IFFK 2019, Diego Maradona by Asif Kapadia: ഡീഗോ മറഡോണ എന്ന ഫുട്ബോൾ ഇതിഹാസത്തിന്റെ ഉയർച്ചയും വീഴ്ചയും പ്രതിപാദിക്കുന്ന ചിത്രമാണ് ആസിഫ് കപാഡിയ സംവിധാനം ചെയ്ത ‘ഡീയാഗോ മറഡോണ’ എന്ന ഡോക്യുമെന്ററി. എൺപതുകളിലെ ഫുട്ബോൾ ദൈവത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി 2019 ഐഎഫ്എഫ്‌കെയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ മറഡോണ ശരിക്കും എന്തായിരുന്നു എന്നുള്ളതിന്റെ നേർകാഴ്ച തന്നെയായിരുന്നു കാണികൾ അനുഭവിച്ചത്.
പരിക്കുകളും വിവാദങ്ങളും തളർത്തിയ ബാഴ്‌സലോണയിലെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് യൂറോപ്പിലെ തന്നെ ഏറ്റവും ദരിദ്രമായ ഇറ്റാലിയൻ ക്ലബായ നാപോളിയിലേക്കുള്ള മറഡോണയുടെ കൂടു മാറ്റവും ശേഷമുള്ള സംഭവബഹുലമായ ജീവിതവുമാണ് ചിത്രം പറയുന്നത്. ഈ ഡോക്യൂമെന്ററിയിൽ പറയുന്നത് പോലെ നാപോളിയിൽ ഉണ്ടായിരുന്ന കാലഘട്ടം മറഡോണയുടെ ജീവിത കഥ തന്നെയായിരുന്നു. സ്വന്തമായി ഒരു വാക്കോ അഭിപ്രായമോ പോലും പറയാതെയാണ് കപാഡിയ ഈ ഡോക്യുമെന്ററി പൂർത്തിയാക്കിയിരിക്കുന്നത്. ഡീഗോ മറഡോണ, അദ്ദേഹത്തിന്റെ പരിശീലകന്മാർ, സ്പോർട്സ് പത്രപ്രവർത്തകർ, മറഡോണയുട കുടുംബാംഗങ്ങൾ തുടങ്ങി പലരുടെയും അഭിമുഖങ്ങളും, മറഡോണയുടെ പഴയ കാല ദൃശ്യങ്ങളും, അദ്ദേഹം കളിച്ച കളികളുടെ ദൃശ്യങ്ങളും സംയോജിപ്പിച്ചാണ് ആസിഫ് തന്റെ ഡോക്യുമെന്ററി ആഖ്യാനിച്ചിരിക്കുന്നത്.
IFFK 2019: ദരിദ്രമായ ക്ലബ് ആയിരുന്നിട്ടു കൂടി മറഡോണ എന്ന അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനെ വാങ്ങുന്നതിൽ കാമോറ എന്ന അധോലോക ഗാങ്ങിന്റെ സഹായം നാപോളി ക്ലബിന് ലഭിച്ചിരുന്നുവോ എന്നുള്ള ചോദ്യം ആണ് നാപോളിയുടെ അന്നത്തെ പ്രസിഡന്റായ കോര്ഡോ ഫെർലൈനോയ്ക്ക് മറഡോണയെ വാങ്ങിയ ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇതിനെ അദ്ദേഹം ശക്തമായി നിഷേധിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്.
നാപോളിയിലെ തന്റെ ആദ്യ സീസണിൽ ഇറ്റാലിയൻ ശൈലിയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകൾ മറഡോണ പറയുന്നുണ്ട്. ഇതിനായി അദ്ദേഹത്തിന് തന്റെ വേഗത്തിലുള്ള ഡ്രിബ്ലിങ്ങും സാങ്കേതികവും മാറ്റേണ്ടി വരുന്നതും പരാമർശിക്കുന്നു. തരംതാഴ്ത്തൽ ഭീഷണിയിൽ ആയിരുന്ന നാപോളിയെ തന്റെ ആദ്യ സീസണിൽ തന്നെ മറഡോണ എന്ന മാന്ത്രികൻ എട്ടാം സ്ഥാനത്ത് എത്തിക്കുന്നുണ്ട്.
