scorecardresearch
Latest News

IFFK 2019: നീതി നിഷേധിച്ചു; കേരള ചലച്ചിത്ര അക്കാദമിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

IFFK 2019: സ്ക്രീനിങ് കമ്മിറ്റി സിനിമകൾ കൃത്യമായി കാണാതെയാണ് പ്രദർശനാനുമതി നിഷേധിച്ചതെന്നാണ് ഹർജിക്കാരുടെ വാദം

IFFK 2019: നീതി നിഷേധിച്ചു; കേരള ചലച്ചിത്ര അക്കാദമിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

IFFK 2019: കൊച്ചി: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. എട്ട് യുവ സംവിധായകരാണ് അക്കാദമി നീതി നിഷേധിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

സ്ക്രീനിങ് കമ്മിറ്റി സിനിമകൾ കൃത്യമായി കാണാതെയാണ് പ്രദർശനാനുമതി നിഷേധിച്ചതെന്നാണ് ഹർജിക്കാരുടെ വാദം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ചലച്ചിത്ര അക്കാദമിക്ക് നോട്ടീസയച്ചു. സെലക്ഷൻ കമ്മിറ്റി അംഗങ്ങളെയും ചലച്ചിത്ര അക്കാദമിയെയും എതിർ കക്ഷിയാക്കിയാണ് ഹർജി.

Read More: IFFK 2019: ഐ.എഫ്.എഫ്.കെ; ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതൽ

സുനിൽ കുമാർ സുകുമാരൻ, സതീഷ് ബാബു സേനൻ, പ്രതാപ് ജോസഫ്, സന്തോഷ് ബാബു സേനൻ, വിനോദ് കൃഷ്ണ, സജാസ് റഹ്മാൻ, സിദ്ദിഖ് പറവൂർ, വേണു നായർ എന്നീ യുവ സംവിധായകരാണ് കോടതിയെ സമീപിച്ചത്.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ പ്രദർശനാനുമതി തേടി സമർപ്പിച്ച സിനിമകൾക്കാണ് അനുമതി നിഷേധിച്ചത്. സിനിമകൾക്ക് അനുമതി നിഷേധിച്ചത് അക്കാദമിയുടെ സ്ഥാപനോദ്ദേശ്യത്തിന് തന്നെ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.

കലാമൂല്യമുള്ള സിനിമകളെയും യുവാക്കളെയും പ്രോൽസാഹിപ്പിക്കുന്നതിന് ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് രണ്ട് ലക്ഷം ഗ്രാന്റ് നൽകുന്നുണ്ട്. എന്നാൽ അനുമതി ലഭിച്ച സിനിമകൾ വാണിജ്യ സ്വഭാവമുള്ളതും തിയേറ്ററുകളിലും ചാനലുകളിലും ഓൺലൈനുകളിലും പ്രദർശിപ്പിച്ചവയാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഈ സിനിമകൾക്ക് ഗ്രാന്റ് നൽകാനുള്ള തീരുമാനം ക്രൂരമായ നീതി നിഷേധമാണെന്നും ഹർജിക്കാർ ആരോപിച്ചു.

കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബര്‍ ആറിന് തുടങ്ങാനിരിക്കെ, സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സ്വജനപക്ഷപാതം, കച്ചവട സിനിമയോടുള്ള വിധേയത്വം തുടങ്ങിയ പരാതികളാണ് ചലച്ചിത്രമേളയില്‍നിന്നു തിരസ്കരിക്കപ്പെട്ട ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ളത്. സിനിമകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

Read More: IFFK 2019: ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകൻ

‘ദി പാര്‍സല്‍’ എന്ന ബംഗാളി ചിത്രത്തിന്റെ സംവിധായകൻ ഇന്ദ്രസിസ് ആചാര്യയും ഐഎഫ്എഫ്കെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കെതിരെ പരാതിയുമായി എത്തിയിരുന്നു.

“എന്റെ സിനിമയുടെ വീഡിയോ ലിങ്കാണ് ഐഎഫ്എഫ്കെയിലേക്ക് അയച്ചുകൊടുത്തത്. വിമിയോ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഞാൻ സിനിമ അപ്‌ലോഡ് ചെയ്തിരുന്നത്. തിരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റില്‍ എന്റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ്‌ ചിത്രം അവര്‍ കണ്ടിട്ടില്ലെന്നു മനസിലായത്‌. വിമിയോ പോലെയുള്ള പ്ലാറ്റ്ഫോമുകളില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വീഡിയോകളുടെ വ്യൂസിന്റെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്തയാള്‍ക്ക് അറിയാന്‍ സാധിക്കും. അതിന്റെ പശ്ചാത്തലത്തിലാണ് പരാതിയുമായി അക്കാദമിയെ സമീപിച്ചത്” ഇന്ദ്രസിസ് ആചാര്യ പറഞ്ഞിരുന്നു.

Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 high court sent to kerala chalachitra academy