scorecardresearch

IFFK 2019: ഡിസംബർ 2019 ഓർക്കപ്പെടുമ്പോൾ

IFFK 2019: സിനിമക്കു മാത്രം വാഗ്‌ദാനം ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. അതു സാധാരണ അനുഭവങ്ങൾക്കും എത്രയോ അപ്പുറമാണ്

IFFK 2019: ഡിസംബർ 2019 ഓർക്കപ്പെടുമ്പോൾ

IFFK 2019: വീണ്ടും ഒരു ഡിസംബറിൽ കണ്ടുമുട്ടാമെന്ന വാഗ്‌ദാനം നൽകി സിനിമാ പ്രേമികൾ തിരികെ സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും അവരവരുടേതായ തിരക്കുകളിലേക്കും മടങ്ങുകയാണ്. ഇനി വളരെയധികം ഷോകൾ ഒന്നുമില്ല. ഏതാനും ചില സിനിമകൾ ആറു മണിക്ക് മുന്നേ ഓടിത്തീരും. ഏഴു ദിനരാത്രങ്ങൾ തിരുവനന്തപുരം നഗരത്തിനു നൽകിയ സ്നേഹം കടം പറഞ്ഞു കൊണ്ട് പൂർണമായും അവർ ഈ നഗരത്തോട് യാത്ര പറയും.

ചുറ്റുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ഇടയിലിരുന്ന് സിനിമ കാണുമ്പോള്‍ അനുഭവിക്കുന്ന സുരക്ഷിതത്വ ബോധം. രാത്രിയില്‍ നിശാഗന്ധിയില്‍ നിറഞ്ഞിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇതെന്‍റെ കുടുംബമാണ് എന്നൊക്കെ ചിന്തിക്കുന്നു. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് പുലരുവോളം അങ്ങനെ തന്നെയിരിക്കുവാന്‍ തോന്നുന്ന വല്ലാത്ത കൊതി.

കടുപ്പം കൂടിയ ചായയും ഉഴുന്നുവടയും മാത്രം ജീവിതത്തെ നിലനിര്‍ത്തുന്ന കാലം, അവിടെ സമയം നിശ്ചലമാകുന്നു. സംഭവിക്കുന്നത്‌ ഭൂലോകയാത്രകള്‍ മാത്രം. ഇവിടെ നല്ല മനുഷ്യര്‍ മാത്രമേയുള്ളൂ, അവരെ ലോകസിനിമ ചേര്‍ത്തു നിര്‍ത്തുന്നു.വിഖ്യാതമായ തലച്ചോറുകള്‍ മാന്ത്രികരാകുന്നു, അവരുടെ സിനിമ നമ്മുടെ ജീവിതമാകുന്നു.

Read Here: IFFK 2019: ഇനി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുകൾ

നിങ്ങൾ സ്നേഹിക്കപ്പെടുന്നു

ഇന്ത്യയെപ്പോലെ ഒരു മൂന്നാം കിട രാജ്യത്തെ ഒരു ചെറിയ പട്ടണത്തിൽ ലോകസിനിമ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തു തന്നെയായാലും അതിലും കവിഞ്ഞ് വല്ലാത്തൊരു സ്നേഹം എല്ലാത്തരം യാഥാസ്ഥിതിക ചിന്തകളെയും വെല്ലുവിളിച്ചു കൊണ്ട് നില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇവിടെ സ്വന്തമായ ഇടങ്ങളുണ്ട്. ചിലപ്പോൾ പ്രണയം പോലും സംഭവിക്കുന്നു.

ഒരു സിനിമാ തീയേറ്ററിന് പിന്നിൽ ആദ്യമായി നിങ്ങൾ ചുംബിക്കപ്പെടുമ്പോൾ, ഒക്ടോവിയോ പാസ്സ് പറഞ്ഞതു പോലെ ‘രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നുവെന്ന്’ നിങ്ങൾ തന്നെ എഴുതുന്നു. രണ്ടു ചുണ്ടുകൾ തമ്മിലുള്ള അകലം ഇന്ത്യയെ സംബന്ധിച്ച് രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അകലം പോലെ ദീര്‍ഘമാണ്. സാമ്പ്രദായികമായ പാരമ്പര്യത്തെ മുഴുവൻ തകർക്കാനായി ഒത്തുകൂടാൻ ഒരു മേള നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. അതിവിപുലമായ അതിന്റെ സാധ്യതകൾ ഒരുപക്ഷേ മറ്റെല്ലാറ്റിനേയും വെല്ലുവിളിക്കും.

ഡിസംബർ 2019 ഓർക്കപ്പെടുമ്പോൾ

ലോകരാജ്യങ്ങളിൽ പലയിടത്തും പ്രക്ഷോഭങ്ങൾ അതിശക്തമായി വ്യാപിക്കുകയാണ്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം നടക്കുന്ന ലോകത്തെ പ്രധാന സംഭവങ്ങളിൽ ചിലിയിലെ പ്രക്ഷോഭവും ഹോങ്കോങിലെ പ്രതിക്ഷേധങ്ങളും ഇൻഡ്യയിൽ cabന് എതിരെ നടക്കുന്ന സമരങ്ങളെയും പരിഗണിക്കാം. 2020ലെ സിനിമകൾ 2019ൽ ലോകവും വ്യക്തികളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ കൂടെ കഥകൾ പറയുമായിരിക്കും. സിനിമ നിർമ്മിക്കുന്ന ആശയങ്ങൾ വ്യക്തികളുടെ ഉള്ളിൽ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് കരുതുന്നു അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാനാണ് ഇഷ്ടം.

പ്രേക്ഷകരുടെ പൊട്ടിച്ചിരികൾ

കഴിഞ്ഞ ദിവസം രാത്രി നിശാഗന്ധിയിൽ ‘The Unknown Saint’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രേക്ഷകർ നിറഞ്ഞു ചിരിക്കുന്നത് അനുഭവിച്ചതാണ്. ആ നിറഞ്ഞ പൊട്ടിച്ചിരിയിൽ ഒളിഞ്ഞിരിക്കുന്ന നന്മയുടെയും സൗഹാർദ്ദത്തിന്റെയും വശങ്ങളുണ്ട്. അതാണ് ഒരു സമൂഹത്തിന്റെ ഏറ്റവും പോസിറ്റീവ് ആയ ചലനങ്ങൾ. കൂടുതൽ ഒന്നുമില്ലെങ്കിലും കുറച്ചു രസകരമായ ചലച്ചിത്രങ്ങൾ മറ്റെല്ലാ ബഹളങ്ങൾക്ക് ഇടയിലും ആളുകളെ രസിപ്പിച്ചു.

ഈ നഗരത്തിലെ ഓരോ ഇടവും ചലച്ചിത്ര പ്രേമിക്ക് അവനവന്റെ സ്വകാര്യ അഹങ്കാരമായിരിക്കും. ഒരു വേള പുതിയൊരു സുഹൃത്തിനും ഒപ്പം അയാൾ മറ്റൊരു കാലത്ത് ഇവിടേക്ക് തിരിച്ചു വരുന്നു. തന്റേതായ സ്വാതന്ത്ര്യത്തെ തിരിച്ചു പിടിക്കുന്നു. ഈ ലോകം സിനിമ വാഗ്ദാനം ചെയ്യുന്നതാണ്. സിനിമക്കു മാത്രം വാഗ്‌ദാനം ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. അതു സാധാരണ അനുഭവങ്ങൾക്കും എത്രയോ അപ്പുറമാണ്.

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 movie delegates awards world cinema