scorecardresearch

IFFK 2019: ലൂയി ബുനുവൽ ഇഫക്റ്റ്

IFFK 2019: ലോകത്തെല്ലായിടത്തും കലയെന്ന ഭ്രാന്തുമായി നടക്കുന്നവരുടെ അവസ്ഥ എക്കാലവും ഒരു പോലെ തന്നെ

iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, memories, nostalgia, Buñuel in the Labyrinth of the Turtles

IFFK 2019: ഒരു മൈതാനത്ത് ലൂയി ബുനുവൽ നിൽക്കുന്നു. ചുറ്റും മഞ്ഞപാപ്പാത്തികളുടെ ചുഴലി. തെരുവുകൾ കയ്യടക്കുന്ന വിചിത്ര രൂപികൾ സ്പാനിഷ് സംഗീതം, ഒരുവേള സാക്ഷാൽ സാൽവദോർ ദാലി പിരിയൻ മീശയും വിറപ്പിച്ച് നടന്നു വരുന്നു.

ഈ നഗരത്തിലെ സൂവിനുള്ളിൽ ഉണ്ടായിരുന്ന ഒരു ജിറാഫിനെയാണ് സാൽവദോർ സിമോണിന്റെ Buñuel in the Labyrinth of the Turtles കണ്ടപ്പോൾ ഓര്‍മ്മ വന്നത്. ലൂയി ബുനുവൽ ശരിക്കും ഈ നഗരത്തിലൂടെ ഈ നിമിഷം പോലും സഞ്ചരിക്കുന്ന പോലെ. സാൽവദോർ ദാലിയിൽ തുടങ്ങിയ സർറിയലിസം ബുനുവലിലൂടെയും സഞ്ചരിക്കുന്നു. ജിറാഫുകൾ, നീളൻ കാലുകളുള്ള ആനകൾ, മഞ്ഞ നിറമുള്ള ചിത്ര ശലഭങ്ങൾ അങ്ങനെ തല തെറിച്ച ആ മാന്ത്രിക വിദ്യയുടെ യാത്രയാണ് സിനിമ.

സിനിമ കണ്ടിരുന്ന സുഹൃത്ത് ഇടക്ക് പൊട്ടിക്കരഞ്ഞു. അച്ഛനോട് ഞാൻ എന്റെ പേരു കേൾപ്പിക്കും എന്ന് വീണ്ടും വീണ്ടും കേണു പറയുന്ന ആ നിമിഷത്തിൽ മാത്രം. അവൻ തന്നെ ഒരു വേള കസൻദ്സാക്കീസ് അച്ഛനെഴുതിയ കത്തുകൾ വായിച്ച് ഇതു പോലെ കരഞ്ഞിരുന്നു.

ലോകത്തെല്ലായിടത്തും കലയെന്ന ഭ്രാന്തുമായി നടക്കുന്നവരുടെ അവസ്ഥ എക്കാലവും ഒരു പോലെ തന്നെ. സിനിമ വല്ലാതെ മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. തനിക്ക് വിളിച്ചു പറയേണ്ടതെല്ലാം വിളിച്ചു പറയാൻ ആരും ആഗ്രഹിച്ചു പോകുമല്ലോ.

 

IFFK 2019: ഇപ്പോൾ 9.33 ന്റെ ഷോ കഴിഞ്ഞിറങ്ങിയ ആളുകളുടെ തിരക്ക്. നഗരത്തിന്റെ തണുപ്പ്. അവനവന്റെ ഇടങ്ങളിൽ സ്വയം കണ്ടെത്തുന്ന മനുഷ്യർ. സ്‌പേസ് എന്ന വിശാലമായ അവസ്ഥയെ അനുഭവിക്കുന്ന ആസ്വാദകർ. സർറിയലിസ്റ്റ് ചിന്തയിൽ പറഞ്ഞാൽ അതി പ്രാചീനമായ ഒരു സ്‌പേസ് നിർമിക്കുന്ന ആഘോഷ രാത്രി.

ഒരു ചെറിയ മൈതാനത്തിന്റെ അനന്ത സാധ്യതയാണ് അതുൾക്കൊള്ളുന്ന ജനങ്ങളുടെ വലിപ്പം. ഒരു സിനിമ ഫെസ്റ്റിവൽ നിർമ്മിക്കുന്ന സ്പേസ് അതുൾക്കൊള്ളുന്ന ചിന്തകൾ കൊണ്ടാണ് അതിനേക്കാൾ ഉയരത്തിൽ എത്തുന്നത്.

വ്യത്യസ്ത ഭാഷാ ചിത്രങ്ങൾ വീണ്ടും വീണ്ടും വന്നു പോകുമ്പോഴും… ഈ തെരുവിലൂടെ സാൽവദോർ ദാലിയും ലൂയി ബുനുവലും അവരുടെ മാന്ത്രികതയും ചിന്തിച്ചു കൊണ്ട് വെറുതെയിരിക്കാനാണ് തോന്നുന്നത്.

ഒരുപക്ഷേ ഈ രാത്രിയുടെ ഏറ്റവും വലിയ പ്രത്യേകത ഡീഗോ മറഡോണ എന്ന ദൈവത്തിൻറെ വരവായിരിക്കും. അർധരാത്രിയിൽ നിശാഗന്ധിയിൽ അതിന്റെ ആളും ആരവവും നിറയുമെന്ന് തീർച്ചയാണ്.

 

IFFK 2019: ഡിസംബര്‍ ജീവിതം

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനും കൈരളി തീയേറ്റര്‍ കോംപ്ലക്സിനും ഇടയില്‍ പള്ളിയിലേക്കും ഇടക്ക് ഇന്ത്യന്‍ കോഫീ ഹൌസിലേക്കും പോകുന്ന ചെറിയൊരു വഴിയില്‍ രണ്ടു വശവും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ തണലില്‍ ഞങ്ങള്‍ കയ്യിലുള്ള മാനുവല്‍ നോക്കി അടുത്തതായി കാണാനുള്ള സിനിമകള്‍ അടയാളപ്പെടുത്താനും ഓട്ടപ്പാച്ചിലിനു തയ്യാറാകുമ്പോള്‍ പെട്ടന്നൊരു സുഹൃത്ത്‌ പ്രത്യക്ഷപ്പെടുന്നു. ചായയും കടിയും ഉറപ്പ്.

അങ്ങനെ വിശ്വവിഖ്യാതമായ ചലച്ചിത്രങ്ങളെ തെല്ലു മറന്നു കൊണ്ട് സൗഹൃദത്തില്‍ അലിയുന്നു. മറ്റു ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിന്‍റെ ആഘോഷങ്ങളില്‍ കലയെ കണ്ടെത്തുന്നു, സന്തോഷത്തേയും…

അങ്ങനെയാണ് ഈ വഴികള്‍ അവസാനിക്കരുതേയെന്നു ഓരോരുത്തരും പ്രാര്‍ത്ഥിച്ചു പോകുന്നത്. അവര്‍ ആ തീര്‍ഥാടനം ആഗ്രഹിക്കുന്നത്. ഏറ്റവും ഭീതി പടര്‍ന്നു നില്‍ക്കുന്ന ഒരു കാലത്ത് ലോകത്തെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്താന്‍ ചലച്ചിത്ര പ്രേമികള്‍ ആഗ്രഹിച്ചതും അതു കൊണ്ടു തന്നെയാകണം.

വീണുകിട്ടുന്ന സൗഹൃദങ്ങളിലൂടെ ദേശങ്ങള്‍ ഓരോ മനുഷ്യനെയും തങ്ങളുടേതു കൂടിയാക്കുന്നു. അവര്‍ അതിന്‍റെ ഭാഗമാകുന്നു.

സിനിമക്കു വേണ്ടി മാത്രം കാത്തുനിന്ന അനേകം മണിക്കൂറുകള്‍, വിശപ്പകറ്റാന്‍ കണ്ടു പിടിച്ച ചായക്കടകളുടെ രുചികള്‍, വിഭിന്നരായ ആള്‍ക്കൂട്ടം, അതിന്‍റെ ആവര്‍ത്തന വിരസമായ ഒഴുക്ക്… തിരശീലയില്‍ പ്രണയവും, രതിയും, കലാപവും പലായനവും… അനുവാചകന്‍ അവരവരുടെ ലോകങ്ങളില്‍ പുതിയ ചിന്തകളെ രൂപപ്പെടുത്തുന്നു.

‘നിങ്ങള്‍ക്കറിയാമോ എന്നെ എന്താണ് ആകര്‍ഷിക്കുന്നതെന്ന് ?’

ബ്രസീലില്‍ നിന്നുവന്ന ചലച്ചിത്ര പ്രവര്‍ത്തക ചിരിച്ചു കൊണ്ടു പറയുന്നു…

അതീ ആള്‍ക്കൂട്ടമാണ്, നിറങ്ങള്‍, എപ്പോഴും ചിരിക്കുന്ന മനുഷ്യര്‍ .

മറ്റൊരനുഭവം ‘ഒറ്റാല്‍’ കാണുമ്പോള്‍ അടുത്തിരുന്ന മധ്യവയസ്കയായ ജര്‍മ്മന്‍ സ്ത്രീയെ പറ്റിയുള്ളതാണ്. അവര്‍ തിയേറ്ററില്‍ വെളിച്ചം വരുമ്പോള്‍ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. പലരും കരയുക തന്നെയായിരുന്നു.

നിളാ തിയേറ്ററില്‍ ‘ലോംഗസ്റ്റ് ഡിസ്റ്റന്‍സ്’ എന്നൊരു ചിത്രം കാണുമ്പോള്‍ ഞാനിതു പോലെ എന്‍റെ അമ്മൂമ്മയെ ഓര്‍ത്തു കൊണ്ട്‌ തൂവാല കൊണ്ട്‌ മുഖം പൊത്തിയിരുന്നു…

സിനിമ, അനുഭവങ്ങളുടെ നീണ്ട ഘോഷയാത്രയാകുന്നു… ഇവിടെ നമ്മള്‍ കുറച്ചു മനുഷ്യര്‍ കുറച്ചു നാള്‍ അതിനോടു കൂടി ജീവിക്കാന്‍ വീണ്ടും എത്തുകയാണ്.

Read Here: IFFK 2019: സിനിമയെന്ന ആനന്ദ മാർഗ്ഗം

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 luis bunuel effect bunuel in the labyrinth of the turtles