പുരുഷന്മാരോടും ഞാൻ സംസാരിച്ചിട്ടുണ്ട്. അവരുടെ വീടുകളിലും അടുക്കളകളിലും ഇരുന്നു അവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ തോന്നിയ വികാരങ്ങളാണ് ഞാൻ എന്റെ ചിത്രത്തിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടുള്ളത്. അവരുടെ അനുഭവങ്ങൾ എന്നിലുണ്ടാക്കിയ വികാരങ്ങൾ ഉൾക്കൊണ്ട് വളരെ ദൂരെ മാറി ഒരു സ്ഥലത്ത് ഇരുന്നു ഇതിന്റെ തിരക്കഥ എഴുതുമ്പോൾ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, എന്റെ വികാരങ്ങൾ ഒരിക്കലും അവരുടെ യഥാർത്ഥ അനുഭവങ്ങൾക്കും ജീവിതങ്ങൾക്കും മുകളിൽ ആവരുതെന്ന്. അത് കൊണ്ട് തന്നെ അമിത വൈകാരികതയും നാടകീയതയും ഒഴിവാക്കി അവരുടെ അനുഭവങ്ങൾ പറയുക എന്നുള്ളത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. കാരണം കാശ്മീരിലെ ജനതയ്ക്കു വേദനകളും ദുരന്തങ്ങളും വളരെ സാധാരണമാണ്. നിത്യസംഭവം പോലെയാണ് അവർ ദുരന്തങ്ങളെ പറ്റി പറയുന്നത്. കാശ്മീർ താഴ്വരയിലെ ജനങ്ങൾ അനുഭവിക്കുന്ന മനസികാഘാതത്തിന്റെ ആഴം വളരെ വലുതാണ്. അവിടത്തെ മനുഷ്യർ ദുരന്തങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന കാഴ്ച മനഃശാസ്ത്ര പഠനങ്ങൾ നടത്തേണ്ട ഒന്നാണ്. ഇതൊക്കെ കൊണ്ട് തന്നെ അവരുടെ ജീവിതങ്ങൾ അതിഭാവുകത്ത്വവും നാടകീയതയുമില്ലാതെ അവതരിപ്പിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഒരു ഇന്ത്യൻ സംവിധായകൻ എന്ന നിലയിൽ കാശ്മീരിന്റെ യാഥാർഥ്യങ്ങളെ പറ്റി പറയുന്ന ഒരു ചിത്രം ചെയുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നു ?
കാശ്മീർ വിഷയത്തെ കുറിച്ച് ആളുകൾക്കിടയിൽ ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. അസുഖകരമായ സത്യങ്ങൾ കേൾക്കാൻ ആളുകൾക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള ആളുകളെ മാറ്റാൻ വല്യ ബുദ്ധിമുട്ടാണ്. പക്ഷേ കാശ്‌മീരിൽ നടക്കുന്നതെന്താണെന്ന് അറിയാത്തവരെ നമ്മൾ ബോധവാന്മാരാക്കണം. വെറുപ്പിന്റെ അതിർവരമ്പിൽ എത്തി നിൽക്കുന്ന വിമർശനാത്മകമായ ഇ-മെയിലുകൾ എനിക്ക് വരാറുണ്ട്. വിദേശത്തു താമസിക്കുന്ന കാശ്മീരികൾ വരെ ഇത്തരത്തിൽ പ്രതികരിക്കാറുണ്ട്. എന്നാൽ എന്റെ സിനിമ കണ്ട 99 ശതമാനം കാശ്മീരികൾക്കും സിനിമ ഇഷ്ടമാവുകയും എന്നോട് അവര്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യൻ സംവിധായകൻ ഇങ്ങനെയൊരു ചിത്രം ചെയ്തത് കൊണ്ട് മാത്രം അതിലെ ചില ഭാഗങ്ങൾ മാത്രം എടുത്തു പറഞ്ഞു വിമർശിക്കുന്ന പുരോഗമനവാദികളും ഉണ്ട്. അവർ സിനിമ പലപ്പോഴും കാണാതെയാണ് ഇത്തരം മുൻവിധിയോടു കൂടിയുള്ള വിമർശനങ്ങൾ നടത്തുന്നത്. ഈ സിനിമ കണ്ടവർക്ക് മനസിലാവും ഞാൻ ആരുടെയും പക്ഷം ചേർന്നല്ല ഈ സിനിമ ചെയ്തിട്ടുള്ളതെന്ന്. ഒരു പക്ഷത്തേയും മോശമായും കാണിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. കാശ്മീരിൽ നടക്കുന്ന യാഥാർഥ്യങ്ങളെ കാണിക്കാനാണ് ഞാൻ ശ്രമിച്ചത്. മൂന്ന് വര്‍ഷമെടുത്താണ് ഞാൻ ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. ഏറ്റവും ആത്മാർഥമായി, സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാനും സൂക്ഷ്മമായ വിശദാംശങ്ങൾ വരെ ഉൾപ്പെടുത്താനും എനിക്ക് അത്രയും സമയം വേണ്ടി വന്നു. സിനിമ കാണുന്നവർക്കു കാശ്മീരികളുമായി ഒരു വൈകാരികബന്ധം ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളും, രാഷ്ട്രീയവും സംഘര്‍ഷങ്ങളുമൊക്കെ പിന്നീട് വരുന്ന ചർച്ചകളാണ്.
അർഷാദ് എന്ന താങ്കൾ തന്നെ അഭിനയിച്ച ചിത്രത്തിലെ കഥാപാത്രം സൈന്യത്തെയും കലാപകാരികളെയും ഒരു പോലെ കബളിപ്പിച്ചു ജീവിക്കുന്ന സങ്കീർണമായ ഒരു കഥാപത്രമാണ്. ആ കഥാപത്രത്തിലേക്ക് എത്തിയതെങ്ങനെയാണ് ?
തീവ്രവാദി അല്ലെങ്കിൽ മിലിറ്റന്റ് എന്ന ആശയത്തെ ചോദ്യം ചെയ്യുക എന്നുള്ളതായിരുന്നു അടിസ്ഥാനപരമായ ഉദ്ദേശം. അവരെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾ അല്ലെങ്കിൽ കാല്പനികതകളെ തകർക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഒരു രാഷ്ട്രീയ ആശയത്തിനായി പൊരുതുന്നവൻ, അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവൻ എന്നൊക്കെയുള്ള സ്വതങ്ങൾ ഇരിക്കെത്തന്നെ ഏതു സാഹചര്യത്തിലാണ് അര്‍ഷദിനെ സൈന്യം പിടി കൂടുന്നതെന്നും, പിന്നെ വീണ്ടും സൈന്യത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കും വിവരങ്ങൾ ചോർത്തി കൊടുക്കാനുമൊക്കെയായി സ്വാതന്ത്രനാക്കപ്പെടുന്നത് എന്നും സിനിമയില്‍ പറയുന്നുണ്ട്. ആദര്‍ശധീരനായ അർഷാദ് പിന്നെ ലോകത്തോട് തന്നെ വിദ്വേഷമുള്ള ഒരാളായി മാറുന്നതാണ് നാം കാണുന്നത്. സൈന്യത്തിന്റെ കൈയ്യിൽ നിന്നും കലാപകാരികളുടെ കൈയ്യിൽ നിന്നും പണം വാങ്ങി രണ്ടു പേർക്കും വിവരങ്ങൾ ചോർത്തി കൊടുത്തു ജീവിക്കുന്ന ഒരാളായാണ് അർഷാദ് ചിത്രത്തിൽ. ഇത് അയാൾ സ്വന്തമായി തിരഞ്ഞെടുക്കുന്ന ജീവിതമല്ല സാഹചര്യങ്ങൾ ഓരോന്നോരാന്നായി അയാളെ അങ്ങനെ മാറ്റുന്നതാണ്. നക്സൽ ബാധിത പ്രദേശങ്ങളിൽ സാൽവ ജുദുമിനെ വളർത്തിയത് പോലെ തൊണ്ണൂറുകളിൽ ഇന്ത്യൻ സൈന്യം കാശ്മീരിൽ ഉണ്ടാക്കിയ സേനയാണ് ഇഖ്‌വാൻ. പിടികൂടിയതോ കീഴടങ്ങിയതോ ആയ കാശ്മീർ കലാപകാരികളെ കൊടിയ പീഡനങ്ങൾക്കു വിധേയമാക്കി തങ്ങളുടെ വരുതിയിൽ കൊണ്ട് വരുകയാണ് സൈന്യം ഇതിനായി ചെയ്യുന്നത്. തങ്ങൾക്കു വിധേയമായവരെ നിബന്ധനകളോട് കൂടി സമൂഹത്തിലേക്ക് വിടുകയും സൈന്യത്തിനായി ചാര പണി ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുന്നു. അർഷാദ് എന്ന കഥാപാത്രം ഇതിന്റെ ഒരു പ്രതീകമാണ് ചിത്രത്തിൽ.
ഇത്തരത്തിൽ സൈന്യം നിർമിച്ച ഇഖ്‌വാനുകൾ പിന്നീട് ഒരു സ്വകാര്യ സൈന്യമായി മാറുകയായിരുന്നു. വ്യക്തിപരമായ വിദ്വേഷങ്ങൾ പരിഹരിക്കാൻ പോലും ഇഖ്‌വാനുകളെ ആളുകൾ ഉപയോഗിക്കാൻ തുടങ്ങി. യഥാർത്ഥ കലാപകാരികളേക്കാൾ അപകടകാരികളായി മാറുകയായിരുന്നു ഇഖ്‌വാനുകൾ. കുട്ടികളെ പോലും സൈന്യം ഇതിനായി ഉപയോഗിച്ചു. അർഷാദ് എന്നകഥാപാത്രം അതിന്റെ സങ്കീർണതകൾ കൊണ്ട് എന്നെ വളരെ അധികം ആകർഷിച്ചു എന്ന് വേണമെങ്കിൽ പറയാം. വിദേശത്തു പോയി വിദ്യാഭ്യാസം നേടി തിരിച്ചു കാശ്മീരിൽ എത്തിയ അർഷാദ് പിന്നെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതും, പിന്നെ സൈന്യം പിടികൂടുന്നതും, കൊടിയ പീഡനങ്ങൾക്കു വിധേയനായി തന്റെ സുഹൃത്തുക്കളെ ഒറ്റി കൊടുക്കുകയുമൊക്കെ ചെയേണ്ടി വരുന്ന അർഷാദ് അസ്വസ്ഥമായ ഒരു അസ്തിത്വം പേറുന്ന കഥാപത്രമാണ്. പുരോഗമന ആശയങ്ങൾ ഉണ്ടായിരുന്ന അർഷാദ് പിന്നെ മതമൗലിക വാദം പറയുന്ന ഒരാളായി മാറുന്നതിന്റെ കാരണങ്ങളും ചിത്രം അന്വേഷിക്കുന്നുണ്ട്. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന സാഹചര്യങ്ങളിൽ എത്ര പുരോഗമനവാദിയും ആത്മീയതേയിലേക്കോ ദൈവമാർഗ്ഗത്തിലേക്കോ അഭയം തേടാൻ സാധ്യതയുണ്ട്, പക്ഷേ ചില അവസരങ്ങളിൽ അത് വളരെ തീവ്രമായ അല്ലെങ്കിൽ അക്രമ സ്വഭാവമുള്ള അസഹിഷ്ണമായ ഒരു വിശ്വാസമായി പരിണമിക്കാനും സാധ്യത ഉണ്ട്. ഇതിന്റെയൊക്കെ പ്രതീകമാണ് അർഷാദ് എന്ന കഥാപാത്രം.
കാശ്മീരിനെ പറ്റിയുള്ള ചർച്ചകൾ എല്ലാം തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അധികാര വടംവലിയായി മാറുന്ന കാഴ്ചയാണ് നമ്മള്‍ സ്ഥിരമായി കാണുന്നത്…?
IFFK 2019: ഇത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. കശ്മീരിന്റെ കഥ പറയേണ്ടത് കാശ്മീരികളാണ്. ഇന്ത്യ-പാകിസ്ഥാൻ ദ്വന്ത്വത്തിൽ നിന്ന് കൊണ്ട് കാശ്മീരിനെ പറ്റി സംസാരിക്കുന്നത് ശരിയല്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും കാശ്മീരികളുടെ ഭാഗം കേൾക്കാൻ തയ്യാറാവാത്തിടത്തൊളം അവിടെ സമാധാന അന്തരീക്ഷം ഉണ്ടാവില്ല. ഇന്ത്യ-പാക്കിസ്ഥാന്റെ അധികാര വടംവലിയെ കുറിച്ചുള്ള ചർച്ചയാവരുത് കാശ്മീരിനെ കുറിച്ചുള്ള ചർച്ചകൾ. സ്വയം നിർണ്ണയ അവകാശത്തിനായുള്ള, സ്വാതന്ത്ര്യത്തിനായുള്ള കാശ്മീരികളുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ട് വേണം സമാധാന ചര്‍ച്ചകള്‍ നടക്കേണ്ടത്. നയതന്ത്രത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് തന്നെ എതിർ വാദങ്ങൾ കേൾക്കാനുള്ള മനസുണ്ടാവുക എന്നുള്ളതാണ്. രണ്ടു ഭാഗങ്ങളുടെയും വാദങ്ങൾ കേൾക്കുക, അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി നിർത്തി, രണ്ടു പേർക്കും സമ്മതമുള്ള കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുക.
സെന്‍സര്‍ഷിപ്പിനെ കുറിച്ച്…
ആവർത്തന വിരസമായ ഒരു വിഷയമായി മാറിയതാണ് സെന്‍സര്‍ഷിപ്പ്. സിനിമകൾ അല്ല സമൂഹത്തിനിനടയിൽ തെറ്റിദ്ധാരണകളും ഭയവും ഉണ്ടാക്കുന്നത്. സത്യങ്ങൾ മറച്ചു വെക്കുമ്പോഴാണ് തെറ്റിദ്ധാരണകളും ഭയവും ജനങ്ങൾക്കിടയിൽ ഉണ്ടാവുന്നത്. സെന്‍സര്‍ ബോർഡ് ഇപ്പോൾ അതാണ് ചെയ്യുന്നത്. ഈ ചിത്രത്തിലെ പല രംഗങ്ങളും കട്ട് ചെയേണ്ടി വന്നിട്ടുണ്ട്, എന്നാൽ വിദേശ പ്രദര്‍ശനങ്ങളിൽ ഈ ചിത്രത്തിന്റെ പൂർണ രൂപം തന്നെയായിരിക്കും പ്രദർശിപ്പിക്കുക.