തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK 2019)ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. ഡിസംബർ ആറ് മുതൽ 13 വരെയാണ് മേള.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാവുന്ന ചടങ്ങിൽ പ്രശസ്ത നടി ശാരദ മുഖ്യാതിഥിയാവും.

Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1000 രൂപയാണ് ഇത്തവണ ഡെലിഗേറ്റ് ഫീസ് നിരക്ക്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണനയുണ്ട്.

10,000 ഡെലിഗേറ്റ് പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക. അതില്‍ നാല് മേഖലാകേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500ഉം ഉള്‍പ്പെടെ 1500 പേര്‍ക്ക് ഓഫ് ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. 8500 പാസുകളാണ് ഓൺലൈൻ രജിസ്ട്രേഷന് ലഭ്യമാകുക. ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ത്ഥികള്‍ക്കും 12 മുതല്‍ പൊതുവിഭാഗത്തിനായുള്ള രജിസ്ട്രേഷനും ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.

അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി മേള ആദരിക്കും. ഒപ്പം സൊളാനസിന്‍റെ അഞ്ച് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ എന്നീ വിഭാഗങ്ങളിലായി ഇത്തവണ 180ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ശാരദയുടെ റെട്രോസ്പെക്റ്റീവ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം.ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ടാകും.

Read more: IFFK 2019: ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook