IFFK 2019: ലോക സിനിമയുടെ തീവ്രാരാധകൻ ഒരു നാർസിസ്റ്റ് സ്വഭാവമുള്ള സ്വാർത്ഥനാണെന്നാണ് തോന്നുന്നത്. അയാൾ സിനിമക്ക് ചുറ്റുമുള്ള എല്ലാത്തിനെയും മറക്കുന്നു. തന്നിൽ തന്നെ ചടഞ്ഞിരുന്നു കൊണ്ട് ലാപ്പ് ടോപ്പിന് മുന്നിൽ തന്റെ ആസ്വാദന തലത്തെ ഉപേക്ഷിക്കുന്നു. ഒരു ഗ്ലാസ് മദ്യം ഒരു നിമിഷം ചെയ്യുന്ന ആ സുഖം മാത്രം. സിനിമയുടെ സമീപകാല ഭാവി ചുരുട്ടി എറിയുന്ന ഒരു കടലാസ്സു കഷ്ണത്തോളം മാത്രം ചെറുതായിപ്പോകുന്നു. ഇങ്ങനെ ഒരു കാലത്ത് സമാന്തര സിനിമ സ്വയം ഒടുങ്ങുകയോ മറ്റൊന്നിന്റെ ശരീരത്തിന്റെ ഭാഗമാകുകയോ ചെയ്യുന്നു.
രാവിലെ 11 മണി മുതൽ ക്യൂവിൽ നിന്നിട്ടും സിനിമ കാണാൻ കഴിയാതെ പുറത്താകുകയും ഒരുവേള ടാഗോർ തിയേറ്ററിന്റെ വെളിയിൽ ചായ കുടിച്ചു കൊണ്ടു നിൽക്കുകയും ചെയ്‌തപ്പോൾ സോളാനസിന്റെ മൂന്നാം ലോക സിനിമയെപ്പോലും വിഴുങ്ങുന്ന നെറ്റ്ഫ്ലിക്‌സ് (Netflix) ഭീമന്റെ വരവ് ഒരു നോട്ടിഫിക്കേഷൻ അകലത്തിൽ ലഭ്യമായി. കാണാൻ പറ്റാത്തതൊക്കെ നെറ്റ്ഫ്ലിക്സിൽ ഉണ്ട്. അഥവാ അടുത്ത തവണ വന്നില്ലെങ്കിലും കുഴപ്പമില്ല.
വീട്ടിലെ സ്വന്തം മുറിയിലിരുന്നു ലോകസിനിമയെ അസ്വദിക്കാനുള്ള സാധ്യതകൾ ഉണ്ടല്ലോ… കമ്മ്യൂണുകൾ പതുക്കെ ഇല്ലാതാകുകയാണ്. ഇതെഴുതുമ്പോൾ കറുത്ത വസ്ത്രം ധരിച്ച തിയേറ്റർ സെക്യൂരിറ്റി തന്റെ മൊബൈൽ ഫോണിൽ അറുപതുകളിൽ എന്നോ പുറത്തിറങ്ങിയ മലയാളം സിനിമാ പാട്ടുകൾ കേൾക്കുന്നു. ഒരാൾ നിലത്തു കിടന്നുറങ്ങുന്നു.
ഭയപ്പെടുത്തുന്ന ഒരേകാന്തത ഒരു മൈതാനത്തെ വലയം ചെയ്യുന്നത്, അവിടെ മനുഷ്യരുടെ അസാന്നിധ്യം ഒന്നു കൊണ്ടു മാത്രമാണ്. അതിവിടെ പതുക്കെ സംഭവിക്കുകയാണ്.
മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങളെ’ നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയപ്പോൾ അതൊരാഘോഷം പോലെ കൊണ്ടു നടന്നവരെ ഓർക്കുന്നുണ്ട്. എഴുത്തുകാരനും ചലച്ചിത്രകാരനും ഇടയിൽ ആസ്വാദനത്തിന്റെ സാങ്കൽപിക ശരീരമുണ്ട്. അതിനുള്ളിലാണ് നമ്മുടെ രസങ്ങൾ എല്ലാം നില നിൽക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ നെറ്റ്ഫ്ലിക്‌സ് ബാധ
1997 ഓഗസ്റ്റ് 29-ന് റീഡ് ഹസ്റ്റിംഗ്സ്, മാർക്ക് റാൻഡോൾഫ് എന്നിവർ ചേർന്ന് നിർമിച്ച ഒരു കുത്തക അമേരിക്കൻ വിനോദ കമ്പനിയാണ് നെറ്റ്ഫ്ലിക്‌സ്. ആദ്യം ഡിവിഡികൾ വാടകക്ക് നൽകുന്ന തരത്തിൽ തുടങ്ങിയ അവർ പതുക്കെ വിനോദ വ്യവസായത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു. 190 രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന വലിയൊരു കുത്തക വിനോദ വ്യവസായ മേഖല പടുത്തുയർത്താൻ അതിനായി. സമാന്തര സിനിമാ മേഖലയെ തന്നെ പൂർണമായും അതു സ്വന്തമാക്കി എന്നു വേണമെങ്കിൽ പറയാം.
യൂട്യൂബും നെറ്റ്ഫ്ലിക്സും സമാന്തരമായ എല്ലാ സൈബർ സ്പേസ്കളും യാന്ത്രികമായി ഒരാളെ അയാളുടെ തന്നെ ചെറിയൊരു ലോകത്തിലേക്ക് ഒതുക്കി നിർത്തുന്നുണ്ട്. വേണ്ടത് മുന്നിൽ കിട്ടുന്നവർക്ക് മെഷീനോട് മാത്രം സംവദിച്ചാൽ മതിയാകും. അവിടെ മറ്റൊരു മനുഷ്യന്റെ ആവശ്യം വരുന്നില്ല. ലോകസിനിമയിൽ എന്തു മാറ്റമുണ്ടായാലും അതു മുന്നിലിരുന്നു കാണുന്ന ഒരാളെ സംബന്ധിച്ച് കാണുക എന്നതിൽ കവിഞ്ഞ് സംവാദത്തിന്റെ, തന്റേതായ ആവിഷ്കാരങ്ങളുടെ ഒരു ലോകം ഉണ്ടാകുമെന്ന് കരുതാൻ പ്രയാസമുണ്ട്.
എല്ലാ വെള്ളിയാഴ്ചയും ഓരോന്നെന്ന രീതിയിൽ പുറത്തു വരുന്ന സിനിമകൾ നെറ്റ് ഫ്ലിക്‌സ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ സമീപ ഭാവിയിൽ അവർ ലക്ഷ്യം വയ്ക്കുന്ന വ്യവസായ ലാഭത്തെപ്പറ്റിയും പ്രേക്ഷക ചൂഷണത്തെ പറ്റിയും കൂടുതൽ കാര്യങ്ങൾ അറിയാനിരിക്കുന്നതെയുള്ളൂ.
നെറ്റ് ഫ്ലിക്‌സ് ബാധ ഐ എഫ് എഫ് കെയിലും ഉണ്ടായിരിക്കാം. അതൊരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോഴെങ്കിലും സമീപ ഭാവിയിൽ നമ്മുടെ മേളകളെയും അതു ബാധിക്കുമെന്ന് ഉറപ്പാണ്.
ജനകീയ മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചെറു കച്ചവടക്കാർ, ചെറിയ രീതിയിൽ പല തരം വരുമാനം കണ്ടെത്തിയിരുന്നവർ… അവരൊക്കെ ഏകദേശം ഒഴിഞ്ഞു പോയിരിക്കുന്നു. മേളയുടെ സ്വഭാവം മാറുന്നതിന് അനുസരിച്ച് ആളുകളുടെ മനോഭാവത്തിലും അവർക്ക് വേണ്ട വസ്തുക്കളിൽ പോലും തിരഞ്ഞെടുപ്പുകളുടെ വ്യത്യസ്തത കാണുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ആഗോളവൽക്കരണ കാലത്തെ മനുഷ്യന്റെ സാംസ്കാരിക വംശനാശം പ്രത്യേക്ഷമായി മനസ്സിലാകും. എന്തു തന്നെയായാലും നെറ്റ്ഫ്ലിക്‌സ് പോലുള്ളവ എങ്ങനെ ചലച്ചിത്ര മേളയുടെ സംസ്കാരത്തെ ബാധിക്കുമെന്ന് അറിയാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടതുണ്ട്.
Read Here: IFFK 2019: അയയുന്ന പ്രതിരോധങ്ങൾ
ആൾക്കൂട്ടത്തിൽ ഒരാൾ
ഇന്നു മൂന്നു മണിക്ക് ഞാനവരെ കണ്ടു. വല്ലാത്തൊരു അത്ഭുതമാണ് ‘പാരസൈറ്റിന്റെ’ ക്യൂവിൽ കാത്തിരിക്കുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഫ്രഞ്ചുകാരിയോ ലാറ്റിനമേരിക്കൻ സ്വദേശിയോ എന്ന് തീർച്ചയില്ലാത്ത ഒരു സിനിമാ പ്രേമിയുടെ കഥയാണിത്.
2018ലെ പ്രളയാകാലത്തെ ഫെസ്റ്റിവൽ സമയം ഒഴിച്ച് അവസാനത്തെ ആറു മേളകളിൽ എഴുപതിനടുത്തു പ്രായമുള്ള ആ സ്ത്രീയെ ഞാൻ കാണുന്നുണ്ട്.
സ്പാനിഷ് ഭാഷയുടെ ആനന്ദശബ്ദം പലപ്പോഴും പല ദിക്കുകളിൽ നിന്നും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ദാ ഇവിടെ എന്റെ മുന്നിൽ അവർ നിൽക്കുന്നു. കഴിഞ്ഞ വർഷം ആൽക്കൂട്ടങ്ങളുടെ ഇടയിൽ അവരെ തിരിഞ്ഞിരുന്നു. കണ്ടു കിട്ടിയില്ല. എന്നാൽ ഇത്തവണ അവർ എന്റെ മുന്നിൽ കുറച്ചകലെ നിൽക്കുകയാണ്. അതു കൊണ്ട് വരിയിൽ നിന്നു കൊണ്ട് എന്റെ ഫോണിൽ ഞാൻ എഴുതുകയാണ്.
ഒരാൾ അറിയാതെ അയാളെ പിന്തുടരുന്ന അയാളെ ഇഷ്ടപ്പെടുന്ന മറ്റൊരാളുടെ കഥ വിചിത്രവും രസകരവുമാണ്. നിങ്ങൾ അവരോടു മിണ്ടുന്നില്ല, അവർ നിങ്ങളോടും. പക്ഷേ അവർ അവിടെ ഉണ്ടെന്നുള്ളത് ഒരു തരം അനുഭവമാണ്. എല്ലാവരും നിറഞ്ഞു നിന്നാൽ മാത്രം പൂര്‍ണ്ണമാകുന്ന എന്തോ ഒന്നുണ്ട്.
മുറകാമിയുടെ പുസ്തകവും പിടിച്ചു നിൽക്കുന്ന വൃദ്ധ മുന്നോട്ടു നടക്കുകയാണ്. അവർ അവിടെയുള്ളത് സന്തോഷവും ആകാംഷയുമാണ്. അടുത്ത തവണയും അവരുണ്ടെങ്കിൽ എത്ര നന്നായിരുന്നുവെന്ന ചിന്തയും.
