IFFK 2019: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഉദയകുമാര്‍ എന്ന ചെറുപ്പക്കാരന്റെ കസ്റ്റഡി മരണം. മകന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്ക് ശിക്ഷ നേടിക്കൊടുക്കനായി ഉദയന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ പോരട്ടമാകട്ടെ കേരളത്തിന്റെ നിയമചരിത്രത്തിലെ നിശ്ചയദാര്‍ഢ്യം തുളുമ്പുന്ന ഒരേടും.
ഈ കഥയാണ് മറാത്തിയില്‍ ‘മായി ഘട്ട് ക്രൈം നമ്പർ 103/2005’ എന്ന ചലച്ചിത്രമായി പരിണമിച്ചത്. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, അനന്ത് മഹാദേവന്‍ സംവിധാനം ചെയ്ത ‘മായി ഘട്ട് ക്രൈം നമ്പർ 103/2005’ കാണാന്‍ പ്രഭാവതിയമ്മ എത്തി.

കലാഭവന്‍ തിയേറ്ററില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ തന്റെ ജീവിതവും പോരാട്ടവും അഭ്രപാളികളില്‍ തെളിയുന്നത് കണ്ട് കണ്ണും മനസ്സും നിറഞ്ഞ പ്രഭാവതിയമ്മയോട് മറാത്തി ഭാഷ മനസ്സിലായോ എന്ന ചോദ്യത്തിന് ‘കൊറെയൊക്കെ മനസിലായി’ എന്ന് ഉത്തരം.
“കഥയൊക്കെ ആനന്ദ് സർ പറഞ്ഞിരുന്നു . ഞാൻ അനുഭവിച്ചതും, ഇന്നും അനുഭവിച്ചു കൊണ്ടിരുക്കുന്നതും തന്നെയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഒരമ്മ അനുഭവിക്കുന്ന വേദന എല്ലാ അമ്മമാർക്കും മനസിലാവും. ഈ സിനിമ കണ്ടാൽ എല്ലാ അമ്മമാർക്കും ഞാൻ അനുഭവിച്ചത് എന്താണെന്നു മനസിലാവും. 4000 രൂപയുടെ പേരിലാണ് അവർ എന്റെ മകനെ കൊന്നത്. എന്റെ മകന് സംഭവിച്ചത് ഇനി ഒരു മക്കൾക്കും സംഭവിച്ചു കൂടാ,” പ്രഭാവതിയമ്മയുടെ വാക്കുകളില്‍ ഒടുങ്ങാത്ത പോരാട്ടവീര്യം.
4200 രൂപ മോഷ്ടിച്ചതാണെന്ന് ആരോപിച്ചു ഉദയകുമാറിനെയും സുഹൃത്തിനെയും തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായ ശാരീരിക പീഡനങ്ങൾക്കു വിധേയമാക്കി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്നു കേരളം കണ്ടത് ഉദയകുമാറിനു വേണ്ടി അമ്മ പ്രഭാവതിയമ്മ നടത്തിയ പതിമൂന്നു വര്‍ഷം നീണ്ട നിയമ പോരാട്ടമായിരുന്നു. ഒടുവില്‍ കുറ്റക്കാരായ രണ്ടു പോലീസുകാർക്ക് കോടതി വധശിക്ഷയും വിധിച്ചു.
കേരളത്തിൽ നടന്ന ഉദയകുമാർ കസ്റ്റഡി മരണം സംവിധായകന്‍ ആനന്ദ് മഹാദേവൻ മഹാരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിലെ പശ്ചാത്തലത്തിലാണ് നിര്‍മ്മിച്ചതെങ്കിലും, യഥാർത്ഥ സംഭവങ്ങളിൽ അധികം മാറ്റങ്ങൾ വരുത്താതെയാണ് സംവിധായകൻ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. ബംഗാളി അഭിനേത്രി ഉഷ ജാധവാണ് പ്രഭാവതിയമ്മയുടെ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രഭ മായി എന്നാണ് ചിത്രത്തിൽ ഉഷ ചെയ്തിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.
Read Here: IFFK 2019: കരയാത്ത പ്രഭാവതിയമ്മ, കരളലിയിക്കുന്ന കഥ: അനന്ത് മഹാദേവന്‍ അഭിമുഖം
ഈ വർഷത്തെ ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉഷ ജാദവിനു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും. ‘മായി ഘട്ട് ക്രൈം നമ്പർ 103/2005’ന്റെ അവസാനം പ്രഭാവതിയമ്മ അവരുടെ അനുഭവം നേരിട്ടു വിവരിക്കുന്ന ഭാഗവും സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്.