IFFK 2019: ഗോത്രഭാഷയായ പണിയ ഭാഷയിൽ നിന്നൊരു ചലച്ചിത്രം; ‘കെഞ്ചിര’. ഇരുപതു വർഷത്തിലേറെയായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകനും
നാടക കലാകാരനുമായ മനോജ് കാനയുടെ ‘കെഞ്ചിര’ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിൽ പ്രദർശിപ്പിക്കപ്പെടുകയാണ്. കൊൽക്കത്ത ചലച്ചിത്രമേളയിലും ഇന്ത്യൻ പനോരമയിലുമെല്ലാം മികച്ച പ്രതികരണങ്ങൾ നേടിയതിന് ശേഷമാണ് ‘കെഞ്ചിര’ ഐഎഫ്എഫ്കെ യിൽ​ എത്തുന്നത്.

മനോജിനെ സംബന്ധിച്ച് ‘കെഞ്ചിര’ വെറുമൊരു സിനിമയല്ല. അതിനപ്പുറത്തേക്ക്,
വർഷങ്ങളായി ആദിവാസി സമൂഹത്തിൽ താൻ നേരിട്ടു കണ്ട അനുഭവങ്ങളുടെ തീക്ഷ്ണമായൊരു ചലച്ചിത്രാവിഷ്കാരമാണത്. ‘കെഞ്ചിര’യെ കുറിച്ചും ആദിവാസി ഗോത്രങ്ങൾ കാലാകാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുമെല്ലാം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി സംസാരിക്കുകയാണ് മനോജ് കാന.

Image may contain: 1 person, smiling, text

IFFK 2019: ആരാണ് ‘കെഞ്ചിര’? എന്താണ് ചിത്രത്തിന്റെ പ്രമേയം?

ആദിവാസി ഗോത്രത്തിൽ നിന്നും ഒമ്പതാം ക്ലാസ്സിലെത്തുന്ന ഒരു പതിമൂന്നു വയസ്സുകാരിയാണ് കെഞ്ചിര. ആദ്യമായാണ് ആ ഗോത്രത്തിൽ നിന്നും ഒരു കുട്ടി ഒമ്പതാം ക്ലാസ്സിലെത്തുന്നത്. എല്ലാ മേഖലയിൽ നിന്നും അവൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. അതു വഴി ആ സമൂഹം നൂറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന അവഗണനയും പ്രതിസന്ധികളും കൂടി സിനിമ ചർച്ച ചെയ്യുന്നു.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനുഷ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിച്ച അഭിനേതാക്കളിൽ ഏറിയ പങ്കും കോളനിയിൽ നിന്നുള്ളവരാണ്.  കോളനിയ്ക്ക് പുറത്തു നിന്നുള്ള​ കഥാപാത്രങ്ങളായി എത്തുന്നവരെയാണ് ജോയ് മാത്യു പോലുള്ളവർ അവതരിപ്പിച്ചിരിക്കുന്നത്. പതിമൂന്നു വീടുകൾ ഉള്ളൊരു കോളനിയുണ്ട് ചിത്രത്തിൽ, ആ കോളനിയാണ് മറ്റൊരു പ്രധാന കഥാപാത്രം.

രണ്ടാഴ്ചയിലേറെ വർക്ക് ഷോപ്പ് സംഘടിപ്പിച്ച്, അവരുടെ ഭാഷയിൽ സംസാരിച്ച്, അവരെ കംഫർട്ട് ലെവലിൽ ആക്കിയാണ് സിനിമ ഷൂട്ട് ചെയ്തത്. ടെൻഷൻ കൊടുക്കാതെ, സാവകാശത്തിലായിരുന്നു ചിത്രീകരണം. ഇത്രയും നാളും അവർക്കിടയിൽ ഉള്ള ആളായതു കൊണ്ട് അവരൊരു കുടുംബാംഗം പോലെയാണ് എന്നെ കണ്ടത്. അതും സിനിമയുടെ ചിത്രീകരണം എളുപ്പമാക്കി. പുറത്തു നിന്നുള്ള ആളുകളാണെങ്കിൽ അവർ പലപ്പോഴും അത്ര സഹകരിക്കാറില്ല.

ആദിവാസി വിഷയങ്ങൾ ഇതാദ്യമായല്ലല്ലോ താങ്കൾ കൈകാര്യം ചെയ്യുന്നത്? എങ്ങനെയാണ് ഈ വിഷയങ്ങളിലേക്ക് ശ്രദ്ധയെത്തുന്നത്?

ഡിഗ്രി കഴിഞ്ഞ കാലം മുതൽ അവർക്കിടയിൽ എത്തിപ്പെട്ട ഒരാളാണ് ഞാൻ. പയ്യന്നൂരാണ് എന്റെ നാട്. നാടക പ്രവർത്തനങ്ങളുമായാണ് ഞാൻ ആദിവാസി ഗോത്രങ്ങളിലെത്തുന്നത്. ആ അനുഭവങ്ങൾ തന്നെയാണ് ഇപ്പോൾ ‘കെഞ്ചിര’യിലും എത്തിച്ചത്. യഥാർത്ഥത്തിൽ ആദിവാസികളുടെ ജീവിതം എന്താണ്, അവർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ, അതിനോടുള്ള അവരുടെ പ്രതികരണം അതൊക്കെയാണ് സിനിമ പറയുന്നത്. വർഷങ്ങളായി അവർക്കൊപ്പമുള്ളതുകൊണ്ട് കുറേ കൂടി അവരുടെ പ്രശ്നങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ആദ്യം ഞാൻ ചെയ്തത് ഒന്നു രണ്ട് നാടകങ്ങളായിരുന്നു. ‘ഉറാട്ടി’ ആയിരുന്നു ആദ്യ നാടകം. 2003 ൽ മികച്ച നടി, നാടകം, സംവിധായകൻ എന്നീ വിഭാഗത്തിൽ സ്റ്റേറ്റ് അവാർഡുകൾ ‘ഉറാട്ടി’യ്ക്ക് ലഭിച്ചു. അതിലും പണിയ ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. 26 പണിയ കലാകാരന്മാരാണ് ആ നാടകത്തിൽ അഭിനയിച്ചത്, കുറേ വർഷത്തെ അധ്വാനമായിരുന്നു ‘ഉറാട്ടി’. പിന്നീട് ആദിവാസി കോളനിയിൽ നടന്ന പട്ടിണിമരണത്തെ കേന്ദ്രീകരിച്ച് ഒരു തെരുവുനാടകം ചെയ്തു. ആയിരക്കണക്കിന് വേദികളിൽ ആ നാടകം കളിച്ചു. അതൊക്കെയാണ് ഈ രംഗത്തെ അനുഭവപരിചയം.

മുത്തങ്ങയിൽ സ്കൂൾ അടച്ചുപൂട്ടിയ പ്രശ്നവും തെരുവുനാടകത്തിലൂടെ അവതരിപ്പിച്ചിരുന്നു. അതിനെ തുടർന്ന് പിന്നീട് സ്കൂൾ തുറന്നു, ഇന്ന് ആ സ്കൂൾ നന്നായി പോവുന്നുണ്ട്. ആദിവാസി ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട അതു പോലുള്ള നിരവധിയേറെ ആക്റ്റിവിറ്റികൾ…

മനോജ്‌ കാന

ആദിവാസി ജനത നേരിടുന്ന യഥാർത്ഥ പ്രശ്നം എന്താണെന്നാണ് താങ്കൾക്ക്
തോന്നിയിട്ടുള്ളത്?

IFFK 2019: പൊളിറ്റിക്കൽ പാർട്ടികൾക്ക് വോട്ട് ബാങ്ക് മാത്രമാണ് ആദിവാസി ഗോത്രങ്ങൾ. ‘ഉറാട്ടി’ എന്ന നാടകത്തിൽ ഒരു സീനുണ്ട്, തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾ എങ്ങനെയാണ് ആദിവാസികളെ സമീപിക്കുന്നത് എന്നാണതിൽ കാണിക്കുന്നത്.

ഉറാട്ടിയ്ക്ക് ഫണ്ട് ശേഖരിക്കുന്ന സമയത്ത് കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയപാർട്ടികൾ ഒക്കെ സഹകരിച്ചിരുന്നു. നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ സമയത്ത് സംഘാടകർ നാടകം കാണാൻ വന്നു. ഈ സീൻ കണ്ട് അവർ പറഞ്ഞത്, നാടകത്തിൽ നിന്നും അതെടുത്ത് മാറ്റണം എന്നാണ്. നിങ്ങൾ തന്ന പണം ഞാൻ തിരിച്ചു തരാം, നാടകത്തിന് അകത്ത് മാറ്റം വരുത്താൻ എന്നോട് പറയരുതെന്നാണ് ഞാനവരോട്
പറഞ്ഞത്. ആ സീൻ ഞാൻ മാറ്റിയില്ല.

വയനാട് ജില്ലയ്ക്ക് തന്നെ അതൊരു മോശമാണെന്നാണ് അവർ പറഞ്ഞത്. പക്ഷേ,
അതല്ല സത്യം, ആദിവാസി ജനതയോട് പൊതുസമൂഹത്തിനുള്ള ആറ്റിറ്റ്യൂഡ് ആണത്.
രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി മാത്രമാണ് അവരെ ഉപയോഗിക്കുന്നത്.

ആദിവാസിജനത അനുഭവിക്കുന്ന പ്രശ്നങ്ങൾ സങ്കടകരമാണ്. വളരെ ഗൗരവകരമായ ഒരു
വിഷയമാണത്. എത്രത്തോളം അതു പറഞ്ഞ് തരാൻ കഴിയുമെന്ന് എനിക്കറിയില്ല. ഏറെ
അപകർഷതാബോധം ഉള്ളൊരു വിഭാഗമാണ് അവർ, തങ്ങൾ മോശക്കാരാണെന്ന് അവർ തന്നെ വിശ്വസിക്കുന്ന ഒരു അവസ്ഥയുണ്ട്. അതവരിൽ അടിച്ചേൽപ്പിച്ചത് പൊതുസമൂഹം
തന്നെയാണ്.

കൂട്ടത്തിൽ പണിയരാണ് പൊതുസമൂഹവുമായി കൂടുതൽ അടുത്തു ജീവിക്കുന്നവർ,
കൃഷിപ്പണി എടുത്തു ജീവിക്കുന്നവരായതു കൊണ്ട് തന്നെ. അവർക്കിടയിലാണ് ഈ
അപകർഷതാബോധം കൂടുതൽ ഉള്ളതും. ‘എത്ര കൊടുത്താലും ഇവർ നന്നാവില്ല’,
‘പട്ടിയുടെ വാൽ ഓടക്കുഴലിൽ ഇട്ടതു പോലെയാണ്,’ എന്നൊക്കെ കളിയാക്കുകയും
അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് അവർക്ക് ചുറ്റുമുള്ളത്. സിനിമയിലും സമൂഹത്തിന്റെ ആ മനോഭാവം കാണിക്കുന്നുണ്ട്.

സത്യത്തിൽ, ഇതിനൊക്കെയുള്ള പ്രതികരണങ്ങൾ അവരുടെ മനസ്സിലുണ്ട്. പക്ഷേ അവരത് അടിച്ചമർത്തി വയ്ക്കുകയാണ്. ഇന്നും ഇന്നലെയുമല്ല, എത്രയോ തലമുറകളായി അവരത് തുടരുകയാണ്. അവരുടെ മാനസിക ഘടന തന്നെ മാറിപ്പോവുകയാണ് ഇത്തരം അധിക്ഷേപങ്ങൾ കേട്ട് കേട്ട്. അതൊക്കെ തന്നെയാണ് അവരുടെ
പ്രശ്നവും. ആ അപകർഷതാബോധത്തിൽ നിന്നുമാണ് അവർ ആദ്യം പുറത്തു വരേണ്ടത്,
അടിച്ചമർത്തലുകൾക്ക് നിന്നു കൊടുക്കാതെ പ്രതികരിക്കുകയാണ് വേണ്ടത്.

Image may contain: one or more people and text

IFFK 2019: കച്ചവട സിനിമകളെ പോലെ എളുപ്പമല്ല പലപ്പോഴും സമാന്തര സിനിമാനിർമാണം? പ്രത്യേകിച്ചും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ. എന്നിട്ടും താങ്കൾ അത്തരം സിനിമകളിൽ തന്നെ ഫോക്കസ് ചെയ്യുന്നു. താങ്കളുടെ സിനിമകളുടെ രാഷ്ട്രീയം എന്താണ്?

ഇത്തരം സിനിമകൾക്കും നാടകങ്ങൾക്കുമൊക്കെ ഫണ്ടിംഗ് എന്നും പ്രശ്നമാണ്. പക്ഷേ ഇതെനിക്ക് ചെയ്യാതെ വയ്യ. ഞാനൊരു പൊതുപ്രവർത്തകനാണ്, കലാകാരനാണ്, കേരളത്തിലെ ഒട്ടുമിക്ക തെരുവുകളിലും തെരുവുനാടകം കളിച്ചിട്ടുള്ള നാടകക്കാരനാണ്. എന്റെ നിലപാടാണ് ഇതെല്ലാം. എന്റെ രാഷ്ട്രീയവും കാഴ്ചപ്പാടും എക്സ്പ്രസ് ചെയ്യാനുള്ള​ ഒരു മീഡിയമായാണ് ഞാൻ സിനിമയേയും നാടകത്തെയും നോക്കി കാണുന്നത്. അതിന് നമ്മൾ കുറച്ച് കൂടുതൽ അധ്വാനിക്കേണ്ടി വരും, വെല്ലുവിളികൾ നേരിടേണ്ടി വരും.

ജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പ്രൊഡക്ഷൻസ് ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. ‘കെഞ്ചീര’യുടെ ഫണ്ടിംഗും അങ്ങനെയൊക്കെ തന്നെയായിരുന്നു. കോളനിയിൽ 13 ഓളം വീടുകൾ ഞങ്ങൾ ഉണ്ടാക്കി. സിനിമ കഴിഞ്ഞപ്പോൾ വാസയോഗ്യമായ ആ വീടുകൾ അവിടുത്തുകാർക്ക് തന്നെ നറുക്കിട്ട് കൊടുത്തു. ലാഭമുണ്ടാക്കാനോ പണം സമ്പാദിക്കാനോ അല്ല ഇത്തരം പ്രവർത്തനങ്ങൾ. ആളുകളുടെ കൂടെ നിൽക്കുക, അവരെ കൂടെ നിർത്തുക എന്നതാണ് ലക്ഷ്യം.

ഏതു കലാസൃഷ്ടിയും കാഴ്ചക്കാരിലേക്ക് എത്തുമ്പോഴാണല്ലോ അതിനൊരു പൂർണത
ലഭിക്കുന്നത്? വേദികളുടെയും തിയേറ്ററുകളുടെയും അഭാവം നേരിടുന്നില്ലേ?

തിയേറ്ററുകൾ ലഭിക്കാതെ വരിക, വേദികളില്ലാതെ വരിക അതൊക്കെ പ്രശ്നം തന്നെയാണ്. പരമാവധി തിയേറ്ററുകൾ നോക്കും. പിന്നെ സ്കൂളുകൾ, കോളേജുകൾ, കലാസമിതികൾ, ഗ്രന്ഥശാലകൾ, ഫിലിം സൊസൈറ്റികൾ എന്നിവിടങ്ങളിലൊക്കെ ചെറിയ ചാർജ് നിശ്ചയിച്ച് സ്ക്രീൻ ചെയ്യാറുണ്ട്. ആളുകളിലേക്ക് എത്തിക്കുക തന്നെയാണ് പ്രധാനം.

‘കെഞ്ചിര’യ്ക്ക് കിട്ടിയ മറക്കാനാവാത്തൊരു പ്രതികരണം?

ഗോവയിൽ ഇന്ത്യൻ പനോരമയിൽ സ്ക്രീൻ ചെയ്തു കഴിഞ്ഞപ്പോൾ, സിനിമ കഴിഞ്ഞിട്ടും ആരും തിയേറ്റർ വിട്ട് പോവുന്നില്ല. കെഞ്ചിരയെ അവതരിപ്പിച്ച വിനുഷ എന്ന കുട്ടിയും സ്ക്രീനിംഗ് എത്തിയിരുന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും ആ കുട്ടിയെ പൊതിഞ്ഞു. കൂടെ നിന്ന് ചിത്രമെടുക്കാനൊക്കെ ധൃതി കൂട്ടി. സ്വപ്നലോകത്തെത്തിയതു പോലെ ആ കുട്ടി നിൽക്കുന്നത് കണ്ടപ്പോഴുണ്ടായ സന്തോഷം, അതു തന്നെയാണ് മറക്കാനാവാത്തത്.

ഇവിടെ എട്ടാം തിയ്യതിയാണ് കൈരളി തിയേറ്ററിൽ ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ്. ഫണ്ട് ഒക്കെ പിരിച്ച് കോളനിയിൽ നിന്ന് മൂപ്പനും പത്തിരുപത് പേരും അടങ്ങിയ ഒരു സംഘം വരുന്നുണ്ട്. പ്രായം എത്രയായെന്ന് ആ കോളനിയിൽ ആർക്കും തന്നെ നിശ്ചയമില്ലാത്ത ഒരു വൃദ്ധസ്ത്രീയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അവരും വരുന്നുണ്ട് കൂട്ടത്തിൽ.

Image may contain: 3 people, people standing

‘കെഞ്ചിര’ ടീം ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍

ഐ എഫ്​എഫ്കെ പോലുള്ള പ്ലാറ്റ് ഫോമുകളെ എങ്ങനെയാണ് നോക്കി കാണുന്നത്?

IFFK 2019: സിനിമയെ ഏറെ ആവേശത്തോടെ കാണുന്നവർക്ക് മികച്ചൊരു പ്ലാറ്റ്ഫോമാണ് ഐഎഫ്എഫ്കെ. സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്.
എന്നെ ഒരു ഫിലിം മേക്കർ ആക്കുന്നതിലൊക്കെ ഐഎഫ്എഫ്കെയ്ക്ക് വലിയ
പങ്കുണ്ട്, അത് തള്ളി കളയാനാവില്ല.

പക്ഷേ, സിനിമകളുടെ തിരഞ്ഞെടുപ്പിലൊക്കെ കുറച്ചു കൂടി ഗൗരവകരമായ
സമീപനമാവാം എന്നെനിക്ക് തോന്നുന്നുണ്ട്. ഈ വർഷത്തെ ‘മലയാളസിനിമ ഇന്നിൽ’
പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ തന്നെ നോക്കാം, തിയേറ്ററിൽ കളിച്ച, നല്ല രീതിയിൽ ഫണ്ട്ക ളക്റ്റ് ചെയ്ത, ചാനലിൽ സംപ്രേക്ഷണം ചെയ്ത, ഡിവിഡി വരെ ഇറങ്ങിയ ചിത്രങ്ങളുണ്ട്. അതൊരു സുഖമുള്ള കാര്യമായി തോന്നുന്നില്ല.

ചലച്ചിത്രമേളകൾക്ക് അയക്കുന്ന സിനിമകൾ റിലീസ് ആയതാവാൻ പാടില്ല എന്നൊരു നിബന്ധന പല ഫെസ്റ്റിവലുകളും വയ്ക്കാറുണ്ട്. ഇവിടെയും അത്തരമൊരു നിബന്ധന
നല്ലതായിരിക്കും എന്നു തോന്നുന്നു. ഐഎഫ്എഫ്കെയിൽ കാണിക്കമെന്നുണ്ടെങ്കിൽ
ആ നിബന്ധന പാലിച്ച് ഇതിനു വേണ്ടി കാത്തിരിക്കട്ടെ. കൊമേഴ്സ്യൽ പടങ്ങൾ ആവാം, മലയാള സിനിമയുടെ ഇന്നത്തെ പരിച്ഛേദം എന്നാണല്ലോ ഈ കാറ്റഗറി അർത്ഥമാക്കുന്നത്. അതിനാൽ എല്ലാ മേഖലകളിൽ നിന്നുള്ള സിനിമകളും ആവാം. പക്ഷേ ഇത്രയേറെ സിനിമകൾ ഒന്നിച്ച് വരുമ്പോൾ അതിലൊരു ബാലൻസിംഗ് പ്രശ്നമുണ്ട്. കൊമേഴ്സ്യൽ ചിത്രങ്ങളുടെ എണ്ണം കൂടി പോയെന്നൊരു പ്രശ്നം എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്.

കൊമേഴ്സ്യൽ പടങ്ങൾക്ക് അല്ലാതെയും വേദികളുണ്ട്, സമാന്തരചിത്രങ്ങൾക്ക് താരതമ്യേന കുറവും. കുറേ സമാന്തരസിനിമകളുടെ അവസരം അവിടെ നഷ്ടപ്പെടുന്നുണ്ട്. ആ സ്‌പേസിലേക്കാണ് ഈ സിനിമകൾ കയറി വരുന്നത്. ഫെസ്റ്റിവലിന് കോമേഴ്സ്യൽ ചിത്രങ്ങൾ അർഹരല്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. തിരഞ്ഞെടുപ്പിന് ചില നിബന്ധനങ്ങൾ വയ്ക്കുക, നിബന്ധനകൾ പാലിക്കാൻ തയ്യാറുള്ള ആർക്കും ഫെസ്റ്റിവലിന് അയക്കാനും അതിന്റെ നിലവാരം അനുസരിച്ച് തെരെഞ്ഞെടുക്കാനും പറ്റണം. മിനിമം കേരളത്തിൽ എങ്കിലും റിലീസ് ചെയ്തിട്ടില്ലാത്ത പടങ്ങൾ വേണം അയക്കാൻ എന്നൊരു നിബന്ധന നമുക്ക്
വയ്ക്കാമായിരുന്നു.

Read Here: IFFK 2019: തിയേറ്റർ റിലീസ് വേണ്ട: ‘വൃത്താകൃതിയിലുള്ള ചതുരം’ സംവിധായകന്‍ കൃഷൻഡ് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook