IFFK 2019, Despite the Fog Movie Review: ഗോരൻ പാസ്കൽയെവിക് സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ ‘ഡെസ്പൈറ്റ് ദി ഫോഗ്’ (നോൺസ്റ്റാന്റേ ലാ നെബിയ) അഭയാർഥികളുടെ ആകുലതകളും പലായനം മനുഷ്യരിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും അതിന്റെ അനന്തരഫലങ്ങളും ഹൃദയസ്പർശിയായി ഒപ്പിയെടുക്കുന്നു. പലായനത്തിന്റെ ഭാഗമായി ഇറ്റലിയിലും യൂറോപ്പിലും വളർന്നു വരുന്ന സെനോഫോബിയ, ഇസ്ലാമോഫോബിയ, ഫാസിസം എന്നിവ അഭയാർഥികളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും ഈ ചിത്രം രേഖപ്പെടുത്തുന്നു. 2019 ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ‘ഡെസ്പൈറ്റ് ദി ഫോഗ്’ ഏകമകനെ നഷ്ടപ്പെട്ട ദമ്പതികൾ ദത്തെടുത്ത 8 വയസ് പ്രായമുള്ള അഭയാർത്ഥി കുട്ടിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

 

ഇറ്റലിയിൽ സെറ്റ് ചെയതിരിക്കുന്ന ഈ ചിത്രം റോം പ്രവിശ്യയിലെ ഒരു പട്ടണത്തിലെ റെസ്റ്റോറന്റിന്റെ ഉടമയായ പൗലോയുടെയും ഭാര്യ വലേറിയയുടെയും കഥയാണ് പറയുന്നത്. മഴയുള്ള ഒരു രാത്രിയിൽ, വീട്ടിലേക്കുള്ള യാത്രാമധ്യേ, ബസ് സ്റ്റോപ്പിൽ തനിയെ തണുപ്പിൽ ഒളിച്ചിരിക്കുന്ന കുട്ടിയെ പൗലോ കണ്ടെത്തുകയും അഭയം നൽകാനായി വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്യുന്നു. വലേറിയ കുട്ടിയ്‌ക്കൊപ്പം താമസിക്കാൻ ആദ്യം വിമുഖത കാണിക്കുന്നു. തുടക്കത്തിൽ മടിയും സംശയവുമുള്ള വലേറിയ ഒടുവിൽ അവനെ രാത്രി താങ്ങാന്‍ സമ്മതിക്കുന്നു. പക്ഷേ, ഇറ്റലിയിലേക്കുള്ള യാത്രയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു അഭയാർഥിയാണ് എട്ട് വയസ്സ് മാത്രമുള്ള കൊച്ചു മുഹമ്മദ് എന്ന് അറിയുമ്പോൾ, അവനെ സ്വാഗതം ചെയ്യാൻ തീരുമാനിക്കുന്നു. അവരുടെ മനസ്സ് മാറ്റുകയും എല്ലാവരുടെയും അഭിപ്രായം അവഗണിച്ച് മുഹമ്മദിനെ നിലനിർത്താൻ തീരുമാനിക്കുകയും ചെയ്യുന്നു. അവനെ സ്വന്തം മകനായ മാർക്കോയുടെ അഭാവത്തിൽ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ച് വലേറിയ സന്തോഷം തേടാൻ ശ്രമിക്കുന്നു.

ഒരു അഭയാർഥി ബോട്ടിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായ ഒരു മുസ്‌ലിം അഭയാർത്ഥി കുട്ടിയെ സ്വീകരിക്കുന്ന ഒരു ഇറ്റാലിയൻ കത്തോലിക്കാ ദമ്പതികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം വിവരിക്കുന്നത്. മാതാപിതാക്കൾ സ്വീഡനിൽ ആണെന്ന് കരുതുന്ന മുഹമ്മദ് തന്റെ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുകയും അതേ സമയം പുതിയ ഇടത്തിലെ ചിന്തകളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. മുഹമ്മദിന് അഭയം നൽകുമ്പോൾ ഈ ദമ്പതികൾ സാമൂഹിക തിരിച്ചടിയും വിവേചനവും, നിസ്സാരമായ പരാമർശങ്ങളും അക്രമ പ്രവർത്തനങ്ങളും നേരിടുന്നു.

പ്രായപൂർത്തിയാകാത്ത, പതിനായിരത്തിലധികം അഭയാർഥി കുട്ടികൾ മാതാപിതാക്കളുടെ പരിചരണമില്ലാതെ ഇന്ന് യൂറോപ്പിൽ അലഞ്ഞു നടക്കുന്നുണ്ടെന്നും അതിൽ പകുതിയും ഇറ്റാലിയൻ റോഡുകളിലാണെന്നും ഇന്റർപോൾ പറയുന്നു. ഈ ചിത്രം അവയിലൊന്നിനെക്കുറിച്ചുള്ള കഥ മാത്രമാണ്. മെച്ചപ്പെട്ട ജീവിതം തേടി, യുദ്ധം തകർത്ത രാജ്യത്ത് നിന്ന് അഭയം തേടി ഇറ്റാലിയൻ തീരത്തേക്ക് റബ്ബർ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ മുങ്ങിമരിച്ച് ഒറ്റപ്പെട്ടു പോകുന്ന കുട്ടികൾക്കാണ് ഈ ചിത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

അഭയാർഥികളുടെ അവസ്ഥ യൂറോപ്പിലെ ഏറ്റവം പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഓരോ ദിവസവും ആയിരക്കണക്കിന് അഭയാർഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നു, അവരുടെ വീടുകൾ, സ്കൂളുകൾ, സുഹൃത്തുക്കൾ, കുടുംബം എന്നിവരെ ഉപേക്ഷിച്ച് തങ്ങളുടെ രാജ്യങ്ങളിലെ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളായ ഗ്രീസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നു. കാറും കോളുമുള്ള കടലുകളും അതിർത്തികളും കടന്ന് ജീവിക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോള്‍ മരണത്തെപ്പോലും മുഖാമുഖം കാണുന്നു.

 ffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, 35mm, 3mm film projection, despite the fog

IFFK 2019: Despite the Fog

അഭയാർഥികളോടുള്ള മധ്യവർഗ മനോഭാവങ്ങളും മുൻവിധികളും ഈ സിനിമയിൽ പറയുന്നുണ്ട്. തുടക്കത്തിൽ, ചിത്രത്തിന്റെ പേര് ‘എന്റെ പേര് മുഹമ്മദ്’ എന്നാണ് തീരുമാനിച്ചിരുന്നത്. യൂറോപ്പിനെ നശിപ്പിക്കുന്ന ഭീമാകാരമായ സെനോഫോബിക് മൂടൽമഞ്ഞിനെ സൂചിപ്പിക്കുന്ന ചിത്രത്തിന്റെ ശീർഷകം തന്നെ ഒരു രൂപകമാണ്. കഠിനമായ യാത്രയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട, അറിയാത്ത ഒരു ഭാഷ സംസാരിക്കുന്ന ഒരു വിചിത്ര രാജ്യത്ത് തനിച്ചായിരിക്കുന്ന കുട്ടികളെയാണ് സിനിമ എടുത്തുകാട്ടുന്നത്. ഈ ഹൃദയസ്പർശിയായ കഥയിലൂടെ മനുഷ്യരാശി എന്നാ നിലയില്‍ നാം ഇപ്പോഴും ധാർമ്മികമായി പിന്നോക്കാവസ്ഥയിലാണെന്ന ശക്തമായ സന്ദേശവും നൽകുന്നു. സമൂഹത്തിലെ കപടവിശ്വാസികളുടെ സ്വഭാവത്തെക്കുറിച്ചും വിവിധ മതങ്ങളിലെ ആളുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന വിദ്വേഷത്തെക്കുറിച്ചും ഈ ചിത്രത്തിന് വെളിച്ചം വീശുന്നു.

മാതാപിതാക്കളോടൊപ്പം യുദ്ധത്തിൽ തകർന്ന സിറിയയിൽ നിന്ന് രക്ഷപ്പെടുന്ന മുഹമ്മദ് എന്ന കൊച്ചുകുട്ടിയുടെ വേഷത്തിലാണ് അലി മൂസ അലി ഷഹ്‌റാൻ എത്തുന്നത്. ഡൊണാറ്റെല്ല ഫിനോച്ചിയാരോ വലെറിയ ആയും ജോർജിയോ ടിരബാസ്സി പൗലോ ആയും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു.

Read Here: IFFK 2019: ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഇരുപത്: യു വില്‍ ഡൈ അറ്റ്‌ ട്വന്റി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook