IFFK 2019: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ യഥാർത്ഥ നഷ്ടമെന്തെന്നു കൂടി പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു.അല്ലെങ്കിൽ അതൊരു മറച്ചു വയ്ക്കലാകും. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ചിലരുടെ അപ്രത്യക്ഷമാകലാണ് ഒരെണ്ണം. മറ്റേത് അയഞ്ഞില്ലാതെയായ പ്രതിരോധങ്ങളും പ്രതിക്ഷേധങ്ങളുമാണ്.
ഇന്ത്യയിൽ സമീപകാലത്തിൽ പ്രതിക്ഷേധിക്കേണ്ടുന്നതായ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും അതിൽ ഒന്നിലും ഇടപെടലുകളുടെ ഒരു നേർത്ത സാന്നിധ്യം പോലുമാറിയിക്കാതെയാണ് ചലച്ചിത്രമേള അവസാന ദിവസങ്ങളിലേക്ക് അടുക്കുന്നത്. പൂർണമായും അതിനൊരു കോർപ്പറേറ്റ് സ്വഭാവമുണ്ടായോ എന്ന് തോന്നിപ്പോകുന്നു.
മേളയിലേക്കോർപ്പറേറ്റ് വൽക്കരണത്തെപ്പറ്റി മൂന്നു പേർ ടാഗോർ തിയേറ്ററിന്റെ മുന്നിൽ സംസാരിക്കുന്നു….
ഗൗതം: വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും ചെറിയൊരു മുദ്രാവാക്യം ഉയർത്താൻ കഴിയാത്തതും, അതു വേണ്ട എന്നു വയ്ക്കുന്ന മനസ്സിന്റെ ഒരു മനോഭാവുമുണ്ടല്ലോ… അവിടെയാണ് കരുതിയിരിക്കേണ്ടത്. അതിൽ പരിശോധന നടത്തിയാൽ കുറച്ചെങ്കിലും എന്തെങ്കിലും ഉൾക്കൊള്ളാനാകും.
വൈശാഖ് : ഗൗതം പറയുമ്പോൾ എനിക്ക് പറയാനുള്ളത് അച്ചടക്കം നിർമ്മിക്കുന്ന കോർപ്പറേറ്റ് സ്വഭാവത്തെപ്പറ്റിയാണ്. അച്ചടക്കം നല്ലതു തന്നെയാണ്. പക്ഷേ അതിൽ ഒരു യാന്ത്രികതയുണ്ട്. പതുക്കെ അത് പ്രതിരോധങ്ങളെ വിഴുങ്ങും. അങ്ങനെ എല്ലാത്തരത്തിലുമുള്ള ശബ്ദങ്ങൾ നിശബ്ദതയിൽ അവസാനിക്കും.
ഗൗതമും വൈശാഖും പറയുന്നത് കണക്കിലെടുക്കാതെ നിവർത്തിയില്ല.
സിനിമ കാണാൻ വേണ്ടി മാത്രമല്ല ചലച്ചിത്ര മേള
ചലച്ചിത്ര മേള എന്നത് സിനിമ കാണാൻ വേണ്ടി മാത്രമുള്ള ഒരു കാര്യമാണെന്ന് ചിന്തിക്കുന്ന ഭാഗത്തു നിന്നും പ്രശ്നങ്ങൾ ആരംഭിക്കുന്നു. മേള എന്നാൽ മൊത്തത്തിലുള്ള ആഘോഷം എന്ന ആന്തരിക അർത്ഥമുണ്ട്. ഒന്നിൽ നിന്നും ബന്ധിക്കപ്പെട്ട അനേകം ചിന്തകളിലേക്ക് നടത്തപ്പെടുന്ന ഒരു യാത്രയുടെ സ്വഭാവമുണ്ട് അതിന്. അങ്ങനെ ഒരു മേളക്ക് അച്ചടക്കം വേണമെന്നത് സത്യത്തിൽ ശരിയാണെങ്കിലും പതുക്കെ അതിന് യാന്ത്രികത കൈവരുന്നു. ലോകത്തെ എല്ലാ പ്രശ്നങ്ങളിൽ നിന്നും വേറിട്ടുള്ള ഒരു സ്വാർത്ഥമായ ഒരു ഇടത്തിലേക്ക് അതു ചുരുങ്ങുന്നു.
സ്മോക്കിങ് സ്പേസ് എന്ന ആശയം
പ്രശസ്ത നിരൂപകൻ എൻ ശശിധരൻ മാഷ് കാസർഗോട്ടെ ഒരു ഹോട്ടല്മുറിയിലിരുന്ന് സ്മോക്കിങ് സ്പേസ് കളെപ്പറ്റി പറയുമ്പോൾ അത് തെറ്റോ ശരിയോ എന്ന അർത്ഥത്തിൽ നിന്നും മാറി നിർമിക്കുന്ന വിശാലമായ ഒരു ലോകത്തെ വിസ്മരിക്കാൻ സാധിക്കുന്നില്ല. ഒരു വലിയ കെട്ടിടത്തിൽ, റെയിൽവേ സ്റ്റേഷനുകളിൽ, തിയേറ്ററുകളിൽ അവനവന്റെ ആത്മ സുഖത്തിന്റെ അടിവേരുകളിൽ പറ്റിച്ചേർന്നു കിടക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വ്യത്യസ്തതയെപ്പറ്റി ആലോചിക്കുമ്പോൾ രസകരമായ പലതും കണ്ടെത്താൻ സാധിക്കും.
അത്തരം സ്മോക്കിങ് സ്പേസ് തുറന്നിടുന്ന സംവാദത്തിന്റെ ഒരു ലോകമുണ്ടായിരുന്നു. ആ ഇടങ്ങൾ പല പൊതു ബോധങ്ങളുടെയും ബദൽനിർമ്മിതി നടത്തി എന്നത് യാഥാർഥ്യമാണ്. ഒരുപക്ഷേ രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നും പതുക്കെ ഇടങ്ങൾ നഷ്ടമായി തുടങ്ങിയിട്ടുണ്ട്.
‘ക്യൂ’ നിർമ്മിക്കുന്ന രാഷ്ട്രീയം
സിനിമകൾ കാണാന്‍ കാത്തുനിൽക്കുക അതും മണിക്കൂറുകൾ വെയിലും കൊണ്ട്. ഒരുപക്ഷേ ഉള്ളിൽ നടക്കാൻ പോകുന്ന ഒരു അത്ഭുതത്തെ ഒരു മനുഷ്യന് ആവിഷ്ക്കരിക്കാൻ സാധിക്കുന്നത് ക്യൂവുകളിലൂടെയാണ്. ഒന്നിനു പുറകെ ഒന്നായി മനുഷ്യർ ഒരു വസ്തുവിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ ആ വസ്തുവിന് ഉണ്ടാകുന്ന ഡിമാൻഡ് വലുതായിരിക്കും. ഒരു രഹസ്യത്തെ ആളുകൾക്ക് അറിയാനുള്ള ത്വരയാണ് ക്യൂവിന്റെ രാഷ്ട്രീയം. ഒരു സിനിമയ്ക്ക് മേൽ അതിനീണ്ട ഒരു ക്യൂവിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ആ സിനിമയെ ആഴത്തിൽ ഒന്നു വിശകലനം ചെയ്താൽ ആൾക്കൂട്ടത്തിന്റെ രുചിയും അവരുടെ ആകാംക്ഷയുടെ കാര്യങ്ങളും എന്തിന് സ്വഭാവങ്ങൾ വരെ കണ്ടെത്താൻ സാധിക്കും. ക്യൂവുകൾ ചിലപ്പോഴൊക്കെ ആഴത്തിൽ സൗഹൃദങ്ങളെയും നിർമ്മിക്കുന്നു. അതിന്റെ വ്യാപ്തി ജില്ലകളിലേക്ക്, ഒരു വ്യക്തിക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിൽ വിപുലപ്പെടുകയും ചെയ്യുന്നു.
എന്തു കൊണ്ട് ന്യൂഡിറ്റി?
സെൻസർഷിപ്പ് ഇല്ലാത്ത മഹത്തായ ഒരു ലോകമാണ് ഫിലിം ഫെസ്റ്റിവൽ സംസ്കാരം ഉയർത്തുന്നത്.സാമ്പ്രദായിക ബിംബങ്ങളെ തച്ചുടക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗം നഗ്നതയാണ്, ശരീരത്തിന്റെ രാഷ്ട്രീയമാണ്. എന്തിനെയും പ്രതിരോധിക്കാൻ ഉതകുന്ന ഒരു വലിയ ആയുധമാണ് ലൈംഗികതയും ശരീരരാഷ്ട്രീയവും. മൂന്നാം ലോക സിനിമ നിർമ്മിക്കുന്ന വലിയൊരു സാധ്യതയാണ് ഇത്.
Read Here: IFFK 2019: ഏഷ്യൻ ലാറ്റിനമേരിക്കൻ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന സിനിമകൾ