മറഡോണയുടെ ഭൂതകാലവും അദ്ദേഹത്തിന്റെ സ്വഭാവ രൂപീകരണത്തിന്റെ കാരണങ്ങളുമെല്ലാം ഇതിനിടയിൽ ഡോക്യുമെന്ററി അന്വേഷിക്കുന്നുണ്ട്. ബ്യുനെസ് ഐരേസിലെ വില്ല ഫിയോറിറ്റോ എന്ന അതിദരിദ്രമായ പ്രദേശത്താണ് ഡീഗോ മറഡോണോ എന്ന ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരന്റെ ജനനം. ഡോൺ ഡീഗോ -ഡോണ ടിറ്റോ ദമ്പതികളുടെ അഞ്ചാമത്തെ സന്തതിയായിട്ടാണ് ഡീഗോ മറഡോണ ജനിക്കുന്നത്. നാല് സഹോദരിമാരുടെയും മാതാപിതാക്കളുടെയും ഉത്തരവാദിത്തം പതിനഞ്ചാം വയസ്സ് മുതൽ കുഞ്ഞു ഡീഗോ കാൽപ്പന്തുകളിയിലൂടെ ചുമലിലേറ്റുകയായിരുന്നു. അര്‍ജന്റീനോ ജൂനിയർസ് ക്ലബ് പതിനഞ്ചാം വയസിൽ ഡീഗോ മറഡോണയെ വാങ്ങുകയും അദ്ദേഹത്തിന് ഭേദപ്പെട്ട വീടും സൗകര്യങ്ങളും നൽകുകയും ചെയ്തു. ശേഷം ചരിത്രം.
താൻ ജനിച്ചു വളർന്ന കഷ്ടപ്പാട് നിറഞ്ഞ തെരുവുകൾക്ക് സമമായിരുന്നു ഇറ്റലിയിലെ നേപ്പിൾസ് എന്ന നഗരവും. കോളറയും ദാരിദ്ര്യവും ബാധിച്ച നേപ്പിൾസ് നഗരത്തെ ഇറ്റലിയിലെ ഏറ്റവും വെറുക്കപ്പെട്ട, നികൃഷ്ടമായ പ്രദേശമായാണ് കണ്ടിരുന്നത്.’ ഇറ്റലിയുടെ മാനക്കേട്,’ ‘ഇറ്റലിയുടെ ഓട’, ‘കുളിക്കാത്തവർ, വൃത്തിഹീനർ’ തുടങ്ങി നിരവധി പ്ലക്കാര്‍ഡുകള്‍ ഉയർത്തിയാണ് നാപ്പോളി ക്ലബ്ബിനെ മറ്റു ഇറ്റാലിയൻ ക്ലബ്ബിലെ ആരാധകർ അധിക്ഷേപിച്ചിരുന്നത്. വംശീയ അധിക്ഷേപത്തിൻ്റെ നാടായ ഇറ്റലിയിൽ ഇതൊക്കെ സർവ്വസാധാരണമായിരുന്നു. എന്നാൽ പ്രതികൂലമായ സാഹചര്യങ്ങളിൽ ഊർജം കണ്ടെത്തുന്ന മറഡോണയ്ക്കു ഈ വെറുപ്പും അധിക്ഷേപവും വളരാനുള്ള വളമായിരുന്നു. തന്റെ രണ്ടാം സീസണിൽ ശക്തരായ യുവന്റസിനെതിരെ വിജയ ഗോൾ നേടുമ്പോൾ മറഡോണ നേപ്പിൾസിന്റെ ദൈവമായി മാറുകയായിരുന്നു. വര്‍ഷങ്ങളായി തങ്ങളെ അധിക്ഷേപിച്ചവരെയും മാറ്റി നിർത്തിയവരുടെയും വായടപ്പിക്കുന്നതായിരുന്നു മറഡോണ നേടിയ ആ ഗോൾ.
ഇതിനിടെയിൽ കാമറോയുടെ തലവനായ കാർമിൻ ജൂലിയനുമായുള്ള മറഡോണയുടെ സൗഹൃദം വളരുന്നതും ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട്. പതിനാറാം വയസ്സിൽ പ്രണയിച്ചു തുടങ്ങിയ തന്റെ ബാല്യകാലസഖിയായ ക്ലോഡിയ വില്ലഫാനുമായുള്ള മറഡോണയുടെ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതും ഈ കാലഘട്ടത്തിൽ തന്നെയാണ്. പക്ഷേ അപ്പോഴേക്കും തനിക്കു പരസ്ത്രീ ബന്ധമുള്ളതായി മറഡോണ സമ്മതിക്കുന്നുണ്ട് ചിത്രത്തിൽ. ‘ഞാൻ ഒരു വിശുദ്ധനൊന്നുമല്ല,’ മറഡോണ പറയുന്നു. ഇതിനിടയിൽ മറഡോണയുടെ സഹോദരിയായ മരിയയുടെ സുഹൃത് ക്രിസ്റ്റീനാ സിനാഗ്രയുമായി മറഡോണ കൂടുതൽ അടുക്കുന്നു. നാപോളിയിലെ തന്റെ രണ്ടാം സീസണിൽ മറഡോണ ക്ലബ്ബിനെ മൂന്നാം സ്ഥാനത്തു എത്തിക്കുന്നു, ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കുന്നു.
86 -ലെ മെക്സിക്കൻ വേൾഡ് കപ്പ്
ഏറെ കഷ്ടപ്പെട്ടു യോഗ്യത നേടിയ അര്‍ജെന്റിന ടീമിനെ ആരും ഗൗരവമായി കണ്ടില്ല. എന്നാൽ ആദ്യ റൗണ്ടിൽ ലോക ചാമ്പ്യന്മാരായ ഇറ്റലിയുമായി സമനില നേടിയതോടു കൂടി മറഡോണയുടെ അർജന്റീനയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. നാല് വര്‍ഷങ്ങള്‍ക്ക് മുൻപ് അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഫാല്കലാൻഡ്‌സ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തെ ചിത്രം കാണിക്കുന്നത്. അന്നത്തെ യുദ്ധത്തിൽ അര്ജന്റീന അമ്പേ പരാജയപ്പെട്ടെങ്കിലും മൈതാനത്തിലെ യുദ്ധത്തിൽ ആര് ജയിക്കും എന്നുള്ളത് കണ്ടറിയണമായിരുന്നു. ഡീഗോ മറഡോണ എന്ന പ്രതിഭ അതിനു ഉത്തരം തന്നു.
ലോകം ഇന്നും ചർച്ച ചെയുന്ന ‘ദൈവത്തിന്റെ കൈ’ പിറന്ന ദിനം. റഫറിയും ലൈൻസ്മാനും ശ്രദ്ധിക്കാതെ പോയ കാൽപ്പന്തു മാന്ത്രികന്റെ കൈയ്യൊപ്പ്. മനഃപൂർവം അല്ലെങ്കിലും അത് ഹാൻഡ് ബോൾ തന്നെയായിരുന്നു എന്ന് മറഡോണ സമ്മതിക്കുന്നുണ്ട്. എന്നാൽ കൈ കൊണ്ട് ഗോൾ നേടി മൂന്ന് മിനിറ്റുകൾക്ക് ശേഷം അതിന്റെ കളങ്കം മാറ്റാനെന്നോണം മൈതാനത്തിന്റെ പകുതിയിൽ നിന്നും പന്ത് റാഞ്ചി കൊണ്ട് ഇംഗ്ലണ്ട് പ്രതിരോധ നിരയെ മുഴുവൻ വെട്ടി മാറ്റി മറഡോണ എന്ന പ്രതിഭാസം ആ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മനോഹരമായ ഗോൾ നേടുന്നതാണ് ചരിത്രം. അതായിരുന്നു മറഡോണ, കുറച്ചു വഞ്ചനയും ഒരുപാട് പ്രതിഭയും ദൗർബല്യങ്ങളുമുള്ള പച്ചയായ മനുഷ്യൻ. പിന്നീട് ഫൈനൽ മത്സരത്തിൽ മറഡോണ നൽകുന്ന മനോഹരമായ ഒരു പാസിൽ ബറൂച്ചഗ്ഗ പടിഞ്ഞാറൻ ജര്‍മ്മനിക്കെതിരെ വിജയ ഗോൾ നേടി അര്‍ജെന്റിന ലോകകപ്പിൽ മുത്തമിടുമ്പോൾ, ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ മറഡോണ എന്ന മനുഷ്യൻ ദൈവതുല്യനായി മാറുകയായിരുന്നു.
കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴും വിവാദങ്ങൾ മറഡോണയെ പിന്തുടർന്നു. സിനാഗ്രയുമായുള്ള അവിഹിത ബന്ധത്തിൽ മറഡോണയ്ക്കു ഒരു ആൺ കുഞ്ഞു പിറന്നു എന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു. മറഡോണ വര്‍ഷങ്ങളോളം ആ പിതൃത്വം നിഷേധിച്ചു. അതേ സമയത്തു തന്നെ തന്റെ പ്രാണ സഖിയായ ക്ലൗഡിയയിൽ മറഡോണയ്ക്കു ഒരു പെൺ കുഞ്ഞും ജനിക്കുന്നു. മറഡോണ അന്നനുഭവിച്ച മാനസിക സംഘര്‍ഷങ്ങളൊക്കെ ചിത്രത്തിൽ പറയുന്നുണ്ട്. അതേ വര്‍ഷം തന്നെയാണ് നാപോളി ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ കപ്പ് അഥവാ സ്‌ക്യൂഡിറ്റോ സ്വന്തമാക്കുന്നതും. ഇതോടു കൂടി മറഡോണ അക്ഷരാർത്ഥത്തിൽ നേപ്പിൾസ് വാസികളുടെ മിശ്ശിഹാ ആയി മാറി.
നാപോളിയുടെ പല വീടുകളിലും യേശുവിന്റെ ചിത്രത്തിനൊപ്പം മറഡോണ എന്ന ഫുട്ബോൾ കളിക്കാരന്റെ പടവും ഉണ്ടായിരുന്നു, ആരാധിക്കാനും പ്രാർഥിക്കാനും. മറഡോണയുടെ രക്തം പരിശോധിച്ച നേഴ്സ് അദ്ദേഹത്തിന്റെ രക്തം ഒരു ചെറിയ കുപ്പിയിൽ നേപ്പിൾസിലെ സാൻ ഗാനാരോ പള്ളിയിൽ പ്രതിഷ്ഠിച്ചതൊക്കെ ചിത്രത്തിൽ പറയുന്നുണ്ട്. പക്ഷേ ഈ അമിത ആരാധനയും, ദൈവത്തിന്റെ പ്രതീകം പേറുന്നതുമെല്ലാം ഡീഗോ മറഡോണ എന്ന മനുഷ്യനെ മാനസികമായി വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഡീഗോ എന്ന പാവത്താനായ കുട്ടിയെ മറക്കാൻ മറഡോണ എന്ന തന്റേടിയായ മനുഷ്യനാവുകയായിരുന്നു അദ്ദേഹം. ഇതിനായി അദ്ദേഹം ലഹരിക്ക് അടിമപ്പെടാൻ തുടങ്ങി. കമ്മോറ തലവന്മാരായ ജൂലിയാണോ കുടുംബവുമായുള്ള അടുപ്പം മറഡോണയ്ക്കു കൊക്കൈൻ പോലെയുള്ള ലഹരികൾ എളുപ്പം കിട്ടാനുള്ള മാർഗമായി മാറി. മറഡോണയുടെ ഭാര്യയുടെ വാക്കുകളിൽ പറയുകയാണെങ്കിൽ ‘അദ്ദേഹം ഒരിക്കലും പഴയ ഡീഗോ ആയിരുന്നില്ല, മറഡോണയായി മാറുകയായിരുന്നു പിന്നീട്’.
89 -ഇൽ യു ഇ എഫ് എ കപ്പ് ഫൈനൽ കൂടി ജയിച്ചപ്പോൾ നാപോളിയിലെ തന്റെ കടമ കഴിഞ്ഞതായി മറഡോണയ്ക്കു തോന്നി തുടങ്ങിയിരുന്നു. ശിഷ്ട കാലം സമാധാന അന്തരീക്ഷത്തിൽ ആവണമെന്ന് അദ്ദേഹം ആശിച്ചിരുന്നു. പക്ഷേ നാപോളിക്ക് അവരുടെ രക്ഷകനെ വേണമായിരുന്നു, അദ്ദേഹം സ്വയം ഇല്ലാതായാൽ കൂടി അവർക്കു മറഡോണയെന്ന വിജയിക്കാൻ മാത്രം അറിയാവുന്ന, തോൽക്കാൻ തയ്യാറല്ലാത്തവനെ വേണമായിരുന്നു. അമ്മയുടെ അനുസരണയുള്ള കുട്ടിയായ, ക്‌ളോഡിയയുടെ പ്രിപ്പെട്ടവനായ ഡീയെഗോയ്ക് പക്ഷേ നേപ്പിൾസിന്റെ രാജാവായ മറഡോണയുടെ മുൾക്കിരീടം ചൂടേണ്ട അവസ്ഥയായിരുന്നു. ഈ ദ്വന്തത്തിന്റെ വടംവലിയിൽ നിന്ന് ഒളിച്ചോടാൻ ഡീഗോ മറഡോണ പോയ വഴികൾ നിശാക്ലബ്ബുകളും, കൊക്കയ്‌നും, സ്ത്രീകളും ആയിരുന്നു. മറഡോണ ലഹരിക്ക് അടിമയാണെന്നെത് പരസ്യമായ രഹസ്യമായിരുന്നു അപ്പോഴേക്കും. ലഹരിമരുന്നുപയോഗം തടയാനുള്ള നിയമങ്ങളൊന്നും അന്ന് കർശനമല്ലാത്തതിനാൽ മറഡോണയ്ക്കു ഫുട്ബോൾ കളിക്കുന്നതിൽ തടസമുണ്ടായില്ല. ഞായറാഴ്ച നാപോളിയുടെ ലീഗ് കളി കഴിഞ്ഞാൽ പിന്നെ ബുധനാഴ്ച വരെ നീളും നേപ്പിൾസിന്റെ ദൈവത്തിന്റെ ആഘോഷങ്ങൾ. എന്നാൽ ബുധനാഴ്ച കഴിഞ്ഞാൽ അദ്ദേഹം വീണ്ടും വാരാന്ത്യത്തിലെ മത്സരത്തിനായി കഠിനമായി പരിശീലിച്ചു, തന്റെ ശരീരത്തെ ശുദ്ധിയാക്കി. ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം മറഡോണയെ ജീവിതത്തിനോട് ചേർത്ത് പിടിച്ചു, അത് അയാളെത്തന്നെ പൂർണമായും നഷ്ടപ്പെടുന്നതിൽ നിന്നും ഡീഗോയെ രക്ഷിച്ചു എന്നും പറയാം.
1990 -ലെ ഇറ്റാലിയൻ വേൾഡ് കപ്പ്
സ്വന്തം നാട്ടിൽ നടക്കുന്നു എന്നുള്ളത് കൊണ്ടും യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന ടീമെന്ന ഖ്യാതി കൊണ്ടും ഇറ്റലിക്ക് വല്യ സാധ്യത കല്പിച്ചിരുന്ന ലോകകപ്പായിരുന്നു അത്. ഒരു ലോകകപ്പ് കൂടി നേടണമെന്ന് മറഡോണയ്ക്കും വാശിയായിരുന്നു. അതിനായി അദ്ദേഹം ലഹരിയുട പിടിയിൽ നിന്ന് പോലും മുക്തി നേടി, ഫുട്ബോളിനോടുള്ള ആസക്തി മറ്റെന്തിനേക്കാളും മുകളിലായിരുന്നു അപ്പോഴും അദ്ദേഹത്തിന്. ‘എനിക്ക് ഭ്രാന്ത് പിടിച്ചാൽ, ഒരാൾക്കും എന്നെ തടയാനാവില്ല ‘ എന്ന് മറഡോണ പറയുന്ന ദൃശ്യം ഡോക്യൂമെന്ററിയിൽ കാണിക്കുന്നുണ്ട്. ഇറ്റാലിയൻ കാണികൾ ആ ലോകകപ്പിൽ മറഡോണയെ വേട്ടയാടി, മൈതാനത്തു അദ്ദേഹത്തെ കൂകിവിളിച്ചായിരുന്നു ഇറ്റലിക്കാർ മറഡോണയോടുള്ള വിരോധം പ്രകടിപ്പിച്ചത്.
ഒരു ദുരന്ത കാവ്യത്തിന്റെ നാടകീയ രംഗമെന്നോണം അയർലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയും യൂഗോസ്ലാവിയെ തോൽപ്പിച്ച് അർജന്റീനയും സെമി ഫൈനലിൽ മുഖാമുഖം എത്തി, അതും മറഡോണയുടെ തട്ടകമായ നാപോളിയുടെ സാൻ പൗളോ സ്റ്റേഡിയത്തിൽ.
ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ മുന്‍കൂട്ടികാണാതിരുന്ന ഒരു ചതി. തങ്ങളുടെ കാണപ്പെട്ട ദൈവത്തിനു വേണ്ടി രാജ്യത്തിനോടുള്ള കൂറ് പോലും ഉപേക്ഷിക്കാൻ തയ്യാറായിരുന്നു നേപ്പിൾസിലെ ജനങ്ങൾ. ഇറ്റലി മുഴുവൻ മറഡോണയ്‌ക്കെതിരെ തിരിഞ്ഞെങ്കിലും നേപ്പിൾസ് നിവാസികൾക്ക് അവരെ അധിക്ഷേപങ്ങളിൽ നിന്നും രക്ഷിച്ച മറഡോണയോടുള്ള കടപ്പാട് മറക്കാനാവില്ലായിരുന്നു. നേപ്പിൾസിലെ ജനങ്ങൾ അർജന്റീനയെ പിന്തുണയ്ക്കണമെന്നു മറഡോണ പരസ്യമായി ആഹ്വാനവും നടത്തിയെത്തൊട് കൂടി ഇറ്റലി രണ്ടു ചേരിയായി തിരിഞ്ഞു. വികാരങ്ങളും, സമ്മർദ്ദവും മുറുകിയ ആ സെമി ഫൈനൽ മത്സരം അധികസമയത്ത് സമനിലയിൽ അവസാനിച്ചു. ഷൂട്ട് ഔട്ടിലേക്കു പോകുമ്പോൾ, ഇറ്റലിയുടെ ശത്രു ആവണോ അതോ സ്വന്തം രാജ്യത്തിൻറെ വീരനാവാനോ എന്നുള്ള തീരുമാനം മറഡോണ എടുത്തിട്ടുണ്ടാകണം. നാലാമത്തെ അതി പ്രധാന പെനാലിറ്റി കിക്ക് മറഡോണ വലയിൽ എത്തിക്കുമ്പോഴും ഇറ്റലിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു അടുത്ത കിക്ക് അവരുടെ ടീം ഗോൾ ആകുമെന്ന് പക്ഷേ അത് ഉണ്ടായില്ല. ഇറ്റലിയുടെ അവസാനത്തെ കിക്ക് അര്ജന്റീന ഗോളി തടുക്കുന്നതോടു കൂടി, ഇറ്റലിയിലെ ഏറ്റവും വെറുക്കപെട്ടവനായി മാറാൻ കാലം കരുതി വെച്ച സേവ് ആയിരുന്നു അന്ന് അര്‍ജെന്റിന ഗോൾ കീപ്പർ നടത്തിയത്. ഫൈനലിൽ മറഡോണയ്‌ക്കെതിരെയുള്ള ജനരോഷം അര്‍ജെന്റിനയ്ക്കു ദോഷകരമായി ഭവിച്ചു, ഒരു ഗോളിന് ജർമ്മനി ആ ലോകകപ്പ് നേടി.
ഇറ്റാലിയൻ മാധ്യമങ്ങൾ മറഡോണയായെ ചെകുത്താനും ലുസിഫെറുമാക്കി. ‘ല റിപ്പബ്ലിക്ക’ പത്രം നടത്തിയ സർവേയിൽ ഇറ്റലിയിലെ ഏറ്റവും വെറുക്കപെട്ടവനായ മനുഷ്യൻ ഡീഗോ മറഡോണയായിരുന്നു. നാപോളിയിൽ മറഡോണയുടെ സഹകളിക്കാരനായിരുന്നു സിറോ ഫെറാറ ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട് എത്ര വേദനാജനകമായിരുന്നു ഇറ്റലിയുടെ ആ തോൽവിയെന്ന്. ഇന്നും അദ്ദേഹത്തിന് അര്ജന്റീനയോടു ഏറ്റ ആ തോൽവിയുടെ പേരിൽ മറഡോണയോടു പരിഭവമുണ്ടെന്നു ഫെറാറ ഡോക്യൂമെൻറ്ററിയിൽ പറയുന്നു. ആ ജയത്തോടെ ഇറ്റലിയിൽ മറഡോണ സുരക്ഷിതനല്ലാതായി. മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടി, മറഡോണയെ കുടുക്കാൻ അവർ അദ്ദേഹത്തിന്റെ ബലഹീനതകൾ പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടി. 1991 -ഇൽ ഫോൺ ടാപ്പ് ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ ശക്തമായി. ബാരിയുമായുള്ള മത്സരത്തിന് ശേഷം ആന്റി ഡോപിങ് ടെസ്റ്റിന് വിധേയനായ അദ്ദേഹത്തിന്റെ സാമ്പിളിൽ നിന്നും ലഹരി വസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടർന്നു അദ്ദേഹത്തെ കളിക്കുന്നതിൽ നിന്ന് വിലക്കി. വിലക്ക് വന്ന രാത്രി തന്നെ തന്റെ ഭാര്യയെയും മക്കളെയും കൊണ്ട് മറഡോണ തന്റെ സാമ്രാജ്യമായ നാപ്‌ലെസിൽ നിന്ന് പലായനം ചെയ്തു.
’85 ,000 പേരാണ് ഞാൻ നേപ്പിൾസിൽ ആദ്യം കാലുകുത്തിയപ്പോൾ എന്നെ വരവേൽക്കാൻ ഉണ്ടായിരുന്നത്, പക്ഷേ തിരിച്ചു വന്നപ്പോൾ ഞാൻ ഏകനായിരുന്നു,’ മറഡോണ ഡോക്യൂമെന്ററിയിൽ പറയുന്നു. അർജന്റീനയിൽ തിരിച്ചെത്തി രണ്ടാഴ്ചക്കു ശേഷം അദ്ദേഹത്തെ ലഹരി കൈവശം വെച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നു നിരവധി നിയമ പോരാട്ടങ്ങളും പുനരധിവാസ പ്രക്രിയകളും. തന്റെ കരിയറും ജീവിതവും ഒരേപോലെ മാഞ്ഞു പോകുന്നത് നോക്കി നിൽക്കാനേ ആ പ്രതിഭക്കു കഴിഞ്ഞുള്ളു. പിന്നീട് നൽകുന്ന അഭിമുഖത്തിൽ ഇതോർത്തു കരയുന്ന ഡീഗോ എന്ന ആ പഴയ കൊച്ചു കുട്ടിയേയും ഡോക്യൂമെന്ററിയിൽ കാണിക്കുന്നുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്റ്റീന സിനാഗ്രയുമായുള്ള തന്റെ ബന്ധം അദ്ദേഹം സമ്മതിക്കുകയും അർമാൻഡോ ജൂനിയറിനെ അംഗീകരിക്കുകയും ചെയ്യുന്നിടത് ഡോക്യുമെന്ററി അവസാനിക്കുകയാണ്.
ബാർസിലോണ നിധി പോലെ കാത്തു സൂക്ഷിച്ച മെസ്സിയുടെ ജീവിതമല്ലായിരുന്നു മറഡോണയുടെ ജീവിതവും സാഹചര്യങ്ങളുമെന്നു പറയാതെ പറയുകയും കൂടി ചെയ്ത ഡോക്യൂമെന്ററിയായിരുന്നു ആസിഫ് കപാഡിയുടെ ‘ഡീഗോ മറഡോണ.’ ഒരു ജനതയുടെ ദൈവമായി വാഴുകയും, ചെകുത്താനായി പുറത്താക്കപ്പെടേണ്ടിയും വന്ന, വികാരങ്ങളും, വേദനകളും പേറി ജീവിച്ച, ഇപ്പോഴും ജീവിച്ചിരിക്കുന്ന നിഗൂഢമായ പ്രതിഭാസമാണ് ഡീഗോ മറഡോണ എന്ന് പുതിയ തലമുറയെ ഓർമപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു ആസിഫ് കപാഡിയയുടെ ഡോക്യുമെന്ററി.
Read Here: IFFK 2019: സ്വന്തം ജീവിതം തിരശീലയില്‍ കാണാന്‍ പ്രഭാവതിയമ്മ എത്തിയപ്പോള്‍