മനുഷ്യർക്ക് മനുഷ്യരെ സ്നേഹിക്കാൻ അവരുടെ സൗമ്യസാമീപ്യം മതിയെന്ന് തോന്നുന്നു. അവര്‍ മുന്നോട്ട് നീങ്ങുമ്പോൾ, ‘പാരസൈറ്റ്’ തുടങ്ങുമ്പോൾ, അതിലെ സംഗീതം ഹൃദയത്തെ പിടിക്കുമ്പോൾ, ഞാൻ എന്തായിരിക്കും ചിന്തിക്കുക. അതു മറ്റൊരു ചലച്ചിത്രമായിരിക്കും.
മാന്ത്രിക നഗരം
ബെര്‍ഗ്മാന്റെ ‘മാജിക്ക് ലാന്റെൺ’ എന്ന ആത്മകഥയിൽ സ്ത്രീകളുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് മുറിച്ചു ചേർത്ത് ലൈംഗിക ആനന്ദം കണ്ടെത്തിയ അനുഭവം വായിച്ചിട്ടുണ്ട്. ഈ നഗരത്തിലെ ലോകസിനിമാ അനുഭവം അതു പോലെയാണ്. പ്രണയവും രതിയും അഭയാർത്ഥിത്വവും തെരുവിലൂടെ നീങ്ങുന്ന നായയിൽ പോലും ദൃശ്യമാണ്.
ഓട്ടോകൾ ഹിപ്പോ പൊട്ടാമസിന്റെ പുറംതൊലിയുടെ നിറത്തിൽ തലങ്ങും വിലങ്ങും, ചുവന്ന ബസ്സുകൾ, ഗ്ലാസ്സുകളുടെ ശബ്ദം, പാൽ, സിഗരറ്റ് മണം, കാറുകൾ, പെണ്‍കുട്ടികൾ അങ്ങനെ അനേകം ദൃശ്യങ്ങൾ.
ഒരു നഗരം ഒരു സിനിമയാണ്. ‘സിനിമാ പാരടൈസോയിലെ’ സംഗീതത്തെപ്പോലെ അതീ തെരുവിലെ ഓരോ ഭിത്തിയിലും ആഴത്തിൽ വന്നു പതിക്കുന്നു.
വൃദ്ധ ഉള്ളിലേക്ക് കയറിപ്പോയി. പേരറിയാത്ത, നാടറിയാത്ത ഒരാൾ നമ്മുടെ ജീവിതത്തിൻറെ ഏതോ ഭാഗത്ത് ഒരു നിഗൂഢത ഒളിപ്പിച്ചു കടന്നു കളയുന്നു.
തിയേറ്ററിലെ സിനിമക്ക് ഒപ്പം പുറത്തു നടക്കുന്ന ഈ ദൃശ്യ ഘോഷയാത്ര സിനിമയോളം തന്നെ പ്രധാനപ്പെട്ടതാണ്. ഭൂമിയിലെ ഓരോ ദൃശ്യത്തിനും മേൽ അത്രയധികം സ്വാധീന ശക്തി അവകാശപ്പെടാനുണ്ട്. ചുറ്റുമുള്ള കഥകളുടെ തനിയാവർത്തനം തന്നെയാകുന്നു ചിലപ്പോൾ തിരശ്ശീലയിലെയും.
സമയം കഴിയുന്നു. തിയേറ്ററിനുള്ളിലെ ഇരുട്ടിൽ അനേകം മനുഷ്യർക്കൊപ്പം ആ വൃദ്ധ ഇരിക്കുന്നത് നോക്കി മറ്റൊരു കഥ ഞാൻ നിർമ്മിക്കുന്നു.
ബ്രസീലിൽ നിന്നോ അർജന്റീനയിൽ നിന്നോ പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന ഒരു വിമാനത്തെ പിടിക്കാൻ എയർ പോർട്ടിലേക്ക് പോകുന്ന വൃദ്ധ. അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ പറന്നു തോൽപിക്കാൻ നടത്തുന്ന യാത്രകൾ…
ഓരോ കഥയും ഇങ്ങനെ രസകരമായ അനുഭവങ്ങളാകുന്നു.